ഏഴു സ്ഥലങ്ങളിലായി 100 ഏക്കറിലധികം കൃഷി, അതില്‍ ആറുസ്ഥലങ്ങളിലും നെല്ലുതന്നെ മുഖ്യം. 24 ഏക്കറില്‍ സമ്മിശ്രകൃഷി. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ഭാര്യയെ ഡോക്ടറാക്കി, നഴ്‌സായ ഭര്‍ത്താവ്. പാലക്കാട് ജില്ലയിലെ മികച്ച യുവകര്‍ഷകന്‍ കൂടിയാണ് റാഫി.
40 സെന്റില്‍ പരന്നു കിടക്കുന്ന മൂന്നു കുളങ്ങളിലേയും മൂന്നു കിണറുകളിലെയും വെള്ളമാണ് 24 ഏക്കറിനെ ഹരിതാഭമാക്കുന്നു
ഡോക്ടര്‍- നഴ്‌സ് ദമ്പതികളുടെ കൃഷി കാഴ്ചകളില്‍ മുഖ്യം പാലക്കാട് ചിറ്റൂരില്‍ മുഹമ്മദ് റാഫി ലീസിനെടുത്തു നടത്തുന്ന സമ്മിശ്രകൃഷിത്തോട്ടമാണ്. കൃഷിയിടത്തിലേക്ക് കയറുമ്പോള്‍ തന്നെ സ്വീകരിക്കുന്നത് ആടും വാത്തയും താറാവും ഗിനിയും ടര്‍ക്കിയുമൊക്കെയാണ്. ആടിന് 700 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലയിലാണ് വാസസ്ഥലം. മുകളിലത്തെ നിലയില്‍ ഫൈബര്‍ സിലിക്കണ്‍ കോട്ടഡ് ഷീറ്റാണ് അടിത്തറ. നല്ല വായൂസഞ്ചാരം അടിയില്‍ നിന്നും ലഭിക്കുന്നതിന് ഇതു സഹായിക്കുന്നു. ഒപ്പം ആടിന്റെ മൂത്രവും കാഷ്ടവും താഴത്തെത്തുന്നു. ഇത് ഇവിടെ നിന്ന് ശേഖരിച്ച് സമ്മിശ്രകൃഷിയിടത്തിലെ മാവിനും കവുങ്ങിനും തെങ്ങിനും തീറ്റപ്പുല്ലിനുമെല്ലാം വളമാക്കുന്നു. 40 സെന്റില്‍ പരന്നു കിടക്കുന്ന മൂന്നു കുളങ്ങളിലേയും മൂന്നു കിണറുകളിലെയും വെള്ളമാണ് 24 ഏക്കറിനെ ഹരിതാഭമാക്കുന്നത്.
മൂന്നു കുളങ്ങളിലും അതിസാന്ദ്ര രീതിയില്‍ വാള മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. മറ്റു മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് 10 ഇരട്ടി കൂടുതല്‍ വിളവു ലഭിക്കും. ഇവയെ വളര്‍ത്തുന്ന വെള്ളം സമീപത്തെ കിണറുകളിലേക്ക് ഒഴുകിയെത്തും. ഇത് പമ്പുചെയ്ത് തുള്ളി നന സംവിധാനത്തിലൂടെ വിവിധ വിളകളുടെ ചുവട്ടിലെത്തിക്കുന്നതിനാല്‍ വളപ്രയോഗം കുറവുമതി. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വലിക്കാനായി തെങ്ങുകള്‍ വെട്ടിയസ്ഥലത്ത് മറ്റെന്തെന്ന ആലോചനയില്‍ നിന്നാണ് മത്സ്യക്കുളം എന്ന ആശയത്തിന്റെ ഉദയം. അങ്ങനെ കുഴിച്ച രണ്ടു മത്സ്യക്കുളങ്ങളില്‍ തിലാപ്പിയയും വാളയുമാണ് വളര്‍ത്തുന്നത്. ആടുഫാമില്‍ നിന്ന് ആട്ടിന്‍ കുഞ്ഞുങ്ങളെ വളര്‍ത്താനായും മുട്ടനാടുകളെ ഇറച്ചിക്കായും നല്‍കും. നാലു വയസായ പെണ്ണാടുകളെ ഇറച്ചിക്കായി നല്‍കുകയാണ് പതിവ്.
തെങ്ങില്‍കയറാതെ തേങ്ങയിടാം
തെങ്ങില്‍ കയറാന്‍ ആളെ കിട്ടുന്നില്ലെന്ന പ്രശ്‌നത്തിനും ഇവിടെ പരിഹാരമുണ്ട്. രണ്ടും മൂന്നും മുളകള്‍ ചേര്‍ത്തുകെട്ടി അതില്‍ അരിവാളും വച്ചുകെട്ടിയാണ് തേങ്ങയിടുന്നത്. സാധാരണ തേങ്ങയുടെ രണ്ടിരട്ടിയിലധികം വലിപ്പമുള്ള തേങ്ങകളാണ് ഈ തോട്ടത്തിലേത്. കവുങ്ങും വാഴയും മാവുമെല്ലാം കൃഷിയിടത്തില്‍ ചേരുപടി ചേര്‍ത്തിരിക്കുന്നു. കേരളത്തില്‍ ആദ്യം മാവുപൂക്കുന്ന മുതലമടയ്ക്കടുത്തുകിടക്കുന്ന ഇവിടെയും അതേ സമയത്തു തന്നെ മാവുകള്‍ പൂത്തു തുടങ്ങുന്നതിനാല്‍ മാങ്ങയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട്. സമ്മിശ്രകൃഷി എങ്ങനെ സംയോജിതമാക്കാം എന്നു പഠിക്കാനും തോട്ടത്തിലെത്താം.
ഫോണ്‍: മുഹമ്മദ്- 94472 55026.