AGRICULTURE

ജൈവകൃഷി പ്രായോഗികമോ?

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിനും ജൈവകൃഷി രീതികള്‍ മുന്നോട്ടുവയ്ക്കുകയാണ് ബജറ്റുകളില്‍. പൊടുന്നനെ ജൈവകൃഷിയിലേക്കു മാറുന്നത് പ്രായോഗികമാകുമോ?

ടോം ജോർജ്

രാജ്യത്താകമാനം ജൈവകൃഷി തരംഗം ആഞ്ഞടിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകളില്‍ വരെ ജൈവകൃഷി പ്രോത്സാഹനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ബജറ്റു വിഹിതം നല്‍കുകയും ചെയ്തുതുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ജൈവകൃഷി മേഖലയില്‍ ഒരുകോടി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നെന്നാണ് ബജറ്റ് പ്രഖ്യാപനം. ഹരിത വികസനത്തിന്റെ ഭാഗമായി പ്രകൃതി കൃഷിയിലേക്ക് ഇവരെ കൊണ്ടുവരും. ഈ പശ്ചാത്തലത്തില്‍ നിലവിലെ രീതികളില്‍ നിന്ന് പൊടുന്നനെ ജൈവകൃഷിയിലേക്കു മാറുന്നത് പ്രായോഗികമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

സുസ്ഥിരകൃഷി വികസനം

മണ്ണിന്റെ പോഷകഗുണങ്ങള്‍ ചോര്‍ന്നു പോകാതെ സുസ്ഥിരമായി വിളവു നല്‍കുന്ന രീതിയില്‍ മണ്ണിനെ നിലനിര്‍ത്തുന്ന കാര്‍ഷിക രീതിയാണ് സുസ്ഥിര കൃഷി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സുസ്ഥിരകൃഷി വികസന പദ്ധതികള്‍ക്കാണ് കേന്ദ്രബജറ്റ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ ഈജിപ്തില്‍ സമാപിച്ച സിഒപി- 27 കാലാവസ്ഥാ സമ്മേളനത്തില്‍ 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം നെറ്റ് സീറോയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ ഇന്ത്യ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് പ്രകൃതി കൃഷി ഉള്‍പ്പെടെയുള്ള സുസ്ഥിര കാര്‍ഷിക വികസന പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു വേണ്ടി രാജ്യവ്യാപകമായി പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുമെന്ന് കേന്ദ്രബജറ്റില്‍ പറയുന്നു. ഇവിടെ നിന്നു ജൈവ കര്‍ഷകര്‍ക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങളും ജൈവ കീടനാശിനികളും നല്‍കാനാണ് ലക്ഷ്യമിടുന്നത്. പിഎം പ്രണാം പദ്ധതിയില്‍പടുത്തി ബദല്‍ വളങ്ങളും സന്തുലിത രാസവള പ്രയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമൊക്കെ പദ്ധതിയുണ്ട്.

എന്താണ് ജൈവകൃഷി

രാസകീടനാശിനികള്‍ പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി സമ്പ്രദായമാണ് ജൈവകൃഷി. കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങിയ മനുഷ്യന്‍ ആ മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞപ്പോള്‍ നദീതീരങ്ങളിലേക്ക് കൃഷി മാറ്റി. കാട്ടില്‍ നിന്നടിഞ്ഞുകൂടിയിരുന്ന എക്കലായിരുന്നു നദീതടകൃഷിയുടെ ജീവനാഡി. മണ്ണിനെ ഇളക്കിമറിക്കുന്ന മണ്ണിരകളുടെയും ചാഴിയെ പിടിക്കുന്ന തവളകളുടെയുമെല്ലാം വംശനാശത്തിനു മണ്ണിനെ പൊള്ളിച്ച് രാസവളങ്ങള്‍ മാത്രം നല്‍കിയുള്ള കൃഷി കാരണമാകുന്നുണ്ട്. മണ്ണിലെ ജൈവപ്രക്രീയ ഊര്‍ജിതമാക്കുന്ന സൂക്ഷ്മജീവികള്‍ കൃഷിയിടത്തില്‍ തീയിടുന്നതോടെ നശിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം വറ്റിവരളുന്ന ജലസ്രോതസുകള്‍ മണ്ണിലെ സൂക്ഷ്മാണുക്കളുടെയും ജീവി വര്‍ഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മണ്ണില്‍ നിന്ന് സ്ഥിരമായ ഉത്പാദനം സാധ്യമാക്കുകയാണ് ജൈവകൃഷിയിലൂടെ ഉദ്ദേശിക്കുന്നത്.

ജൈവകൃഷി പ്രായോഗികമോ? ഉയരുന്ന ചോദ്യങ്ങള്‍

സ്വാതന്ത്ര്യാനന്തരം 1950- 51 ല്‍ 50.8 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയുടെ ഭക്ഷ്യോത്പാദനം. ഹരിത വിപ്ലവമുള്‍പ്പെടെ കാര്‍ഷികരംഗത്ത് നടപ്പാക്കിയ പദ്ധതികളിലൂടെ ഇന്ന് ഇത് 305 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. ലോകത്തിന്റെ 2.3 ശതമാനം ഭൂവിസ്തൃതിയും നാലുശതമാനം ജലലഭ്യതയും മാത്രമുള്ള ഇന്ത്യയിലാണ് ലോക ജനസംഖ്യയുടെ 17.5 ശതമാനം ആളുകള്‍ വസിക്കുന്നത്. ഇത്രയും ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ ജൈവരീതികളിലൂടെ സാധിക്കുമോ എന്നതാണ് ഉയരുന്ന ഒന്നാമത്തെ ചോദ്യം.

  • 1943 ല്‍ ഉണ്ടായ ബംഗാള്‍ ക്ഷാമം ഉള്‍പ്പെടെയുള്ളവ പിന്നീട് ആവര്‍ത്തിക്കാതിരിക്കാനായാണ് ഹരിതവിപ്ലവം ഇന്ത്യയിലുണ്ടായത്. അമേരിക്കയിലെ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെ അമേരിക്കന്‍ കൃഷി ശാസ്ത്രഞ്ജനായ നോര്‍മന്‍ ബോര്‍ലോഗാണ് ആഗോളതലത്തില്‍ ഹരിതവിപ്ലവത്തിന് നേതൃത്വം നല്‍കിയത്. കൃഷി ശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും 1960 കളില്‍ ഹരിതവിപ്ലവം എത്തി. ആധുനിക കൃഷിരീതികളിലൂടെ ഗോതമ്പ്, അരി എന്നിവയുടെ ഉത്പാദനത്തില്‍ വന്‍ വര്‍ധനയുണ്ടായി. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ ഉപയോഗത്തിലൂടെയും ആധുനിക ജലസേചന സംവിധാനങ്ങളുടെ കണ്ടുപിടിത്തത്തിലൂടെയുമാണ് ഇത് സാധ്യമായത്. റോളിംഗ് പദ്ധതികളിലൂടെ 1966-69 കളില്‍ ശക്തമായ ഹരിതവിപ്ലവത്തിലൂടെ, 1978-79 എത്തിയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരെന്ന ബഹുമതി ഇന്ത്യയെ തേടിയെത്തി.

  • പതിറ്റാണ്ടുകള്‍ രാസകൃഷിയിലൂടെ പോയ കൃഷിയിടങ്ങള്‍ പൊടുന്നനേ ജൈവകൃഷിയിലേക്കു മാറുമ്പോള്‍ നാലഞ്ചു വര്‍ഷത്തേക്കെങ്കിലും ഉത്പാദനത്തില്‍ വന്‍കുറവുണ്ടാകുമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. മണ്ണ് ജൈവരീതികളോട് പൊരുത്തപ്പെട്ടു വരാനെടുക്കുന്ന സമയമാണിത്. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ചെലവ് രാസകൃഷിയെ അപേക്ഷിച്ച് വലുതായിരിക്കും. സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ ജൈവകൃഷി ലാഭകരമാവില്ലെന്നാണ് മറ്റൊരു വാദം.

  • രാസകൃഷിയെന്നാല്‍ രാസവളങ്ങള്‍ മാത്രമുപയോഗിച്ചുള്ളതാണെന്നത് തെറ്റിധാരണയാണെന്നാണ് മറ്റൊരു വാദം. ജൈവവളങ്ങള്‍ അടിസ്ഥാനമായി ഉപയോഗിച്ചശേഷം രാസവളങ്ങള്‍ നല്‍കുകയെന്നതാണ് ശരിയായ രീതി. ഇതു മനസിലാക്കാതെ പൂര്‍ണമായും രാസവളങ്ങള്‍ മാത്രമുപയോഗിച്ചതാണ് മണ്ണിലെ ജീവിവര്‍ഗങ്ങളുടെ നാശത്തിലേക്കും ജൈവ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിച്ചതെന്നാണ് മറ്റൊരു നിഗമനം. ഇതു മാറ്റി ജൈവവളങ്ങള്‍ക്കൊപ്പം നിയന്ത്രിതമായി രാസവളങ്ങള്‍ നല്‍കുന്ന സന്തുലിത രാസവള പ്രയോഗമെന്ന ആശയവും കേന്ദ്രം മുന്നോട്ടു വയ്ക്കുന്നുണ്ട്.

  • നിരവധി മുന്നേറ്റങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ദാരിദ്ര്യവും ഭക്ഷ്യഅരക്ഷിതാവസ്ഥയും ഇപ്പോഴും ആശങ്കാജനകമായ സ്ഥിതിയിലാണ്. 2021 -ലെ ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളില്‍ 101- ാം സ്ഥാനത്താണ് ഇന്ത്യ. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 2021-22 വര്‍ഷത്തെ ഭക്ഷ്യ വില സൂചിക 30 ശതമാനമാണ് വര്‍ധിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കാര്‍ഷിക സ്ഥിതി അവലോകന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 90.2 ദശലക്ഷം കുടുംബങ്ങള്‍ കര്‍ഷകരാണ്. 63.5 ശതമാനം കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. 22 ശതമാനം തൊഴിലാളികളാണ്.

  • ഈ അവസ്ഥയില്‍ പൂര്‍ണമായി ജൈവകൃഷിയിലേക്കു മാറി ഉത്പാദനം കുറഞ്ഞാല്‍ അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയേയും സാമ്പത്തിക പുരോഗതിയേയും ദോഷകരമായി ബാധിക്കുമെന്നത് വസ്തുതയാണ്. ജൈവകൃഷി സുസ്ഥിരമാണെങ്കിലും അതിലേക്കുള്ള മാറ്റം പല ഘട്ടങ്ങളിലായി സൂക്ഷിച്ചു വേണമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ