വ്യത്യസ്ത വിളകള്‍ വൈവിധ്യങ്ങള്‍ തീര്‍ക്കുന്ന കൃഷിയിടമാണ് ആലപ്പുഴ ജില്ലയിലെ കളര്‍കോടുള്ള സുരേഷിന്റേത്. പാരമ്പര്യ, തനത് വിളകള്‍ സംരക്ഷിക്കുകയും കര്‍ഷകര്‍ക്ക് കൃഷിക്കായി അവ നല്‍കുകയും ചെയ്യുന്ന നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് (എന്‍ബിപിജിആര്‍) എന്ന കേന്ദ്ര ഏജന്‍സി അംഗീകരിച്ച കര്‍ഷകനാണിദ്ദേഹം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, കര്‍ഷകര്‍ എന്നിവര്‍ നല്‍കുന്ന വ്യത്യസ്ത ഇനങ്ങള്‍ ഒരുമിച്ചു വളരുന്ന കൃഷിയിടം മനോഹര കാഴ്ചയാണ്. കരിമഞ്ഞള്‍, കമ്പോഡിയന്‍ മഞ്ഞള്‍, പ്രതിഭ, പ്രകൃതി, വര്‍ണ്ണ, സുവര്‍ണ്ണ, ശോഭ, കാന്തി, ആലപ്പി സുപ്രീം തുടങ്ങി 22 ഇനം മഞ്ഞളുകള്‍ പ്രത്യേക ഗ്രോബാഗുകളിലും നിലത്തും കൃഷി ചെയ്യുന്നു.
എന്നാല്‍ വാണിജ്യ കൃഷിക്ക് പ്രതിഭ മഞ്ഞള്‍ തന്നെയാണ് മികച്ചതെന്നാണ് സുരേഷിന്റെ അഭിപ്രായം. തിരിച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് എത്തിച്ച ഉദയം, കര്‍പ്പൂരവല്ലി തുടങ്ങിയ 70 ദിനം വാഴകള്‍ സുരേഷിന്റെ ശേഖരത്തിലുണ്ട്. വരദ, കേദാരം, മാരന്‍, കോഴിക്കാലന്‍ തുടങ്ങി പേരുപോലും അജ്ഞാതമായവ ഉള്‍പ്പെടെ ഏഴിനം ഇഞ്ചിയും കൃഷിയിടത്തിന് വ്യത്യസ്തത നല്‍കുന്നു. സുരേഷിന്റെ വിളകള്‍ കാര്‍ഷിക പ്രദര്‍ശനങ്ങളിലും കൗതുകം വിതയ്ക്കാറുണ്ട്. ഇതിനായി വിളകളെ പ്രത്യേകം ക്രമീകരിച്ചും കൃഷി ചെയ്തു വരുന്നു.