ഐടി രംഗത്തും ടെക്കികള്‍ക്കുമൊക്കെ മാത്രമേ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാമെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി, കൃഷിയിലുമാകാം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. വ്യത്യസ്തമായ ഒരാശയവുമായി എത്തുന്നവര്‍ക്കാണ് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗമാകാനും അവരുടെ സഹായം ലഭിക്കാനുമുള്ള അവസരം ലഭിക്കുക. അങ്ങനെ തുടങ്ങണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഓര്‍ഗ ആയുറിനെ മാതൃകയാക്കാം. ഇത്തിരി സ്ഥലത്ത് ഒത്തിരികൃഷി എന്ന മുദ്രാവാക്യവുമായി 2019 ല്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ ഇന്ന് 500 ലധികം ഉപഭോക്താക്കളുണ്ട്. കൊല്ലം സ്വദേശികളായ മൂന്നു പേര്‍ ചേര്‍ന്ന് നഗരങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയ കൃഷി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഈ അര്‍ബണ്‍ ഫാംമിംഗ് കമ്പനി തുടങ്ങിയത്.
സ്റ്റാർട്ടപ്പിനു പിന്നിലെ മൂവര്‍ സംഘം
എന്‍ജിനീയറായ സുബിന്‍, ഡോക്ടറായ ആല്‍ബിന്‍ രാജ്, കര്‍ഷകനായ ഷാനു എന്നിവര്‍ ചേര്‍ന്നാണ് ഇത്തരത്തിലൊരു വ്യത്യസ്ത ആശയം അവതരിപ്പിച്ചത്. സര്‍വീസ് ടീം അംഗങ്ങളായി കൃഷി ബിരുദധാരികളെയും ടീമില്‍ ഉള്‍പ്പെടുത്തി. 12 പേരടങ്ങുന്ന ടീമാണ് ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വലിയ സ്ഥലങ്ങളില്‍ കൃഷി നടത്തുന്നതിനും തയാറാണ് ഈ സ്റ്റാര്‍ട്ടപ്പ് സംഘം.
ശാസ്ത്രീയ കൃഷി മുറകള്‍
കൊട്ടാരക്കര, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ഓഫീസുകളുണ്ട്. തുള്ളി നന(ഡിപ്പ് ഇറിഗേഷന്‍), തിരിനന(വിക്ക് ഇറിഗേഷന്‍), ജലം മാത്രമുപയോഗിച്ചുള്ള കൃഷിയായ ഹൈഡ്രോപോണിക്‌സ്, ഈ ജലത്തില്‍ മത്സ്യങ്ങളെ വളര്‍ത്തി ആ ജലം മാത്രമുപയോഗിച്ചു നടത്തുന്ന അക്വാപോണിക്‌സ്, സാധാരണ ചട്ടികളിലെ കൃഷി, ഗ്രോബാഗ് കൃഷി, പോര്‍ട്ടബിള്‍ മഴമറ സംവിധാനം, പഴകൃഷി, പച്ചക്കറി തൈകള്‍, വളങ്ങള്‍, കൃഷി കണ്‍സള്‍ട്ടേഷന്‍, റീ പ്ലാന്റിംഗ്, ഓണ്‍ലൈന്‍ വിപണനം, പരിശീലനം തുടങ്ങി ഓര്‍ഗ ആയുര്‍ കൈവയ്ക്കാത്ത മേഖലകളില്ല.
20,000 കിലോ പച്ചക്കറികള്‍
പല കൃഷി സ്ഥലങ്ങളില്‍ നിന്നായി 20,000 കിലോ പച്ചക്കറികള്‍ ഇവര്‍ക്ക് ഉത്പാദിപ്പിക്കാനാവുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഇവരുടെ ലക്ഷ്യം സുരക്ഷിത ഭക്ഷണം എന്നതാണ്. ജലസേചന സംവിധാനം ഇല്ലാത്ത ഒരു ചട്ടിക്ക് 350 രൂപയും ജലസേചന സംവിധാനം ഉള്ളതിന് 750 രൂപയുമാണ് ഈടാക്കുന്നത്. ചെയ്തുകഴിഞ്ഞാല്‍ അതിനുശേഷമുള്ള കീടരോഗ നിയന്ത്രണം, പോഷണം, വളപ്രയോഗം എന്നിവയ്‌ക്കെല്ലാം കമ്പിനിയുടെ തുടര്‍ സേവനം ലഭ്യമാക്കുന്നുമുണ്ട്. ഫോണ്‍: 79022 10004.