AGRICULTURE

ചോതി കഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ല

ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ലെന്നൊരു പഴഞ്ചൊല്ലുണ്ട്. ചോതി ഞാറ്റുവേലയില്‍ മഴപെയ്താല്‍ വിളവധികമുണ്ടാകും എന്നാണിത് സൂചിപ്പിക്കുന്നത്.

ടോം ജോർജ്

മൂന്നു ഞാറ്റുവേലകളാണ് ഒക്ടോബറിലുള്ളത്. അത്തം, ചിത്തിര, ചോതി. ഞാറ്റുവേല കലണ്ടര്‍ അനുസരിച്ച് ഈ ഞാറ്റുവേലകളില്‍ നമ്മുടെ തൊടികളില്‍ എന്തൊക്കെ ചെയ്യണമെന്നൊന്നു നോക്കിയാലോ?

അത്തക്കട ചിത്തിരമുഖം

സെപ്റ്റംബര്‍ 27 നാണ് അത്തം ഞാറ്റുവേല തുടങ്ങുന്നത്. ഒക്ടോബര്‍ 11 വരെ നീളുന്നതാണിത്. ഈ ഞാറ്റുവേലയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ നെല്ലു നടാറില്ലായിരുന്നു. അത്തം ആദ്യം നട്ടാല്‍ കതിരു കുറയും, വിളവും. അത്തം ഞാറ്റുവേലയുടെ അവസാനമോ ചിത്തിര ഞാറ്റുവേലയുടെ ആരംഭത്തിലോ ആണ് നെല്ലു നട്ടിരുന്നത്. ഈ അര്‍ഥത്തിലാണ് അത്തക്കട ചിത്തിരമുഖം എന്ന പഴഞ്ചൊല്ല് വന്നത്. കന്നി 10 മുതല്‍ 24 വരെ നീളുന്നതാണ് ഈ ഞാറ്റുവേല. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷിയിറക്കുന്ന ഇരിപ്പൂ നിലങ്ങളിലെ രണ്ടാം വിളയുടെ നടീല്‍ ഈ ഞാറ്റുവേലയില്‍ തീര്‍ന്നിരിക്കണമെന്നാണ്. പ്രത്യേകിച്ചും ജലലഭ്യത കുറവായ സ്ഥലങ്ങളില്‍. ഞാറ് അകലം കൂട്ടി നട്ടാല്‍ വിളവു വര്‍ധിക്കും. മൂപ്പേറിയതും ധാരാളം ചെനപ്പു പൊട്ടുന്നതുമായ നെല്ലിനങ്ങളാണ് പൂര്‍വീകര്‍ ഈ ഞാറ്റുവേലയില്‍ നട്ടിരുന്നതും. അത്തം ഞാറ്റുവേലയില്‍ അകലെകൊണ്ടു വടിച്ചു നട്ടാല്‍മതി എന്ന പഴഞ്ചൊല്ല് കൃഷിയുടെ ഈ രീതിശാസ്ത്രം സൂചിപ്പിക്കുന്നതാണ്. മുണ്ടോകുടി, കൊടിയന്‍, ഇട്ടിക്കണ്ടപ്പന്‍ ഈ പേരുകളൊക്കെ നമ്മള്‍ അധികം കേട്ടിട്ടുണ്ടാകില്ല. അത്തം ഞാറ്റുവേലയില്‍ പണ്ടു നട്ടിരുന്ന നെല്ലിനങ്ങളാണിത്.

അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണി മുഖത്തെണ്ണ

രണ്ടാം വിളയ്ക്ക് വേണ്ടത്ര ജല ലഭ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര, ഉഴുന്ന്, മധുരക്കിഴങ്ങ് എന്നിവ നടേണ്ട സമയവുമാണിത്. അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണി മുഖത്തെണ്ണ എന്നൊരു പഴഞ്ചൊല്ലുണ്ട്. അത്തം ഞാറ്റുവേലയുടെ ആദ്യ ദിവസങ്ങളില്‍ എള്ളു വിതച്ചാല്‍ ധാരാളം നല്ല എള്ള് ലഭിക്കുമെന്നാണിത് സൂചിപ്പിക്കുന്നത്. ഓണത്തിനുള്ള നേന്ത്രവാഴ നടേണ്ട സമയവുമാണിത്.

പത്താം മാസത്തില്‍ പഴമാകും

ഒക്‌ടോബര്‍ 11 മുതല്‍ 24 വരെ നീളുന്നതാണ് ചിത്തിര ഞാറ്റുവേല. കന്നി 24 മുതല്‍ തുലാം ഏഴു വരെയാണിത്. ഈ ഞാറ്റുവേലയിലെങ്കിലും ഓണവാഴ നട്ടില്ലെങ്കില്‍ ഓണത്തിന് കുല വെട്ടാനാകില്ല. ഓണ വാഴ നന്നായി പരിപാലിച്ചാല്‍ പത്താം മാസത്തില്‍ പഴമാകുമെന്നാണ് പഴമൊഴി.

ചോതി കഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ല

ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 6 വരെ നീളുന്ന ചോതിയാണ് ഈ മാസത്തെ അവസാന ഞാറ്റുവേല. തുലാം ഏഴു മുതല്‍ 20 വരെ നീളുന്ന ചോതി കഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ലെന്നാണ്. ചോതി വരെ മഴലഭിക്കാം അതുകഴിഞ്ഞാല്‍ പിന്നെ മഴയുണ്ടോ എന്നു ചോദിക്കേണ്ട, കിട്ടിയാല്‍ ലാഭം എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരാംശം. ഈ ഞാറ്റുവേലയ്ക്കു ശേഷം മഴ കുറയേണ്ടതാണ്. ചോതി വര്‍ഷിച്ചാല്‍ ചോറിന് പഞ്ഞമില്ലെന്നൊരു പഴഞ്ചൊല്ലുമുണ്ട്. ചോതി ഞാറ്റുവേലയില്‍ മഴപെയ്താല്‍ വിളവധികമുണ്ടാകും എന്നാണിത് സൂചിപ്പിക്കുന്നത്. ചോതിയില്‍ മഴ ലഭിച്ചില്ലെങ്കില്‍ അത് നെല്‍കൃഷിയെ വിപരീതമായി ബാധിക്കുകയും ചെയ്യും. ചോതി ഞാറ്റുവേലയിലെ മഴ തോട്ടവിളകള്‍ക്കും നല്ലതാണ്. ചേമ്പ്, ചേന, കിഴങ്ങുകള്‍ എന്നിവ വിളവെടുക്കാന്‍ തുടങ്ങുന്ന സമയവുമാണിത്.

നവംബര്‍ ശീതകാല പച്ചക്കറി കൃഷി തുടങ്ങേണ്ട സമയമാണ്. നവബറിലെ വേലകള്‍ നവംബര്‍ ആദ്യം.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ