ഓണമെന്നാല്‍ മനസിലോടിയെത്തുന്ന ഒന്നാണ് ഓണസദ്യ. ഓണസദ്യ ഓര്‍മയിലെത്തുന്നതിന് ഒരു കാരണമുണ്ട്. നാവുവഴിയാണ് തലച്ചോര്‍ വിവിധരുചികള്‍ തിരിച്ചറിയുന്നത്. വിവിധ രുചികളുള്ള സദ്യ നാവിലെ രുചിമുകുളങ്ങളെ ഉണര്‍ത്തുന്നു. അങ്ങനെ അത് തലച്ചോറിലും ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുന്നു. രുചിമുകുളങ്ങളുടെ ഈ സ്വാധീനമാകാം ഓണസദ്യയെ മനസില്‍ നിന്ന് മായാതെ നിലനിര്‍ത്തുന്നതും.
ഓണത്തിന് നാവില്‍ രുചിയൂറുന്ന തനി നാടന്‍ പച്ചക്കറി വിഭവങ്ങള്‍ തയാറാക്കാന്‍ നാട്ടു പച്ചക്കറികള്‍ വിളയിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലെ കര്‍ഷകനായ ശുഭകേശന്‍. ആലപ്പുഴ- ചേര്‍ത്തല ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജംങ്ഷനില്‍ നിന്ന് 300 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന്റെ 15 ഏക്കറിലാണ് ശുഭകേശന്റെ പച്ചക്കറികള്‍ വിളയുന്നത്.
കൊടുംകാട് ഇന്ന് പൂങ്കാവനം
സില്‍ക്കിന്റെ കെട്ടിടസമുച്ചയവും പരിസരവും കഴിഞ്ഞാല്‍ ബാക്കിയുള്ള ഏക്കറുകണക്കിനു സ്ഥലം കൊടുംകാടായിരുന്നു. ഈ സ്ഥലം കൃഷിക്കായി ഒരുക്കാന്‍ കെ.കെ. കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയെന്ന സന്നദ്ധപ്രസ്ഥാനവും രംഗത്തിറങ്ങി. ഇവരുടെയെല്ലാം സഹായത്തോടെയാണ് ശുഭകേശന്‍ സില്‍ക്കിന്റെ 15 ഏക്കറില്‍ പച്ചക്കറി, പൂവ് കൃഷി ആരംഭക്കുന്നത്. ഫാം ടൂറിസം രീതിയില്‍ കൃഷി ആകര്‍ഷകമായ രീതിയില്‍ ക്രമീകരിച്ചു. ഫാമിനുള്ളില്‍ തന്നെ ദേശീയപാതയ്ക്ക് അഭിമുഖമായി വിപണന ഔട്‌ലറ്റും സ്ഥാപിച്ചു. ഇന്ന് ഹോള്‍സെയിലായും റീട്ടെയിലായുമല്ലാം ഇവിടത്തെ പച്ചക്കറി വിറ്റഴിയുന്നു.
കഞ്ഞിക്കുഴി പയറും ശുഭകേശനും
ഒരു മീറ്ററോളം നീളം വരുന്ന കഞ്ഞിക്കുഴി പയര്‍ കണ്ടുപിടിച്ച കര്‍ഷകന്‍ കൂടിയാണ് ശുഭകേശന്‍. ഇതിന്റെ വിത്ത് നേരിട്ടും ഓണ്‍ലൈനായുമെല്ലാം വില്‍ക്കുന്നുമുണ്ട്. ഏതായാലും ഓണത്തിന് തന്റെ കൃഷിയിടത്തില്‍ 16 ഇനം പച്ചക്കറികളാണ് ശുഭകേശന്‍ വിളയിച്ചത്. തോട്ടത്തില്‍ വിളയുന്ന ഷമാമും തണ്ണിമത്തനും കുക്കുംബറും ജ്യൂസാക്കി തന്റെ വിപണന കേന്ദ്രം വഴി തന്നെ വില്‍ക്കുന്നു. കഞ്ഞിക്കുഴി പയര്‍, മത്തന്റെ കുടുംബാംഗമായ ബട്ടര്‍നെറ്റ് സ്‌ക്വാഷ്, പാവല്‍, പടവലം, തക്കാളി, വഴുതന, വെള്ളരി തുടങ്ങി ഇവിടെ വിളഞ്ഞ പച്ചക്കറികളെല്ലാം ഓണക്കറികളാകാനുള്ള തയാറെടുപ്പിലാണ്.