AGRICULTURE

കുതിച്ചുയര്‍ന്ന് വില, ഉത്പാദനത്തില്‍ ഇടിവ്; കേരളത്തിന്റെ പൈനാപ്പിള്‍ സിറ്റിയിലെ കാഴ്ചകള്‍

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും വിലയില്‍ റെക്കോഡിട്ട് മുന്നേറുകയാണ് പൈനാപ്പിള്‍

ടോം ജോർജ്

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തില്‍ 50 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും വിലയില്‍ റെക്കോഡിട്ട് മുന്നേറുകയാണ് പൈനാപ്പിള്‍. പ്രാദേശിക വിപണിക്കുപുറമേ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ഗൾഫ് രാജ്യങ്ങളുമാണ് പൈനാപ്പിളിന്റെ പ്രധാന വില്‍പനകേന്ദ്രങ്ങള്‍.

എ, ബി, സി, ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതല്‍ ഒരു കിലോവരെയുള്ളവ ബി ഗ്രേഡും അതിനു താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് പരിഗണിക്കുക. എ ഗ്രേഡ് ചക്കയ്ക്ക് കിലോയ്ക്ക് 60 മുതല്‍ 65 വരെയാണ് വില. രണ്ടു വര്‍ഷം മുമ്പ് കിലോയ്ക്ക് 40-42 വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് 60-65 ലേക്ക് ഉയര്‍ന്നിരിക്കുന്നത്.

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിള്‍ പെരുമ വണ്ടികയറുന്നത്. പാട്ടത്തിന് കൃഷിയിടങ്ങളെടുത്ത് കൃഷിചെയ്യുന്ന രീതിയാണ് പൈനാപ്പിളില്‍ അധികവും

വാഴക്കുളം വഴി

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം വഴിയാണ് കേരളത്തിന്റെ പൈനാപ്പിള്‍ പെരുമ വണ്ടികയറുന്നത്. പാട്ടത്തിനു കൃഷിയിടങ്ങളെടുത്ത് കൃഷിചെയ്യുന്ന രീതിയാണ് പൈനാപ്പിളില്‍ അധികവും. ഇത്തരത്തില്‍ പൈനാപ്പിള്‍ കൃഷിചെയ്ത് മികച്ച കര്‍ഷനുള്ള അവാര്‍ഡ് നേടിയ വ്യക്തിയാണ് വാഴക്കുളത്തെ ഡൊമിനിക്ക്. 300 ലധികം ഏക്കറിലാണ് ഇദ്ദേഹം കൃഷിയിറക്കുന്നത്. എറണാകുളം കാലടിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 150 ഏക്കറില്‍ പാമോയില്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഓയില്‍പാം ചെടികള്‍ക്ക് ഇടവിളയായാണ് കൃഷി. കോതമംഗലത്തും കാഞ്ഞിരപ്പള്ളിയിലുമായാണ് മറ്റു തോട്ടങ്ങള്‍.

വാഴക്കുളം പൈനാപ്പിള്‍ പെരുമ

എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളില്‍ വിളയുന്ന ചക്കയാണ് വാഴക്കുളം പൈനാപ്പിള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൗമസൂചക പദവി ലഭിച്ച ഉത്പന്നവുമാണിത്. ഇവിടങ്ങളില്‍ വിളയുന്ന പൈനാപ്പിളിന്റെ പ്രത്യേക ഗന്ധവും രുചിയും വലിപ്പവുമൊക്കെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നതെന്ന് ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് പറഞ്ഞു. വാഴക്കുളത്തു തന്നെയുള്ള കൃഷിത്തോട്ടത്തില്‍നിന്ന് നല്ല വിളവും ഇദ്ദേഹത്തിനു ലഭിക്കുന്നു.

സ്വര്‍ഗീയ ഫലം

സ്വര്‍ഗീയ ഫലമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവര്‍ഗമാണ് കൈതച്ചക്ക. പുരാതനകാലത്ത് തെക്കേ അമേരിക്കയില്‍ കൈതച്ചക്ക കൃഷി നടന്നതിന് രേഖകളുണ്ട്. 1493 ല്‍ കൊളബസ് അമേരിക്ക കണ്ടുപിടിച്ചതിനുശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറം ലോകമറിയുന്നത്. തെക്കേ അമേരിക്കയിലെ പരാന-പരാഗ്വേ നദീതടമാണ് കൈതച്ചക്കയുടെ ജന്മദേശമെന്ന് ചരിത്രകാരനായ ബര്‍ട്ടോണി പറയുന്നു. ബ്രസീലിന്റെ തെക്കുവടക്ക് ഭാഗങ്ങളിലും വടക്കന്‍ അര്‍ജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രജ്ഞനായ കോളിന്‍സ് പറയുന്നത്. ബ്രൊമിലിയേസി സസ്യകുടുംബത്തിലെ അനാനാസ് കോമോസസ് എന്ന ശാസ്ത്രനാമധാരിയാണ് പൈനാപ്പിള്‍. 1550 കളില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്കു കൈതച്ചക്ക എത്തിച്ചത്.

നട്ടാല്‍ ഒന്നാം വര്‍ഷം മുതല്‍ വിളവെടുക്കാവുന്ന വിളയാണ് പൈനാപ്പിള്‍. ഒരു പ്രാവശ്യം നട്ടാല്‍ മൂന്നുവര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാം

പ്രാദേശിക ഭാഷയില്‍ ക്യൂന്‍ എന്നറിയപ്പെടുന്ന ക്യൂ എന്ന ചക്കയിനമാണ് വാഴക്കുളത്ത് അധികവും കൃഷി ചെയ്യുന്നത്. കന്നാര എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനവും കൃഷിചെയ്യുന്നുണ്ട്. ഏക്കറിന് 9,000 തൈകളാണ് വയ്ക്കുക. ഇവയില്‍നിന്ന് 12 ടണ്‍വരെയാണ് ഒരേക്കറിലെ ശരാശരി ഉത്പാദനം. നട്ടാല്‍ ഒന്നാം വര്‍ഷം മുതല്‍ വിളവെടുക്കാവുന്ന വിളയാണ് പൈനാപ്പിള്‍. ഒരു പ്രാവശ്യം നട്ടാല്‍ മൂന്നുവര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാം. കൃഷിച്ചെലവിന്റെ ഭൂരിഭാഗവും ആദ്യകൃഷിയില്‍ നിന്നു തന്നെ കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

15 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് പൈനാപ്പിളിനിഷ്ടം. ചൂടുകൂടുന്നത് വിളവിനെ ദോഷകരമായി ബാധിക്കും. വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ള വിളയാണിത്. 600- 2500 മില്ലിമീറ്റര്‍ ശരാശരി മഴകിട്ടുന്ന സ്ഥലങ്ങള്‍ കൃഷിക്ക് അനുയോജ്യമാണ്. 1000-1500 മില്ലിമീറ്റര്‍ മഴയാണ് ഏറ്റവും അനുയോജ്യം.

ഫോണ്‍: ഡൊമിനിക്ക്- 94461 67101, ജയിംസ് ജോര്‍ജ്- 94477 42799.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി