ഓണത്തിന് നാട്ടുപൂക്കള്‍ പറിച്ച് അത്തപ്പൂക്കളമിട്ടൊരു കാലമുണ്ടായിരുന്നു. എന്നാല്‍ തിരക്കു വര്‍ധിച്ചതോടെ പലര്‍ക്കും നാട്ടുപൂക്കള്‍ പറിക്കാന്‍ സമയമില്ലാതായി. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളുപയോഗിച്ച് പൂക്കളമിടുന്നതിലേക്കു മാറി നമ്മുടെ ശീലം. അങ്ങനെ പൂക്കളത്തിലേക്കെത്തിയ പൂക്കളുടെ കൃഷി കേരളം ഏറ്റെടുത്തു.
ഇന്ന് പൂപ്പാടങ്ങള്‍ സന്ദര്‍ശിച്ച് പൂവ് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അത്തരം പൂപ്പാടങ്ങളില്‍ ഉല്ലാസത്തിനുള്ള സൗകര്യം കൂടി കര്‍ഷകര്‍ ഏര്‍പ്പെടുത്തിയതോടെ ഓണാഘോഷത്തിന്റെ ഭാഗമാകുകയാണ് പൂപ്പാടങ്ങള്‍. സെല്‍ഫി പോയിന്റും ഊഞ്ഞാലുമൊക്കെയായി ചേര്‍ത്തലയിലെ കര്‍ഷകനായ വി പി സുനില്‍ ഒരുക്കിയ പൂപ്പാടം കാണാന്‍ ധാരാളമാളുകളാണെത്തിയത്.
ഊഞ്ഞാലാടിയും മാവേലിയോടൊപ്പം ഫോട്ടോയെടുത്തും കുട്ടികള്‍ ഉള്‍പ്പെടെ പൂപ്പാടത്തെത്തിയവര്‍ സുനിലിനേയും സന്തോഷിപ്പിച്ചു. പൂവ് മുവുവന്‍ കൃഷിയിടത്തില്‍ നിന്നു തന്നെ വിറ്റു തീര്‍ന്നു. ആലപ്പുഴ- ചേര്‍ത്തല ദേശീയപാതയില്‍ പതിനൊന്നാം മൈലില്‍ നിന്ന് മുഹമ്മയിലേക്കുള്ള വഴിയില്‍ നിന്ന് അല്‍പം ഉള്ളിലേക്കെത്തിയാല്‍ രണ്ടര ഏക്കറില്‍ സുനിലൊരുക്കിയ പൂപ്പാടത്തെത്താം.
ഓണ പൂക്കൃഷിയില്‍ മൂന്നു ടണ്‍ വിളവാണ് സുനില്‍ പ്രതീക്ഷിച്ചത്. രണ്ടര ഏക്കറിലാണ് ബന്തിയും വാടമല്ലിയും തുമ്പയുമെല്ലാം കൃഷിചെയ്തത്. ഓണത്തിന് കൃത്യം രണ്ടു മാസം മുമ്പേ തൈകള്‍ നട്ടു. ജൂലൈ അഞ്ചിനാണ് രണ്ടര ഏക്കറില്‍ ബന്തിയും വാടമുല്ലയും തുമ്പയും നട്ടത്. നാലു വര്‍ഷമായി പച്ചക്കറികള്‍ക്കൊപ്പം പൂവ് കൃഷിയും ചെയ്യുന്നതിനാല്‍ കൃത്യമായ ഒരു ടൈംടേബിള്‍ ഇദ്ദേഹം കൃഷിയില്‍ പാലിക്കുന്നു.
ആലപ്പുഴ മായിത്തറയിലെ നാട്ടു കര്‍ഷകരില്‍ വിഐപിയാണ് സുനില്‍. 365 ദിവസവും പച്ചക്കറി വിളയിക്കുന്ന കര്‍ഷകന്‍. തന്റെ ഒപ്പം ഭാര്യ റോഷ്ണിയും കൂടിയതിനാല്‍ രണ്ടു തൊഴിലാളികളുടെ കൂലി ലാഭിക്കാനായതായി സുനില്‍ പറയുന്നു. ചേര്‍ത്തല കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡായ മായിത്തറയിലാണ് സുനിലിന്റെ കൃഷിയിടങ്ങള്‍.
കഞ്ഞിക്കുഴി പുഷ്‌പോത്‌സവം എന്ന പേരില്‍ അടുത്ത വര്‍ഷം മുതല്‍ വിപുലമായ തോതില്‍ പൂപ്പാടങ്ങള്‍ ഒരുക്കുമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ പറഞ്ഞു.