പാമ്പുകടിയേറ്റ് 2024- ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് മാസത്തില്‍ ഒരാളെന്ന കണക്കില്‍ എട്ടുപേരായിരുന്നെങ്കില്‍ തുടര്‍ന്നു വന്ന 23 ദിവസത്തിനുള്ളില്‍, സെപ്റ്റംബര്‍ ഒന്നു മുതല്‍ 23 വരെ മരണത്തിനു കീഴടങ്ങിയത് ആറു പേര്‍. വരുന്നത് പാമ്പുകടിയേല്‍ക്കാല്‍ സാധ്യത കൂടുതലുള്ള കാലമാണെന്നും ജനങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സര്‍പ്പ' യുടെ സംസ്ഥാന കോ ഓഡിനേറ്റര്‍ മുഹമ്മദ് അന്‍വര്‍ യൂനസ് 'ദ ഫോര്‍ത്തിനോടു' പറഞ്ഞു. പാമ്പുകള്‍ കാരണം ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സര്‍പ്പ.
വരുന്നത് പാമ്പുകള്‍ അക്രമസ്വഭാവം കാണിക്കുന്ന കാലം
വരുന്നത് പാമ്പുകളുടെ പ്രജനനകാലമാണ്. പൊതുവേ മനുഷ്യരെ കണ്ടാല്‍ ഒഴിഞ്ഞുമാറുന്ന സ്വഭാവമുള്ള പാമ്പുകള്‍ വരെ ഇണചേരല്‍ കാലത്ത് അക്രമസ്വഭാവത്തിലേക്കു നീങ്ങും. ഈ സമയത്ത് പാമ്പുകള്‍ക്കു മുന്നില്‍ മനുഷ്യന്‍ ചെന്നുപെട്ടാല്‍ കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വരുന്ന ആഴ്ചകളിലും മാസങ്ങളിലും പാമ്പുകടിയേല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ് .
പെണ്‍പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ഫെറോമോണിന്റെ മണം പിടിച്ച് അവയുടെ അടുത്തേക്ക് ആണ്‍പാമ്പുകളെത്തും. ഇണചേരല്‍ മൂഡിലായ ആണ്‍ പാമ്പുകള്‍ തമ്മില്‍ പോരുകള്‍ നടക്കും.
എന്താണ് ഫെറൊമോണ്‍?
പ്രാണികളും മറ്റു ജീവജാലങ്ങളും പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഫെറൊമോണുകള്‍. ഇണകളെ ആകര്‍ഷിക്കുന്നതിനും വേട്ടക്കാരെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ഭക്ഷണം കണ്ടെത്തുന്നതിനും ജീവികള്‍ ഈ രാസസിഗ്‌നലുകള്‍ അയയ്ക്കാറുണ്ട്.
ആദ്യം വെള്ളിക്കെട്ടന്‍, പിന്നെ മൂര്‍ഖനും അണലിയും
ഒക്ടോബര്‍ ആരംഭത്തോടെ വെള്ളിക്കെട്ടന്‍ വിഭാഗത്തിലെ പാമ്പുകളുടെ പ്രജനനകാലം ആരംഭിക്കും. സ്വതവേ നമ്മുടെ കണ്ണില്‍ പെടാതെ നമുക്കിടയില്‍ കഴിഞ്ഞു കൂടുന്ന ഒരു വിഭാഗം പമ്പുകളാണിവ. പ്രജനനകാലത്ത് ഇവയും പുറത്തിറങ്ങും. ഈ ആഴ്ചകളില്‍ പകല്‍ പോലും ഇവ ഒറ്റയ്ക്കും ജോഡികളായും യുദ്ധത്തിലേര്‍പ്പെടും. ഒന്നിനെ കണ്ടിടത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്.
വെള്ളിക്കെട്ടന്‍മാരുടെ പ്രജനന കാലത്തെ തുടര്‍ന്ന് മൂര്‍ഖന്‍, അണലി(ചേനത്തണ്ടന്‍) മുതലായ വിഷപ്പാമ്പുകളുടെയും വിഷമില്ലാത്ത പലയിനം പാമ്പുകളുടെയും ഇണചേരലും പ്രജനനവും നടക്കും. ഫെബ്രുവരി-മാര്‍ച്ച് വരെ ഇതു നീളും. പിന്നെ പലയിനം നവജാതരായ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങും.
പാമ്പുകളെ പിടിച്ച് ജനവാസ കേന്ദ്രങ്ങളില്‍ നിന്നു മാറ്റുന്ന റെസ്‌ക്യൂ പ്രവര്‍ത്തകര്‍ക്ക് ഇക്കാലം വലിയ തിരക്കായിരിക്കും. സ്വതവേ ശാന്തരായ ഇനങ്ങള്‍ പോലും ഇണചേരല്‍ കാലത്ത് അക്രമകാരികളാകും. അതിനാല്‍ റെസ്‌ക്യൂവര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം.
ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവര്‍ത്തകരുടെ ലഭ്യതയും ഇത്തരം സാഹചര്യത്തില്‍ പ്രധാനമാണ്. പാമ്പുകടിയേറ്റതായി സംശയമുണ്ടായാല്‍ പോലും ഉടനടി ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്. ചികിത്സ ലഭ്യമാക്കാന്‍ വൈകുന്നതും തെറ്റായ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കുന്നതുമാണ് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
പ്രളയകാലങ്ങള്‍ ഉണ്ടാക്കിയ ദുരന്തം
മഴക്കാലത്ത് കേരളത്തില്‍ പല സ്ഥലങ്ങളിലും വെള്ളം കയറാറുണ്ട്. പാമ്പുകളുടെ ആവാസസ്ഥലങ്ങളില്‍ വെള്ളമെത്തിയാല്‍ ഇവ നമ്മുടെ വാസസ്ഥലങ്ങളിലേക്കു താത്കാലികമായി താമസം മാറ്റാം. മനുഷ്യജീവനു തന്നെ ഭീഷണിയാകുന്ന ഒന്നാണ് വിഷപ്പാമ്പുകളുടെ ജനവാസ കേന്ദ്രങ്ങളിലെ സാന്നിധ്യം.
പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവി
പാമ്പുകള്‍ക്ക് വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുണ്ട്. എലിപ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങള്‍ പരത്തുകയും നമ്മുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന എലി, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പാമ്പുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. പ്രകൃതിയുടെ സന്തുലനാവസ്ഥയെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിലും പാമ്പുകള്‍ ചെയ്യുന്നത് നിശബ്ദ സേവനമാണ്.
തിരിച്ചറിയുക പ്രധാനം
കേരളത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തില്‍ താഴെ ഇനങ്ങള്‍ മാത്രമാണ് ഉഗ്രവിഷം പേറുന്നവ.
മൂര്‍ഖന്‍ (spectacled cobra)
ശംഖുവരയന്‍, എട്ടടിവീരന്‍, വളവളപ്പന്‍, മോതിരവളയന്‍, വളകഴപ്പന്‍ എന്നെല്ലാം വിളിപ്പേരുകളുള്ള വെള്ളിക്കട്ടന്‍ (Common krait)
തേക്കിലപ്പുള്ളി, വട്ടക്കൂറ, ചേനത്തണ്ടന്‍ എന്നീ പേരുകളിലറിയപ്പെടുന്ന അണലി (Russel's viper)
ഈര്‍ച്ചവാള്‍ ശല്‍ക്ക അണലി, രക്തയണലി എന്നൊക്കെ വിളിക്കുന്ന ചുരുട്ടമണ്ഡലി (Saw scaled viper )
മുഴമൂക്കന്‍ കുഴിമണ്ഡലി (Hump nosed pit viper)
രാജവെമ്പാല (King cobra)
മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകള്‍. അതില്‍ തന്നെ മൂര്‍ഖന്‍, ചേനത്തണ്ടന്‍, വെള്ളിക്കട്ടന്‍ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം പാമ്പുകടി മരണങ്ങളും കേരളത്തില്‍ സംഭവിക്കുന്നത്.
പാമ്പുകടിയേല്‍ക്കാതിരിക്കാന്‍
പാമ്പുകളില്‍ നിന്നു നമ്മുടെ വാസസ്ഥലങ്ങളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.
1. കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്നു കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
2. കെട്ടിടങ്ങള്‍ക്കു സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കള്‍ അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാന്‍ അനുവദിക്കരുത്. വെളിച്ചമുള്ള സമയത്ത് മാത്രം വീടിനു പുറത്ത് ശേഖരിച്ച വിറക് ശ്രദ്ധയോടെ അകത്തേക്കെടുക്കുക. അസമയങ്ങളിലും ഇരുട്ടിലും കൂട്ടിയിട്ടിരിക്കുന്ന വിറകെടുക്കരുത്.
3. ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കണം. വലിച്ചെറിയുന്ന ഭക്ഷ്യ അവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കും. എലിയുടെ സാന്നിധ്യം പാമ്പുകളെ നമുക്കടുത്തേക്കെത്തിക്കും.
4. കെട്ടിടത്തിനു മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യണം. ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം വള്ളിച്ചെടികള്‍ വെട്ടി നിര്‍ത്തണം.
5. ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം. തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ കെട്ടിടത്തിലേക്കു പ്രവേശിക്കാം.
6. വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കാം. അതിനാല്‍ കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലുകളുടെ കീഴെ വിടവ് ഇല്ലാതാക്കണം.
7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും അടയ്ക്കണം.
8. രാത്രികളില്‍ കാല്‍നടയാത്രക്ക് ടോര്‍ച്ച് നിര്‍ബന്ധമാക്കുക. വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കണം.
9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഷൂവിനുള്ളില്‍ കൈ കടത്താതെ നിലത്തു കൊട്ടി വേണമിതു ചെയ്യാന്‍.
10. വീടിനു മുന്നില്‍ വച്ച ചെറിയ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കണം. ഗേറ്റ് ഉണ്ടെങ്കില്‍ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകള്‍ ചെടിച്ചട്ടിക്കു കീഴില്‍ ചുരുണ്ടുകൂടാം.
11. പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ ഇടവപ്പാതി കാലത്തുവരെ ഇങ്ങനെ പാമ്പിന്‍ കുഞ്ഞുങ്ങളെ കാണാറുണ്ട്.
12. പൂച്ച, നായ തുടങ്ങിയ ഓമനമൃഗങ്ങള്‍ പുറത്ത് നിന്നു പാമ്പുകളെ പിടികൂടി വീടിനുള്ളിലേക്കു കൊണ്ടുവരാന്‍ സാധ്യതയുണ്ട്, അത് ശ്രദ്ധിക്കുക.
പാമ്പ് കടിയേറ്റാല്‍
ആര്‍ക്കെങ്കിലും പാമ്പു കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ ഉടനടി ശരിയായ ചികിത്സ നല്‍കേണ്ടതുണ്ട്. ചികിത്സ വൈകുന്നതിന് ജീവന്റെ വില നല്‍കേണ്ടി വരാം. പാമ്പ് കടിയേറ്റാല്‍ രക്തത്തില്‍ കലര്‍ന്ന പാമ്പിന്‍വിഷം നിര്‍വീര്യമാക്കണം. ഇതിന് അടിയന്തിരമായി നല്‍കുന്ന ആന്റിവെനത്തിനു മാത്രമേ കഴിയൂ. തെറ്റായ ചികിത്സയും ഫലപ്രദമായ ചികിത്സ നല്‍കുന്നതിലെ കാലതാമസവുമാണ് മരണകാരണമാകുന്നത്.
പാമ്പ്കടിയേറ്റയാളെ ഒരു കാരണവശാലും പേടിപ്പിച്ച് അധൈര്യപ്പെടുത്തരുത്.
അയാളെ ഓടിക്കുകയോ നടത്തുകയോ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യിപ്പിക്കുകയോ അരുത്.
കടിപ്പാടില്‍ മുറിവുണ്ടാക്കി രക്തമൊഴുക്കാന്‍ ശ്രമിച്ചാല്‍ ഞരമ്പ് മുറിഞ്ഞ് രക്തനഷ്ടമുണ്ടാകും. ഇത് സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കും.
കടിപ്പാടില്‍ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്. മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നതു പോലും മസാജ് ഇഫക്ട് മൂലം വിഷം അതിവേഗം രക്തത്തില്‍ കലരുന്നതിന് കാരണമാകാം.
കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടുന്നത് ഒഴിവാക്കുക. പേശീചലനം പരമാവധി കുറയ്ക്കുന്നതിനായി ബാന്‍ഡേജ് ചുറ്റുന്നതില്‍ തെറ്റില്ല.
പാമ്പുകടിയേറ്റയാളെ ലഭ്യമായ വാഹനത്തില്‍ എത്രയും വേഗം ആന്റിവെനം സ്റ്റോക്കും, അതു നല്‍കുന്ന ഡോക്ടറുമുള്ള ആശുപത്രിയിലെത്തിക്കുക. ഇവ രണ്ടും രോഗിയുടെ കൂടെയുള്ളവര്‍ വിളിച്ച് ഉറപ്പുവരുത്തിയതിനു ശേഷമേ രോഗിയെ കടിയേറ്റിടത്തു നിന്നു കൊണ്ടു പോകാവൂ. ഒരാശുപത്രിയില്‍ നിന്ന് അടുത്തയിടത്തേക്കു പോയി രോഗി അപകടാവസ്ഥയിലേക്ക് നീങ്ങുന്നതു തടയാന്‍ ഇതു സഹായിക്കും. ഈ സൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് വനം വകുപ്പിന്റെ SARPA ആപ്പില്‍ ലഭ്യമാണ്.
കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല. അത് അപകടകരമാണ്, കൂടുതല്‍ പേര്‍ക്കു കടിയേല്‍ക്കാനും പാമ്പിനെ തെരഞ്ഞു സമയം നഷ്ടപ്പെടാനും ഇടയാകും. മൂര്‍ഖന്‍, ശംഖുവരയന്‍, ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നീ നാലിനങ്ങളുടെ കടിക്കെതിരെ ഒരേ മരുന്നുതന്നെയാണ് ഉപയോഗിക്കുക.
മന്ത്രവാദമോ ഗുളികയോ പച്ചമരുന്നോ ഒറ്റമൂലിയോ ഒന്നും രക്തത്തില്‍ കലര്‍ന്ന പാമ്പിന്‍വിഷത്തെ നിര്‍വീര്യമാക്കാന്‍ ഉപകരിക്കില്ലെന്ന് ഓര്‍ക്കുക.
പാമ്പുകളില്‍ നിന്നു രക്ഷനേടാന്‍ 'സര്‍പ്പ'
പാമ്പുകള്‍ കാരണം ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ കേരള വനംവകുപ്പ് സര്‍പ്പ എന്നപേരില്‍ സുസംഘടിതമായ ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ രണ്ടായിരത്തില്‍പരം അംഗീകൃത പാമ്പ് രക്ഷാപ്രവര്‍ത്തകര്‍ ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാല്‍ വനം വകുപ്പ് സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടുക. അവര്‍ ഉടന്‍ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യുമെന്നും സര്‍പ്പ സംസ്ഥാന കോ ഓഡിനേറ്റര്‍ മുഹമ്മദ് അന്‍വര്‍ യൂനസ് പറഞ്ഞു.
SARPA മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ SARPA ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴിയോ ഇവരെ ബന്ധപ്പെടാം.
SARPA ജില്ലാ ഫെസിലിറ്റേറ്റര്‍മാരുടെ ഫോണ്‍ നമ്പറുകള്‍:
1. തിരുവനന്തപുരം: ശരത് എം (9961832603)
2. കൊല്ലം: ലിജു താജുദീന്‍ (9947467006)
3. പത്തനംതിട്ട: ദിന്‍ഷ് ആര്‍ (9495697907)
4. ആലപ്പുഴ: സജി ജയമോഹന്‍ (9446387512)
5. കോട്ടയം: അബീഷ് (8943249386)
6. ഇടുക്കി: ഷാജി (9526896411)
7. എറണാകുളം: ശ്രീനിവാസ് കമ്മത്ത് (9037327108)
8. തൃശൂര്‍: ജോജു സി ടി (9745547906)
9. പാലക്കാട്: സിദ്ധാര്‍ത്ഥ് ശശിധരന്‍ (9605599024)
10. മലപ്പുറം: ജവാദ് കുടുക്കന്‍ (9567597897)
11. കോഴിക്കോട്: പ്രദീപ് കുമാര്‍ (9447218426)
12. വയനാട്: വിഷ്ണു (8606262978)
13. കണ്ണൂര്‍: സുനില്‍ (8547296450)
14. കാസര്‍കോട്: കെ ടി സന്തോഷ് (8075448337).