AGRICULTURE

വ്‌ളാത്താങ്കര ഒരു ചെറിയ ചീരയല്ല; ചീര ഗ്രാമത്തിന്റെ വിശേഷങ്ങൾ

നേരം പുലരുന്നതിനുമുമ്പേ ചീര കൃഷിയിലേക്കു നീങ്ങുന്ന ആ ഗ്രാമത്തില്‍ ഒരു കര്‍ഷകനുണ്ട്. തങ്കയ്യന്‍ പ്ലാങ്കാല.

ടോം ജോർജ്

ഒരു ചീരയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഏക ഗ്രാമമാണ് വ്‌ളാത്താങ്കര. നേരം പുലരുന്നതിനുമുമ്പേ ചീര കൃഷിയിലേക്കു നീങ്ങുന്ന ആ ഗ്രാമത്തില്‍ ഒരു കര്‍ഷകനുണ്ട്. തങ്കയ്യന്‍ പ്ലാങ്കാല.  നല്ലയിനം ചീര കണ്ടെത്തി അതിന് തന്റെ ഗ്രാമത്തിന്റെ പേരു നല്‍കി കര്‍ഷകരിലേക്കെത്തിച്ച കര്‍ഷകന്‍. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ പഞ്ചായത്തിലെ വ്‌ളാത്താങ്കരയില്‍ 'വ്‌ളാത്താങ്കര ചീര' കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടു പിന്നിടുമ്പോഴും കൃഷിയില്‍ സജീവമാണ് കര്‍ഷകനായ തങ്കയ്യന്‍.

ഒരുചെടിയില്‍ നിന്ന് എട്ടുമാസത്തിലധികം വിളവ്

മറ്റു ചീരകളില്‍ നിന്ന് വ്‌ളാത്താങ്കര ചീരയെ വേറിട്ടതാക്കുന്നത് നിരവധി കാര്യങ്ങളാണ്. ചുവടെ പിഴുതെടുത്തു വില്‍ക്കുന്ന മറ്റു ചീരയിനങ്ങളെപ്പോലെയല്ല വ്‌ളാത്താങ്കര ചീര. മറ്റിനങ്ങള്‍ വേഗം പൂക്കുന്ന സ്വഭാവമുള്ളവയാണ്. എന്നാല്‍ വ്‌ളാത്താങ്കരചീര വേഗം പൂക്കില്ല. ധാരാളം ശിഖരങ്ങളുമുണ്ടാകും. ഈ ശിഖരങ്ങള്‍ മുറിച്ചാണ് വില്‍പനക്കെത്തിക്കുന്നത്. ഒരാള്‍ പൊക്കത്തില്‍ വളരുന്ന ചീരയില്‍ നിന്ന് എട്ടുമാസത്തിലധികം വിളവെടുക്കാം. ഇതിനുശേഷം വളരാനായി വിട്ട് ചീര പുഷ്പിക്കാന്‍ അനുവദിക്കുന്നു. ഇങ്ങനെ വിത്തുശേഖരിച്ചാണ് അടുത്തകൃഷിക്കായി വിത്തുശേഖരിക്കുന്നത്. നല്ല പട്ടുചുവപ്പ് നിറമുള്ള ചീരയ്ക്ക് രുചിയും കൂടുതലാണ്.

ഓരോ വിളവെടുപ്പിനു ശേഷവും വളപ്രയോഗം

പൊതുവേ പശിമയുള്ളതാണ് വ്‌ളാത്താങ്കരയുടെ മണ്ണ്. അതിനാല്‍ തന്നെ വേഗം ഉറയ്ക്കും. വാരം കോരി വെയില്‍കൊള്ളിച്ച് കൊത്തിക്കിളച്ച് മണ്ണ് പൊടിയാക്കിയാണ് കൃഷിയുടെ ആരംഭം. നെയ്യാറില്‍ നിന്ന് കനാലുകള്‍ വഴിയെത്തുന്ന ജലം വാരങ്ങള്‍ക്കിടയിലെ ചെറുതോടുകളിലേക്ക് ഒഴുകിയെത്തുന്നു. ഇതില്‍ നിന്നുകൊണ്ടു തന്നെ പാത്രങ്ങളുപയോഗിച്ച് കോരി നനയ്ക്കുകയാണ് പതിവ്. അടിവളമായി കോഴിവളവും കപ്പലണ്ടി, വേപ്പിന്‍പിണ്ണാക്ക് പൊടിയും യോജിപ്പിച്ച് നല്‍കുന്നു. കോഴിവളം പൊടിച്ചതിനൊപ്പം ചീരവിത്ത് ചേര്‍ത്ത് തടങ്ങളില്‍ വിതറിയാണ് വിത്തുപാകല്‍. പാകി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ചീരവിത്തുകള്‍ മുളച്ചുപൊങ്ങും. മുപ്പതാം ദിവസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ശിഖരങ്ങള്‍ മുറിച്ചെടുത്ത് വിളവെടുപ്പു നടത്തിയ ഉടനെ തന്നെ കോഴിവളവും കപ്പലണ്ടി, വേപ്പിന്‍ പിണ്ണാക്കുകളും ചേര്‍ത്ത വളം വിതറി, ഇലച്ചെടികളുപയോഗിച്ച് തട്ടി വളത്തെ ചുവട്ടിലേക്കു തന്നെയെത്തിക്കുന്നു. തുടര്‍ന്ന് രണ്ടുനേരം നന. ആഴ്ചയിലൊരിക്കല്‍ വിളവെടുക്കാം. ഉദയംകുളങ്ങര ചന്തയിലേക്കാണ് വ്‌ളാത്താങ്കര ചീരയെത്തുന്നത്. ചീരവിത്ത് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ വിളിക്കുന്നുണ്ടെന്നും അവര്‍ക്ക് വിത്തുപായ്ക്കറ്റുകള്‍ കൊറിയര്‍വഴി എത്തിച്ചു നല്‍കുന്നുണ്ടെന്നും തങ്കയ്യന്‍ പറയുന്നു.

ഫോണ്‍: തങ്കയ്യന്‍ പ്ലാങ്കാല- 98953 01567

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ