പഠിക്കുന്നത് പ്രായോഗികമാക്കാനാകുമോ എന്ന് പാടത്തിറങ്ങിയാലേ മനസിലാകൂ. ചെയ്യുന്നത് ശാസ്ത്രീയമാകണമെങ്കില്‍ അറിവുള്ളവര്‍ കൃഷിയിടത്തിലെത്തണം. ഈ രണ്ടു ലക്ഷ്യങ്ങളും നേടുകയാണ് കോയമ്പത്തൂര്‍ അമൃത കാര്‍ഷിക കോളേജ് വിദ്യാര്‍ഥികള്‍. ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ മേളയുടെ ഭാഗമായാണ് കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ കോയമ്പത്തൂര്‍ കൊണ്ടപ്പട്ടി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൂണ്‍ കൃഷിയുടെയും അസോളയുടെയും സാധ്യതകളും പരിശീലനവും സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് തങ്ങളുടെ വീട്ടില്‍ ഇതെങ്ങനെ ശാസ്ത്രീയമായി ഉത്പാദിപ്പിക്കാമെന്ന് വിദ്യാര്‍ഥികള്‍, കാണിച്ചു കൊടുത്തു. വീടിനകത്തു തന്നെ ചെലവ് കുറഞ്ഞ രീതിയില്‍ വളര്‍ത്താവുന്ന ഒന്നാണ് കൂണ്‍.
എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുള്ള അസോള
എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുള്ള ഒന്നാണ് അസോള. പണ്ടുകാലത്ത് പാടശേഖരങ്ങളില്‍ നൈട്രജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഉപയോഗിച്ചിരുന്ന ഒരു പന്നല്‍ ചെടിയായിരുന്നു ഇത്. സസ്യ മൂലകങ്ങളാല്‍ സമ്പന്നമായ ജൈവവളമാണ് അസോള. കന്നുകാലികള്‍ക്കും കോഴികള്‍ക്കും മത്സ്യങ്ങള്‍ക്കും തീറ്റയായി അസോള നല്‍കാറുണ്ട്. ശുദ്ധജലത്തില്‍ വളരുന്ന പന്നല്‍ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തില്‍ നിന്നു നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന് അന്തരീക്ഷത്തില്‍ നിന്നു നൈട്രജന്‍ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജന്‍ സംയുകതങ്ങളുമാക്കി വേര്‍തിരിക്കുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാല്‍ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിര്‍മാണ പ്രക്രിയയിലും ഉപയോഗിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റയില്‍ അസോള ഉള്‍പ്പെടുത്തുന്നതുവഴി 20 ശതമാനം വരെ തീറ്റച്ചെലവു കുറയ്ക്കാം. ഇതിലുപരി പാലുത്പാദനം 15 മുതല്‍ 20 ശതമാനം വരെ കൂടുതലും ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. മരത്തണലിലും വളര്‍ത്താന്‍ കഴിയുന്ന ഒരു സസ്യമാണിത്.
കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ പ്രോട്ടീന്‍ അടങ്ങിരിക്കുന്നു. അതുകൂടാതെ അധിക അളവില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയില്‍ കാണാം. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികള്‍ക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസംസ്‌കൃതവസ്തുവായും അസോള ഉപയോഗിക്കാം. അസോളയില്‍ 25 മുതല്‍ 30 ശതമാനം വരെ പ്രോട്ടീനും, 10 മുതല്‍ 15 ശതമാനം വരെ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ജൈവ വളമാണിത്. മട്ടുപ്പാവിലോ, പാടശേഖരങ്ങളിലോ, കുളങ്ങളിലോ, ടാങ്കുകളിലോ അസോള വളര്‍ത്താം. ജൈവകൃഷിയില്‍ അസോളയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അസോളയുടെ മുകളിലായി കാണുന്ന അനബീന അസോള എന്ന ഭാഗമാണ് അന്തരീക്ഷത്തില്‍ നിന്നും നൈട്രജന്‍ ആഗിരണം ചെയ്യുന്നത്.
എങ്ങനെ വളര്‍ത്താം?
നിരപ്പായ തറയില്‍ രണ്ടു മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലും ചതുരാകൃതിയില്‍ ഇഷ്ടികകള്‍ അടുക്കുക. 150 ഗേജ് കനത്തിലുള്ള പോളിത്തീന്‍ ഷീറ്റ് ഇതിനുള്ളില്‍ വിരിക്കാം. ശേഷം വശങ്ങളില്‍ ഇഷ്ടികകള്‍ വയ്ക്കണം. ഒരേ അളവില്‍ പച്ചച്ചാണകം, മണ്ണ്, എന്നിവ വെള്ളത്തില്‍ കലര്‍ത്തുക. ടാങ്കില്‍ 10 സെന്റീമീറ്റര്‍ ഉയരത്തില്‍ ഈ മിശ്രിതം നിറയ്ക്കണം. ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കില്‍ അസോള നിക്ഷേപിക്കേണ്ടത്. ഒരാഴ്ച കഴിയുമ്പോള്‍ ടാങ്ക് നിറയെ അസോള വളരുന്നത് കാണാന്‍ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അരക്കിലോ മുതല്‍ ഒരു കിലോ വരെ അസോള വിളവെടുക്കാന്‍ സാധിക്കും. അസോള ദിവസേന വിളവെടുക്കാന്‍ ഒരു കിലോ ചാണകം ചേര്‍ത്ത് മിശ്രിതം എല്ലാ ആഴ്ചയും പ്രയോഗിച്ചാല്‍ മതി. രണ്ടാഴ്ച കൂടുമ്പോള്‍ കാല്‍ഭാഗം വെള്ളം മാറ്റി പുതുതായി വെള്ളം നിറക്കണം. മാസത്തിലൊരിക്കല്‍ മണ്ണ് മാറ്റി അഞ്ച് കിലോ മണ്ണ് ചേര്‍ക്കണം. ആറു മാസം കഴിയുമ്പോള്‍ പുതുതായി വീണ്ടും കൃഷി തുടങ്ങണം. അസോള കൃഷിക്ക് അനുയോജ്യമായ താപനില 20 മുതല്‍ 28 ഡിഗ്രി വരെയാണ്. ചൂട് കൂടുതലാണെങ്കില്‍ നെറ്റ് ഉപയോഗിച്ച് തണല്‍ നല്‍കണം. ആര്‍ദ്രത 60 മുതല്‍ 80 ശതമാനം വരെയാണ്. ആര്‍ദ്രത വര്‍ധിച്ചാല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്.
മുട്ടക്കോഴികള്‍ക്ക് പോഷകം
ഡീപ് ലിറ്റര്‍ സമ്പ്രദായത്തില്‍ അടച്ചിട്ട് വളര്‍ത്തുന്ന മുട്ടക്കോഴികള്‍ക്ക് പല പോഷക ഘടകങ്ങളുടെയും അഭാവം ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി കര്‍ഷകര്‍ കോഴിത്തീറ്റയ്ക്കൊപ്പം അസോളയും നല്‍കാറുണ്ട്. ഇതുവഴി തീറ്റയുടെ ചെലവ് കുറയ്ക്കാനും കഴിയും. പോഷകസമ്പന്നമായ കോഴിമുട്ട ലഭിക്കാനും ഇത് നല്ലൊരു വഴിയാണ്. കന്നുകാലികള്‍ക്ക് തീറ്റപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് അസോള നല്ലൊരു പ്രതിവിധിയാണ്. കന്നുകാലികളിലെ പാല്‍ ഉത്പാദനം കൂട്ടാനും പാലിന്റെ ഗുണം വര്‍ധിപ്പിക്കാനും അസോളയ്ക്ക് സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തി. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഗ്രിക്കള്‍ച്ചറല്‍ മൈക്രോബയോളജി അധ്യാപകന്‍ ഡോ. ഇനിയ കുമാര്‍ എം. നിര്‍ദേശങ്ങള്‍ നല്‍കി. അമൃത കാര്‍ഷിക കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
ഫോണ്‍- ആതിര- 94960 57546