ഒരു പ്രദേശത്തിന്റെ തനത് വിഭവമെന്ന നിലയില്‍ ഭൗമസൂചക പദവി ലഭിച്ച ഉത്പന്നമാണ് 'മറയൂര്‍ ശര്‍ക്കര'. ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന കരിമ്പില്‍ നിന്നാണ് മറയൂര്‍ ശര്‍ക്കര വരുന്നത്. കേരളത്തിന്റെ തനത് ശര്‍ക്കര നിര്‍മാണം കാണാന്‍ നിരവധി വിദേശസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
15 വര്‍ഷത്തിലധികമായി കാന്തല്ലൂരില്‍ മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്ന അക്ഷയ കുടുംബശ്രീ സംരംഭത്തിന്റെ അമരക്കാരനാണ് പി.എന്‍. വിജയന്‍. മൂപ്പെത്തിയ കരിമ്പിന്‍ തണ്ടുകള്‍ വെട്ടി ക്രഷ് യൂണിറ്റിലെത്തിക്കുന്നതോടെയാണ് ശര്‍ക്കര നിര്‍മാണത്തിനു തുടക്കമാകുന്നത്. ക്രഷില്‍ ജ്യൂസാകുന്ന ശര്‍ക്കര മനുഷ്യകരസ്പര്‍ശമേല്‍ക്കാതെ ജ്യൂസ് സ്റ്റോക്കുചെയ്യുന്ന പാത്രത്തിലേക്കെത്തുന്നു. ഇവിടെ നിന്ന് വലിയ പിവിസി പൈപ്പുവഴി മൂന്നര മണിക്കൂര്‍ തിളപ്പിക്കുന്നതിനായി തമിഴില്‍ കൊപ്ര എന്ന വിളിപ്പേരുള്ള ഭീമന്‍ പാത്രത്തിലേക്ക്. 1000 ലിറ്റര്‍ സംഭരണശേഷിയുള്ള പാത്രത്തില്‍ ഒരേസമയം 500-600 ലിറ്റര്‍ ജ്യൂസാണ് എത്തുക. ജ്യൂസിന്റെ അളവു കുറയുന്നത് ശര്‍ക്കരയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നത് വിജയന്റെ അനുഭവ പാഠം.
ജ്യൂസെടുത്തതിനു ശേഷം മിച്ചം വരുന്ന കരിമ്പിന്‍വേസ്റ്റ് ഉണക്കി, അതാണ് ശര്‍ക്കര നിര്‍മാണത്തില്‍ ജ്യൂസ് തിളപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മണ്ണിനടിയിലൂടെ നിര്‍മിച്ച വലിയ വായൂതുരങ്കങ്ങളിലൂടെ ഓക്‌സിജന്‍ അടുപ്പിലെത്തുകയും അടിവഴി തന്നെ പുക പുറത്തേക്കു പോവുകയും ചെയ്യുന്നു. മൂന്നര മണിക്കൂറിനു ശേഷം പാവായി മാറുന്ന കരിമ്പിന്‍ ജ്യൂസ് 15 മിനിറ്റു വച്ചതിനുശേഷം ചൂടോടെ തന്നെ ഉണ്ടകളാക്കുന്നു. ഇത് ഒന്നര മണിക്കൂറിനു ശേഷം വില്‍പനക്കായി പായ്ക്ക് ചെയ്യുന്നു. ശര്‍ക്കര പാവില്‍ ചുക്കും മറ്റു ചേരുവകളും ചേര്‍ത്തു തയാറാക്കുന്ന ചുക്കു ശര്‍ക്കരയും ഇവിടത്തെ വിശേഷ ഇനമാണ്. കാന്തല്ലൂരിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് അക്ഷയ ശര്‍ക്കര നിര്‍മാണയൂണിറ്റ്. കോടമഞ്ഞു മേഘങ്ങള്‍ തഴുകിയൊഴുകുന്ന മലമുകളിലെ ശര്‍ക്കര നിര്‍മാണം പ്രകൃതിയോടു ചേര്‍ന്നുള്ള ഒരനുഭവം കൂടിയാണ്.
ഫോണ്‍: പി.എന്‍. വിജയന്‍- 9446609623.