കേരളത്തിലെ കാര്‍ഷിക കടബാധ്യതയില്‍ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് 2.3 ഇരട്ടി വര്‍ധനയെന്ന് കിഫ നടത്തിയ കാര്‍ഷിക കടബാധ്യത സര്‍വേ. ഒരു കര്‍ഷകന്റെ ശരാശരി കടബാധ്യത 5,46,850 രൂപയാണ്. അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരുടെ കടബാധ്യത ഇതിന്റെ ഇരട്ടിയിലധികമാണെന്നും സര്‍വേ സാക്ഷ്യപ്പെടുത്തുന്നു. തിരുവിതാംകൂറില്‍ 671,756 രൂപയും കൊച്ചിയില്‍ 532,915 രൂപയും മലബാറില്‍ 471,212 രൂപയുമാണ് ഒരു കര്‍ഷകന്റെ ശരാശരി കടം. കേരളത്തിലെ 72 ശതമാനം കര്‍ഷകരും കടക്കെണിയിലാണ്. കടബാധ്യത ഏറെയുള്ളത് ഒന്നു മുതല്‍ അഞ്ച് വരെ ഏക്കറുള്ള ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്കാണ്. 57 ശതമാനം കര്‍ഷകരുടെ കിടപ്പാടം വരെ പണയത്തിലാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും കര്‍ഷകര്‍ ഭവനരഹിതരാകുമെന്നത് ഗൗരവമായി കാണേണ്ടതാണ്.
കടക്കെണിയില്‍ മുങ്ങി മലബാര്‍മേഖല
മലബാര്‍മേഖല കടക്കെണിയില്‍ മുങ്ങിയിരിക്കുകയാണ്. ഏലം, പൈനാപ്പിള്‍ കര്‍ഷകരാണ് കടബാധ്യതയില്‍ മുന്നില്‍. കേരളത്തിലെ 57 ശതമാനം കര്‍ഷകരുടെ കിടപ്പാടവും 65 ശതമാനം കര്‍ഷകരുടെ മുഴുവന്‍ ഭൂമിയും പണയത്തിലാണ്. 26 ശതമാനം കര്‍ഷകര്‍ ഒന്നില്‍ കൂടുതല്‍ കടബാധ്യതയുള്ളവരാണ്. 68 ശതമാനം പേര്‍ കാര്‍ഷിക വായ്പയ്ക്കു പുറമേ സ്വര്‍ണവും പണയപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. 16 ശതമാനം 10 ലക്ഷത്തിനു മുകളില്‍ വായ്പയെടുത്തവരാണ്. 29 ശതമാനം പേര്‍ക്ക് രണ്ടുലക്ഷത്തില്‍ കുറയാത്ത കടമുണ്ടെന്നും സര്‍വേ പറയുന്നു.
14 ശതമാനം കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ്
കേരളത്തിലെ 14 ശതമാനം കര്‍ഷകര്‍ ജപ്തി നോട്ടീസ് കൈപ്പറ്റിയവരാണ്. രണ്ടുശതമാനത്തിന്റെ വസ്തു ജപ്തി ചെയ്യപ്പെട്ടു. ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നാണ് 47 ശതമാനവും വായ്പയെടുത്തിരിക്കുന്നത്.
ശരാശരി കടബാധ്യതയില്‍ വന്‍ വര്‍ധന
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ(എന്‍എസ്എസ്ഒ) 2019 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ശരാശരി കാർഷിക കടബാധ്യത 74,121 രൂപയും കേരളത്തിലേത് 2,42,482 രൂപയും ആയിരുന്നു. എന്നാല്‍ കിഫയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ശരാശരി കാർഷിക കടബാധ്യത മൂന്നു വര്‍ഷം കൊണ്ട് 2.3 ഇരട്ടി വര്‍ധിച്ച് 546850 രൂപയിലെത്തി നില്‍ക്കുകയാണ്. എന്‍എസ്എസ്ഒയുടെ 2019 ലെ കണക്കുപ്രകാരം ദേശീയ കാർഷിക കടബാധ്യത നിരക്ക് 50.2 ശതമാനവും കേരളത്തിലേത് 70 ശതമാനവുമായിരുന്നു. എന്നാലത് മൂന്നുവര്‍ഷം കൊണ്ട് 72 ശതമാനമായി വര്‍ധിച്ചു.
മലബാറിലെ കടം
കേരളത്തിലെ അവികസിത പ്രദേശമായ മലബാര്‍ മേഖലയിലെ 77 ശതമാനം കര്‍ഷകരും കടക്കെണിയിലാണെന്ന് പഠനം പറയുന്നു. തിരുവനന്തപുരം മേഖലയിലെ 70 ശതമാനവും കൊച്ചിയിലെ 68 ശതമാനവും കടക്കെണിയിലാണ്.
52 ശതമാനത്തിനു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ലഭിക്കുന്നില്ല
കര്‍ഷകര്‍ക്ക് നാലുശതമാനം പലിശനിരക്കില്‍ ലഭിക്കുന്ന കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പ 52 ശതമാനം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. 48 ശതമാനം കര്‍ഷകര്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. പലിശകുറവുള്ള ഈ വായ്പ പുതിയ കര്‍ഷകര്‍ക്കു പോലും ലഭിക്കുന്നില്ലെന്നാണ് സര്‍വേ ഫലത്തിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. 68 ശതമാനം കര്‍ഷകരും കൃഷിഭൂമിക്കു പുറമേ സ്വര്‍ണം പണയം വച്ചും വായ്പയെടുത്തിട്ടുണ്ട്. അതിനാല്‍ പണയം വയ്ക്കാന്‍ സ്വര്‍ണം ഇല്ലാത്തതുകൊണ്ടല്ല ഇവര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പ ലഭിക്കാത്തതെന്നും പഠനം പറയുന്നു. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് സ്‌കീമില്‍ കര്‍ഷകര്‍ക്ക് ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നെന്നു വേണം കരുതാന്‍. കേരളത്തിലെ കര്‍ഷകരില്‍ 21 ശതമാനവും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയോ വട്ടിപ്പലിശക്കാരെയോ ആശ്രയിക്കുകയാണ്.
കടം കൂടുതല്‍ ഏലം, പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്
വായ്പ എടുത്തവരില്‍ പൈനാപ്പിള്‍, ഏലം കര്‍ഷകര്‍ക്കാണ് കടക്കെണി കൂടുതലുള്ളത്. സംസ്ഥാന ശരാശരി 72 ശതമാനമാണെങ്കില്‍ പൈനാപ്പിള്‍, ഏലം കര്‍ഷകരുടെ കടബാധ്യത ശരാശരിയേക്കാള്‍ വര്‍ധിച്ച് യഥാക്രമം 80, 78 ശതമാനമാണ്. ഇവരുടെ ശരാശരി കടബാധ്യത സംസ്ഥാനശരാശരിയേക്കാള്‍ 1.3 മടങ്ങ് കൂടുതലുമാണ്. ക്ഷീരകര്‍ഷകരില്‍ 79 ശതമാനവും കൊക്കോ കര്‍ഷകരില്‍ 76 ശതമാനവും കടക്കെണിയിലാണ്. റബര്‍ കര്‍ഷകരില്‍ 73 ശതമാനവും തെങ്ങുകര്‍ഷകരില്‍ 71 ശതമാനവും നെല്‍കര്‍ഷകരില്‍ 65 ശതമാനവും കടബാധ്യതയില്‍ കുരുങ്ങി കിടക്കുകയാണ്. തിരുവിതാംകൂറില്‍ 72 ശതമാനവും മലബാറില്‍ 70 ശതമാനവും കൊച്ചിയില്‍ 61 ശതമാനവും സ്വര്‍ണപണയ വായ്പയെടുത്തിട്ടുണ്ട്. 58 ശതമാനവും സബ്‌സിഡിയില്ലാത്ത വായ്പകളാണ് എടുത്തിരിക്കുന്നത്. വായപയെടുത്തവരില്‍ 66 ശതമാനം മുഴുവന്‍ ഭൂമിയും പണയപ്പെടുത്തിയിട്ടുണ്ട്. 23 ശതമാനത്തിന്റെ പകുതിയിലധികം ഭൂമി പണയത്തിലാണ്. 12 ശതമാനം കര്‍ഷകരുടെ പകുതിയില്‍ താഴെ ഭൂമിയും പണയത്തിലാണ്.
51 ശതമാനം കര്‍ഷകര്‍ക്കു മാത്രമേ കുടിശിഖയില്ലാതെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നുള്ളൂ. 20 ശതമാനം പേര്‍ക്ക് വായ്പ തിരിച്ചടയ്ക്കാനേ സാധിക്കുന്നില്ല. തിരുവിതാംകൂര്‍ മേഖലയിലെ കര്‍ഷകരാണ് ജപ്തി നടപടി നേരിടുന്നവരിലധികവും.
പലിശയും പിഴപലിശയും എഴുതിതള്ളുക പരിഹാരം
കേരളത്തിലെ കര്‍ഷകരെ കടക്കെണിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വായ്പകളുടെ പലിശയും പിഴപലിശയും എഴുതിതള്ളുക എന്നതാണ് സര്‍വേ മുന്നോട്ടു വയ്ക്കുന്ന പരിഹാരം. മുതല്‍ തിരിച്ചടയ്ക്കാന്‍ സാവകാശവും നല്‍കണം. രൂക്ഷമാകുന്ന വന്യമൃഗ ശല്യവും രോഗ,കീടബാധയും ഉത്പാദനക്ഷമതയിലെ കുറവും വായ്പതിരിച്ചടവിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴികയില്‍ ദ ഫോര്‍ത്തിനോടു പറഞ്ഞു.
സൗദി അറേബ്യയില്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍, ഐഡിഎസ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്ട്ണര്‍ രതീഷ് കെ. നാരായണപിള്ള, ഐഡിഎസ് അനലിസ്റ്റ് സംഗീത കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്.