AGRICULTURE

ആരോഗ്യപ്പച്ച മുതല്‍ മൃതസഞ്ജീവനി വരെ; ഔഷധ സസ്യങ്ങള്‍ നിറഞ്ഞ പ്രകൃതിയുടെ മെഡിക്കല്‍ കോളേജ്

ടോം ജോർജ്

പ്രകൃതിക്ക് സുഖപ്പെടുത്താനുള്ള കഴിവുണ്ട്. ഈ ശക്തി മനുഷ്യരിലേക്കെത്തുന്നത് ഔഷധസസ്യങ്ങള്‍ വഴിയാണ്. ഇവ കൂട്ടമായി വളര്‍ത്തുന്ന ഒരിടമുണ്ട്, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്. പ്രകൃതിയുടെ മെഡിക്കല്‍ കോളേജ് എന്നു വിളിക്കാവുന്ന ഇവിടെ ഈ ചെടികളുടെ സൗഖ്യശക്തി വിവരിച്ചു നല്‍കാന്‍ വനമിത്ര പി സി ജോസഫ് എന്ന കര്‍ഷകനുണ്ട്.

സംസ്ഥാനത്തെ മികച്ച ഔഷധകര്‍ഷകനുള്ള വനമിത്ര പുരസ്‌കാരം നേടിയ ഇദ്ദേഹത്തിന്റെ വീടും പരിസരവും ഔഷധസസ്യങ്ങളാല്‍ നിറഞ്ഞ കാടുതന്നെയാണ്. പ്രകൃതിയിലെ ഔഷധങ്ങളെ മരുന്നുകഞ്ഞിയും മറ്റുമായി മലയാളി ആഹാരമാക്കുന്ന കര്‍ക്കടകത്തില്‍ ഔഷധസസ്യങ്ങളെക്കുറിച്ചറിയാം.

ഇലമാത്രം കഴിച്ചു ജീവിക്കാം

പി സി ജോസഫിന്റെ കൃഷിയിടത്തില്‍ നില്‍ക്കുന്ന ഔഷധസസ്യങ്ങളുടെ പ്രത്യേകതകള്‍ അദ്ഭുപ്പെടുത്തുന്നതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിലേക്കു നല്‍കാത്ത, ഇല മാത്രം ഭക്ഷിച്ച് ജീവിക്കാന്‍ പറ്റുന്ന ആരോഗ്യപ്പച്ചമുതല്‍ എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയായ മൃതസഞ്ജീവനി വരെയുള്ള സസ്യങ്ങളുടെ മായാപ്രപഞ്ചമാണിവിടെ. ഇവയെക്കുറിച്ചും ഇവയെങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഈ ഔഷധസസ്യങ്ങളെ നമുക്ക് പ്രയോജനപ്പെടുത്താന്‍ പറ്റാതെ പോകുന്നതിനു പിന്നില്‍. ഇവയെക്കുറിച്ച് പഠിച്ച് ഉപയോഗം എങ്ങനെയെന്നു മനസിലാക്കാന്‍ ഒന്നും രണ്ടുമല്ല 35 വര്‍ഷത്തിലധികമാണ് ജോസഫ് ചിലവിട്ടത്. ഔഷധസസ്യങ്ങളെയും അവയുടെ പ്രത്യേകതകളേയും തേടിയുള്ള വഴിയില്‍ അവയെ കൂടെക്കൂട്ടാനും അദ്ദേഹം മറന്നില്ല.

വീടെന്ന ഔഷധക്കാട്

അങ്ങനെ ഇന്ന് വീടിനു സമീപമുള്ള 50 സെന്റ് വിവിധ ഔഷധസസ്യങ്ങള്‍ അണിനിരക്കുന്ന കാടായി മാറിക്കഴിഞ്ഞു. ഇതിലൂടെ ഒന്നു നടന്നാല്‍ മാത്രംമതി ആരോഗ്യം വീണ്ടെടുക്കാന്‍. തലച്ചോറിന്റെ സൂക്ഷ്മബുദ്ധിയെ ഉത്തേജിപ്പിക്കുന്ന സോമലത, യൗവനം നിലനിര്‍ത്താനും പോന്നതാണ്. ഞരമ്പുകളുടെ ശക്തി വര്‍ധിപ്പിക്കുന്ന ഞരമ്പോടല്‍ ധാരാളമുണ്ടിവിടെ. വെരിക്കോസ് വെയിന്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇതിന്റെ നീര് വെളിച്ചെണ്ണയില്‍ കാച്ചിത്തേയ്ക്കുന്നത് ശമനം നല്‍കും. പുരുഷ വന്ധ്യതയ്ക്ക് പരിഹാരമാകുന്ന ബീജത്തിന്റെ കൗണ്ട് വര്‍ധിപ്പിക്കുന്ന പൊന്നുള്ളി, നിലത്ത് പൂക്കളമെഴുതി നില്‍ക്കുകയാണ്. ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന മക്കൊട്ടദേവ അധികമായി കൃഷി ചെയ്യുന്നുണ്ടിവിടെ. ഇതിന്റെ തൊണ്ടുണക്കി അതിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ഷുഗര്‍ നിയന്ത്രിക്കാം. കൊടകന്‍, അരിപ്പൊടിയും ചേര്‍ത്ത് ആനത്തൊണ്ടിയുടെ ഇലയില്‍ പുഴുങ്ങി കഴിച്ചാല്‍ തലച്ചേറിന് ഇഷ്ടഭക്ഷണമാകും. ഗര്‍ഭസംരക്ഷിണിയായ പുത്രജീവയും ജോസഫിന്റെ ഔഷധസസ്യശേഖരത്തിലെ പ്രധാനിയാണ്.

പുളിപ്പിച്ച ചാണകവളം

പത്തുകിലോ ചാണകത്തില്‍ രണ്ടുകിലോ കപ്പലണ്ടിപ്പിണ്ണാക്കും ഒരുകിലോ വേപ്പിന്‍പ്പിണ്ണാക്കും വെള്ളവും ചേര്‍ത്തു പുളിപ്പിച്ച് അത്രതന്നെ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഔഷധസസ്യങ്ങള്‍ക്ക് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് ഔഷധസസ്യങ്ങളുടെ തൈകളും നല്‍കുന്നു. കേരളത്തിലെ മികച്ച ഔഷധസസ്യകര്‍ഷകനുള്ള വനമിത്ര പുരസ്‌കാരവും ഇന്‍ഫോസിസ് സ്ഥാപകന്‍ ഷിബുലാലിന്റെ സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന അക്ഷയശ്രീ അവാര്‍ഡും നേടിയിട്ടുണ്ട് പി.സി. ജോസഫ്.

ഫോണ്‍: വനമിത്ര പി.സി. ജോസഫ്- 82818 01362.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?