AGRICULTURE

സംഭരണം കഴിഞ്ഞിട്ട് രണ്ടുമാസം, നെല്ലുവില ലഭിക്കാന്‍ കര്‍ഷകര്‍ ഹൈക്കോടതിയിലേക്ക്

ഒരാഴ്ചക്കകം നെല്ലുവില നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി, കൃഷിമന്ത്രി, പൊതുവിതരണ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കയച്ച കത്തില്‍ കര്‍ഷകര്‍ പറയുന്നു

ടോം ജോർജ്

സംസ്ഥാന സര്‍ക്കാര്‍, സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കര്‍ഷകര്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടന്ന സംഭരണത്തില്‍ വിവധ ജില്ലകളിലായി 89,835 കര്‍ഷകര്‍ക്കാണ് നെല്ലുവില നല്കാനുള്ളത്. കിലോയ്ക്ക് 28.20 രൂപ നിരക്കില്‍ 1.57 ലക്ഷം ടണ്‍ നെല്ലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്ന് ഇത്തവണ സംഭരിച്ചത്. ഇതില്‍ 60 ശതമാനവും പാലക്കാട്ടു നിന്നാണ്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 443 കോടിയില്‍ 168 കോടി രൂപമാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

ആദ്യം നെല്ലളന്ന കുറച്ചു കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാത്രമാണ് പണമെത്തിയത്. ബാക്കിയുള്ളവര്‍ക്ക് എന്നു ലഭിക്കുമെന്നതിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നെല്ലുവില എന്നു നല്‍കുമെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാട്ടി മുഖ്യമന്ത്രി, കൃഷിമന്ത്രി, പൊതുവിതരണ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചതായി പാലക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയായ ദേശീയ കര്‍ഷക സമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ദ ഫോര്‍ത്തിനോടു പറഞ്ഞു. ഒന്നാം വിള കൃഷിക്ക് 400-450 കോടി രൂപയും രണ്ടാം വിളയ്ക്ക് 600 കോടി രൂപയുമാണ് നല്ലുവിലയായി കര്‍ഷകര്‍ക്ക് നല്‍കേണ്ടിവരുന്നത്. ഈ തുക ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കിയാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും കര്‍ഷകര്‍ പറയുന്നു.

കർഷകർ നല്‍കിയ പരാതി.

പുഞ്ചകൃഷിയും രണ്ടാം കൃഷിയും അവതാളത്തിലേക്ക്

കുട്ടനാട്ടില്‍ പുഞ്ചകൃഷിയും പാലക്കാട് രണ്ടാം കൃഷിയും നടക്കുന്ന സമയമാണിത്. നെല്ലുവില ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് കൂലിപോലും നല്‍കാന്‍ പണമില്ലാതെ വലയുകയാണ് കര്‍ഷകര്‍. നെല്ലു നല്‍കുമ്പോള്‍ ലഭിക്കുന്ന കൈപ്പറ്റു രസീത്( പാഡി പ്രൊക്യുര്‍മെന്റ് റെസീപ്റ്റ് ഷീറ്റ് - പിആര്‍എസ്) ബാങ്കുകളില്‍ നല്‍കി, വായ്പയായാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ നെല്ലുവില നല്‍കുന്നത്. നെല്ലു സംഭരിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ ഈ തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കും. പലിശയിനത്തില്‍ വന്‍തുക നല്‍കേണ്ടി വരുന്നതിനാല്‍ ഈ രീതിയില്‍ വരുത്തിയ മാറ്റമാണ് നിലവില്‍ പണം ലഭിക്കാത്തതിനു പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു.

വരുത്തിവച്ച വിന

നെല്ലുവില നല്‍കാന്‍ ഒന്നിച്ച് വായ്പയെടുത്താല്‍ രണ്ടു മൂന്നു ശതമാനം പലിശ കുറയുമെന്നാണ് സര്‍ക്കാര്‍ വാദം. ഇങ്ങനെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6.9 ശതമാനം പലിശ നിരക്കില്‍ 2500 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നു. വായ്പയെടുത്തിട്ടും നെല്ലുവില ലഭിക്കാത്തതെന്തെന്നു കര്‍ഷകര്‍ സപ്ലൈകോയില്‍ അന്വേഷിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശിക കൊടുത്തു തീര്‍ക്കാന്‍ അത് ഉപയോഗിച്ചെന്നാണ് ആലപ്പുഴ ജില്ലയിലെ അപ്പര്‍കുട്ടനാട് ഭാഗത്തെ കര്‍ഷകര്‍ക്കു ലഭിച്ച മറുപടി. ഇതിന്റെ ബാക്കിയുള്ള 129 കോടി രൂപ ഉപയോഗിച്ചാണ് ആദ്യം നെല്ലെടുത്തകര്‍ഷകരുടെ പണം നല്‍കിയത്. ബാക്കി തുക നവംബര്‍ 25 മുതല്‍ നല്‍കുമെന്നാണ് സപ്ലൈകോ അധികൃതര്‍ കര്‍ഷകരോടു പറഞ്ഞതെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുട്ടനാട് കര്‍ഷക സംഘം ട്രഷറര്‍ പയസ് ഇടയാടി പറഞ്ഞു. നേരത്തത്തെ സംവിധാനമനുസരിച്ച് നെല്ലു നല്‍കുന്ന മുന്‍ഗണനാക്രമത്തില്‍ വില ലഭിക്കുമായിരുന്നു. എന്നാല്‍ ഒന്നിച്ചു വായ്പയെടുക്കുന്ന സംവിധാനത്തിലേക്കു മാറുമ്പോള്‍ തുക ലഭിക്കാന്‍ സംഭരണം മുഴുവന്‍ കഴിയുന്നതുവരെ കര്‍ഷകര്‍ കാത്തിരിക്കേണ്ടി വരുമെന്നും ഇത് അടുത്തകൃഷിയിറക്കാന്‍ പണമില്ലാത്ത അവസ്ഥയിലേക്കു നയിക്കുമെന്നും പയസ് പറയുന്നു. കര്‍ഷകരടെ പേരില്‍ എടുക്കുന്ന വായ്പ സര്‍ക്കാര്‍ അടയ്ക്കാന്‍ താമസിക്കുന്നതിനാല്‍ ഇവരുടെ സിബില്‍ സ്‌കോറിനെ ഇത് ബാധിക്കുകയാണ്. ഇതുമൂലം മറ്റു വായ്പകള്‍ ലഭിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍.

നെല്ലുവിലയിനത്തില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക എത്രയും വേഗം നല്‍കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് കൃഷിമന്ത്രി പി. പ്രസാദ് ദ ഫോര്‍ത്തിനോടു പറഞ്ഞു.

കര്‍ഷകര്‍ എന്തു ചെയ്യണം?

രണ്ടേക്കറിനു താഴെ ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. കൊയ്ത നെല്ലിന്റെ വില ലഭിച്ചാലേ അവര്‍ക്ക് അടുത്ത കൃഷിയിറക്കാനാവൂ. കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ സംഭരണ ഏജന്‍സിയായ സപ്ലൈകോയ്ക്കു ലഭിക്കാനുണ്ട്. ഒറ്റത്തവണ വായ്പയായി കേരളാബാങ്കില്‍ നിന്ന് സര്‍ക്കാര്‍ എടുക്കാനുദ്ദേശിച്ച 2500 കോടി രൂപയ്ക്ക് ഇവര്‍ ആവശ്യപ്പെട്ട പലിശ അധികമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ വായ്പയെടുക്കാന്‍ വിസമ്മതിച്ചു. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. 7.65 ശതമാനം പലിശനിരക്കില്‍ വായ്പനല്‍കാന്‍ കേരളാ ബാങ്ക് തയാറാണെങ്കില്ലും ഇത് അധികമാണെന്നാണ് സപ്ലൈകോ വാദം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 440 കോടിയും കണക്കു സമര്‍പ്പിച്ച തുകയുടെ കുടിശികയായി 55.5 കോടിയും കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുണ്ട്. അന്നവിതരണ്‍ പോര്‍ട്ടലിലെ കണക്കും സംസ്ഥാനം നല്‍കുന്ന കണക്കും തമ്മിലുള്ള വ്യത്യാസം മൂലം 2019-20 വര്‍ഷത്തെ 220.92 കോടി കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.

അടുത്ത സീസണ്‍ നെല്ലു സംഭരണവും അവതാളത്തിലേക്കോ?

നെല്ലു സംഭരണത്തിന് സ്വകാര്യമില്ലുകാരുമായി സര്‍ക്കാന്‍ ഉണ്ടാക്കിയ ഹ്രസ്വകാല കരാര്‍ ജനുവരിയില്‍ അവസാനിക്കും. പാലക്കാട്ടെ രണ്ടാം കൃഷിയുടെയും കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും വിളവെടുപ്പ് ഫെബ്രുവരിയോടെ ആരംഭിക്കും. നെല്ലിന്റെ സംസ്‌കരണതോതില്‍ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുക, കൈകാര്യ ചെലവിനു വരുന്ന ജിഎസ്ടി ഒഴിവാക്കുക, 2018 ലെ പ്രളയത്തില്‍ നശിച്ച നെല്ലിന്റെ നഷ്ടം നികത്തുക എന്നീ ആവശ്യങ്ങളില്‍ അടുത്ത നെല്ലു സംഭരണത്തിനു മുമ്പ് തീരുമാനമുണ്ടാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍കുകയാണ് മില്ലുടമകള്‍. ഇക്കാര്യത്തില്‍ മില്ലുകാരുമായി ഇപ്പോഴേ ചര്‍ച്ച നടത്തി, തീരുമാനമെടുത്തില്ലെങ്കില്‍ അടുത്ത നെല്ലു സംഭരണവും പ്രതിസന്ധിയിലേക്കു നീങ്ങും. എല്ലാ വര്‍ഷവും നെല്ലുസംഭരണവും വില നല്‍കലും പ്രശ്‌നങ്ങളിലേക്കു നീങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ രംഗത്തെത്തുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനൊരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താത്തതെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി: കൃഷിമന്ത്രി

നെല്ലുവിലയിനത്തില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക എത്രയും വേഗം നല്‍കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് കൃഷിമന്ത്രി പി. പ്രസാദ് ദ ഫോര്‍ത്തിനോടു പറഞ്ഞു. നെല്ലു സംഭരണത്തിന്റെ കരാര്‍ പുതുക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ