ബ്രഹ്‌മപുരത്ത് മാലിന്യങ്ങളും വിവാദങ്ങളും പുകയുമ്പോള്‍ അവിടെ നിന്ന് 20 കിലോമീറ്റര്‍ മാത്രം മാറിക്കിടക്കുന്ന തുരുത്തിക്കര എന്ന കൊച്ചുഗ്രാമത്തിന് ചിലതു പറയാനുണ്ട്, ചില മാതൃകകള്‍ കാണിച്ചു തരാനുണ്ട്. ഇവിടത്തെ സയന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 360 കുടുംബങ്ങളുള്ള ഈ ഗ്രാമം മാലിന്യമുക്തമാണിന്ന്. ഹരിത കേരള മിഷന്‍ സംസ്ഥാനത്തെ ആദ്യ ഹരിതഗ്രാമമായി തെരഞ്ഞെടുത്തത് തുരുത്തിക്കരയെയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ കമ്പോസ്റ്റും ജൈവവളവും അടുക്കളയിലേക്കുള്ള ബയോഗ്യാസുമൊക്കെയാക്കി മാറ്റുന്നു. തുണിവേസ്റ്റുകളും തയ്യല്‍ കടകളിലെ വെട്ടുകഷണങ്ങളും നല്ല സഞ്ചികളും പേഴ്‌സുകളുമൊക്കെയായി ഗ്രാമവാസികള്‍ക്കു തന്നെ മടക്കി നല്‍കുന്നു. ഇ-വേസ്റ്റുകളില്‍ പ്രധാനമായ ഫ്യൂസായ എല്‍ഇഡി ബള്‍ബുകളും ടൂബുകളും റിപ്പയര്‍ ചെയ്ത് തിരിച്ചു നല്‍കുന്നു. അങ്ങനെ മാലിന്യമുക്തമായ ഗ്രാമമായി മാറിക്കഴിഞ്ഞിരിക്കുകയാണ് തുരുത്തിക്കര.
പിന്നിലാര്?
2017ല്‍ തുരുത്തിക്കര ഗ്രാമത്തിലാരംഭിച്ച സയന്‍സ് സെന്ററാണ് ശാസ്ത്ര പിന്‍ബലത്തോടെ ഗ്രാമത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചത്. അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എ. തങ്കച്ചന്‍, ചെയര്‍മാന്‍ ശ്രീധരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ് എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മനയ്ക്കമലയെന്ന ചെമ്മണ്‍കുന്നിനെ സംരക്ഷിക്കാന്‍ രൂപം നല്‍കിയ ജനകീയ കൂട്ടായ്മയാണ് തുരുത്തിക്കരയെ മാലിന്യമുക്ത ഗ്രാമമാക്കാന്‍ ആരംഭിച്ച ഊര്‍ജ നിര്‍മല ഹരിത ഗ്രാമമെന്ന പദ്ധതി വിജയിപ്പിച്ചതിനു പിന്നില്‍. പരിഷത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ അഥവാ സയന്‍സ് സെന്ററാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
എല്‍ഇഡി ക്ലിനിക്ക്: 10000 രൂപ ചെലവില്‍ സയന്‍സ് സെന്ററില്‍ സ്ഥാപിച്ച എല്‍ഇഡി ക്ലിനിക്കിലൂടെ ഗ്രാമത്തിലെ പ്രധാന ഇ- വേസ്റ്റായ എല്‍ഇഡി ബള്‍ബുകളും ടൂബുകളും എല്‍ഇഡി ക്ലിനിക്കില്‍ നന്നാക്കി പുനരുപയോഗത്തിനായി ഒരു വര്‍ഷത്തെ വാറണ്ടിയോടെ തിരികെ നല്‍കുന്നു.
സൗരവണ്ടി: അനര്‍ട്ടുമായി സഹകരിച്ച് സൗരവണ്ടി എന്ന പേരില്‍ നടത്തിയ ബോധവത്കരണത്തിലൂടെ ഇന്ന് ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സൗരോര്‍ജം ഉപയോഗിക്കുന്നു. എല്ലാ വീടുകളുടെ മുകളിലും ഇന്ന് സൗരോര്‍ജ പാനലുകളുണ്ട്.
പ്ലാസ്റ്റിക് തരൂ, പൂച്ചട്ടി തരാം
പ്ലാസ്റ്റിക്ക് ശേഖരണം ഹരിതകര്‍മസേന ഏറ്റെടുക്കുന്നതിനു മുമ്പാണ് തുരുത്തിക്കരയില്‍ പ്ലാസ്റ്റിക്ക് തരൂ, പൂച്ചട്ടി തരാം എന്ന കാമ്പൈന്‍ നടത്തിയത്. പ്ലാസ്റ്റിക്ക് കൂടുകള്‍ നല്‍കുമ്പോള്‍ പൂച്ചട്ടി തിരികേ കൊടുക്കുന്ന പദ്ധതിയാണിത്. പന്ത്രണ്ട് ശേഖരണ കേന്ദ്രങ്ങളിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടര ടണ്‍ പ്ലാസ്റ്റിക്കാണ് റീസൈക്കിള്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനു കൈമാറിയത്. രണ്ടാം ഘട്ടത്തില്‍ പൂച്ചട്ടിക്കു പകരം തുണിസഞ്ചിയാക്കി.
അപ്‌സൈക്കിളിംഗ് ക്ലിനിക്ക്
പാഴ് വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുന്നതിനാണ് അപ്‌സൈക്കിളിംഗ് ക്ലിനിക്ക് ആരംഭിച്ചത്. ഗ്രാമത്തെ ഇ മാലിന്യത്തില്‍ നിന്നു രക്ഷപെടുത്താന്‍ ഇവ കാത്തുവച്ചു കൈമാറണം എന്ന ആശയം പ്രചരിപ്പിച്ചു. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളജിന്റെ നേതൃത്വത്തില്‍ ഒറ്റ ദിവസം ശേഖരിച്ചത് രണ്ട് ടണ്‍ മാലിന്യമാണ്. ഇത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. കിച്ചണ്‍ ബിന്‍ പോലുള്ള സംവിധാനങ്ങള്‍ എല്ലാ വീടുകള്‍ക്കും നല്‍കിയാണ് അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗം തുറന്നത്. ഇങ്ങനെ ജൈവമാലിന്യ വിമുക്ത ഗ്രാമമായി തുരുത്തിക്കര മാറി.
ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് ഗ്രാമത്തിലെ കുടിവെള്ള കിണറുകളിലെ ജലസാമ്പിളുകള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ പരിശോധിച്ചു. കിണര്‍ ജലവിതാനം താഴുന്ന അവസ്ഥ കണ്ടെത്തിയത് സിഡബ്യുആര്‍ഡിഎമ്മിലെ ശാസ്ത്രഞ്ജനായ അബ്ദുള്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു. കുടിവെള്ളത്തിന്റെ ഗാഢത കൂടുതലാണെന്നും മനസിലായി. അങ്ങനെയാണ് നമ്മുടെ പുരവെള്ളം നമ്മുടെ കിണര്‍വെള്ളം കാമ്പയിന്‍ ആരംഭിച്ചത്. വീടിലെ ടെറസുകളില്‍ വീഴുന്ന മഴവെള്ളം പൈപ്പുകളിലൂടെ വലിയ ബിന്നിലെത്തിച്ച് ശുദ്ധീകരിച്ച് കിണറുകളിലെത്തിച്ചതോടെ വെള്ളത്തിന്റെ ഗാഢതയും ജലവിതാനം കുറയുന്ന പ്രശ്‌നവും ഇല്ലാതായി.
ഇങ്ങനെ പടിപടിയായ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും നീങ്ങി. നല്ല വായുവും വെള്ളവുമുള്ള, വലിച്ചറിയുന്ന വസ്തുക്കള്‍ പുനരുപയോഗിക്കുന്ന ഗ്രാമമായി മാറിയ തുരുത്തിക്കര നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല, മനസുവച്ചാല്‍ നിങ്ങളുടെ ഗ്രാമവും നിര്‍മലമാക്കാമെന്നതാണത്.
ഫോണ്‍ തങ്കച്ചന്‍: 94472 74440.