AGRICULTURE

'കേര' പദ്ധതിക്ക് ലോകബാങ്ക് അനുമതി

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കൃഷി നടത്തുന്നതിന് സംസ്ഥാന കൃഷിവകുപ്പ് സമര്‍പ്പിച്ച 'കേര' (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിന്‍ ) പദ്ധതിക്ക് ലോകബാങ്ക് അനുമതി

ടോം ജോർജ്

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കൃഷി നടത്തുന്നതിന് സംസ്ഥാന കൃഷിവകുപ്പ് സമര്‍പ്പിച്ച 'കേര' (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിന്‍ ) പദ്ധതിക്ക് ലോകബാങ്ക് അനുമതി. ഒക്ടോബര്‍ 31ന് കൂടിയ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗമാണ് 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 1655.85 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. ഇതില്‍ സംസ്ഥാന വിഹിതം 709.65 കോടി രൂപയാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും. കാലാവസ്ഥാനുപൂരകമായ കൃഷി രീതികളുടെ പ്രയോജനം നാലു ലക്ഷം കര്‍ഷകര്‍ക്ക് പ്രത്യക്ഷമായും 10 ലക്ഷം കര്‍ഷകര്‍ക്ക് പരോക്ഷമായും ലഭിക്കും. സ്ത്രീകള്‍ നടത്തുന്ന ചെറുകിട, ഇടത്തരം കാര്‍ഷിക സംരംഭങ്ങള്‍ക്ക് 76 കോടി രൂപ പ്രത്യേക ധനസഹായവും ലഭിക്കും. 1980നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി ലോക ബാങ്ക് സഹായത്തോടെ ഒരു സമഗ്ര പദ്ധതി തയാറാകുന്നത്. അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.

1980 നു ശേഷം ഇതാദ്യമായാണ് കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി ലോക ബാങ്ക് സഹായത്തോടെ ഒരു സമഗ്ര പദ്ധതി തയാറാകുന്നത്. അഞ്ച് ഘടകങ്ങളായി തിരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.

കൃഷിയിലെ കാലാവസ്ഥ പ്രതിരോധവും ലഘൂകരണവുമാണ് ഒന്നാമത്തേത്. ഇതിന് 790.439 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക പാരിസ്ഥിതിക യൂണിറ്റുകള്‍ ആധാരമാക്കി കാലാവസ്ഥാ അനുരോധ കൃഷി നടപ്പാക്കുന്നതിനാണിത്.

മൂല്യവര്‍ധനയ്ക്കായി കാര്‍ഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളുടെ വാണിജ്യവത്കരണം വര്‍ധിപ്പിക്കുകയാണ് ഘടകം രണ്ടില്‍. 899.136 കോടി ഇതിനായി ചെലവിടും. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, റബര്‍, കാപ്പി, ഏലം വിളകളുടെ പുനരുജ്ജീവനം എന്നിവ ഉള്‍പ്പെടുന്നു.

508.898 കോടി രൂപ വകയിരുത്തിയ ഘടകം മൂന്നില്‍ കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനമാണ് ലക്ഷ്യമിടുന്നത്. അഗ്രി-ഫുഡ് എസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷക ഉത്പാദന സംഘടനകള്‍, ഫുഡ് പാര്‍ക്കുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.

ഘടകം നാലില്‍ പ്രോജക്റ്റ് മാനേജ്‌മെന്റും അഞ്ചില്‍ കണ്ടിജന്റ് എമര്‍ജന്‍സി റെസ്‌പോണ്‍സും (സി.ഇ.ആര്‍.സി) കാര്‍ഷിക മേഖലയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിട്ടുന്നതിന് കാലാവസ്ഥാ ധനസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാപ്പി, ഏലം, റബര്‍ തുടങ്ങിയ വിളകളുടെ പുനര്‍ നടീലിനും തോട്ടങ്ങളില്‍ ശാസ്ത്രീയ കൃഷി രീതി അവലംബിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനും വെള്ളം, വൈദ്യുതി, മാലിന്യ സംസ്‌കരണം തുടങ്ങിയവ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് നെല്ലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും പദ്ധതി തുക പ്രയോജനപ്പെടുത്തും. 500 കോടി രൂപ മുതല്‍ മുടക്കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.

മൂന്നു ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. വാര്‍ഡ് തലത്തില്‍ കൃഷിക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുക. ഇതിനായി കൃഷിക്കൂട്ടങ്ങളെ തദ്ദേശഭരണ സ്ഥാപന തലത്തില്‍ ഫെഡറേറ്റ് ചെയ്യും. ഈ കൃഷിക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി കര്‍ഷക ഉത്പാദന സംഘടനകള്‍ (എഫ് പി ഒ) രൂപീകരിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം