പ്രശാന്ത സുന്ദരമാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഈ കൃഷിത്തോട്ടം. ഇവിടെ ഇവയെ പരിചരിച്ച് മികച്ച പച്ചക്കറി കര്‍ഷകനുള്ള സംസ്ഥാന കര്‍ഷക അവാര്‍ഡ് നേടിയ സാനുമോന്‍ ചെറുപുഞ്ചിരി വിടര്‍ത്തി തോട്ടത്തിലൂടെ നടക്കുകയാണ്. തുള്ളി നന സംവിധാനത്തില്‍ കൃത്യതാ കൃഷിരീതിയില്‍ ചെയ്ത ആറിനം ചീരകളുടെ വിളവെടുപ്പ് നടക്കുകയാണ്. കടും ചുമപ്പ് നിറവും നല്ല രുചിയുമുള്ള വ്‌ളാത്താങ്കര ചീരയ്‌ക്കെപ്പം കുമ്പളവും തണ്ണിമത്തനും പയറുമെല്ലാമുണ്ട്. മൂന്നേക്കറിലെ ചീര വിളവെടുത്തുകഴിഞ്ഞാല്‍ ഇവിടെ പച്ചമുളകും തണ്ണിമത്തനും കുമ്പളവും പയര്‍ തുടങ്ങി പതിനാറിനം പച്ചക്കറികളാല്‍ സമൃദ്ധമാകും. കൃഷിച്ചെലവ് ചീര നികര്‍ത്തും മറ്റു പച്ചക്കറികള്‍ ലാഭം കൊണ്ടുവരും.
കരപ്പാടങ്ങളില്‍ വിഷുവിനു ശേഷം വിരിപ്പു നെല്‍കൃഷിയിലേക്കു മാറും. ഇതിന്റെ കൊയ്ത്തിനുശേഷമാണ് പച്ചക്കറികൃഷിയിലേക്ക് പാടങ്ങള്‍ വരുന്നത്. ഒരു നെല്ലും ഒരു പച്ചക്കറിയും മാതൃകയില്‍ നടക്കുന്ന കരകൃഷിയില്‍ വിളവിനു കുറവില്ല. പാടങ്ങളില്‍ സമൃദ്ധമായി വീഴുന്ന സൂര്യകിരണങ്ങള്‍ കീടബാധനിയന്ത്രിക്കുന്നതിനൊപ്പം ചെടി വളര്‍ച്ചയും ഉറപ്പാക്കുന്നു. നെല്‍കൃഷിയുടെ പച്ചപ്പില്‍ നിന്ന് വിളവെടുപ്പിന്റെ സമയത്ത് സ്വര്‍ണവര്‍ണത്തിലേക്കു മാറുന്ന പാടങ്ങള്‍ അതിനുശേഷം ചീരയെത്തുന്നതോടെ ചെമ്പട്ടണിയുകയാണ്.
ചീരവിളവെടുക്കുന്ന ഒരുമാസത്തിനുശേഷം വീണ്ടും പച്ചക്കറികളുടെ പച്ചപ്പിലേക്ക് വഴുതിവീഴുന്ന പാടങ്ങള്‍ സമ്മാനിക്കുന്നത് പ്രകൃതിയുടെ വര്‍ണകുടമാറ്റങ്ങളാണ്.
ആറിനം ചീരകള്‍ക്കൊപ്പം പതിനാറിനം പച്ചക്കറികള്‍, പച്ചക്കറികള്‍ക്ക് വളമേകാന്‍ പച്ചക്കറികള്‍ തന്നെയും മത്സ്യവും എത്തുമ്പോള്‍ കൃഷിത്തോട്ടം സീറോ വേസ്റ്റ്. തോട്ടത്തില്‍ നിന്ന് നേരേ ഉപഭോക്താവിന്റെ കൈകളിലേക്കെത്തുന്ന രീതിയില്‍ വിപണി ക്രമീകരണം. സാനുമോന്‍ സമ്മാനിക്കുന്ന കൃഷിയിടകാഴ്ചകള്‍ മനോഹരമാണ്.
ഫോണ്‍: സാനുമോന്‍- 99615 75956.