CLIMATE CHANGE

ചുട്ടുപൊള്ളി 2023; ഒരു ലക്ഷം വർഷത്തിനിടെയിലെ ഏറ്റവും ചൂടേറിയ കാലം

വെബ് ഡെസ്ക്

ഒരു ലക്ഷം വർഷത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ വർഷമായി 2023. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് നേരത്തെ തന്നെ യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചിരുന്നു.

യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒക്ടോബറാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്. ഒക്‌ടോബറില്‍ ആഗോളതലത്തിൽ താപനിലയിലുണ്ടായ മാറ്റം വളരെ ഭയാനകമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സി3എസ് ഡാറ്റ പ്രകാരം, 1850നും 1900നും മുമ്പുള്ള വ്യാവസായിക റെക്കോർഡിനേക്കാൾ എല്ലാ ദിവസവും കുറഞ്ഞത് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതൽ രേഖപ്പെടുത്തിയ ആദ്യത്തെ വർഷമാണ് 2023.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കാലാവസ്ഥയിൽ താപനിലയുട വർധനവിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023ൽ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ് ഭൂമിയിൽ രേഖപ്പെടുത്തിയത്. ഇപ്പോൾ രേഖപ്പെടുത്തിയ കണക്ക് 2015 പാരീസ് ഉച്ചകോടിയിൽ രാജ്യങ്ങൾ നിശ്ചയിച്ച താപനിലയുടെ (1.5 ഡിഗ്രി സെല്‍ഷ്യസ്) ലക്ഷ്യത്തോട് വളരെ അടുത്തുള്ള സംഖ്യയാണ്. എന്നാൽ, ലക്ഷ്യം തകർന്നതായി കണക്കാക്കണമെങ്കിൽ ആഗോള താപനില സ്ഥിരമായി 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കണമെന്ന് സി3എസ് വ്യക്തമാക്കുന്നു. അതേസമയം, അടുത്ത 12 മാസത്തിനുള്ളിൽ തന്നെ ഈ ലക്ഷ്യം മറികടക്കാൻ സാധ്യതയുണ്ടെന്നാണ് സി3എസിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഭൂമിയിലെ താപനത്തിന്റെ അളവ് പരിധി ലംഘിക്കുന്നതായി പല വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 2023ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുൻപുള്ള നിലയെക്കാൾ 1.5C കൂടുതലായിരുന്നു എന്നാണ് വിശകലനം.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് കഴിഞ്ഞ വർഷം ഇത്രയധികം താപനില വർധിക്കാനുള്ളതിന്റെ പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. എൽ നിനോ കാരണമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ വ്യത്യാസം രേഖപ്പെടുത്തിയത്. ഇതിന്റെ പ്രധാന കാരണം കിഴക്കൻ പസഫിക് സമുദ്രത്തിന്റെ മുകൾ ഭാഗം ചൂടുപിടിക്കുന്നതാണ്. കോപ്പർനിക്കസിന്റെ പഠനം അനുസരിച്ച്, ഒക്ടോബർ മാസത്തിൽ മെർക്കുറി സാധാരണ നിലയേക്കാൾ 1.7 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ഇതിന് മുമ്പ് എൽ നിനോ മൂലം ഏറ്റവും ചൂടേറിയ വർഷം 2016 ആയിരുന്നു.

ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കുള്ള വായുപ്രവാഹത്തിന്റെ വേഗം കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും. തുടർന്ന്, ആഗോള താപനിലയെ ഇത് പ്രതികൂലമായി ബാധിക്കും.

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ആണ് എൽ നിനോ പ്രതിഭാസം രേഖപ്പെടുത്തുന്നത്. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി കണക്കാക്കിയിരുന്നത്. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 0.17C കൂടുതൽ താപനിലയായിരുന്നു. കഴിഞ്ഞ എട്ടുവർഷവും ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണുള്ളത്.

വരും വർഷങ്ങളിൽ വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം നിലവിൽ കാലാവസ്ഥ മോശമായ രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും