ഏഴ് വർഷങ്ങൾക്ക് ശേഷം പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ അഡ്മിനിസ്ട്രേഷന്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. വരും മാസങ്ങളിൽ എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കാലാവസ്ഥയെ സ്വാധീനിക്കാൻ ശക്തിയുള്ളതാണ് എൽ നിനോ പ്രതിഭാസം. 2024നെ ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായി എൽനിനോ പ്രതിഭാസം മാറ്റുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഓസ്‌ട്രേലിയയെ വരൾച്ചയിലേക്കും തെക്കേ അമേരിക്കയിൽ കൂടുതൽ മഴ ലഭിക്കുന്നതിനും ഇന്ത്യയിലെ മൺസൂൺ ദുർബലപ്പെടുത്തുന്നതിനും ഇത് കാരണമാകും.
എന്താണ് എൽ നിനോ :
സ്പാനിഷ് ഭാഷയിൽ "ചെറിയ കുട്ടി" എന്ന് അർത്ഥമാക്കുന്ന പദമാണ് എൽ നിനോ. രണ്ട് മുതൽ ഏഴുവര്‍ഷം വരെ വർഷങ്ങളുടെ ഇടവേളയിൽ പസഫിക് സമുദ്രത്തിൽ വികസിക്കുന്ന സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് എൽ നിനോ.
ഇതുപ്രകാരം പസഫിക്കിലെ മധ്യഭാഗത്ത് ഭൂമധ്യരേഖക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തിൽ അസാധാരണമായ ചൂട് രൂപപ്പെടും. തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് നിന്ന് ഗാലപാഗോസ് ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗംവരെയാണ് ഈ പ്രതിഭാസം കാണുക. എൽ നിനോയുടെ നേർവിപരീതമായുള്ള പ്രതിഭാസമാണ് ലാ നിന.
ഭൂമിയുടെ പടിഞ്ഞാറുവശത്തേക്ക് സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എൽ നിനോ പ്രതിഭാസത്തിന് കാരണം. ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ കൂടുതലായി കാണപ്പെടും.
പ്രത്യാഘാതങ്ങൾ
മുൻകാലങ്ങളിൽ ആഗോളതലത്തിൽ കനത്തചൂടിനും പ്രളയങ്ങൾക്കും വരൾച്ചക്കും എൽ നിനോ കാരണമായിട്ടുണ്ട്. ഭൂമിയിൽ സാധാരണഗതിയിൽ ലഭ്യമാകുന്ന മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും സമയക്രമവും മാറ്റാൻ ഈ പ്രതിഭാസത്തിന് സാധിക്കും. ലോകത്ത് ഏറ്റവും വലിയ പ്രത്യാഘാതങ്ങളുണ്ടായത് 2014 മുതൽ 2016 വരെ നീണ്ടുനിന്ന എൽ നിനോ പ്രതിഭാസത്തോടെയാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂടിനും വരൾച്ചക്കും കാരണമായപ്പോൾ മറ്റു ചിലയിടങ്ങളിൽ കൊടും പേമാരിയും പ്രളയവും ഉണ്ടാക്കാനിടയാക്കി. ഏറ്റവും ചൂട് കൂടിയ വർഷമായാണ് 2016 അറിയപ്പെടുന്നത്. പിന്നീടുള്ള വർഷങ്ങളിൽ എൽ നിനോ സംഭവിച്ചില്ലെങ്കിൽ കൂടിയും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്.
2023 ലെ എൽ നിനോ
2000-ന് ശേഷം അഞ്ചാമത്തെ തവണയാണ് എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നത്. ഓഗസ്‌റ്റോടെ എൽ നിനോ എത്തുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. എൽ നിനോ എത്ര ശക്തമായിരിക്കുമെന്നോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാം ആയിരിക്കുമെന്നോ വ്യക്തമായി പറയാൻ ഇപ്പോൾ സാധിക്കില്ല. ഇത്തവണയും എൽ നിനോയുടെ ശക്തിക്കനുസരിച്ചുള്ള ആഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷത്തോടെ മാത്രമേ ഇതിന്റെ പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകൂ.
ഇന്ത്യയിൽ കഴിഞ്ഞ 100 വർഷത്തിനിടെ 18 വരൾച്ചകളാണുണ്ടായത്. ഇതിൽ 13 എണ്ണവും എൽ നിനോയുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളിലാണ് എൽ നിനോ പ്രതിഭാസവും രാജ്യത്തെ മൺസൂണും തമ്മിൽ ബന്ധമുണ്ടെന്ന വിലയിരുത്തലിലേക്ക് വിദഗ്ധരെത്തിയത്. എൽ നിനോ പ്രതിഭാസത്തിന്റെ ആവർത്തി കാലക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ കാണിക്കുന്നുണ്ട്. മൺസൂൺ മഴ കുറയും എന്നതാണ് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് എൽ നിനോ ഉണ്ടാക്കുന്ന ഭീഷണി. ഇത് വരാനിരിക്കുന്ന വലിയ വരൾച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാവും.