CLIMATE CHANGE

കാലാവസ്ഥ വ്യതിയാനം 2023ൽ കവർന്നത് 12,000 പേരെ; ഇരകള്‍ സാധാരണക്കാര്‍, സുരക്ഷിതമല്ല കേരളവും

ഇരകള്‍ സാധാരണക്കാര്‍, എന്താണ് കാലാവസ്ഥാ നീതി?

ടോം ജോർജ്

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റ്, മണ്ണിടിച്ചിലുകള്‍ എന്നിവ കാരണം 2023ല്‍ ആഗോളതലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 12,000 പേര്‍ക്ക്. 2022-നേക്കാള്‍ 30 ശതമാനം കൂടുതലാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും ലോകത്ത് 0.1 ശതമാനത്തില്‍ കുറവ് കാര്‍ബന്‍ പുറന്തള്ളുന്ന രാജ്യങ്ങളിലുള്ള 5,326 പേരാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ലോക ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള 10 ശതമാനമാണ് കാര്‍ബണ്‍ പുറംതള്ളുന്നതില്‍ 50 ശതമാനത്തിനും ഉത്തരവാദികള്‍. ഇവരില്‍ മൂന്നില്‍ രണ്ടു ശതമാനവും വികസിതരാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന് സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ് പറയുന്നു. ലോകത്തെ കുറഞ്ഞ വരുമാനമുള്ള 50 ശതമാനം പേര്‍ ആകെ പുറംതള്ളുന്നത് 12 ശതമാനം കാര്‍ബണ്‍ മാത്രമാണ്. ആഗോളതാപനത്തിന് വളരെ കുറച്ചുമാത്രം കാരണക്കാരായ സാധാരണക്കാരും വികസ്വര, അവികസിത രാജ്യങ്ങളുമാണ് ഇതുമൂലമുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തങ്ങള്‍ കൂടുതലായി അനുഭവിക്കുന്നതെന്നു ചുരുക്കം.

കഴിഞ്ഞ ദശകത്തില്‍, വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റ് എന്നിവ മൂലമുള്ള മരണങ്ങള്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് 15 മടങ്ങ് കൂടുതലായിരുന്നു വികസ്വര രാജ്യങ്ങളില്‍.

വര്‍ധിക്കുന്ന ദുരന്തങ്ങള്‍

2023 ല്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ഏകദേശം 240 കാലാവസ്ഥ ദുരന്തങ്ങളില്‍ അന്താരാഷ്ട്ര ദുരന്ത ഡേറ്റബേസ് (EM-DAT) നടത്തിയ കണ്ടെത്തലുകള്‍ അടിയന്തര നടപടികളിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. 2022-മായി തട്ടിച്ചുനോക്കുമ്പോള്‍ മണ്ണിടിച്ചിലില്‍നിന്നുള്ള മരണങ്ങളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണ് 2023 ല്‍ ഉണ്ടായത്. കാട്ടുതീ മൂലമുള്ള മരണങ്ങള്‍ 278 ശതമാനം വര്‍ധിച്ചു. കൊടുങ്കാറ്റില്‍ ജീവന്‍പൊലിഞ്ഞവരുടെ എണ്ണത്തില്‍ 340 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

മനുഷ്യനാണ് ഉത്തരവാദി

200 വര്‍ഷത്തിനിടെയുണ്ടായ ആഗോളതാപന പ്രശ്നങ്ങള്‍ക്ക് മനുഷ്യനാണ് ഉത്തരവാദിയെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതില്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കാര്യമായ പങ്കില്ല. 1850 മുതല്‍ 2019 വരെയുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ പ്രഥമസ്ഥാനം അമേരിക്കയ്ക്കാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം (യു എന്‍ ഇ പി) 2022 ല്‍ പുറത്തിറക്കിയ എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് പറയുന്നു. ലോക ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള അവര്‍ 25 ശതമാനം ആഗോളതാപനത്തിന് ഉത്തരവാദിയാണ്. രണ്ടാം സ്ഥാനത്ത് 17 ശതമാനവുമായി 27 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനാണ്. 13 ശതമാനവുമായി ചൈനയാണ് മൂന്നാം സ്ഥാനത്ത്. കാര്‍ബണ്‍ പുറന്തള്ളലിന്റെ ഏഴു ശതമാനത്തിന് ഉത്തരവാദികളായ റഷ്യയാണ് നാലാം സ്ഥാനത്ത്. അതേസമയം ലോകജനസംഖ്യയുടെ 18 ശതമാനം അധിവസിക്കുന്ന ഇന്ത്യയുടെ ബാധ്യത വെറും മൂന്നു ശതമാനം മാത്രമാണ്. അവികസിത രാജ്യങ്ങള്‍ എല്ലാം കൂടി 0.5 ശതമാനം മാത്രവും.

ഇതില്‍ ചില വ്യത്യാസങ്ങള്‍ യു എന്‍ ഇ പിയുടെ 2023ലെ എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ആകെ കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ ലോക ജനസംഖ്യയുടെ 17 ശതമാനം അധിവസിക്കുന്ന ചൈനയാണ് ഒന്നാം സ്ഥാനത്ത്- 30 ശതമാനം. യുഎസ് 11 ശതമാനം കാര്‍ബണ്‍ പുറത്തുവിട്ടുകൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ചൈനയേക്കാള്‍ ജനസംഖ്യയുള്ള ഇന്ത്യ (18 ശതമാനം), ഏഴു ശതമാനം കാര്‍ബണ്‍ പുറംതള്ളലുമായി മൂന്നാം സ്ഥാനത്ത് വരുന്നു.

കാര്‍ബണ്‍ പുറന്തള്ളലില്‍ അവികസിതമായ 49 രാഷ്ട്രങ്ങളുടെ പങ്ക് 0.5 ശതമാനത്തില്‍നിന്ന് 2022 ല്‍ മൂന്നു ശതമാനമായി ഉയര്‍ന്നു. അവികസിത രാഷ്ട്രങ്ങളുടെ കാര്‍ബണ്‍ പുറംതള്ളല്‍ കൂടുന്നെന്നുള്ളതാണ് മുതലാളിത്ത രാജ്യങ്ങളുടെ നെഞ്ചിടിപ്പുയര്‍ത്തുന്നതെന്ന് ഡോ. ജോര്‍ജ് തോമസ് പറയുന്നു. അവികസിതരാജ്യങ്ങളുടെ വികസനം പരമാവധി തടയാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്.

'കാലാവസ്ഥാ നീതി'

ലോക ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള സമ്പന്നരാണ് 25 ശതമാനം ആഗോളതാപനത്തിന് ഉത്തരവാദികള്‍. ഇവര്‍ തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് ആഗോള താപനം മൂലമുണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടുന്നു. എന്നാല്‍ ഇതിനു തീരെ ഉത്തരവാദികളല്ലാത്ത സാധാരണക്കാർ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ഇരയാകുന്നു. ഈ സാഹചര്യത്തിലാണ് 'കാലാവസ്ഥാ നീതി' എന്ന ആശയം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനൽ (ഐപിസിസി) റിപ്പോര്‍ട്ടിലും 'കാലാവസ്ഥാനീതി' എന്ന ആശയം ഇടംപിടിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കാട്ടുതീ, വരള്‍ച്ച തുടങ്ങി നിരവധിയായ ദുരന്തങ്ങള്‍ക്കിരയാകുന്ന ഏറ്റവും ദുര്‍ബലരായ ജനങ്ങളുടെയും സമൂഹങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നതാണ് കാലാവസ്ഥാ നീതി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 'ആരെയും പിറകിലാക്കരുത് 'എന്ന സമീപനവും ഇതിനോട് ചേര്‍ന്നുപോകുന്നതാണ്.

കാലാവസ്ഥാമാറ്റം സമ്പന്നരെയും ദരിദ്രരെയും ബാധിക്കുന്നത് ഒരേ രീതിയിലല്ല. വികസിത-വികസ്വര രാഷ്ട്രങ്ങളെ ഇവ ബാധിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. വികസിത രാജ്യങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് വേഗം കരകയറുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ പുനരുജ്ജീവനം എളുപ്പമാകില്ല. അതുകൊണ്ടാണ്, കാലാവസ്ഥാനീതി എന്ന വിഷയം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കാലാവസ്ഥ പ്രതിസന്ധിയെ മനുഷ്യാവകാശത്തിന്റെ കണ്ണില്‍ക്കൂടിയും കാണാന്‍ കഴിയണമെന്നര്‍ഥം.

അമേരിക്കയും യൂറോപ്പും ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളി വികസിതമായതിന്റെ പ്രത്യാഘാതം കൂടിയാണ് മറ്റുള്ള ജനവിഭാഗങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെന്നതു വസ്തുതയാണ്. വികസ്വര രാജ്യങ്ങള്‍ക്കും ചെറിയ ദ്വീപുകള്‍ക്കുമാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ കൂടുതലായി ഏറ്റുവാങ്ങേണ്ടി വരുന്നത്. ലോകജനസംഖ്യയുടെ പകുതിയും താമസിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന് ഇരയാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണെന്ന് ഐപിസിസിയുടെ സിന്തസിസ് റിപ്പോര്‍ട്ട് പറയുന്നു.

കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനാവുമോ?

കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല. ഇത് രണ്ടു രീതിയിലാണ് നടക്കുന്നത്. തങ്ങളുടെ അതിജീവനത്തിനായി വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഒന്ന്. അതിനെ അതിജീവനത്തിനായുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ എന്നാണ് പറയുന്നത്. ഇത് ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍ വികസിത രാജ്യങ്ങള്‍ ആഡംബര ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് കാര്‍ബണ്‍ പുറംതള്ളുന്നത്. ഇതിനെ ആഡംബര പുറന്തള്ളല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് നിയന്ത്രിക്കാനാവും.

ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 'അതിജീവന ഉത്‌സര്‍ജന'മാണെന്നാണ് നാം വാദിക്കുന്നത്. ഫലപ്രദമായ ബദലുകള്‍ കാണാതെ ഇത് ഒഴിവാക്കാന്‍ കഴിയില്ല. ഇത് തികച്ചും ശരിയായ നിലപാടുമാണ്. പാശ്ചാത്യരുടെ വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷിയും കന്നുകാലിവളര്‍ത്തലുമൊക്കെ 'ആഡംബര പുറന്തള്ളലിന് ഉദാഹരണമാണ്. ഇതുമായി ഇന്ത്യക്കാരന്റെ അതിജീവനത്തിനുവേണ്ടിയുള്ള ചെറുകിടകൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും താരതമ്യം ചെയ്യാനാവില്ല. സമ്പന്നരാഷ്ട്രങ്ങള്‍ അവരുടെ ആഡംബര പുറന്തള്ളൽ കുറയ്ക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റാതെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളോട് അതിജീവന പുറന്തള്ളൽ ഉടന്‍ കുറയ്ക്കാന്‍ അവശ്യപ്പെടുന്നത് ശരിയാവില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.

ആഗോളതാപനത്തെ അതിജീവിക്കാന്‍

ആഗോളതാപനത്തെ അതിജീവിക്കാന്‍ അഞ്ചു കാര്യങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. കാലം തെറ്റിവരുന്ന മഴ, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയുമായി പൊരുത്തപ്പെടുക (adaptation) എന്നതാണ് ഒന്നാമത്തേത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലിന് പ്രാധാന്യം കൊടുക്കേണ്ടിവരും. ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള പണം കണ്ടെത്തുകയെന്നതാണിത്. ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന ജനങ്ങളുടെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായം, സാങ്കേതികവിദ്യ, ശേഷി നിര്‍മാണം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ കൈയയച്ച് സഹായിക്കണം.

കാലാവസ്ഥാമാറ്റത്തിന് ഉത്തരവാദികളായ സമ്പന്നരാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിച്ച് 2050 ഓടെ 'നെറ്റ് സീറോ' ആക്കി മാതൃക കാണിക്കുകയാണ് രണ്ടാമത്തേത്. ഇതിന് ലഘൂകരണം (mitigation) എന്നാണ് പറയുക.

സാങ്കേതികവിദ്യയുടെ കൈമാറ്റവും ശേഷിനിര്‍മാണവും

സാങ്കേതികവിദ്യയുടെ കൈമാറ്റവും ശേഷിനിര്‍മാണവും വുമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള മറ്റു രണ്ടു ഘടകങ്ങള്‍. ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയം, കല്‍ക്കരി എന്നിവയുടെ ഉപയോഗമാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്ന പ്രധാന ഘടകം. ഇവയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് നിര്‍ത്തുകയല്ലാതെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവില്ല. ഫോസില്‍ ഇന്ധനങ്ങളെ പാടേ ഉപേക്ഷിക്കണമെങ്കില്‍ ബദല്‍ ഇന്ധനങ്ങള്‍ ആവശ്യമാണ്. ഇതിനായി എല്ലാവരും ഉറ്റുനോക്കുന്ന ഇന്ധനം ഹരിത ഹൈഡ്രജനാണ്. ചെലവുകുറഞ്ഞ സാങ്കേതികവിദ്യയും അതിന്റെ കൈമാറ്റവും ഇക്കാര്യത്തില്‍ സുപ്രധാനമാണ്. അതോടൊപ്പം ഇതു നിര്‍മിക്കാനുള്ള ശേഷി കൈവരിക്കലും.

നാശ-നഷ്ട നിധി

കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലിന് ആഗോളതാപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കേണ്ടത് ആവശ്യമാണ്. ഇതിന് വികസ്വര രാജ്യങ്ങള്‍ക്ക് വന്‍തോതില്‍ പണം ചെലവഴിക്കേണ്ടിവരും. ദുബായിയില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലവസ്ഥാ ഉച്ചകോടിയില്‍ (Conference of the Parties COP28) കാലാവസ്ഥാ ദുരിതം അനുഭവിക്കുന്ന ദുര്‍ബലരാജ്യങ്ങളെ പൊരുത്തപ്പെടലിന്റെ ഭാഗമായി സഹായിക്കുന്നതിന് 'നാശ-നഷ്ട നിധി' (loss and damage funds) രൂപീകൃതമായി. മനുഷ്യജീവന്റെ നഷ്ടം, അടിസ്ഥാന സൗകര്യങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടാകുന്ന കേടുപാടുകള്‍, വസ്തുവകകളുടെയും വിളകളുടെയും നഷ്ടം, അതുപോലെതന്നെ ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നിങ്ങനെയുള്ള ആഘാതങ്ങളെയാണ് നാശ-നഷ്ടങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിനു യഥാര്‍ഥ ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍, അതില്‍ പങ്കാളികള്‍ അല്ലാതിരുന്നിട്ടും പരിണതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുര്‍ബലരാജ്യങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരമായാണ് നാശ-നഷ്ടനിധി വിഭാവനം ചെയ്തിട്ടുള്ളത്.

കേരളവും സുരക്ഷിതമല്ല

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍നിന്ന് കേരളവും മുക്തമല്ലെന്ന് 2018ലെ പ്രളയം മുതല്‍ നാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. 2018ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീണ്ടും ഇതിന് സാധ്യതയുണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നത്. സംസ്ഥാനത്ത് 14.4 ശതമാനം സ്ഥലങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളവയാണെന്ന് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം 2010 ലേ മുന്നറിയിപ്പു നല്‍കിയിരുന്നു.

ആലപ്പുഴ ജില്ലയൊഴിച്ച് കേരളത്തിലെ ബാക്കി ജില്ലകളെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളവയാണെന്ന് 2019ല്‍ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആഗോളതാപനം മൂലം ആര്‍ട്ടിക്ക്, അന്റാര്‍ട്ടിക്ക് മേഖലയില്‍ മഞ്ഞുരുകുന്നത് അറബിക്കടലില്‍ ജലനിരപ്പുയര്‍ത്തുന്നുണ്ട്. ഇങ്ങനെ ജലനിരപ്പുയരുന്നതിനൊപ്പം ചൂടുംകൂടി വര്‍ധിക്കുന്നത് സമുദ്രതാപനില ഉയര്‍ത്തും. ഇങ്ങനെ വരുമ്പോള്‍ അറബിക്കടലില്‍ നിന്നുയരുന്ന നീരാവിയുടെ തോതും വര്‍ധിക്കും. ഇങ്ങനെയുണ്ടാകുന്ന മഴമേഘങ്ങളെ പശ്ചിമഘട്ടം തടുത്തു നിര്‍ത്തിയാണ് കേരളത്തില്‍ മഴപെയ്യിക്കുന്നത്.

കേരളത്തില്‍ മഴ വര്‍ധിക്കാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. കാലാവസ്ഥാ ദുരന്തങ്ങളെ നേരുടുന്നതിനൊപ്പം പ്രകൃതിയുടെ ചൂടുവര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുക എന്നതുകൂടിയാണ് നമുക്കു മുന്നിലുള്ള മാര്‍ഗം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍