പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ 'പ്രകൃതിഹത്യ' എന്ന കുറ്റകൃത്യമായി പരിഗണിക്കണമെന്ന ആവശ്യവുമായി മൂന്ന് പസിഫിക് ദ്വീപ് രാഷ്ട്രങ്ങൾ. കാലാവസ്ഥാ തകർച്ചയ്ക്കും പാരിസ്ഥിതിക നാശത്തിനും എതിരെ നടപടികൾ കടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫിജി, വാനുആടു, സമോവ എന്നീ രാജ്യങ്ങൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയാണ് ഐസിസിക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചത്.
വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവയെ പോലെതന്നെ പ്രകൃതിഹത്യയും പരിഗണിക്കണമെന്നാണ് മൂന്ന് ദ്വീപ് രാഷ്ട്രങ്ങളുടെയും ആവശ്യം. ഇത് ഐ സി സി അംഗീകരിക്കുകയാണെങ്കിൽ പ്രകൃതി മലിനീകരണമുണ്ടാക്കുന്ന വൻകിട കമ്പനികളുടെ തലവന്മാർ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെതിരെ നടപടികളെടുക്കാൻ സാധിക്കും.
പരിസ്ഥിതിക്ക് ഗുരുതരവും ദീർഘകാലവുമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അറിവോടെ നടത്തുന്ന നിയമവിരുദ്ധമോ ബോധപൂർവമോ ആയ പ്രവർത്തനങ്ങളാണ് പ്രകൃതി ഹത്യയുടെ പരിധിയിൽ വരിക. ഇതിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് ഐസിസിക്ക് മുൻപാകെയുള്ള നിർദേശം. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കാൻ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഒപ്പം കടുത്ത എതിർപ്പുകളും നേരിടേണ്ടി വന്നേക്കും.
പ്രകൃതിഹത്യ കുറ്റകൃത്യമായി ബെൽജിയം അടുത്തിടെ അംഗീകരിച്ചിരുന്നു. യൂറോപ്യൻ യൂണിയനും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചില മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി പ്രകൃതിഹത്യയെ കുറ്റകൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയും ഇത്തരമൊരു നിയമം പരിഗണിക്കുന്നുണ്ട്. അതേസമയം, പ്രകൃതിഹത്യയെ കുറ്റകൃത്യമായി അംഗീകരിക്കുന്നതിനെ പരസ്യമായി എതിർക്കാൻ ഒരു രാജ്യവും തയാറാകില്ലെന്നാണ് വിലയിരുത്തൽ.
'സ്റ്റോപ്പ് ഇക്കോസൈഡ് ഇൻ്റർനാഷണൽ' എന്ന സംഘടന വർഷങ്ങളായി ഇക്കാര്യത്തിന് വേണ്ടി പ്രചാരണം നടത്തിവരികയായിരുന്നു. 2019ൽ വനുആട്ടുവാണ് ആദ്യമായി പ്രകൃതിഹത്യ കുറ്റകൃത്യമാക്കണമെന്ന് ഐ സി സി ക്ക് മുൻപാകെ ആഹ്വാനം ചെയ്തത്. 2002-ൽ രൂപീകൃതമായതുമുതൽ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ് ഹേഗ് ആസ്ഥാനമായ ഐസിസി കൈകാര്യം ചെയ്യുന്നത്. യുകെയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ 120-ലധികം രാജ്യങ്ങൾ ഐസിസിയിലെ കക്ഷികളാണ്.
എന്നിരുന്നാലും, യുഎസ്, ചൈന, ഇന്ത്യ, റഷ്യ എന്നിങ്ങനെയുള്ള പ്രധാന ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങൾ ഇതിൽ കക്ഷികളല്ല എന്നത് ഐസിസിയുടെ വ്യാപ്തി പരിമിതപ്പെടുത്തുന്നുണ്ട്.