CLIMATE CHANGE

തെക്കൻ തമിഴ്‌നാട്ടിൽ പ്രളയം; നാല് ജില്ലകളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടും

വെബ് ഡെസ്ക്

തെക്കൻ തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ പ്രളയം. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളായ തിരുനൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് വെള്ളപ്പൊക്കം.

തൂത്തുക്കുടി ജില്ലയിലെ തിരുചെന്തൂരിൽ 15 മണിക്കൂറിനുള്ളിൽ പെയ്തത് 60 സെന്റീമീറ്റർ മഴയാണ്. തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 സെന്റീമീറ്റർ മഴപെയ്തു. കന്യാകുമാരി ജില്ലയിൽ അതേസമയം 17.3 സെന്റീമീറ്റർ മഴയാണ് പെയ്തത്.

പ്രളയബാധിതമായ ജില്ലകളിൽ ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളുമുൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകളുൾപ്പെടെ എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

പാപനാശം, പെരുഞ്ചാണി, പെച്ചിപ്പാറയ് ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ വെള്ളം പൊങ്ങിയത്. ഡാമുകൾ കൃത്യമായി നിയന്ത്രിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഇന്നും തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി. പ്രളയബാധിതമായ ഓരോ ജില്ലയും പ്രത്യേകമായി ശ്രദ്ധിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥന് ചുമതല നല്കിയതിനൊപ്പം, പ്രളയസാധ്യതയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളും, ബോട്ടുകളുമുൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കി നിർത്തണമെന്ന് കളക്ടർമാർക്ക് മുഖ്യമന്ത്രി സ്റ്റാലിൻ നിർദേശം നൽകി.

കേന്ദ്ര ദുരന്ത നിവാരണ സംഘം 50 പേരെ വീതം തിരുനെൽവേലി തൂത്തുക്കുടി ജില്ലകളിൽ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഒരു സംഘത്തെ കന്യാകുമാരി ജില്ലയിലും നിയോഗിച്ചു. കൂടാതെ 4000 പോലീസുകാരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഉണ്ട്. 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതുകൊണ്ട് മത്സ്യബന്ധനം പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രളയം ചെന്നൈ നഗരത്തെയും ബാധിച്ചു. മിഷുവാങ് ചുഴലിക്കാറ്റിനും അതിനെ തുടർന്നുണ്ടായ കനത്ത മഴയിലും സംഭവിച്ച നാശനഷ്ടങ്ങളിൽ നിന്ന് തിരിച്ചു വരികയായിരുന്നു ചെന്നൈ നഗരം. തൂത്തുക്കുടിയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ, റദ്ദാക്കുകയോ ചെയ്തു. വന്ദേഭാരത് ഉൾപ്പെടെ തിരുനൽവേലിയിൽ നിന്നുള്ള 17ഓളം ട്രെയിനുകളും റദ്ദാക്കി.

ബംഗാൾ ഉൾക്കടലിലുണ്ടായ ചക്രവാതച്ചുഴി കാരണം കഴിഞ്ഞ ദിവസം കേരളത്തിലെ തെക്കൻ ജില്ലകളിലും ശക്തമായ മഴയുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും