-
CLIMATE CHANGE

കേരളമെമ്പാടും കനത്ത മഴ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു

തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ മഴ തുടരുന്ന സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ചായി മാറ്റുകയായിരുന്നു

വെബ് ഡെസ്ക്

കേരളമെമ്പാടും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രവചനം. ലക്ഷദ്വീപിലും യെല്ലോ അലേർട്ടുണ്ട്.

ഇന്നലെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ടുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ മഴ തുടരുന്ന സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ചായി മാറ്റുകയായിരുന്നു.

അതേസമയം, ജലനിരപ്പുയർന്നതിനാൽ അഞ്ച് അണക്കെട്ടുകളിൽ സംസ്ഥാന ജലസേചന വകുപ്പ് മൂന്നാംഘട്ട മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിലാണ് ജലനിരപ്പ് ഉയർന്നത്. ജില്ലയിലെ ചുള്ളിയാർ അണക്കെട്ടിൽ രണ്ടാംഘട്ട മുന്നറിയിപ്പും കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ഒന്നാംഘട്ട മുന്നറിയിപ്പും നൽകി.

കേന്ദ്ര ജല കമ്മിഷന്റെ പ്രളയമുന്നറിയിപ്പിൽ കേരളത്തിൽ 18 ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നതായും 11 ഇടങ്ങളിൽ ജലനിരപ്പ് താഴ്ന്നതായും സൂചിപ്പിക്കുന്നു. ഒൻപതിടങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ജലനിരപ്പ് അതുപോലെ തുടരുന്നതായും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നു രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെട്ട 'ദാന' ചുഴലിക്കാറ്റ് കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ പശ്ചിമ ബംഗാളിലെ പല ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് കിഴക്കൻ, തെക്ക് കിഴക്കൻ റെയിൽവേ നാളെ വരെ ഇരുന്നൂറോളം ട്രെയിൻ സർവിസുകൾ റദ്ദാക്കി.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം