ലോകം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് ആഗോള താപനം. കാലാവസ്ഥാ വ്യതിയാനമെന്ന വിപത്തിനെ നേരിടാന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ലോകരാജ്യങ്ങളെല്ലാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ കാര്‍ബണ്‍ മാര്‍ക്കറ്റിലേക്ക് ഇന്ത്യയും എത്തുകയാണ്. ഇതിനായി 20 വര്‍ഷം പഴക്കമുള്ള ഊര്‍ജ സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരും. ഓഗസ്റ്റ് മൂന്നിന് ഊര്‍ജ മന്ത്രി ആര്‍ കെ സിങ് 2001ലെ ഊര്‍ജ സംരക്ഷണ നിയമത്തിനുള്ള ഭേദഗതി ലോക്സഭയില്‍ അവതരിപ്പിച്ചു. എത്രയും വേഗത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കണമെന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് ഊര്‍ജ മന്ത്രി പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക
ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ ഉള്‍പ്പെടെയുള്ള ഫോസില്‍ ഇതര സ്രോതസ്സുകളുടെ ഉപയോഗം കുറക്കുക,
വലിയ പാര്‍പ്പിട കെട്ടിടങ്ങള്‍ ഊര്‍ജ സംരക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരിക.
എന്താണ് കാര്‍ബണ്‍ മാര്‍ക്കറ്റ്?
1997ലെ ക്യോട്ടോ കാലാവസ്ഥാ സമ്മേളനം ഏറെ പ്രതീക്ഷയോടെ മുന്നോട്ട് വെച്ച ആശയമായിരുന്നു കാര്‍ബണ്‍ മാര്‍ക്കറ്റ്. പേര് പോലെ തന്നെ കാര്‍ബണ്‍ വ്യാപാരം സാധ്യമാകുന്നയിടമാണ് കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍. സ്റ്റോക്ക് മാര്‍ക്കറ്റിന് സമാനമായ സങ്കല്‍പ്പമായി ഇതിനേയും കണക്കാക്കാം. സ്റ്റോക്ക് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബിക്ക് സമാനമായ ഒരു കാര്‍ബണ്‍ ട്രേഡിംഗ് അതോറിറ്റി ഇവിടെയുമുണ്ടാകും. ഓരോ വ്യവസായ ശാലകള്‍ക്കും അതോറിറ്റി ഒരു മലിനീകരണ തോത് നിശ്ചയിച്ച് നല്‍കും. ടാര്‍ഗറ്റുകള്‍ കണക്കാക്കി കാര്‍ബണ്‍ പെര്‍മിറ്റുകള്‍ നല്‍കും. മലിനീകരണ തോത് അനുസരിച്ച് ഓരോ വ്യവസായശാലകള്‍ക്കും ഈ പെര്‍മിറ്റ് പരസ്പരം വാങ്ങുകയോ വില്‍ക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ ചെയ്യാം. അതായത് അതോറിറ്റി നിര്‍ദേശിച്ച തോത് മറികടന്ന വ്യവസായ യൂണിറ്റിന് മറ്റൊന്നില്‍ നിന്ന് ക്രെഡിറ്റുകള്‍ വാങ്ങി മാനദണ്ഡങ്ങള്‍ പാലിക്കാം. നിര്‍ദിഷ്ട തോതില്‍ എത്തുന്നതിന് മുന്‍പ് ലക്ഷ്യം പൂര്‍ത്തീകരിച്ചവര്‍ക്ക് അവരുടെ ക്രെഡിറ്റുകള്‍ വില്‍പന നടത്തി ലാഭവും നേടാം.
പാരീസ് ഉടമ്പടിയുടെ മുന്‍ഗാമിയായ ക്യോട്ടോ പ്രോട്ടോക്കോള്‍ പ്രകാരം, കാര്‍ബണ്‍ വിപണികള്‍ അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ക്യോട്ടോ പ്രോട്ടോക്കോള്‍ ചില വികസിത രാജ്യങ്ങള്‍ക്ക് മാത്രം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. വികസ്വര, അവികസിത രാജ്യങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ട് വച്ചിരുന്നില്ല . പക്ഷെ ഈ രാജ്യങ്ങള്‍ അവരുടെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണെങ്കില്‍, അവര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് സ്വന്തമാക്കാനാകും. ഇത്തരം കാര്‍ബണ്‍ ക്രെഡിറ്റുകള്‍ പിന്നീട് പുറന്തള്ളല്‍ കുറയ്ക്കാന്‍ ബാധ്യതയുള്ള വികസിത രാജ്യങ്ങള്‍ക്ക് വില്‍ക്കാനും സാധിക്കും .
വിവിധ രാജ്യങ്ങളില്‍ കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍ നിലവിലുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ മാര്‍ക്കറ്റ് ചൈനയിലാണ്. കഴിഞ്ഞ വര്‍ഷമാണ് ചൈന കാര്‍ബണ്‍ ട്രേഡിന് തുടക്കമിട്ടത്.യൂറോപ്പിലെ പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ കാര്‍ബണ്‍ വിപണികള്‍ സജീവമാണ്. ഒരു എമിഷന്‍ ട്രേഡിംഗ് സ്‌കീം (ETS) നിയമപരമായി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . യൂറോപ്പില്‍ വ്യാവസായിക യൂണിറ്റുകള്‍ പാലിക്കേണ്ട എമിഷന്‍ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇതിനെ അടിസ്ഥാനമാക്കി അവര്‍ ക്രെഡിറ്റുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു.
ആദ്യഘട്ടത്തില്‍ ഈ സംവിധാനം നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നതോടെ വിപണി തകര്‍ന്നു. ക്യോട്ടോ ഉടമ്പടിയുടെ സ്ഥാനത്ത് ലോകം ഒരു പുതിയ കാലാവസ്ഥാ ഉടമ്പടി ചര്‍ച്ച ചെയ്തപ്പോള്‍, വികസിത രാജ്യങ്ങള്‍ പഴയ നിര്‍ദ്ദേശങ്ങള്‍ എല്ലാം മറന്നു.
എന്നാല്‍ ഊര്‍ജ സംരക്ഷണ നിയമത്തിലെ ഭേദഗതിയിലൂടെ ഇന്ത്യ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത് വിശാലമായ പുതിയ കാര്‍ബണ്‍ വിപണിയാണ്. പുതുതായി ഇന്ത്യ ലക്ഷ്യമിടുന്ന കാര്‍ബണ്‍ മാര്‍ക്കറ്റിന്റെ വിശദാംശങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും കാര്‍ബണ്‍ ക്രെഡിറ്റുകളുടെ ക്രയവിക്രയത്തിനു സൗകര്യമൊരുക്കുന്ന യൂറോപ്യന്‍ കാര്‍ബണ്‍ മാര്‍ക്കറ്റിന്റെ മാതൃകയിലാകാനാണ് സാധ്യത കൂടുതല്‍.