കവളപ്പാറയിൽ ഉരുൾപൊട്ടി ഒരു ഗ്രാമത്തിന്റെ ഭാഗം തന്നെ ഒലിച്ചുപോയി. 62 കർഷകരുടെ നൂറേക്കറോളം കൃഷി പൂർണമായും നഷ്ടപ്പെട്ടു. പാറക്കൂട്ടങ്ങളും മണ്ണും വന്നടിഞ്ഞ് കൃഷിഭൂമി കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്. അതിരുകൾ കണ്ടെത്താൻ പലർക്കും ഇനിയും സാധിച്ചിട്ടില്ല. ഭൂമി പോലും ഉപയോഗ ശൂന്യമായിട്ടും ഇവർക്ക് ആകെ ലഭിച്ചത് കൃഷി നഷ്ടപ്പെട്ടതിനുള്ള തുച്ഛമായ പരിഹാരം മാത്രമാണ്.
ആയിരങ്ങൾ ചെലവാക്കി ഭൂമിയൊരുക്കാൻ ശ്രമിക്കുന്ന കവളപ്പാറയിലെ കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം ജപ്തിഭീഷണിയാണ്. മുമ്പ് എടുത്ത കാർഷിക വായ്പകളിന്മേൽ നടപടികൾ സ്വീകരിച്ചു വരികയാണ് ബാങ്കുകൾ.