പുത്തുമലയിലായിരുന്നു രാജന്‍ കാലങ്ങളായി ജീവിച്ചിരുന്നത്. പുത്തുമല പൊട്ടിവരുന്ന ദുരന്തം നേരില്‍ കണ്ട പകപ്പിൽ നിന്ന് രാജന്‍ ഇനിയും മുക്തനായിട്ടില്ല. മണ്ണിനടിയില്‍പ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവരില്‍ രാജനുമുണ്ട്. ദുരന്തത്തില്‍ എസ്റ്റേറ്റ് നല്‍കിയ ക്വാര്‍ട്ടേഴ്‌സ് പൂര്‍ണമായും തകര്‍ന്നതോടെ രാജനും ഭാര്യയ്ക്കും താമസിക്കാനുള്ള ഇടവും നഷ്ടമായി.
ഒപ്പം നടന്നവരും ചുറ്റും താമസിച്ചിരുന്നവരുമായ പലരും ദുരന്തത്തില്‍ മരിച്ചതിന്റെ വിഷമം ഇന്നും ഇദ്ദേഹത്തെ വിട്ടുപോയിട്ടില്ല. പുത്തുമല പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി എഴുപതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തതിന്റെ പേരില്‍ രാജന് ഭൂമിയും വീടും കിട്ടിയില്ല. എന്നാല്‍ ഈ ദു:ഖങ്ങള്‍ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുന്ന രാജന്‍ അതിജീവനത്തിന്റെ അടയാളമാണ്.