ENVIRONMENT

എട്ട് മാസം കൊണ്ട് ഒരു കിലോ വളർച്ച, വരവായി കൂടുകൃഷിയില്‍നിന്ന് വറ്റ; വിത്തുല്പാദന സാങ്കേതികവിദ്യ വികസിപ്പിച്ച് സിഎംഎഫ്ആര്‍ഐ

മികച്ച രുചിയുള്ള മീനായ വറ്റയ്ക്ക് കിലോയ്ക്ക് 400 മുതല്‍ 700 രൂപ വരെയാണു വില

വെബ് ഡെസ്ക്

മീന്‍വിഭവപ്രേമികളുടെ ഇഷ്ട കടല്‍മീനുകളിലൊന്നായ വറ്റയെ ഇനി കൂടുകൃഷിയിലൂടെ വളര്‍ത്തിയെടുക്കാം. കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുല്പാദന സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)മാണ് കടല്‍മത്സ്യകൃഷിയില്‍ വലിയ മുന്നേറ്റത്തിനു വഴിതുറക്കുന്ന ഈ നേട്ടത്തിനു പിന്നില്‍.

തീരദേശ റീഫുകളിലും ലഗൂണുകളിലും ഉള്‍ക്കടലിലും കണ്ടുവരുന്ന മീനാണ് വറ്റ. മികച്ച രുചിയുള്ളതും ഉയര്‍ന്ന വിപണി മൂല്യമുള്ളതുമായ ഇവയെ കൂടുകളില്‍ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്ത് മത്സ്യകര്‍ഷകരുടെ ഉപജീവനം മെച്ചപ്പെടുത്താനുള്ള സാധ്യതകളാണു സിഎംഎഫ്ആര്‍ഐ തുറന്നിരിക്കുന്നത്.

മറ്റു പല മീനുകളേക്കാളും വേഗത്തില്‍ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ളതാണു വറ്റ. സിഎംഎഫ്ആര്‍ഐയുടെ പരീക്ഷണത്തില്‍ കൂടുകൃഷിയില്‍ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളര്‍ച്ച നേടുന്നതായി കണ്ടെത്തി. പെല്ലെറ്റ് തീറ്റകള്‍ നല്‍കി പെട്ടെന്ന് വളര്‍ച്ച നേടിയെടുക്കാനാവും. ഇന്തോ-പസിഫിക് മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള വറ്റയ്ക്കു കിലോയ്ക്ക് 400 മുതല്‍ 700 രൂപ വരെയാണു വില.

സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണു വിത്തുല്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ. എം ശക്തിവേല്‍, ഡോ ബി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കടല്‍മത്സ്യകൃഷിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായേക്കാവുന്ന നേട്ടമാണിതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വറ്റയുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രജനനരീതി കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആര്‍ഐ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി