ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ കരാറിനായി മുന്നിട്ടിറങ്ങിയ രാജ്യങ്ങള്‍ക്ക് നിരാശ. ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ നിർണായകമായേക്കുമായിരുന്ന തീരുമാനത്തിനായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനമായ കോപ്28-ല്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. എന്നാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട കരടിലെ ആശങ്ങളില്‍ ക്രമേണ ഉപയോഗം കുറയ്ക്കുക എന്ന നിര്‍ദേശം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഒഴിവാക്കി.
കാർബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനമില്ലാത്ത ഫോസില്‍ ഇന്ധനങ്ങള്‍ മറ്റ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാമെന്നാണ് യുഎഇ മുന്നോട്ട് വച്ചിരിക്കുന്ന ആശയം. ഇതില്‍ കാറ്റ്, സൗരോർജം, നൂക്ലിയർ, ഹൈഡ്രജന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ പുതിയ ആശയത്തില്‍ ദീർഘമായ ചർച്ചകളുണ്ടായേക്കും. ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കണമെന്ന് അഭിപ്രായമുള്ള രാജ്യങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നേക്കുമെന്നുമാണ് വിവരം.
യുഎഇയുടെ പുതിയ നിലപാട് ഫോസില്‍ ഇന്ധന ഉത്പാദകരാജ്യങ്ങളായ സൗദി അറേബ്യയേയും മറ്റ് രാജ്യങ്ങളേയും ഒരുമിച്ച് നിർത്തിയേക്കും. ഇതില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ യുഎഇക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്നും വിലയിരുത്തലുണ്ട്. അന്തിമ തീരുമാനത്തിലെത്തുന്നതില്‍ എല്ലാ രാജ്യങ്ങളും അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കി സമീപിക്കണമെന്ന് യുഎഇയിലെ ദേശീയ എണ്ണ കമ്പനിയുടെ സിഇഒയും സമ്മേളനത്തിന്റെ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ അല്‍ ജാബർ ആവശ്യപ്പെട്ടു.
കോപ്28 ആഗോളതാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ലോകത്തിനറെ മുന്നിലുള്ള അവസാന അവസരമാണെന്ന് അമേരിക്കയുടെ പ്രതിനിധിയായ ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കി. ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കുക എന്ന ആശയമില്ലാതെയുള്ള കരട് സുല്‍ത്താന്‍ അല്‍ ജാബർ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു കെറിയുടെ വാക്കുകള്‍
പലരാജ്യങ്ങളും ഇതിനോടകം തന്നെ ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കാമെന്ന പ്രഖ്യപനം നടത്തിയിട്ടുണ്ടെന്നും കെറി ഓർമ്മപ്പെടുത്തി. ആഗോളതാപനം 1.5 ഡിഗ്രിയായി നിലനിർത്തുന്നതിനുള്ള അവസാന അവസരമാണിത്. ഈ ഉത്തരവാദിത്വത്തില്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാകുമെന്ന് താന്‍കരുതുന്നില്ലെന്നും കെറി പറഞ്ഞു.
സണ്ണിലാന്‍ഡ്‍സില്‍ അമേരിക്കയും ചൈനയും ഒപ്പുവെച്ച കരാറുമായി പുതിയ ആശയത്തിന് സാമ്യമുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുപയോഗ ഊർജം കൊണ്ടുവരണമെന്നായിരുന്നു കരാർ ആവശ്യപ്പെട്ടത്. കോപ്28-ല്‍ ഒരു അന്താരാഷ്ട്ര സമവായത്തിലെത്തുന്നതില്‍ സണ്ണിലാന്‍ഡ്‌സ് കരാർ ഒരു മാര്‍ഗരേഖയായേക്കുമെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.