ENVIRONMENT

മനുഷ്യ-വന്യജീവി സംഘര്‍ഷം: സമ്പൂര്‍ണ നയം രൂപീകരിക്കാൻ കേരളം

അഞ്ചുവര്‍ഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് അടിയന്തര നടപടി

വെബ് ഡെസ്ക്

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സംസ്ഥാനത്ത് സമ്പൂര്‍ണ നയം രൂപീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. കാട്ടുപന്നി, കുരങ്ങ് ശല്യം കുറയ്ക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

പാമ്പുകടിമരണം ഇല്ലാതാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

മനുഷ്യ-വന്യമൃഗ സംഘര്‍ഷം മൂലമുള്ള ജീവഹാനി നേര്‍പകുതിയിലെത്തിക്കുവാന്‍ സാധിക്കുമെന്ന് ബോര്‍ഡ് വിലയിരുത്തി. ഇതിനായി ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആന്റി വെനം ലഭ്യമാക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്കായി പരിശീലനം നല്‍കും.

എയ്ഞ്ചല്‍വാലി-പമ്പാവാലി ജനവാസമേഖല പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയില്‍നിന്നും തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ജനവാസ മേഖലകള്‍ പക്ഷിസങ്കേതത്തില്‍ നിന്നും ഒഴിവാക്കാൻ സംസ്ഥാന വന്യജീവി ബോര്‍ഡ് ശിപാര്‍ശ ചെയ്തിരുന്നു. ഇതിനനുസൃതമായി ദേശീയ വന്യജീവി ബോര്‍ഡിന്റെ യോഗത്തിലെ തീരുമാനങ്ങള്‍ വിലയിരുത്തി. സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിന് അനുബന്ധമായി ജനപ്രതിനിധികള്‍ക്കും പ്രദേശവാസികള്‍ക്കും തങ്ങളുടെ പക്ഷം അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു.

വിദേശ പക്ഷി-ജന്തുജാലങ്ങള്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച സമയം ആറ് മാസം കൂടി നീട്ടാൻ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിക്കായി ശിപാര്‍ശ ചെയ്യും. വളര്‍ത്തുമൃഗങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലിവിങ് ആനിമല്‍ സ്പീഷീസ് (റിപ്പോര്‍ട്ടിങ് ആന്‍ഡ് രജിസ്‌ട്രേഷന്‍) ചട്ടമനുസരിച്ച് 2024 ഫെബ്രുവരി 28 മുതല്‍ ആറുമാസത്തിനുള്ളില്‍ പരിവേഷ് പോര്‍ട്ടല്‍ മുഖാന്തിരം രജിസ്‌ട്രേഷന്‍ ചെയ്യണമെന്നാിരുന്നു നിബന്ധന.

വയനാട് വന്യജീവി സങ്കേതത്തില്‍നിന്ന് അധിനിവേശ കളസസ്യമായ മഞ്ഞക്കൊന്ന (സെന്ന) നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി കേരള ഹൈക്കോടതിയെ സമീപിക്കാൻ വനം വകുപ്പിന് അനുമതി നൽകി. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള തടസങ്ങള്‍ നീക്കികിട്ടുന്നതിനാണു കോടതിയെ സമീപിക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ 75-ാം വാര്‍ഷികം 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഘോഷിക്കാനും സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം തീരുമാനിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ