ENVIRONMENT

പുകയില ഉത്പന്നങ്ങൾ പ്രകൃതിക്കും ഹാനികരം; പ്രതിവർഷം സൃഷ്ടിക്കുന്നത് 1.7 ലക്ഷം ടൺ മാലിന്യമെന്ന് പഠനം

സിഗരറ്റും ബീഡിയും മുതൽ ചവയ്ക്കുന്ന പുകയില വരെയുള്ള എല്ലാത്തരം പുകയിലകളും വൻതോതിലുള്ള മാലിന്യത്തിന് കാരണമാകുന്നു

വെബ് ഡെസ്ക്

പുകയില ഉത്പന്നങ്ങൾ അവ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം. പ്രതിവർഷം 1.7 ലക്ഷത്തിലധികം ടൺ മാലിന്യം പുകയില ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്നാണ് 17 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. സിഗരറ്റും ബീഡിയും മുതൽ ചവയ്ക്കുന്ന പുകയില വരെയുള്ള എല്ലാത്തരം പുകയിലകളും വൻതോതിലുള്ള മാലിന്യത്തിന് കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി ചേർന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച് (എൻഐസിപിആർ) ആണ് പഠനത്തിലാണ് കണ്ടെത്തൽ.

'ഇന്ത്യയിലെ പുകയില ഉത്പന്നങ്ങളുടെ പാരിസ്ഥിതിക മാലിന്യം' എന്ന് പേരിൽ നടത്തിയ പഠനം ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. 70 ബ്രാൻഡ് സിഗരറ്റുകൾ, 94 ബ്രാൻഡ് ബീഡികൾ, 58 ബ്രാൻഡ് പുകരഹിത പുകയില എന്നിവയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, ഫോയിൽ, ഫിൽറ്ററുകൾ എന്നിവയുടെ വിവരങ്ങളും 2016-17 ലെ ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ ഇന്ത്യയിൽ നിന്നുള്ള ഡാറ്റയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

GATS-2വിന്റെ കണക്ക് അനുസരിച്ച്, ഇന്ത്യയിൽ 267 ദശലക്ഷം പുകയില ഉപയോക്താക്കളുണ്ട്

2022 ജനുവരിക്കും ഏപ്രിലിനും ഇടയിൽ 17 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 33 ജില്ലകളിലാണ് പഠനം നടത്തിയത്. ഓരോ ജില്ലയിലും മൂന്ന് ചെറുകിടക്കച്ചവടക്കാരെ വീതം ഗവേഷകർ സന്ദർശിച്ചു. GATS-2 കണക്കുകൾ പ്രകാരം ഇന്ത്യയിൽ 267 ദശലക്ഷം പുകയില ഉപയോക്താക്കളുണ്ട്. സിഗരറ്റ്, ബീഡികൾ, പുകയില്ലാത്ത പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെയൊക്കെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങളിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരിസ്ഥിതിയെ കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും എയിംസിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിനിലെ ഡോക്ടറും പഠനത്തിന്റെ മേധാവിയുമായ പങ്കജ് ഭരദ്വാജ് പറയുന്നു.

പുകയില വ്യവസായത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെയും ഫോയിലുകളുടെയും അളവുകളെ കുറിച്ച് ആരും ചർച്ചകളൊന്നും നടത്തുന്നില്ല. അതുകൊണ്ടാണ് ഈ പഠനം നടത്താൻ തീരുമാനിച്ചതെന്നും പങ്കജ് ഭരദ്വാജ് പറഞ്ഞു. പുകവലിയുമായി നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാത്തവരെപ്പോലും ഇത് മോശമായി ബാധിക്കുന്നുണ്ട്. ഇതാദ്യമായാണ് സിഗരറ്റ് കുറ്റികൾ പരിസ്ഥിതിയെ മലിനമാക്കുന്നതിനപ്പുറത്തേക്ക് ഒരു പഠനം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് കൂടുതല്‍ നികുതി ചുമത്തണമെന്നും പഠനത്തില്‍ ശുപാർശ ചെയ്യുന്നു

ഈ ഉത്പന്നങ്ങളുടെ പാക്കേജിങ് എങ്ങനെയാണെന്നും അത് പരിസ്ഥിതിയെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നും കണ്ടെത്താനാണ് ശ്രമിച്ചത്. ഖരമാലിന്യ സംസ്കരണവും പാരിസ്ഥിതിക നിയമങ്ങളും നടപ്പിലാക്കുന്നതിനുള്ള ശക്തമായ നയങ്ങള്‍ നടപ്പാക്കണമെന്നും പുകയില ഉത്പന്നങ്ങളുടെ നിർമാതാക്കൾക്ക് കൂടുതല്‍ നികുതി ചുമത്തണമെന്നും പഠനത്തില്‍ ശുപാർശ ചെയ്യുന്നു.

പഠനത്തിലെ കണ്ടെത്തലുകള്‍

പുകയില ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന മൊത്തം മാലിന്യത്തിൽ 73,500.66 ടൺ പ്ലാസ്റ്റിക് ആണെന്ന് പഠനം കണ്ടെത്തി. 77 ദശലക്ഷം സ്റ്റാൻഡേർഡ് ബക്കറ്റുകൾക്ക് തുല്യമാണിത്. പുകയില ഉത്പന്നങ്ങളുടെ പാക്കേജിങിനായി പ്രതിവർഷം 2.2 ദശലക്ഷം മരങ്ങൾ മുറിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുകയില ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന വാർഷിക പേപ്പർ മാലിന്യം ആകെ 89,402.13 ടൺ ആണ്. പാക്കേജിങിൽ നിന്ന് ഉണ്ടാകുന്ന 6,073.47 ടൺ സ്വഭാവികമായി ജീർണിക്കാത്ത തരം അലൂമിനിയം ഫോയിൽ മാലിന്യത്തിൽ നിന്ന് മുപ്പത്തിമൂന്ന് ബോയിങ് 747 വിമാനങ്ങൾ നിർമിക്കാൻ കഴിയും. ഉത്പാദിപ്പിക്കപ്പെടുന്ന ഫിൽറ്റർ മാലിന്യം ഒൻപത് ദശലക്ഷം ടീ-ഷർട്ടുകൾക്ക് തുല്യമാണെന്നും പഠനം പറയുന്നു.

ഇതാദ്യമായല്ല പുകയില വ്യവസായം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന ആരോപണമുണ്ടാകുന്നത്

ആകെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 68 ശതമാനവും പുകയില്ലാത്ത പുകയില ഉത്പന്നങ്ങളിൽ നിന്നാണെന്നും പഠനം കണ്ടെത്തി. ബാക്കിയുള്ളവയിൽ 24 ശതമാനം സിഗരറ്റും ബാക്കിയുള്ളത് ബീഡിയുമാണ് സൃഷ്ടിക്കുന്നത്. ഇതാദ്യമായല്ല പുകയില വ്യവസായം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന ആരോപണമുണ്ടാകുന്നത്. 2007-ൽ ജയ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ആസ്മ കെയർ സൊസൈറ്റി, പുകയില്ലാത്ത പുകയില ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് സാഷേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. പുകയില ഉത്പന്നങ്ങളുടെ പാക്കേജിങ് ലക്ഷ്യമിട്ടായിരുന്നു ഹർജി.

പ്ലാസ്റ്റിക് പാക്കേജിങിന്റെ പ്രശ്നം വളരെ വലുതായി നമുക്ക് തോന്നില്ല, എന്നാല്‍ ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഒരു വലിയ പ്രശ്നമാണെന്ന് കേസിലെ ഹർജിക്കാരനായ വീരേന്ദ്ര സിങ് പറയുന്നു. പ്ലാസ്റ്റിക് സാഷേകൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു, അക്കാലത്ത് ആരും അത് ശ്രദ്ധിച്ചിരുന്നില്ലെന്നും വീരേന്ദ്ര സിങ് പറയുന്നു. ഈ ഹർജി പരിഗണിച്ച കോടതി പ്ലാസ്റ്റിക് പാക്കിങ് നിരോധിക്കാൻ ഉത്തരവിട്ടു. അങ്കുർ ഗുട്ക കേസ് എന്നറിയപ്പെടുന്ന ഈ കേസ് പുകയില കമ്പനികളെ പേപ്പർ പാക്കേജിങിലേക്ക് മാറാൻ ഇടയാക്കി. മാത്രമല്ല ഇതിന്റെ ഫലമായി പുകയില്ലാത്ത പുകയിലയുടെ ദോഷകരമായ ഫലങ്ങളെ പറ്റി വിശദമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2012-ൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തു.

പുകയില്ലാത്ത പുകയില പൂർണമായി നിരോധിക്കണമെന്നതായിരുന്നു സമിതിയുടെ ശുപാർശ. കോടതിയുടെ നിരോധന ഉത്തരവിന് പിന്നാലെ, സാഷേകളുടെ അളവ് ഗണ്യമായി കുറഞ്ഞു. പേപ്പർ സാഷേകളിൽ, കമ്പനികൾക്ക് പഴയ രുചി നിലനിർത്താൻ കഴിയാത്തതിനാൽ ചവയ്ക്കുന്ന പുകയിലയുടെ ഉപഭോഗവും കുറഞ്ഞുവെന്ന് വീരേന്ദ്ര സിങ് പറയുന്നു. പ്ലാസ്റ്റിക് സാഷേ മാലിന്യത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ഇപ്പോഴും തുടരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം