ENVIRONMENT

ശ്രദ്ധിക്കുക! കടന്നുകയറി കാര്‍ന്നു തിന്നുന്നവര്‍ ചുറ്റുമുണ്ട്

അതിസുന്ദരമായ നമ്മുടെ ജലാശയ ശാന്തതകള്‍ക്ക് കീഴിലെ അശാന്തിയുടെ കൊടുങ്കാറ്റ് പോലെയാണ് അധിനിവേശ സസ്യങ്ങളും ജീവികളും പെരുകുന്നത്, ആദ്യം അവര്‍ കടന്നുകയറും പിന്നീട് പിടിച്ചടക്കും

ശ്രീജാ ശ്യാം

റോഡ് ഫിഷിങ്- മലയാളി യൂട്യൂബേഴ്‌സിനിടയിലെ പുതിയ ഹരം. അത്തരത്തിലുള്ള വീഡിയോകള്‍ ഇപ്പോള്‍ നമ്മുടെയൊക്കെ സ്ട്രീമില്‍ തലങ്ങും വിലങ്ങും വരുന്നുണ്ട്. അതിനിടയിലാണ് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന ഒരു കൗമാരക്കാരി വീഡിയോ റീലില്‍ കയറിയെത്തിയത്. ചടുലമായ അവതരണം , രാവിലെ മുതല്‍ ചങ്ങാതിമാരോടൊപ്പം വിലകൂടിയ റോഡും റീലുമൊക്കെ ഉപയോഗിച്ച് കാസ്റ്റ് ചെയ്തുള്ള മീന്‍പിടുത്തമാണ്, ആരെയോ ശകാരിക്കുന്നപോലെ ഒച്ചവച്ച് നിരാശ പ്രകടിപ്പിക്കുകയാണ് പെണ്‍കുട്ടി.

കറിവയ്ക്കാന്‍ ഒരൊറ്റ മീന്‍ പോലും കിട്ടിയില്ലത്രേ !

'എന്തൊരു കഷ്ടമാണ് ഗൈസ്, ഇതൊന്നു നോക്കൂ ഗൈസ്' യൂട്യൂബര്‍ പെണ്‍കൊച്ച് തൊണ്ട പൊട്ടി പറയുകയാണ്..!

ചുമ്മാ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഡയലോഗാണെന്നുറച്ചതാണ്.

അപ്പോഴേക്കും കായലും പുഴയുമെല്ലാം പാന്‍ ചെയ്ത് ചൂണ്ടക്കാരിയുടെ അരികില്‍ വിരിച്ചിട്ടിരിക്കുന്ന വലിയ

ഷീറ്റിലേക്ക് ക്യാമറ തിരിഞ്ഞു ...

ആ ഷീറ്റില്‍ 'സക്കര്‍മൗത്ത് കാറ്റ്ഫിഷ്' ഒരു വലിയ കൂനയായി കിടക്കുന്നു

അക്വേറിയങ്ങളുടെ ചില്ലില്‍ ഒട്ടിപ്പിടിച്ച് ഞാന്നുതൂങ്ങി

കിടക്കുന്ന വിചിത്രരൂപിയായ ഒരിനം പായല്‍ തീനി മത്സ്യമില്ലേ ??

അത് തന്നെയാണ് സക്കര്‍ ഫിഷ് അഥവാ സക്കര്‍മൗത്ത് കാറ്റ് ഫിഷ്.

യൂട്യൂബര്‍ പെണ്‍കുട്ടി ചൂണ്ടയിടീല്‍ തുടരുകയാണ് , ഓരോ പത്തു മിനുട്ടിലും മീന്‍ കൊത്തി ചൂണ്ട ശക്തിയോടെ വലിയുന്നു , ആയാസപ്പെട്ട് വലിച്ചുകേറ്റുന്നതെല്ലാം സക്കര്‍ ഫിഷുകള്‍ !

ശരിക്കും ഞാനൊന്ന് ഞെട്ടി!

അലങ്കാര മത്സ്യകൃഷി ചെയ്യുന്ന ഫാമുകളില്‍ നിന്ന് രക്ഷപ്പെട്ടോ വീടുകളിലെ അലങ്കാര മല്‍സ്യ ടാങ്കുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടോ നമ്മുടെ കായലുകളില്‍ എത്തി, പെറ്റു പെരുകി നിറഞ്ഞതാണ് ഈ സക്കര്‍ ഫിഷുകള്‍. നമ്മുടെ പുഴകളുടെയും കായലുകളുടെയും ഓരങ്ങളില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടക്കുന്ന Hypostomus plecostomus എന്ന പേരിലറിയപ്പെടുന്ന ലക്ഷക്കണക്കിന് സക്കര്‍ ഫിഷുകള്‍ ഇന്ന് ഒരു യാഥാര്‍ഥ്യമാണ്.

ആവാസ വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന അര ലക്ഷത്തോളം മീനുകളെയാണ് കഴിഞ്ഞ മാസം മാത്രം മലേഷ്യന്‍ സര്‍ക്കാര്‍ പിടികൂടി നശിപ്പിച്ചത് , ബംഗ്‌ളാദേശിലും ശ്രീലങ്കയിലും ഫിലിപൈന്‍സിലുമെല്ലാം ഇത്തരം അധിനിവേശ മത്സ്യങ്ങള്‍ ആവാസവ്യവസ്ഥക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

Hypostomus plecostomus എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ മത്സ്യം പ്രധാനമായും പായല്‍ ആണ് ഭക്ഷിക്കുന്നത്. ഒപ്പം വെള്ളത്തിലെ ചെറിയ ജീവികളെയും തിന്നും. പായല്‍ തിന്നുന്ന, ചെറുജീവികളെ തിന്നുന്ന ഈ പാവം മീനുകളെ എന്തിനിങ്ങനെ ഭയക്കണം എന്നതാണ് സംശയമെങ്കില്‍ മറുപടി പിന്നാലെ വരുന്നുണ്ട്. ഒരൊറ്റ കാര്യം മാത്രം പറയാം.

അതിസുന്ദരമായ നമ്മുടെ ജലാശയ ശാന്തതകള്‍ക്ക് കീഴിലെ അശാന്തിയുടെ കൊടുങ്കാറ്റ് പോലെയാണ് ഇവ പെരുകുന്നത്, ആദ്യം തകര്‍ക്കുക ചെറുമീനുകളുടെ ഭക്ഷ്യ ശൃംഖല, തൊട്ടു പിന്നാലെ വലിയ മീനുകളുടെയും.

നിങ്ങള്‍ അരപൈമ മത്സ്യത്തെ കണ്ടിട്ടുണ്ടോ?

ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം ബ്രസീലില്‍ നടന്ന G20 രാജ്യങ്ങളിലെ പരിസ്ഥിതി പ്രോഗ്രാം മേധാവികളുടെ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന ആമസോണിന്റെ പാരിസ്ഥിതിക പ്രത്യേകതകളെ കുറിച്ചുള്ള ഒരു വിഷയാവതരണത്തിനിടയ്ക്ക് ക്ഷണിതാക്കളോട് 'അരപൈമ മത്സ്യങ്ങളെ നിങ്ങളില്‍ എത്രപേര്‍ കണ്ടിട്ടുണ്ട് ?' എന്ന് ചോദിച്ചപ്പോള്‍ ഐക്യരാഷ്ട്രസഭ ജി20 ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരു കുടി 'ഞാന്‍ എന്റെ നാടായ കേരളത്തില്‍ കണ്ടിട്ടുണ്ട്!' എന്ന് പറഞ്ഞ് ബ്രസീലിലെ പരിസ്ഥിതി പ്രതിനിധികളെ ഞെട്ടിച്ചതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടാണ് ആരാണ് ഈ അരപൈമ എന്ന് അന്വേഷിച്ച് ഇറങ്ങിയത്.

പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ ഇരുനൂറു കിലോഗ്രാമും, മൂന്ന് മീറ്ററില്‍ കൂടുതലുമൊക്കെ വളര്‍ച്ചയെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളില്‍ ഒന്നാണ് അരപൈമ. കേരളത്തിലെ കൗതുകമത്സ്യകൃഷിയിലെ ഒരു താരമാണ് ഇപ്പോള്‍ ഈ സ്പീഷീസ്. അരപൈമയെക്കുറിച്ചുള്ള വീഡിയോ അന്വേഷിച്ചിറങ്ങിയാല്‍ കണ്ടുപിടിക്കാന്‍ വലിയ പാടൊന്നുമില്ല.

വലിയൊരു കോണ്‍ക്രീറ്റ് ടാങ്കില്‍ അരപൈമയെ വളര്‍ത്തി മൂന്ന് നേരം തീറ്റയിട്ടുകൊടുക്കുന്നത് ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുന്ന യൂട്യൂബേഴ്‌സിനെ ആദ്യ സെര്‍ച്ചില്‍ തന്നെ കാണാം. മുപ്പതും നാല്പതും ലക്ഷമാണ് ഓരോ വീഡിയോയും കണ്ട കാഴ്ചക്കാര്‍ ഒരു മീനിന് തീറ്റകൊടുക്കുന്നത് കാണാന്‍ ഇത്രമേല്‍ ആസ്വാദകര്‍ എന്തുകൊണ്ടാണ് ??

മുട്ടന്‍ മീനുകളെയും തവളകളെയുമല്ലാം കണ്ണുചിമ്മുന്ന വേഗതയില്‍ വയറ്റിനകത്താക്കുന്ന അരപൈമയുടെ ഭീതിതമായ കൗതുകം! അതിവേഗതയില്‍ വളരുന്ന അരപൈമ, ഓരോ മിനിട്ടിലും ജലത്തിന്റെ ഉപരിതലത്തില്‍ വന്ന് ശ്വാസമെടുത്ത് ജീവിക്കുന്ന മീനാണ്, ജലോപരിതലത്തിലേക്ക് വരാന്‍ അനുവദിക്കാതെ വെള്ളത്തില്‍ മുക്കിയിട്ടാല്‍ ശ്വാസം മുട്ടി മരിച്ചേക്കാവുന്ന മത്സ്യം. തീരെ മലിനമായ , ഓക്‌സിജന്‍ ലഭ്യത കുറവുള്ള ജലാശയങ്ങളില്‍ പോലും അനായാസം വളരാന്‍ ഈ മത്സ്യത്തിന് കഴിയുന്നത് അതിന്റെ എയര്‍ ബ്രീത്തിങ്ങ് അനുകൂലഘടകങ്ങള്‍ കൊണ്ടാണ്.

2018 ലെ കേരളത്തിലെ മഹാപ്രളയകാലം ഓര്‍മ്മയില്ലേ... അന്ന് ഒട്ടനവധി ഇനം വിദേശമത്സ്യങ്ങള്‍ കേരളത്തിലെങ്ങുമുള്ള ശുദ്ധജല സ്രോതസ്സുകളിലേക്ക് രക്ഷപെട്ടു. ഇത് കൂടാതെ തീറ്റി കൊടുത്ത് മടുക്കുമ്പോള്‍ തുറന്നു വിട്ടും, ചിറ പൊട്ടിയും, വാട്ടര്‍ പമ്പ് ഓഫ് ചെയ്യാന്‍ മറന്ന് ടാങ്കുകള്‍ ഓവര്‍ ഫ്‌ളോ ചെയ്തും ചുമ്മാ കൗതുകത്തിന് പുഴയില്‍ കൊണ്ടിട്ടുമെല്ലാം അരപൈമയും പിരാനയും സക്കര്‍ ഫിഷും പോലെയുള്ള അനേകം വിദേശയിനം മത്സ്യങ്ങള്‍ നമ്മുടെ നാടന്‍ ജലജീവിത ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറിയിരിക്കുന്നു. വെറുതെ കടന്നുകയറുക മാത്രമല്ല, നമ്മുടെ വിശിഷ്ടമായ ജൈവസമ്പത്തിനെ അത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്..

കടന്നുകയറിയെത്തിയത് മത്സ്യങ്ങള്‍ മാത്രമല്ല. ഹരിതകേരളത്തിന്റെ ശാലീനഭംഗിക്കുള്ളിലും , സ്വച്ഛന്ദമായ ജലപ്പരപ്പുകള്‍ക്ക് കീഴെയുമെല്ലാം ജൈവാധിനിവേശത്തിന്റെ മരണമണി മുഴങ്ങുന്നുണ്ട്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പല ചെടികളും വാസ്തവത്തില്‍ അധിനിവേശത്തിന്റെ ഘട്ടം പിന്നിട്ട് നമ്മുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റിനിര്‍ത്താനാവാത്ത വിധം അതിന്റെ ഭാഗമായി കഴിഞ്ഞു.

കണ്ട് കണ്ട് നമ്മുടെ നാടന്‍ പൂവായി മാറി, കവിതകള്‍ വരെ അലങ്കരിക്കുന്ന അരിപ്പൂവ് (Lantana camara) അതിനൊരുദാഹരണമാണ്. 1800കളുടെ തുടക്കത്തില്‍ അലങ്കാരച്ചെടിയായി നമ്മുടെ പൂന്തോട്ടങ്ങളിലെത്തിയ ലാന്റാന കാമറ പശ്ചിമഘട്ടത്തിലെ അടിക്കാടുകളെ അടിമുടി നശിപ്പിച്ച് വന്യമായി വളരുകയാണ്. ലോകത്തെ ഏറ്റവും അപകടകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചെടിയില്ലാത്ത ഒരു പരിസരം, ഒരു പൂന്തോട്ടം നമുക്കിന്ന് സങ്കല്‍പ്പിക്കാനാവുമോ? തുമ്പയും മുക്കുറ്റിയും പോലെ നമ്മുടെ നാടന്‍ ചെടികളിലൊന്നായാണ് നമ്മള്‍ അരിപ്പൂവിനെ കാണുന്നത്, പക്ഷേ യാഥാര്‍ഥ്യം അതിഭീതിദമാണ്. ഇന്ത്യയുടെ അതിവിശിഷ്ടമായ ജൈവ സമ്പത്തിലെ പ്രധാനപ്പെട്ട മുപ്പതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയെ ലാന്റാന പിടിച്ചടക്കിക്കഴിഞ്ഞു. ഇലകളിലെയും തണ്ടുകളിലെയും വിഷാംശം മൂലം സസ്യാഹാരികളായ ജീവികള്‍ ഈ ചെടിയെ ഭക്ഷണമാക്കാറില്ല ..

അനേകം വിത്തുകളിലൂടെയും നിലത്ത് മുട്ടുന്ന തണ്ടുകളില്‍ വേര്പിടിച്ചുമെല്ലാം ദ്രുതവേഗത്തില്‍ വളരുന്ന ഈ സസ്യം സൂര്യപ്രകാശം തടഞ്ഞും സ്ഥലം അപഹരിച്ചും പശ്ചിമഘട്ടത്തിലെ സചേതനമായ ജൈവ വനങ്ങളുടെ അടിക്കാടുകള്‍ക്ക് ശോഷണം സംഭവിപ്പിക്കുകയാണ്.

ഏറെക്കുറേ സമാനമാണ് തെക്കേ അമേരിക്കയില്‍ നിന്നുള്ള 'ആനത്തൊട്ടാവാടിയുടെ' (Mimosa diplotricha) ചരിത്രവും, കാര്യമായി വിഷാംശമില്ലെങ്കിലും ഈ സസ്യം ദ്രുതവളര്‍ച്ച കൊണ്ട് തദ്ദേശീയമായ സസ്യങ്ങളുടെയല്ലാം ഇടവും വെളിച്ചവും വെള്ളവും വളവും കവര്‍ന്ന് കേരളമാകെ പടരുകയാണ്.

നാടിന്റെ ഹരിതാഭയെ 'ആലിംഗനം ചെയ്ത് കൊല്ലുന്ന' ധൃതരാഷ്ട്രപ്പച്ച (Mikania micrantha) എന്ന സസ്യം കാണാത്തവര്‍ ഉണ്ടാവില്ലല്ലേ ...

വെളിച്ചം തേടി സകല സസ്യങ്ങളെയും മൂടി വളര്‍ന്ന് ഇലട്രിക്ക് പോസ്റ്റുകളിലേക്ക് പോലും വളര്‍ന്നു കയറിപോകുന്ന ഈ സസ്യം വംശവര്‍ദ്ധനവിന് വിത്തുകളും വേരുകളുമാണ് ഉപയോഗിക്കുന്നത്. ഒരൊറ്റ സസ്യത്തിന് വര്‍ഷത്തില്‍ നാല്‍പതിനായിരം വിത്തുകളെങ്കിലും ഉല്‍പാദിപ്പിക്കാന്‍ കഴിയും , നാടനായി മാറിയെങ്കിലും ഈ സസ്യത്തിന്റെ സ്വദേശം മധ്യ/ദക്ഷിണ അമേരിക്കയാണ്.

ജലാശയങ്ങളിലെ മൃത്യു കമ്പളങ്ങള്‍...

കോഴിക്കോട് ആവളപ്പാണ്ടിയില്‍ തോടിന് മീതേ പിങ്ക് പൂക്കള്‍ തീര്‍ത്ത പരവതാനി കാണാന്‍ കൂട്ടത്തോടെ ആളുകളെത്തിയത് ഓര്‍ക്കുന്നുണ്ടോ?

മുള്ളന്‍ പായല്‍ അഥവാ cambomba furcata എന്ന അധിനിവേശസസ്യത്തിന്റെ പൂക്കളായിരുന്നു അത്. സോഷ്യല്‍ മീഡിയയയില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ പതിവുപോലെ ആള്‍ക്കൂട്ടമായി, ഫോട്ടോഷൂട്ടായി, ആകെ ബഹളമായി. വെറുതെ കാഴ്ച കാണല്‍ മാത്രമല്ല. കാണാനെത്തിയവര്‍ പോകുന്ന വഴി ഓരോ വള്ളിപ്പായലിന്റെ ഓരോ തല ഒടിച്ചെടുത്ത് കൊണ്ടുപോയി, ആ സൗന്ദര്യം സ്വന്തം നാട്ടിലും ഉണ്ടാവട്ടെ എന്ന സദുദ്ദേശ്യത്തോടെ. അക്വേറിയത്തില്‍ അലങ്കാരത്തിന് വളര്‍ത്താറുള്ള, തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന cambomba furcata ആവളപ്പാണ്ടിയിലെത്തിയത് എങ്ങനെ എന്ന ചോദ്യത്തിന് ഇനി കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇങ്ങനെയാരോ സ്‌നഹത്തോടെ കൊണ്ടുവന്നിട്ടതാകണം.

കേരളത്തിലെ അധിനിവേശ സസ്യങ്ങളില്‍ നമുക്ക് ഏറ്റവും പരിചിതമായ പേരാണ് ആഫ്രിക്കന്‍ പായല്‍ (Salvinia auriculata) ബ്രസീല്‍ / അര്‍ജന്റീന സ്വദേശിയായ ഈ പന്നല്‍ സസ്യം കേരളത്തിന്റെ ശുദ്ധജലസ്രോതസ്സുകളില്‍ 'മരണപുതപ്പ്'വിരിയ്ക്കുകയാണ്. ജലാശയത്തിലേക്ക് ഒരു തരിപോലും പ്രകാശം ഇറക്കിവിടാതെ, വെള്ളത്തിലെ പോഷകങ്ങള്‍ എമ്പാടും മോഷ്ടിച്ച് മത്സ്യസമ്പത്തിന് വരെ ഭീഷണിയാവുകയാണ് ഈ സസ്യം.

വെള്ളത്തില്‍ പൊന്തികിടന്ന് വളരുന്ന സപുഷ്പ്പി സസ്യങ്ങളായ കുളവാഴ (Eichhornia crassipes) യും ഇതേപണിയാണ് ചെയ്യുന്നത് , ആമസോണ്‍ മേഖലയാണ് ഈ സസ്യത്തിന്റെ സ്വദേശം .

എണ്‍പതുകളില്‍ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വനം വകുപ്പ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് വളര്‍ത്തിയ നിറയെ മഞ്ഞ പൂക്കള്‍ വിടര്‍ത്തുന്ന സെന്ന (Senna Spectabilis) എന്ന സസ്യത്തിന് ഇന്ന് കേരളത്തിലെ വിളിപ്പേര് 'രാക്ഷസക്കൊന്ന' എന്നാണ്.

മുത്തങ്ങ വന്യമൃഗസങ്കേതത്തിലടക്കം വയനാടന്‍ കാടുകളിലെമ്പാപാടും ഈ വൃക്ഷം തദ്ദേശീയമായ ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറുകയാണ്. നമ്മുടെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങളുടെയും ജീവികളുടെയും പട്ടിക വാസ്തവത്തില്‍ വളരെ വളരെ വലുതാണ്.

സ്വര്‍ണ്ണക്കൊന്ന എന്ന പേര് രാക്ഷസകൊന്നയിലേക്ക് മാറാന്‍ നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നോര്‍ക്കുക. സൗന്ദര്യവല്‍ക്കരണത്തിനും , അരുമയായി വളര്‍ത്താനും, കൃഷിചെയ്യാനും, ജൈവികനിയന്ത്രണത്തിനുമെല്ലാം ഉദ്ദേശിച്ച് ഇറക്കുമതി ചെയ്ത് വളര്‍ത്തുന്ന പല സസ്യങ്ങളും ജീവികളും പരിസ്ഥിതിക്ക് എത്രത്തോളം രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതിന് ലോകം മുഴുവനും നിരവധി ഉദാഹരണങ്ങളുണ്ട്. നമ്മുടെ ജാഗ്രതയും കരുതലും കൊണ്ടുമാത്രം ഒഴിവാക്കാമായിരുന്ന എത്രയോ വലിയ അപകടങ്ങള്‍.

ആ അപകടങ്ങളുടെ കാര്‍മേഘം അടുത്ത തലമുറയുടെ മുകളില്‍ നിന്നെങ്കിലും ഒഴിവാക്കണമെങ്കില്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

1. ജൈവ അധിനിവേശങ്ങള്‍ എങ്ങിനെയാണ് സംഭവിക്കുന്നത് ??

ഒരു സസ്യം അല്ലെങ്കില്‍ ജീവി അതിന്റെ സ്വാഭാവികമായ ജീവ പരിസരത്തില്‍ നിന്ന് പുതിയ ഇടത്തിലേക്ക് ഏതെങ്കിലും കാരണവശാല്‍ എത്തിപ്പെടുന്നതാണ് തുടക്കം. പുതിയ ഇടത്തേക്ക് എത്തിപ്പെടുന്ന ജീവനെല്ലാം അധിനിവേശ സ്പീഷീസ് ആയി മാറില്ല , ഭൂരിഭാഗം സ്പീഷീസുകളും പുതിയ സ്ഥലത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ കൊണ്ട് പെട്ടന്ന് തന്നെ നശിച്ച് ഇല്ലാതാകും.

അതേസമയം ഒരേ പാരിസ്ഥിതിക സ്വഭാവവും കാലാവസ്ഥയും ഉള്ള വ്യത്യസ്തത ഭൂമേഖലകളിലെ സ്പീഷീസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും എത്തപ്പെട്ടാല്‍ കഥ മാറും. രാജ്യങ്ങള്‍ക്കിടയിലുള്ള മഹാ സമുദ്രങ്ങള്‍, പര്‍വതനിരകള്‍ , മരുഭൂമികള്‍ എന്നിവയെല്ലാം (Geological Barriers) ജീവവര്‍ഗങ്ങളുടെ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് സ്വാഭാവികമായ തടസ്സങ്ങളാണ്. ഓരോ ഭൂമേഖലയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് ജീവജാലങ്ങള്‍ അതത് മേഖലയില്‍ മാത്രം നിലനിന്നത് അത്തരം സ്വാഭാവിക തടസ്സങ്ങള്‍ മൂലമായിരുന്നു.

ഇന്ന് കാലം പക്ഷെ മാറി , ഹോമോസാപ്പിയന്‍ സാപ്പിയന്‍സ് എന്ന മനുഷ്യകുലം സകലഭൂമേഖലകളിലെക്കും എത്തിപ്പെട്ടു , അലങ്കാരത്തിനും കൗതുകത്തിനും ഭക്ഷണത്തിനുമെല്ലാമായി നമ്മള്‍ വിവിധ രാജ്യങ്ങളിലെ സസ്യങ്ങളെയും മറ്റു ജീവികളെയും ഇറക്കുമതിയും കയറ്റുമതിയും ഒക്കെ ചെയ്യുന്നുണ്ട്. സസ്യജാലങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും ബ്രിട്ടന്റെ സാമ്രാജ്യവ്യാപന കാലത്താണ് വ്യാപകമായി നടന്നത് ..

അക്കാലത്ത് സാമ്പത്തിക മഹാ ശക്തിയായിരുന്ന ബ്രിട്ടീഷ് ജനത തങ്ങളുടെ കോളനികള്‍ ആയിരുന്ന രാജ്യങ്ങളിലെ സസ്യങ്ങളെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റി നട്ടു , ലോകത്തിന്റെ ജൈവ ഭൂപടം മാറിമറിക്കപ്പെട്ട കാലമായിരുന്നു അത്.

രണ്ടാം ലോക മഹായുദ്ധാനന്തരം വ്യാവസായിക വിപ്ലവം വന്നതോടെ യാത്രാ സാങ്കേതികവിദ്യയിലും ചരക്ക് നീക്കത്തിലുമെല്ലാം വലിയ മുന്നേറ്റങ്ങളാണ് വന്നത്. ഈ മാറ്റം ജീവി വര്‍ഗ്ഗങ്ങളുടെ വ്യാപനത്തിന് വലിയ കാരണമായി. ഇന്ന് അധിനിവേശ സ്പീഷീസുകളെ ഏറ്റവും പേടിക്കുന്നത് ദ്വീപരാഷ്ട്രങ്ങളാണ്. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും മറ്റും ജൈവോല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും സൂക്ഷ്മവും കണിശതയുമുള്ള നിയമങ്ങള്‍ പാലിച്ചുപോരുന്നത് ഈ ലക്ഷ്യത്തോടെയാണ്.

2. അധിനിവേശ സ്പീഷീസുകള്‍ക്ക് ചില പൊതു സ്വഭാവങ്ങളുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം

  • അതി വേഗതയിലുള്ള പ്രത്യുത്പാദനം- അതിവേഗതയില്‍ ധാരാളം തലമുറകളെ സൃഷ്ടിക്കാനാവുന്ന ജീവികള്‍.

  • ഓരോ തലമുറയിലും ധാരാളം കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ജീവികളും സസ്യങ്ങളും.

  • വിവിധ പാരിസ്ഥിതിക മേഖലകളോട് പെട്ടന്ന് ഇണങ്ങിച്ചേരാനുള്ള കഴിവ്.

  • പുതിയ സ്ഥലത്തെ സ്വാഭാവിക ശത്രുക്കളുടെ അഭാവം.

  • ധാരാളം ഭക്ഷണവും വളവും.

  • ഭക്ഷണത്തിനും വളരാനുള്ള ഇടത്തിനുമായി മറ്റു പ്രാദേശിക സ്പീഷീസുകളെ മത്സരിച്ചു തോല്‍പ്പിക്കാനുള്ള കഴിവ്.

  • കാലാവസ്ഥാ പൊരുത്തം : ജന്മദേശത്തോട് സമാനമായ കാലാവസ്ഥ.

  • പരിസ്ഥിതി സഹിഷ്ണുത : കൂടുതല്‍ വിശാലമായ കാലാവസ്ഥാ മേഖലയോട് പൊരുത്തപ്പെടാനുള്ള അനുകൂലനങ്ങള്‍ (ഉദാഹരണത്തിന് ചൂടും തണുപ്പും , വരള്‍ച്ച, ആര്‍ദ്രത എന്നിവയോടെല്ലാം ഒരേ സമയം പൊരുത്തപ്പെടാനുള്ള കഴിവ്)

ഇതെല്ലാം കൂടാതെ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം അനുകൂലമായ പുതിയ ജൈവ മേഖലകള്‍ സൃഷ്ടിക്കപ്പെടുന്നതും ജീവ വര്‍ഗ്ഗങ്ങളുടെ അധിനിവേശത്തിന് കാരണമാകുന്നുണ്ട്.

ഒരു പ്രദേശത്തിന്റെ തനത് സ്പീസീസ് എന്നത് ശരിക്കും സാധ്യമായ കാര്യമാണോ ?

ലളിതമെന്ന് തോന്നുമെങ്കിലും സങ്കീര്‍ണ്ണമായ മാനങ്ങളുള്ള സമസ്യയാണ് ഇത് .. നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജീവന്റെ ആദ്യ കണികകള്‍ ഉണ്ടായതിന് ശേഷം ഇന്നുവരെയുള്ള ചരിത്രം അധിനിവേശങ്ങളുടേത് കൂടിയാണ് , പുതിയ ഭൂമേഖലകള്‍,

മത്സരങ്ങള്‍ , വംശനാശങ്ങള്‍ , മെരുക്കങ്ങള്‍ , പെരുക്കങ്ങള്‍. നാം വേണ്ടെന്ന് വച്ചാലും ഇല്ലെങ്കിലും പുതിയ മേഖലകളിലേക്ക് ജൈവാധിനിവേശം നടക്കുക തന്നെ ചെയ്യും. പക്ഷെ മനുഷ്യന്റെ ഇടപെടല്‍ ഇത്തരം അധിനിവേശങ്ങളുടെ വ്യാപ്തിയും പ്രഹരശേഷിയും പ്രതികൂലമായി വര്‍ദ്ധിപ്പിക്കും

നമ്മള്‍ മനുഷ്യര്‍ എന്താണ് ചെയ്യുന്നത് ? എന്താണ് ചെയ്യേണ്ടത് ? നമ്മുടെ ജൈവ പരിസരങ്ങളിലുള്ള മാറ്റങ്ങള്‍ മനുഷ്യന്‍ എന്ന സ്പീഷീസിനെ എങ്ങിനെയാണ് ബാധിക്കുന്നത് എന്നീ ചോദ്യങ്ങള്‍ നമുക്ക് നമ്മളോട് ചോദിക്കേണ്ടതുണ്ട്

1. മനുഷ്യന്‍ എന്താണ് ചെയ്യുന്നത് ?

യാതൊരുവിധ വിവേകവുമില്ലാതെ നമ്മുടെ സ്വാഭാവിക ജൈവ പരിസരങ്ങളിലേക്ക് ഹൈബ്രിഡുകളോ, വിദേശയിനങ്ങളോ ആയ ജീവികളെ തുറന്നു വിടുന്നു , മുറ്റത്ത് നട്ടു തഴച്ച് വളര്‍ന്ന അലങ്കാര ചെടികള്‍ പ്രൂണ്‍ ചെയ്ത് കാട്ടിലേക്ക് വലിച്ചെറിയുന്നു , അത് അവിടെ തഴച്ച് വളര്‍ന്ന് പടരുന്നു , രാസവളങ്ങള്‍ നിറഞ്ഞ കൃഷിയിടങ്ങളിലെ ജലം യഥേഷ്ടം നമ്മുടെ പുഴകളിലേക്കും കായലുകളിലേക്കും തുറന്നു വിടുന്നു , അവിടെ അധിനിവേശസസ്യങ്ങളും ആല്‍ഗേയുമെല്ലാം പെരുകുന്നു, വൈല്‍ഡ് ഫാര്‍മിംഗ് എന്ന രീതിയില്‍ തിലോപ്പിയ പോലുള്ള മത്സ്യങ്ങളെ നമ്മുടെ വയലുകളിലും തോടുകളിലും വളര്‍ത്തുന്നു, അങ്ങനെ പാരിസ്ഥിതിക നിയമങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ച് മുന്നോട്ട് പോകുന്നു.

2- നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?

  • ഒരിക്കലും അനധികൃത വന്യജീവി വ്യാപാരം പ്രോത്സാഹിപ്പിക്കരുത്.

  • വീടുകളില്‍ അരുമയായി വളര്‍ത്തുന്ന ജീവികളെ യാതൊരു കാരണവശാലും പുറത്തെ നൈസര്‍ഗികമായ പ്രകൃതിയിലേക്ക് തുറന്ന് വിട്ട് ഉപേക്ഷിക്കരുത്.

  • ഫാമുകളില്‍ നിന്ന് ജീവികളും സസ്യങ്ങളും പുറത്തെ പ്രകൃതിയിലേക്ക് പോകാതിരിക്കാന്‍ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.

  • സര്‍ക്കാരുമായി ചേര്‍ന്ന് അധിനിവേശ സ്പീഷീസുകളെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം.

  • സാമൂഹിക വനവല്‍ക്കരണത്തിന് പ്രാദേശിക സസ്യങ്ങള്‍ ഉപയോഗിക്കണം.സിറ്റിസണ്‍ സയന്‍സ് ഒരു സംസ്‌കാരമാക്കണം.

  • നമ്മുടെ പരിസരങ്ങളിലെ ജീവജാലങ്ങളില്‍ പുതുതായി വന്നെത്തുന്നവയെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.

3. നമ്മുടെ ജൈവ പരിസരങ്ങളിലുള്ള മാറ്റങ്ങള്‍ മനുഷ്യന്‍ എന്ന സ്പീഷീസിനെ എങ്ങിനെയാണ് ബാധിക്കുന്നത് ?

  • ഇത്തരം അധിനിവേശ ജീവികളും സസ്യങ്ങളും കൃഷിയെ പ്രതികൂലമായി ബാധിക്കും (ഓര്‍ക്കുക കുട്ടനാടും മറ്റും ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്യാന്‍ വര്‍ഷം തോറും എത്രത്തോളം വലിയ തുകയാണ് ചിലവഴിക്കുന്നത്).

  • പലയിനം അധിനിവേശ സസ്യങ്ങളും പരാദങ്ങളും മനുഷ്യരില്‍ ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാക്കുന്നവയാണ് ( അലര്‍ജി, രോഗകാരികളായ വൈറസ്സുകളുടെയും ബാക്ടീരിയകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും വാഹകരായുള്ള ജീവികളെ കുറിച്ചോര്‍ക്കുക).

  • ഓരോ പ്രദേശത്തെയും തനത് ജീവജാലങ്ങള്‍ ഇതുപോലെയുള്ള അധിനിവേശ സ്പീഷീസുകളോട് ഏറ്റുമുട്ടി വംശനാശത്തിന്റെ വക്കിലാണ്.

  • ഇത്തരം ജൈവ അധിനിവേശം പ്രാദേശികമായി അമിതമായ ജല ചൂഷണത്തിനും മണ്ണിലെ പോഷക നഷ്ടത്തിനും കാരണമാകുന്നുണ്ട്.

  • ജലവിതരണ പ്രശ്‌നങ്ങള്‍: അനധികൃത സ്പീഷീസുകള്‍ ജലപാതകളും ജലസമ്പത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും തടസ്സപ്പെടുത്തുകയും, പരിപാലന ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ജല ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഇത്രയും പറഞ്ഞിട്ടും ഇതൊക്കെ അത്ര ഗൗരവമേറിയ പ്രശ്‌നമാണോ എന്ന സംശയം ബാക്കിയുള്ളവര്‍ക്കായി ജീവവര്‍ഗങ്ങളോടുള്ള അശ്രദ്ധമായ സമീപനം മൂലമുണ്ടായ ചില ദുരന്തങ്ങളുടെ കഥകൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം

കെയിന്‍ ടോഡുകള്‍ ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജീവജാലങ്ങളെ നശിപ്പിക്കുകയും, വിഷമുള്ള ത്വക്കിലൂടെ അവയെ ഭക്ഷിക്കുന്ന പ്രാണികളെ വിഷംകൊണ്ട് കൊല്ലുകയും ചെയ്തു. ഇതിന്റെ ഫലമായി, തദ്ദേശീയമായ പാമ്പുകള്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍ എന്നിവയുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു

1. ഓസ്‌ട്രേലിയയിലെ കരിമ്പ് പാടങ്ങളിലെ ചൊറിയന്‍ തവളകള്‍.

പശ്ചാത്തലം: 1935-ല്‍, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ കരിമ്പ് കൃഷിയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്ന ഒരിനം കീടങ്ങളെ നിയന്ത്രിക്കാന്‍ ഹവായിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കെയിന്‍ ടോഡുകള്‍ ( നമ്മുടെ ചൊറിയന്‍ തവളകളെ പോലെ ഒരു സ്പീഷീസ് ) കൊണ്ടുവന്നു. എന്നാല്‍, ഈ ടോഡുകള്‍ അവരുടെ പുതിയ ആവാസവ്യവസ്ഥയില്‍ സ്വാഭാവിക ശത്രുക്കളുടെ അഭാവത്തില്‍ വേഗത്തില്‍ പ്രജനനം നടത്തി.

കെയിന്‍ ടോഡുകള്‍ ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജീവജാലങ്ങളെ നശിപ്പിക്കുകയും, വിഷമുള്ള ത്വക്കിലൂടെ അവയെ ഭക്ഷിക്കുന്ന പ്രാണികളെ വിഷംകൊണ്ട് കൊല്ലുകയും ചെയ്തു. ഇതിന്റെ ഫലമായി, തദ്ദേശീയമായ പാമ്പുകള്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍ എന്നിവയുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു.

കെയിന്‍ ടോഡുകളുടെ വ്യാപനം ഓസ്‌ട്രേലിയയിലെ പരിസ്ഥിതിയില്‍ വലിയ നാശം വിതച്ചു, ഇത് ഒരു ബയോകണ്‍ട്രോള്‍ ഏജന്റിനെ അനധികൃത സ്പീഷീസാക്കി മാറ്റിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കണക്കാക്കപ്പെടുന്നു

2. ഫ്‌ലോറിഡയിലെ ബര്‍മീസ് പൈത്തണ്‍

പശ്ചാത്തലം: ബര്‍മീസ് പൈത്തണ്‍ (Python bivittatus) തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള പെരുമ്പാമ്പാണ്. അരുമ മൃഗങ്ങളുടെ വ്യാപാരത്തിലൂടെ ഫ്‌ലോറിഡയിലെ തണ്ണീര്‍ത്തട ജൈവ മേഖലയിലേക്ക് ( Florida എവെര്‍ഗ്ലാഡിസ്) ഇവ എത്തിപ്പെട്ടു . ഈ പെരുമ്പാമ്പുകള്‍ പലതും പെറ്റായി വളര്‍ത്തിയിരുന്ന ഉടമകള്‍ ഉപേക്ഷിച്ചതോ, 1992-ലെ ആന്‍ഡ്രു കൊടുങ്കാറ്റിന് ശേഷം അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടതോ ആയിരുന്നു.

പ്രഭാവം:

പരിസ്ഥിതി നാശം: ബര്‍മീസ് പൈത്തണ്‍ തദ്ദേശീയ വന്യജീവികളുടെ സംഖ്യയില്‍ ഗുരുതരമായ കുറവുകള്‍ ഉണ്ടാക്കി. പൈത്തണുകള്‍ പെരുകിയ പ്രദേശങ്ങളില്‍ റാക്കൂണുകള്‍, ഒപ്പോസമ്മുകള്‍, ബോബ്കാറ്റുകള്‍ എന്നിവയുടെ എണ്ണം 99% വരെ കുറഞ്ഞതായി പഠനങ്ങള്‍ കാണിക്കുന്നു. ഈ പൈത്തണുകള്‍ പക്ഷികള്‍, സസ്തനികള്‍, മുതലകുഞ്ഞുങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മൃഗങ്ങളെ തീറ്റയാക്കി, പരിസ്ഥിതിയുടെ സ്വാഭാവിക സമത്വം തകര്‍ക്കുന്നു. ബര്‍മീസ് പൈത്തണുകളുടെ സാന്നിധ്യം വന്യജീവി മാനേജ്‌മെന്റ്, നിയന്ത്രണ ശ്രമങ്ങള്‍ എന്നിവയുടെ ചെലവ് കുത്തനെ വര്‍ദ്ധിപ്പിച്ചു. ഫ്‌ലോറിഡയില്‍ ഇന്ന് പൈത്തണുകളെ നീക്കം ചെയ്യല്‍ പരിപാടികള്‍ക്കും, പൊതുജന ബോധവല്‍ക്കരണ ക്യാമ്പെയ്‌നുകള്‍ക്കുമായി ബജറ്റില്‍ വലിയൊരുഭാഗം തുക തന്നെ നീക്കിവെയ്ക്കുന്നു. മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വമാണെങ്കിലും, ഈ പെരുമ്പാമ്പുകളുടെ വലിപ്പവും ശക്തിയും എവര്‍ഗ്ലേഡ്‌സിന് സമീപമുള്ള താമസ മേഖലകളില്‍ ആളുകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ചുരുക്കത്തില്‍, അധിനിവേശ സ്പീഷീസുകള്‍ നമ്മുടെ വിലപ്പെട്ട പരിസ്ഥിതിയില്‍ നാശം വിതയ്ക്കുന്ന അതിഥികളാണ്. ഇപ്പോള്‍ നാം ഗൗരവത്തോടെ പ്രവര്‍ത്തിക്കാത്ത പക്ഷം, ഇന്ന് നാം അഭിമാനിക്കുന്ന പ്രാദേശിക ജൈവവൈവിധ്യം എന്നത് നമ്മുടെ കൊച്ചുമക്കളോട് പറയുന്ന ഒരു ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മ മാത്രമായി മാറും. നമ്മള്‍ തന്നെ നമ്മുടെ ജൈവ മേഖലകളുടെ കാവലാളാവുക എന്നത് മാത്രമേ വഴിയുള്ളൂ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍