രാജ്യത്തെ ആനകളുടെ വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ എലിഫന്റ് സെൻസസ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് ഏഴു മാസം കിഴിഞ്ഞും പുറത്തുവിടാതെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഫെബ്രുവരിയിലാണു റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിച്ചത്. വടക്കുകിഴക്കൻ മേഖലയിലെ സെൻസസ് ഇനിയും പൂർത്തിയാകാനുണ്ടെന്ന് കാണിച്ചാണ് റിപ്പോർട്ട് പുറത്തുവിടുന്നതിലെ കാലതാമസത്തെ മന്ത്രാലയം ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.
അഞ്ച് വർഷത്തെ കണക്കുകള്‍ താരതമ്യം ചെയ്‌താൽ രാജ്യത്തെ ആനകളുടെ എണ്ണം ഇത്തവണ 20 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2017ലെ സാധ്യതാ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 41 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2017ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ആനകളുടെ എണ്ണത്തിൽ 51 ശതമാനത്തിൻെറ കുറവാണുള്ളത്
ആനകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണം അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യവികസന പദ്ധതികളാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാത്രവുമല്ല വർധിച്ചുകൊണ്ടിരിക്കുന്ന ഖനനപ്രവർത്തനവും ആനകളുടെ എണ്ണത്തെ ബാധിക്കുന്നുണ്ട്. മന്ത്രാലയം നൽകുന്ന വിശദീകരണത്തിൽ ഇതൊരു ഇടക്കാല റിപ്പോർട്ട് മാത്രമാണെന്നാണ് പറയുന്നത്. വടക്കുകിഴക്കൻ മേഖലയിലെ സെൻസസ് പൂർത്തിയാക്കുന്നതിന് 2025 ജൂൺവരെ സമയം വേണ്ടിവരുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
എല്ലാ അഞ്ച് വർഷം കൂടുന്തോറും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഐഐ) നടത്തുന്ന സെൻസസാണ് ഇത്. ഏഴ് ശാസ്ത്രജ്ഞരും ഡെറാഡൂണിലെ ഡബ്ല്യുഐഐ ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇത്തവണ തയ്യാറാക്കിയത് ഏറ്റവും ശാസ്ത്രീയമായ റിപ്പോർട്ടാണെന്നാണ് വിലയിരുത്തൽ.
ആനകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് സംഭവിച്ചത് മധ്യ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമായിരുന്നു. പ്രത്യേകിച്ച് തെക്കൻ ബംഗാളിലും ഝാർഖണ്ഡിലും ഒഡിഷയിലും ആനകളുടെ എണ്ണത്തിൽ യഥാക്രമം 84 ശതമാനം, 68 ശതമാനം, 54 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഈ മൂന്നു മേഖലകളിൽ മാത്രമായി ഏകദേശം 1700 ആനകൾ കുറഞ്ഞുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ 400 എണ്ണം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് അതിർത്തികടന്ന് പോകാൻ സാധ്യതയുള്ളതാണെന്നാണ് റിപ്പോർട്ട് വിലയിരുത്തൽ.
പശ്ചിമ ഘട്ടത്തിലെ ആനകളുടെ എണ്ണം 18 ശതമാനം കുറഞ്ഞിരിക്കുകയാണ്. ഇതിന് ഒരു പ്രധാനകാരണം 2017ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ആനകളുടെ എണ്ണത്തിൽ വന്ന 51 ശതമാനത്തിന്റെ കുറവാണ്. അതായാത് 2,900 ആനകളുടെ കുറവാണ് കേരളത്തിലുണ്ടായിരിക്കുന്നത്.
ശിവാലിക് മലനിരകളിലെയും ഗാഞ്ചെറ്റിക് മലനിരയിലുമാണ് ആനകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ലാതെ സ്ഥിരതയോടെ നിലനിൽക്കുന്നത്. രണ്ട് ശതമാനം മാത്രമാണ് ഈ മേഖലയിൽ ആനകളുടെ എണ്ണത്തിൽ വന്ന കുറവ്.
പ്രാഥമിക വിവരങ്ങളുടെ ലഭ്യതക്കുറവ് കാരണമാണ് വടക്കുകിഴക്കൻ മേഖലയിലെ സെൻസസ് പൂർത്തിയാക്കാൻ സാധിക്കാത്തത്. 2017ലെ കണക്കുകളിൽ നിന്നും ഇപ്പോഴത്തെ ആനകളുടെ എണ്ണം ശാസ്ത്രീയമായി കണക്കുകൂട്ടിയെടുത്താണ് റിപ്പോർട്ട് പൂർത്തിയയാക്കിയത്. 2017ൽ രാജ്യത്തെ ആകെ ആനകളുടെ എണ്ണമായ 29,964ൽ 10,139ഉം വടക്കുകിഴക്കൻ മേഖലയിലാണെന്നാണ് 2017ലെ കണക്കുകളിലുണ്ടായിരുന്നത്. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള കണക്കുകൾ വൈകുന്നതിനാൽ അതൊഴിവാക്കി ബാക്കിയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വടക്കുകിഴക്കൻ മേഖല പിന്നീട് മറ്റൊരു വാല്യമായി അവതരിപ്പിക്കാമെന്നുമായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് വടക്കുകിഴക്കൻ മേഖലയിലെ വിവരങ്ങൾ വരുന്നതുവരെ കാത്തിരിക്കാനുള്ള നിർദേശം വരികയായിരുന്നെന്ന് റിപ്പോർട്ട് തയ്യാറാക്കിയവരിലുൾപ്പെടുന്ന ശാസ്ത്രജ്ഞർ പലമാധ്യമങ്ങളോടും പ്രതികരിച്ചു.
സാധാരണഗതിയിൽ ആനകളുടെ എണ്ണം കണ്ടെത്തുന്നത് ഒന്നുകിൽ ആനകളെ നേരിട്ടോ അല്ലെങ്കിൽ ആനപ്പിണ്ടം പോലെ ആനകൾ കടന്നുപോയതിന്റെ സൂചനകൾ നോക്കിയോ ആണ്. എന്നാൽ ഇത്തവണ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതുപോലെ ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് ചെയ്തത്. അതിനാൽ ആനകൾ ഇത്രയും കുറഞ്ഞിരിക്കണമെന്ന് നിർബന്ധമില്ലെന്നും, എന്നാൽ ആനകളുടെ അവസ്ഥ അത്രനല്ലതല്ല എന്ന സൂചനയാണെന്നാണ് റിപ്പോർട്ട് തയ്യാറാക്കിയ ശാസ്ത്രജ്ഞരുടെ ഭാഷ്യം.
വടക്കുകിഴക്കൻ മേഖലയിൽ ആനക്കൊമ്പ് വേട്ട ശക്തമായതുകൊണ്ടു തന്നെ അവിടെ ആനകളുടെ എണ്ണത്തിൽ എത്ര കുറവുണ്ടാകുമെന്ന് എളുപ്പം തിട്ടപ്പെടുത്താൻ സാധിക്കില്ല. ഡിഎൻഎ പ്രൊഫൈലിങ് ഉൾപ്പെടെ ചെയ്താൽ മാത്രമേ കൃത്യമായ വിവരങ്ങളോടുകൂടിയുള്ള റിപ്പോർട്ട് പുറത്തുവിടാനാകൂ, അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഇന്ത്യയിലെ ആനകളുടെ എണ്ണം സന്തുലിതമായി തുടരുകയാണെന്നാണ് ഓഗസ്റ്റ് 12 ആനദിനത്തിൽ പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തത്. എന്നാൽ കണക്കുകൾ നല്‍കുന്ന സൂചന അതല്ല.