ഒരു പക്ഷിത്തൂവലിന് എന്തു വിലയുണ്ട്, നിസ്സാരം എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. സ്വര്‍ണത്തേക്കാള്‍ പലമടങ്ങ് വിലയുള്ളതാണ് ഈ പക്ഷിയുടെ ഒരു കൊച്ചുതൂവൽ, അതായത് 24 ലക്ഷത്തോളം രൂപ.
നോര്‍ത്ത് ഐലന്‍ഡിലും ന്യൂസിലന്‍ഡിലും കണ്ടുവന്നിരുന്നതും വംശനാശം സംഭവിച്ചതുമായ ഹ്യൂയ പക്ഷിയാണ് താരം. ഈ പക്ഷിയുടെ അപൂര്‍വമായ ഒരു തൂവല്‍ ലേലത്തില്‍ വിറ്റുപോയത് 46,521 ന്യൂസിലന്‍ഡ് ഡോളറിന് (ഏകദേശം 23,39,425.52 ഇന്ത്യന്‍ രൂപ). ലോകത്ത് ഇതുവരെ ലേലത്തില്‍ വിറ്റ ഏറ്റവും വിലയേറിയ തൂവല്‍ എന്ന ഖ്യാതി കൂടിയാണ് ഹ്യൂയയുടെ തൂവല്‍ സ്വന്തമാക്കുന്നത്.
പരമാവധി മൂവായിരം ഡോളര്‍ എന്നതായിരുന്നു ഒമ്പത് ഗ്രാം വരുന്ന തൂവലിന് കണക്കുകൂട്ടിയത്. എന്നാല്‍ വില്പന റെക്കോര്‍ഡുകൾ കടന്ന് മുന്നേറുകയായിരുന്നു
2010 ല്‍ 8,400 ഡോളറിന് മറ്റൊരു ഹ്യൂയ തൂവല്‍ വിറ്റുപോയിരുന്നു. ഇതുവരെ ലഭിച്ചതില്‍ ഉയര്‍ന്ന വിലയായിരുന്നു ഇത്. ഇത്തവണ പരമാവധി മൂവായിരം ഡോളര്‍ എന്നതായിരുന്നു ഒമ്പത് ഗ്രാം വരുന്ന തൂവലിന് കണക്കുകൂട്ടിയത്. എന്നാല്‍ ലേലം റെക്കോര്‍ഡുകൾ കടന്ന് മുന്നേറുകയായിരുന്നു.
ന്യൂസിലന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹ്യൂയ. ഐസ്‌ലന്‍ഡ് മേഖലയിലെ ഗോത്ര വിഭാഗമായ മാവോറികളുടെ പാട്ടുകളിലും ചൊല്ലുകളിലും ഹ്യൂയ പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ കുടിയേറ്റം വ്യാപകമായതോടെ ഹ്യൂയിയുടെ എണ്ണം പെട്ടെന്ന് കുറയാന്‍ തുടങ്ങി. യൂറോപ്യന്‍ കുടിയേറ്റ കാലത്ത് അഡംബരത്തിന്റെ ലക്ഷണമായും ഹ്യൂയ തൂവലുകള്‍ മാറി.
മനോഹരമായ ശബ്ദമുള്ള കറുപ്പുനിറമുള്ള പക്ഷിയുടെ വെളുത്ത അഗ്രത്തോട് കൂടിയ നീളമുള്ള തൂവലുകളും ആകർഷണീയമാണ്. ഈ തൂവലുകള്‍ തന്നെ ആയിരുന്നു ഹ്യൂയ പക്ഷികളുടെ നാശത്തിനും കാരണമായത്.
ഈ തൂവലുകളോടുള്ള യൂറോപ്യന്‍മാരുടെ അഭിനിവേശം മൂലമുള്ള അമിത വേട്ടയാടലാണ് ഹ്യൂയകളുടെ നാശത്തിനു പ്രധാന കാരണമായത്. വ്യാപക വനനശീകരണമാണ് മറ്റൊരു കാരണം. ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന പക്ഷികൂടിയാണ് ഹ്യൂയ എന്നതും വംശനാശത്തിന് ആക്കം കൂട്ടി.
1907 വരെ ന്യൂസിലന്‍ഡില്‍ ഹ്യൂയ പക്ഷികളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ വംശനാശം സംഭവിച്ചുവെന്ന് വിലയിരുത്തലുണ്ടെങ്കിലും 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.