ENVIRONMENT

കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവുന്നില്ല; ന്യൂയോര്‍ക്ക് നഗരം താഴുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും പഠനം പറയുന്നു

വെബ് ഡെസ്ക്

അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് താഴുന്നു. 80 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് ഈ അമേരിക്കന്‍ നഗരത്തിന് വെല്ലുവിളിയാകുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും പഠനം പറയുന്നു. അഡ്വാന്‍സിങ് എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സ് എന്ന ജേണലിലാണ് അതീവ ഗൗരവമായ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭൂഗര്‍ഭവസ്തുക്കളുടെ തെന്നിമാറല്‍ കാരണം പ്രദേശം താഴ്ന്നുപോകുന്ന അവസ്ഥയാണ് ന്യൂയോര്‍ക്ക് അഭിമുഖീകരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ കാരണങ്ങൾ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊടുങ്കാറ്റിന്റെ തീവ്രത വർധിക്കുന്നതും സമുദ്രനിരപ്പ് ഉയരുന്നതും മൂലം ന്യൂയോര്‍ക്ക് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തെ ഒരുദാഹരണമായി എടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള തീരദേശനഗരങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധിയെയാണ് ഗവേഷകസംഘം വിലയിരുത്തുന്നത്.

പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് ന്യൂയോർക്ക് താണുക്കൊണ്ടിരിക്കുന്നത്

''ലോകമെമ്പാടുമുള്ള തീരദേശനഗരങ്ങള്‍ക്കൊരു ഉദാഹരണമാണ് ന്യൂയോര്‍ക്ക്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ഭീഷണിയെ ലഘൂകരിക്കാനുള്ള ആഗോള വെല്ലുവിളി കൂടിയാണിത്,'' റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ചില പ്രദേശങ്ങള്‍ വളരെ വേഗമാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. നഗരത്തിന്റെ ഉപരിതല ഭാഗം മഞ്ഞുപാളി പോലെയാണ്. മണ്ണ്, ചെളി, കളിമണ്ണ്, മണല്‍, കല്ല്, തടാകനിക്ഷേപങ്ങള്‍ എന്നിവ കൂടി ചേര്‍ന്നതുമാണ്.

ന്യൂയോര്‍ക്ക് നഗരത്തെ ഒരുദാഹരണമായി എടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള തീരദേശനഗരങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധിയെയാണ് ഗവേഷകസംഘം വിലയിരുത്തുന്നത്.

നോർത്ത് അമേരിക്കൻ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രനിരപ്പ് ഉയരുന്നതിന്റെ ശരാശരിയേക്കാള്‍ മൂന്നോ നാലോ ഇരട്ടി വേഗത്തിലാണ് ന്യൂയോർക്കിലെ സമുദ്ര നിരപ്പ് ഉയരുന്നത് . അതിനാല്‍ നഗരം നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിലെ ഓരോ കെട്ടിടത്തിന്റെയും എണ്ണമെടുത്ത സംഘം, തീരപ്രദേശങ്ങള്‍, നദീ-തടാക തീരങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍മിക്കാന്‍ പോകുന്ന ബഹുനില കെട്ടിടങ്ങള്‍ ഭാവിയില്‍ ന്യൂയോർക്കിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അതിനാല്‍ പ്രതിസന്ധി നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കണമെന്നും അതിനുവേണ്ട അവബോധം വളര്‍ത്തുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്നും ഗവേഷകർ പറയുന്നു.

വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയ രണ്ട് ചുഴലിക്കാറ്റുകള്‍ നഗരം ഇതിനകം നേരിട്ടിട്ടുണ്ട്. 2012-ല്‍ സംഭവിച്ച സാന്‍ഡി ചുഴലിക്കാറ്റില്‍ കടല്‍ജലം നഗരത്തിലേക്ക് കയറിയിരുന്നു. 2021-ലെ ഐഡ ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴ ഡ്രെയിനേജ് സംവിധാനങ്ങളെയും തകര്‍ത്തു. ഇനിയുമുണ്ടാകുന്ന നഗരവത്കരണം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ