'യുദ്ധമില്ലെങ്കില്‍ പോലും യുദ്ധത്തെ നേരിടാന്‍ നമ്മള്‍ തയാറായിരിക്കണം' അപ്രതീക്ഷിത യുദ്ധം പോലെയാണ് മഹാമാരികള്‍, എപ്പോള്‍ വേണമെങ്കിലും അവ പൊട്ടിപ്പുറപ്പെടാം. ഏഴ് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത് ആറാം തവണയാണ് നിപ വൈറസെത്തുന്നത്. ഒരിടത്ത് ഒട്ടും പ്രതീക്ഷിക്കാതെ നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്.
ഇക്കഴിഞ്ഞ ജൂലൈ 21- നായിരുന്നു മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചത്. ആ സംഭവം നടന്ന് രണ്ട് മാസം തികയും മുന്നെയാണ് വീണ്ടും ഒരു നിപ മരണം കൂടി സംഭവിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ വണ്ടൂര്‍ തിരുവാലി നടുവത്ത് സ്വദേശിയായ ഇരുപത്തിനാലുകാരനാണ് ഇത്തവണ നിപയുടെ ഇരയായത്. രോഗം സ്ഥിരീകരിക്കുന്നതിന് മുന്നെ തന്നെ യുവാവ് മരണത്തിന് കീഴടങ്ങി.
ഒരു വര്‍ഷം തന്നെ രണ്ട് പ്രദേശങ്ങളില്‍ നിപ രോഗബാധയുണ്ടാവുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. ബെംഗളൂരുവില്‍ പഠിക്കുന്ന യുവാവ് ഓഗസ്റ്റ് 23- മുതല്‍ നാട്ടില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ അഞ്ചു മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. നാട്ടില്‍ നിന്നു തന്നെയായിരിക്കും യുവാവിന് രോഗബാധയേറ്റതെന്ന് അനുമാനിക്കാം.
ഈ വര്‍ഷത്തെ ആദ്യ നിപ മരണം ഉണ്ടായ പാണ്ടിക്കാട് ചെമ്പ്രശേരി പ്രദേശത്ത്നിന്നു കേവലം പതിനഞ്ച് കിലോമീറ്റര്‍ മാത്രം ചുറ്റളവിലാണ് ഇപ്പോള്‍ രോഗബാധയുണ്ടായ പ്രദേശം. ഒരു വര്‍ഷംതന്നെ രണ്ട് പ്രദേശങ്ങളില്‍ നിപ രോഗബാധയുണ്ടാവുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. ബെംഗളൂരുവില്‍ പഠിക്കുന്ന യുവാവ് ഓഗസ്റ്റ് 23- മുതല്‍ നാട്ടില്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ അഞ്ച് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. നിപ വൈറസ് ശരീരത്തിനുള്ളില്‍ കയറി കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുന്ന സമയപരിധി ഭൂരിഭാഗം കേസുകളിലും നാല് മുതല്‍ പതിനാല് ദിവസം വരെയാണ്. ഇക്കാര്യങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ നാട്ടില്‍ നിന്നു തന്നെയായിരിക്കും യുവാവിന് രോഗബാധയേറ്റതെന്ന് അനുമാനിക്കാം.
എന്നാല്‍ ഏത് സ്രോതസില്‍ നിന്നാണ് വൈറസ് ബാധയേറ്റത് എന്നത് മുന്‍ കേസുകളില്‍ എന്നതുപോലെ ഇപ്പോഴും അവ്യക്തമാണ്.
ഇത് നിപയുടെ ആറാം വരവ്
പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായി പൊതുവെ പരിഗണിക്കപ്പെടുന്നത് മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലമാണ്. സംസ്ഥാനത്ത് നിപ വീണ്ടും പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പ് ഇത്തവണയും നമുക്കു മുന്നിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. പക്ഷേ മുന്നറിയിപ്പുകളെല്ലാം വകഞ്ഞുമാറ്റി ഇതുവരെയും ആര്‍ക്കും അറിയാത്ത അജ്ഞാതമായ ഏതോ വഴികളിലൂടെ വൈറസെത്തി. ഇരുപത്തിരണ്ട് ആളുകളാണ് ഇതുവരെ സംസ്ഥാനത്ത് നിപ ബാധയേറ്റ് മരിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യുവാക്കളും കുട്ടികളുമായിരുന്നു.
നിപ വളരെ വേഗത്തില്‍ പടരുന്നൊരു രോഗമല്ല. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ മാത്രമേ രോഗം പകരൂ. രോഗമൂര്‍ധന്യത്തിലാണ് രോഗിയില്‍ നിന്നു വൈറസ് പടരാനുള്ള സാധ്യത കൂടുതല്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വാഭാവികമായി രോഗഭീതി ഒഴിയുകയും ചെയ്യും. എന്നാല്‍ രോഗബാധയേറ്റവരില്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് മോണോക്ലോണല്‍ ആന്റിബോഡികള്‍ ഉള്‍പ്പെടെ നിപ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ തുടങ്ങിയില്ലെങ്കില്‍ മരണസാധ്യതയും കൂടുതലാണ്. ഇതാണ് നിപ ഉയര്‍ത്തുന്ന വെല്ലുവിളി.
ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി
ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഒരു മേഖലയില്‍ പൊട്ടിപ്പുറപ്പെടുകയും ആ പ്രദേശത്ത് ഏറിയോ കുറഞ്ഞോ ആളുകളെ ബാധിക്കുകയും മരണമുണ്ടാക്കുകയും ഏതാനും ആഴ്ചകള്‍ക്കകം സ്വാഭാവികമായി കെട്ടടങ്ങുകയും ചെയ്യുന്ന പകര്‍ച്ചവ്യാധിയായാണ് നിപ. നിപ ബാധിതമേഖലകളില്‍ വരും വര്‍ഷങ്ങളിലും വൈറസ് വ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബംഗ്ലാദേശിലെ നിപ വൈറസ് വ്യാപനം പരിശോധിച്ചാല്‍ ഈന്തപ്പനക്കള്ള് ശേഖരിക്കുന്ന നവംബര്‍-മാര്‍ച്ച് സീസണിലാണ് രോഗബാധയുണ്ടായതെന്നു മനസിലാകും. ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന അതേ പ്രതിസന്ധിയാണ് ഇന്ന് കേരളവും നേരിടുന്നത്.
വരുന്ന വഴി കണ്ടെത്തല്‍ എളുപ്പമല്ല
കേരളത്തില്‍ ഇതുവരെ ഉണ്ടായ നിപ രോഗബാധകളില്‍ ആദ്യരോഗിക്ക് വവ്വാലുകളില്‍ നിന്ന് ഏത് സ്രോതസ് വഴി, എങ്ങനെ നിപ വൈറസ് ബാധയേറ്റു എന്നത് ഇന്നും അവ്യക്തമാണ്. വവ്വാലുകളുടെ സ്രവമോ കാഷ്ടമോ മൂത്രമോ പറ്റിയ പഴമോ മറ്റു വസ്തുക്കളോ കൈകാര്യം ചെയ്തപ്പോഴോ, വവ്വാലുകളുടെ ശരീര സ്രവങ്ങളുമായി മറ്റേതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായപ്പോഴോ ആവാം വൈറസ് പകര്‍ച്ച സംഭവിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇത് വേര്‍തിരിച്ചറിയുക എളുപ്പമല്ല. വവ്വാലുകളുമായി സമ്പര്‍ക്കമുണ്ടായ ഈന്തപ്പനക്കള്ളില്‍ നിന്നാണ് നിപ വൈറസ് ബാധയുണ്ടാവുന്നത് എന്ന് സംശയലേശമന്യേ അനുമാനിക്കുന്ന ബംഗ്ലാദേശില്‍ പോലും ഇതുവരെയും ഈന്തപ്പനക്കള്ളില്‍ നിന്നു വൈറസിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. മാത്രമല്ല, 2019- ലെ ഒരു കേസ് ഒഴിച്ച് ബാക്കി എല്ലാ നിപ രോഗബാധകളിലും രോഗസ്ഥിരീകരണത്തിന് മുമ്പേ തന്നെ ആദ്യരോഗി അബോധാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്ത സാഹചര്യവുമുണ്ട്. രോഗം വന്ന വഴി ഏതാണെന്ന് രോഗിയില്‍ നിന്നു ചോദിച്ചറിയാനും സാധ്യമല്ല. എങ്കിലും രോഗിയുടെ വാസസ്ഥലത്ത് നിന്നും പരിസരങ്ങളില്‍ നിന്നും പഴങ്ങളും മറ്റും ശേഖരിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയുമാണ്.
ജാഗ്രതൈ! മേയ് മുതല്‍ സെപ്റ്റംബര്‍ വരെ
ഇതുവരെയുള്ള ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ കഥ പറയുന്നവയാണ്. നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇനിയും നിപ പൊട്ടിപ്പുറപ്പെടാമെന്ന കൃത്യമായ സൂചനയാണ് ഈ നിരീക്ഷണങ്ങളെല്ലാം. 2023- ല്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ അനുസരിച്ച് വവ്വാലുകളില്‍ ആന്റിബോഡികളുടെ സാന്നിധ്യം സീസണലായി വ്യത്യാസപ്പെടുന്നുണ്ടെന്നും മൂര്‍ധന്യത്തില്‍ എത്തുന്നത് മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ചുരുക്കം.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ
വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കണം. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേക്കും അവ വിഹരിക്കുന്ന പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം.
ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളില്‍ പ്രധാനമാണ്. ഇത്തരം കിണറുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.
വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മേഖലകളില്‍ കന്നുകാലി, പന്നി ഫാമുകള്‍ നടത്തുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക.
പരുക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്. വവ്വാലുകളുമായും വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തരസാഹചര്യങ്ങളില്‍ കൈയുറ, മാസ്‌ക് ഉള്‍പ്പെടെയുള്ള വ്യക്തി സുരക്ഷാമാര്‍ഗങ്ങള്‍ മുഖ്യം.
വവ്വാലുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാനായി വലിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുന്നത് രോഗസാധ്യത കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.
നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ചതോ പോറലേറ്റതോ ആയ പഴങ്ങള്‍ ഉള്‍പ്പെടെ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വന്നിരിക്കാന്‍ സാധ്യതയുള്ള പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക.
വവ്വാല്‍ കടിച്ചുപേക്ഷിച്ചവയാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ സ്പര്‍ശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. അറിയാതെ സമ്പര്‍ക്കം ഉണ്ടായാല്‍ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. സോപ്പിന്റെ രാസഗുണത്തിന് ഇരട്ട സ്തരമുള്ള ആര്‍എന്‍എ വൈറസുകളില്‍ ഉള്‍പ്പെട്ട നിപയെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
ചെടികളില്‍ നിന്നു പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം സോപ്പുവെള്ളത്തില്‍ കഴുകി മാത്രം ഉപയോഗിക്കുക. ഈ ആരോഗ്യസുരക്ഷാ പാഠങ്ങള്‍ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കുക.
റംബുട്ടാന്‍, പുലാസന്‍, അച്ചാച്ചെറു, ലോംഗന്‍, മാംഗോസ്റ്റിന്‍, സാന്റോള്‍, അബിയു ഉള്‍പ്പെടെ കേരളത്തില്‍ ഇന്ന് വ്യാപകമായി കൃഷിചെയ്യുന്നതും നമുക്ക് പ്രിയപ്പെട്ടവയുമായ പുതുതലമുറ പഴങ്ങളില്‍ ഭൂരിഭാഗവും വവ്വാലുകള്‍ക്കും പ്രിയപ്പെട്ടവയാണ്. പൂവ്, കായ ആകുന്നതു മുതല്‍ ചെറിയ കണ്ണികളുള്ള വല കൊണ്ട് മരം മൂടിക്കെട്ടി ഒരൊറ്റ ഇലത്തലപ്പു പോലും പുറത്തേക്ക് എത്താത്ത വിധത്തില്‍ ഫലവര്‍ഗ ചെടികള്‍ പരിപാലിക്കുന്നത് ഏറെ ഉചിതമാണ്.
പഴുത്ത അടയ്ക്ക, വാഴയുടെ കൂമ്പിലെ തേന്‍ എന്നിവ പഴംതീനി വവ്വാലുകളുടെ ഇഷ്ട ആഹാരമാണ്. അതിനാല്‍ ഇവയെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ കരുതല്‍ വേണം.
ജലസ്രോതസുകള്‍ വവ്വാലുകളുടെ കാഷ്ടം വീണു മലിനമാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. കിണറുകള്‍ക്കും ജലടാങ്കുകള്‍ക്കും വലകള്‍ സ്ഥാപിച്ച് ഭദ്രമാക്കുക.
വവ്വാല്‍ സാന്നിധ്യം ഏറെയുള്ള മേഖലകളില്‍ തുറന്നുവച്ച കള്ളിന്‍ കുടങ്ങളുള്ള തെങ്ങിലും പനയിലും കയറുന്നതിലും തുറന്നുവെച്ച കുടങ്ങളില്‍നിന്നും ശേഖരിക്കുന്ന കള്ള് കുടിക്കുന്നതിലും അപകടസാധ്യത ഏറെയുണ്ടെന്ന് മനസിലാക്കണം.