കടലാമയെ സംരക്ഷിക്കുന്ന തോട്ടപ്പള്ളിയിലെ കൂടിനരികില്‍ ഗ്രീന്‍ റൂട്‌സ് പ്രവര്‍ത്തകര്‍. 
ENVIRONMENT

ലോകം തിരിച്ചറിയുന്നതിനു മുമ്പേ തോട്ടപ്പള്ളി അറിഞ്ഞു, കടലാമയുടെ മഹത്വം; വിരിയിച്ചിറക്കിയത് പതിനായിരത്തിലധികം കടലാമകളെ

ജുറാസിക് കാലഘട്ടം മുതല്‍ ഭൂമിയിലുള്ള ഏറ്റവും പഴക്കം ചെന്ന ജീവി വര്‍ഗങ്ങളില്‍ ഒന്നാണ് കടലാമകള്‍. ജനിച്ച തീരത്തു തന്നെ പ്രജനനത്തിനായെത്തുന്നു എന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കോലാമയാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോ വരെ ഭാരം വരാം.

ടോം ജോർജ്
ഏറ്റവും കൂടുതല്‍ ജെല്ലി ഫിഷിനെ തിന്നുന്നത് കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെയാണ് ഇവ തിന്നു നശിപ്പിക്കുന്നത്.

കടലാമകള്‍ ഈയിടെ വാര്‍ത്തയായത് ചെമ്മീന്‍ കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവി വര്‍ഗമാണ് കടലാമകള്‍. അതിനാല്‍ കടല്‍ചെമ്മീന്‍ പിടിക്കുന്ന വലകളില്‍ കുടുങ്ങുന്ന കടലാമകള്‍ക്ക് രക്ഷപെടാന്‍ ടര്‍ട്ടില്‍ എക്‌സക്യൂഡര്‍ ഡിവൈസുകള്‍ സ്ഥാപിക്കണമെന്നൊരു നിര്‍ദേശമുണ്ട്. ഇന്ത്യ ഇത് സ്ഥാപിക്കുന്നില്ലെന്നു പറഞ്ഞ് ഇവിടെ നിന്നുള്ള കടല്‍ ചെമ്മീന്‍ കയറ്റുമതി അമേരിക്ക നിരോധിച്ചതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

കടല്‍ ആവാസ വ്യവസ്ഥയില്‍ കടലാമകള്‍ക്കുള്ള സ്ഥാനവും വംശനാശ ഭീഷണി നേരിടുന്ന അവ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അന്താരഷ്ട്ര സമൂഹത്തിന്റെ ബോധ്യവുമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ അമേരിക്കയും ലോകരാഷ്ട്രങ്ങളും ഇത്തരം ബോധ്യങ്ങളിലേക്കു വരുന്നതിനു മുമ്പേ കടലാമയുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കിയ ഒരുകൂട്ടം യുവാക്കളുണ്ട്, ആലപ്പുഴ ജില്ലയിലെ തീരഗ്രാമമായ തോട്ടപ്പള്ളിയില്‍. തോട്ടപ്പള്ളിയിലെ കടലാമ സംരക്ഷകരായ യുവാക്കളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്‌സ് ഇതുവരെ വിരിയിച്ച് കടലിലേക്കിറക്കിയത് പതിനായിരത്തിലധികം കടലാമകളെയാണ്.

ലോകത്തിലുള്ള കടലാമകളുടെ തീര്‍ഥാടനകേന്ദ്രമായി അറിയപ്പെടുന്നതാണ് ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകള്‍. എന്നാല്‍ കേരളത്തിലെ ഗഹിര്‍മാത, റുഷികുല്യ എന്നൊക്കെ വേണമെങ്കില്‍ തോട്ടപ്പള്ളി കടല്‍തീരത്തെ വിളിക്കാം. മുട്ടയിടാനായി വര്‍ഷാവര്‍ഷം ഇവിടെയെത്തുന്നത് നിരവധി കടലാമകളാണ്.

വിരിഞ്ഞിറങ്ങുന്ന കടലാമകുഞ്ഞുങ്ങള്‍.

തോട്ടപ്പള്ളിയിലെ ഗ്രീന്‍ റൂട്‌സ്

2000 ജനുവരിയില്‍ നടന്ന ഒരു സംഭവമാണ് കടലാമസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ഇവിടത്തെ ഒരു കൂട്ടം യുവാക്കളെ നയിച്ചത്. തോട്ടപ്പള്ളിയിലെ കടല്‍ തീരത്തു തലയ്ക്കുക്ഷതമേറ്റ് ഒരു കൂറ്റന്‍ കടലാമയെത്തി. നാട്ടുനടപ്പനുസരിച്ച് പരിക്കേറ്റ ഇത്തരം ആമകളെ കറിയാക്കുക പതിവായിരുന്നു. എന്നാല്‍ ഈ ആമയെ എങ്ങനെ രക്ഷിക്കാമെന്നായി തോട്ടപ്പള്ളി ചിത്രാലയത്തില്‍ സജി ജയമോഹന്റെയും സുഹൃത്ത് കൈലാസിന്റെയും ചിന്ത. ആമയെ ഫൈബര്‍ വള്ളത്തില്‍ കയറ്റി കരയില്‍ നിന്ന് 100 മീറ്റര്‍ ദൂരെ കടലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആമയുടെ ജഡം പിറ്റേന്ന് തീരത്തടിഞ്ഞു.

കടലാമകളും കടല്‍ ആവാസ വ്യവസ്ഥയിലെ അവയുടെ പ്രവര്‍ത്തനങ്ങളും കൂടുതലറിയാനുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടതിനു പിന്നില്‍. അന്നൊക്കെ തീരവാസികള്‍ കടലാമ മുട്ട കഴിച്ചിരുന്നു. ഇവ വേകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കുപ്പമുള്ള് പുറന്തോടില്‍ കുത്തിയാണ് തീരവാസികള്‍ മുട്ട പുഴുങ്ങിയിരുന്നത്. ഇതൊക്കെ ശരിയാണോ എന്ന അന്വേഷണത്തിനൊടുവിലാണ് 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍ സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് കടലാമയെന്നു മനസിലാകുന്നത്. അങ്ങനെയാണ് ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ശിവദാസുമൊന്നിച്ച് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമാകുന്നത്.

മുട്ടയിടാനായി എത്തുന്ന കടലാമ.
കടലാമകള്‍ പ്രായപൂര്‍ത്തിയെത്താന്‍ 15 മുതല്‍ 18 വരെ വര്‍ഷം വേണ്ടിവരും. ഇണ ചേര്‍ന്നതിനു ശേഷം പെണ്‍കടലാമകള്‍ മാത്രമാണ് മുട്ടയിടാനായി കരയിലേക്കെത്തുന്നത്. സാധാരണയായി രാത്രിയിലാണ് കടലാമകള്‍ മുട്ടയിടുന്നത്. ജനനം മുതല്‍ അനാഥമായി ജീവിക്കുകയും ജീവിതകാലം മുഴുവന്‍ യാത്രചെയ്തു കഴിയുകയും ചെയ്യുന്ന ഒരു സവിശേഷ പ്രകൃതം.

കടലാമ ചെറിയ ജീവിയല്ല

നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുള്ള കടലാമ ഒറ്റ ഇരിപ്പില്‍ 100-150 മുട്ടകളാണിടുന്നത്. തീരത്തുനിന്ന് അല്‍പം കയറി രാത്രിയിലാണ് കടലാമ മുട്ടയിടാനെത്തുന്നത്. കടലാമയുടെ ശാപമുണ്ടാകാതിരിക്കാന്‍ മണ്ണില്‍ ഇവയുണ്ടാക്കുന്ന കൂട്ടില്‍ ഒരു മുട്ട വച്ചശേഷം ബാക്കി പുഴുങ്ങിക്കഴിക്കുകയായിരുന്നു തീരത്തെ പതിവ്. അങ്ങനെ കൂട്ടില്‍ മിച്ചം വന്ന ഒരു മുട്ട ലഭിക്കുന്നത് 2007-ലാണ്. പിന്നീട് ലഭിച്ച എട്ടു കടലാമ മുട്ടകള്‍ സംരക്ഷിച്ചപ്പോള്‍ അതില്‍ അഞ്ചെണ്ണം വിരിഞ്ഞു. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു 2007 ല്‍ ആദ്യ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം

സമാനചിന്താഗതിക്കാരായ യുവാക്കളെയും ചേര്‍ത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ 2013 ല്‍ തോട്ടപ്പള്ളിയില്‍ ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം എന്ന സംഘടന രൂപപ്പെടുന്നത് അങ്ങനെയാണ്. കടലാമകള്‍ക്ക് മുട്ടയിടാന്‍ സുരക്ഷിതമായ തീരം ഒരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതുമാറി.

സജി ജയമോഹന്‍ കടലാമയ് ക്കൊപ്പം.

കടലാമയില്ലെങ്കില്‍ കടലമ്മ കനിയില്ല

തീരത്തെ ജീവിതം കടലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്. കടലമ്മ കനിയണമെങ്കില്‍ കടലാമ വേണമെന്ന ബോധ്യത്തിലേക്ക് പഠനങ്ങളിലൂടെ എത്തുകയായിരുന്നു ഗ്രീന്‍ റൂട്‌സ്. കടല്‍ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ജീവിവര്‍ഗമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍. ഇതിനാലാണ് ലോകവ്യാപകമായി കടലാമ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. കടലിലെ മത്സ്യങ്ങളെ സംരക്ഷിച്ച് മത്സ്യ സമ്പത്തിനെ വര്‍ധിപ്പിക്കുന്ന കടലാമയെ തീരത്തിനു പരിചയപ്പെടുത്തിയാല്‍ തീരമൊന്നാകെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഈ ചെറുപ്പക്കാര്‍ക്ക് ഉറപ്പായിരുന്നു.

കടലാമയുടെ റോള്‍

  • കടല്‍പ്പുല്ലുകളുടെ സംരക്ഷകന്‍

കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്‌സിജനും നല്‍കുന്ന കടല്‍പ്പുല്ലുകള്‍(sea grass)വളര്‍ന്നു വലുതായി നശിച്ചു പോകാതെ സംരക്ഷിക്കുന്നത് കടലാമകളാണ്. കരയിലെ പുല്ലു വെട്ടി നാം മനോഹരമായി സംരക്ഷിക്കുന്നതുപോലെ കടല്‍പുല്ല് വെട്ടുന്നരീതിയില്‍ തിന്ന് കടലിനടിയില്‍ ഒരു പുല്‍തകിടി തന്നെ സംരക്ഷിക്കുകയാണ് കടലാമ. ഇവിടെയാണ് കടലിലെ നിരവധിയിനം ജീവികള്‍ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും.

  • കടല്‍ മത്സ്യസമ്പത്തിന്റെ സംരക്ഷകന്‍

കടല്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന ഒന്നാണ് കടല്‍ ചൊറികള്‍ എന്നു പ്രാദേശിക ഭാഷയില്‍ അറിയപ്പെടുന്ന ജെല്ലിഫിഷ്. വിരിഞ്ഞിറങ്ങുന്ന മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേക രീതിയില്‍ പിടികൂടി ജ്യൂസ് രീതിയിലാക്കി കഴിച്ചാണ് ജെല്ലിഫിഷ് വളരുന്നത്. സ്രാവുകളും കടലാമകളുമാണ് ജെല്ലിഫിഷിനെ തിന്നു നശിപ്പിച്ച് മത്സ്യസമ്പത്തിനെ കടലില്‍ സംരക്ഷിക്കുന്നത്. ലതര്‍ബാക്ക് എന്നയിനം കടലാമകളാണ് ജെല്ലിഫിഷിനെ തിന്നു നശിപ്പിക്കുന്നതില്‍ മുമ്പന്‍. ജെല്ലിഫിഷ് എന്നു തെറ്റിധരിച്ച് കടലില്‍ എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം കടലാമകള്‍ ഭക്ഷിക്കുന്നത് കടലാമയുടെ നിലനില്‍പ് തന്നെ അവതാളത്തിലാക്കുന്നുണ്ടെന്നത് മറ്റൊരു സത്യം.

  • പവിഴപ്പുറ്റുകളുടെ സംരക്ഷകന്‍

വ്യത്യസ്തമായ നിരവധി മത്സ്യങ്ങളുടെ ആവാസ കേന്ദ്രവും ദ്വീപുകളുടെ നിലനില്‍പ്പിന് അടിസ്ഥാനവുമാണ് കടലിലെ പവിഴപ്പുറ്റുകള്‍. ഭൂമിയിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയായ ഇവ നിലനില്‍ക്കണമെങ്കിലും കടലാമകള്‍ വേണം. പതിനായിരക്കണക്കിന് സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രത്തിനടിയില്‍ പവിഴപ്പുറ്റുകള്‍ തീര്‍ക്കുന്ന പാറക്കെട്ടുകള്‍. വളരെ സാവധാനം വളരുന്ന ഒന്നാണിവ. ഇവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കടല്‍സ്‌പോഞ്ചുകളെ തിന്നു നശിപ്പിക്കുന്നതും കടലാമകളാണ്.

  • കൊടുങ്കാറ്റിറ്റില്‍ നിന്നും തിരമാലകളില്‍ നിന്നും തീരത്തെ രക്ഷിക്കുന്നു

കൊടുങ്കാറ്റിനേയും തിരമാലകളെയും തടഞ്ഞ് തീരത്തെ രക്ഷിക്കുന്നതിനാല്‍ കടല്‍തീരത്തെ ആവാസവ്യവസ്ഥയെയും പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുന്നുണ്ടെന്നു പറയാം. ലക്ഷദ്വീപു പോലുള്ള നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രധാന വരുമാനമാര്‍ഗവും ആകര്‍ഷണവുമാണ് പവിഴപ്പുറ്റുകള്‍. തീരത്തെ മനുഷ്യജീവിതം സുരക്ഷിതമാക്കുന്നതിലും നേരിട്ടല്ലെങ്കിലും കടലാമയ്ക്ക് വലിയപങ്കുണ്ട്.

ലക്ഷദ്വീപില്‍ പവിഴപ്പുറ്റുകള്‍ക്കു നടുവില്‍ നില്‍ക്കുന്ന കടലാമ.

ഇങ്ങനെയൊക്കെയാണെങ്കിലും കടലാമ മുട്ടയും ഇറച്ചിയും കഴിക്കുന്നതില്‍ നിന്ന് തീരവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്‌നമായി. മുട്ട പുഴുങ്ങിതിന്ന പലര്‍ക്കും വയറിളക്കമുണ്ടാകുന്നതായി അവര്‍തന്നെ പറയുമായിരുന്നു. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് ഇതേക്കുറിച്ച് ഗ്രീന്‍ റൂട്‌സ് പഠനമാരംഭിച്ചു. കടലാമമുട്ടയില്‍ മനുഷ്യശരീരത്തിന് ദോഷകരമായിട്ടുള്ള നിരവധി വിഷലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. മുട്ട ഭക്ഷ്യയോഗ്യമല്ലെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കാനായതും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിച്ചു.

വീടുകളിലെ ബോധവത്കരണം

സജി ജയമോഹന്റെയും ഓമനക്കുട്ടന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ റൂട്ട്‌സ് പ്രവര്‍ത്തകര്‍ തീരത്തെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. പുന്നപ്ര മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങളിലും സ്‌കൂളുകളിലും കോളജുകളിലും ഇവര്‍ ബോധവത്കരണവുമായെത്തി. കടലിലെ ആമയുടെ റോള്‍, മുട്ടകഴിച്ചാലുള്ള പ്രശ്‌നങ്ങള്‍, സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയായിരുന്നു സംഘടന മുന്നേറിയത്. കടലാമ മുട്ട കണ്ടാല്‍ വിളിച്ചറിയിക്കുന്നവര്‍ക്ക് വനം വകുപ്പ് 1000 രൂപ പാരിദോഷികം നല്‍കിയതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. വനംവകുപ്പ് സഹായത്തോട കടലാമ ഹാച്ചറി തോട്ടപ്പള്ളിയില്‍ തുടങ്ങുന്നതിലേക്കുവരെയെത്തിച്ചു ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനം.

വിരിഞ്ഞിറങ്ങുന്ന കടലാമകുഞ്ഞുങ്ങള്‍.

കടലാമകളുടെ വരവും പോക്കും

തെക്കന്‍ കേരള തീരത്തെ കടലാമകളുടെ പ്രധാന പ്രജനന തീരമാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മുതല്‍ പല്ലന വരെയുള്ള 1.8 കിലോമീറ്റര്‍ കടല്‍ത്തീരം. ആലപ്പുഴ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ മാറിയുള്ള പ്രദേശം. പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളുടെ സംഗമ ഭൂമി. അതിനാല്‍ തന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യവുമുണ്ട്.

ജുറാസിക് കാലഘട്ടം മുതലുള്ള ജീവി

ജുറാസിക് കാലഘട്ടം മുതല്‍ ഈ ഭൂമിയിലുള്ള ഏറ്റവും പഴക്കം ചെന്ന ജീവി വര്‍ഗങ്ങളില്‍ ഒന്നാണ് കടലാമകള്‍. ജനനം മുതല്‍ അനാഥമായി ജീവിക്കുകയും ജീവിതകാലം മുഴുവന്‍ യാത്രചെയ്തു കഴിയുകയും ചെയ്യുന്ന ഒരു സവിശേഷ പ്രകൃതം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തു തന്നെ മുട്ടയിടാനായി തിരികെയെത്തുന്നു എന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ശാസ്ത്ര ലോകം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്.

പ്രജനനകാലം മാറുന്നു

സാധാരണയായി ഓഗസ്റ്റ് മുതല്‍ മാര്‍ച്ചു വരെയാണ് കടലാമകളുടെ പ്രജനനകാലമെങ്കിലും കാലാവസ്ഥ വ്യതിയാനം ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. കടലാമകള്‍ പ്രായപൂര്‍ത്തിയെത്താന്‍ 15 മുതല്‍ 18 വരെ വര്‍ഷം വേണ്ടിവരും. ഇണ ചേര്‍ന്നതിനു ശേഷം പെണ്‍കടലാമകള്‍ മാത്രമാണ് മുട്ടയിടാനായി കരയിലേക്കെത്തുന്നത്. സാധാരണയായി രാത്രിയിലാണ് കടലാമകള്‍ മുട്ടയിടുന്നത്. കടല്‍ത്തീരത്തു നിന്നു മുകളിലേക്കു കയറി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നൊന്നര അടി താഴ്ചയില്‍ കുഴിയെടുത്തു മുട്ടയിട്ട് മണ്ണുകൊണ്ടു മൂടി തിരികെ പോകും. മുട്ടകള്‍ക്കു അടയിരിക്കുകയോ കുഞ്ഞുങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ ചെയ്യാറില്ല കടലാമ. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് മുട്ടകള്‍ വിരിയുന്നത്. 45 മുതല്‍ 60 വരെ ദിവസം വേണ്ടിവരും മുട്ടകള്‍ വിരിയാന്‍. ലോകത്താകെ ഏഴിനം കടലാമകളുണ്ടെങ്കിലും അതില്‍ അഞ്ചിനങ്ങളാണ് ഇന്ത്യന്‍ തീരത്തു പ്രജനനത്തിനായി എത്താറുള്ളത്.

സജി ജയമോഹന്‍ (ഇടത്) കടലാമയ് ക്കൊപ്പം.

ഇന്ത്യന്‍ തീരത്തെത്തുന്ന കടലാമ ഇനങ്ങള്‍

കേരളതീരങ്ങളില്‍ ധാരാളമെത്തുന്ന ഒലീവ് റിഡ്‌ലി, ലക്ഷദ്വീപ് തീരങ്ങളില്‍ കാണുന്ന ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്‌സ് ബില്‍, കോലാമ എന്നു മത്സ്യത്തൊഴിലാളികള്‍ വിളിക്കുന്ന ലതര്‍ ബാക്ക്, ലോഗര്‍ ഹെഡ് എന്നിവയാണ് ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടലാമ ഇനങ്ങള്‍. ഇതില്‍ കോലാമയാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോ വരെ ഭാരം വരാം. ഏറ്റവും കൂടുതല്‍ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെയാണ് ഇവ തിന്നു നശിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും അനധികൃത ഖനനവും വെല്ലുവിളി

കേരളത്തിലെ 580 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്ത് കടലാമയ്ക്കു മുട്ടയിടാന്‍ അനുയോജ്യമായ മണല്‍ നിറഞ്ഞ തീരങ്ങളുടെ കുറവ് ഇവരുടെ പ്രജനനത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നെന്നും ഗ്രീന്‍ റൂട്‌സ് പ്രവര്‍ത്തകര്‍ പറയുന്നു. കടലാമയെ, മാംസത്തിനായി മനുഷ്യര്‍ വേട്ടയാടുന്നതും ഇവ ഇടുന്ന മുട്ടകള്‍ ഭക്ഷണമാക്കുന്നതും വംശനാശത്തിനു ആക്കം കൂട്ടുന്നുണ്ട്. കടലിലെ പ്ലാസ്റ്റിക് മലിനീകരണവും ഉപയോഗ ശൂന്യമായി കടലില്‍ ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന വലകളും ഇവരുടെ ജീവനു തന്നെ വെല്ലുവിളി സൃഷ്ടിക്കുന്നു.

മണല്‍നിറഞ്ഞ തീരങ്ങളാണ് കടലാമകള്‍ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്. അനധികൃത മണല്‍ ഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണല്‍ നിറഞ്ഞ തീരങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത് കടലാമകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുണ്ട്. അതുവഴി മത്സ്യലഭ്യതയിലും കുറവുണ്ടാകും. തെരുവുനായ്ക്കള്‍ കടലാമ മുട്ടകള്‍ തിന്നു നശിപ്പിക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. സാധാരണ ആമകളെ പോലെ കാലുകളും തലയും കവചത്തിനുള്ളിലാക്കി ശത്രുക്കളില്‍ നിന്നു രക്ഷനേടാനുള്ള ശേഷിയില്ലാത്തതാണിവ. അതിനാല്‍ ഇവയുടെ കാലുകളായ ചിറകിലും കഴുത്തിലും മറ്റും പട്ടികള്‍ കടിച്ചും മരണം സംഭവിക്കുന്നു. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ലൈറ്റുകളും ആ തീരങ്ങളില്‍ നിന്ന് കടലാമയെ അകറ്റും. ഇരുട്ടിന്റെ മറവിലാണ് കടലാമകള്‍ മനുഷ്യരുടെയും തെരുവ് നായ്ക്കളുടെയും കണ്ണു വെട്ടിച്ചു മുട്ടയിടാനായി തീരത്തെത്തുന്നത്. രാത്രിയോ പുലര്‍ച്ചയോ ആണ് കടലാമ മുട്ടകള്‍ വിരിയുന്നത്. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ ചന്ദ്രന്റെ വെളിച്ചത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുന്നത്. എന്നാല്‍ തെരുവ് വിളക്കുകള്‍ ഉണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ തെരുവുവിളക്കുകളുടെ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. അവ ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.

കടലാമ ഹാച്ചറി

കടലാമകള്‍ മുട്ടയിട്ട സ്ഥലത്തുതന്നെ മുട്ടകള്‍ സംരക്ഷിക്കുന്നത് ഇത്തരം ചെറിയ തീരങ്ങളില്‍ വെല്ലുവിളിയാണ്. വേലിയേറ്റ സമയങ്ങളില്‍ കടല്‍ ശക്തമായി കരയിലേക്ക് കയറുകയും കൂടുകളില്‍ വെള്ളം കയറുകയും മുട്ടകള്‍ നശിക്കുകയും ചെയ്യും. അതിനാലാണ് മുട്ടകള്‍ കുറച്ചുകൂടി സുരക്ഷിതമായ തീരങ്ങളിലേക്കു മാറ്റി വിരിയി്ക്കാന്‍ വയ്ക്കുന്നത് . വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ അപ്പോള്‍ തന്നെ മുട്ട കിട്ടിയ തീരങ്ങളില്‍ നിന്ന് കടലിലേക്ക് യാത്രയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ