ടെക്സസിലെ ഗൾഫ് തീരങ്ങളിൽ പതിനായിരക്കണക്കിന് ചത്ത മത്സ്യങ്ങൾ അടിഞ്ഞു. ബ്രസോറിയ കൗണ്ടിയിലെ ബ്രയാൻ ബീച്ചിലാണ് ചീഞ്ഞളിഞ്ഞ മെൻഹാഡൻ മത്സ്യങ്ങൾ ഒഴുകിയെത്തിയത്. വെള്ളത്തിലെ ഓക്സിജന്റെ അഭാവമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചത്ത മത്സ്യങ്ങൾ നിറഞ്ഞ ബ്രയാൻ തീരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഗൾഫ് തീരത്തെ ജലം ചൂടാകുന്നതാണ് ഇതിന് പ്രധാനകാരണമായി വിലയിരുത്തുന്നത്. തണുത്ത വെള്ളത്തിന്റെ അത്ര ഓക്സിജൻ ചൂടുള്ള വെള്ളത്തിന് ഉൾക്കൊള്ളാൻ കഴിയില്ല.
സമുദ്രജലത്തിൽ താപനില 21 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുമ്പോൾ, മെൻഹാഡൻ മത്സ്യങ്ങൾക്ക് അതിജീവിക്കാൻ ആവശ്യമായ ഓക്‌സിജൻ ലഭിക്കാതെ വരും. അധികം ആഴമില്ലാത്ത ഭാഗങ്ങളിലെ ജലം വേഗത്തിൽ ചൂടാകും. വെള്ളം ചൂടാകാൻ തുടങ്ങുന്ന സമയത്ത് ഈ മീനുകളുടെ കൂട്ടം ആഴംകുറഞ്ഞ ഭാഗങ്ങളിൽ പെട്ടുപോയാൽ അവയെ ഹൈപ്പോക്സിയ ബാധിക്കും. ടിഷ്യുകളിലെ ഓക്‌സിജന്റെ കുറവ് മൂലം നിലനിൽക്കാനാകാത്ത അവസ്ഥയാണ് ഹൈപ്പോക്‌സിയ. ഓക്‌സിജന്റെ അഭാവം മൂലം മീനുകൾ പരിഭ്രാന്തരാകുകയും ക്രമരഹിതമായി നീങ്ങാൻ തുടങ്ങുകയും ചെയ്യും. ഇത് ഓക്‌സിജന്റെ അളവ് വീണ്ടും കുറയാനിടയാക്കും. വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ ഇത്തരത്തിൽ മീനുകൾ ചത്തടിയുന്നത് അസാധാരണമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ശാന്തമായ കടലും പ്രദേശത്തെ മേഘാവൃതമായ ആകാശവും സമുദ്രജലത്തിലേക്ക് സാധാരണയിലേത് പോലെ ഓക്‌സിജൻ എത്തുന്നതിനെ തടസ്സപ്പെടുത്തിയതാകാമെന്നാണ് നിഗമനം . സാധാരണ ഗതിയിൽ തിരമാലകൾ വെള്ളത്തിലേക്ക് ഓക്‌സിജൻ എത്തിക്കാൻ സഹായിക്കാറുണ്ട്. മേഘാവൃതമായ ആകാശം പ്രകാശസംശ്ലേഷണത്തിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള സൂക്ഷ്മജീവികളുടെ കഴിവ് കുറയ്ക്കും. ഈ രണ്ട് കാരണങ്ങൾ കൂടി പ്രതിഭാസത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.
ശുചീകരണ നടപടികൾ നടക്കുന്നുണ്ടെങ്കിലും ഇനിയും ആയിരക്കണക്കിന് മത്സ്യങ്ങൾ കരയിലേക്ക് ഒഴുകിയെത്താനാണ് സാധ്യത. 2019ൽ ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് പ്രകാരം സമുദ്രജലം ചൂടാകുന്നത് തീരദേശ ജലത്തിൽ ഓക്സിജന്റെ അളവ് കുറയാൻ കാരണമാകുമെന്നും ഇത് മത്സ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.