ENVIRONMENT

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആധുനിക രീതികൾ! കവിതകൾക്കുമപ്പുറം ഒരു കൈത്താങ്ങ്...

കിരൺ കണ്ണൻ

'മിണ്ടാത്തൊരു കാടിന്' വേണ്ടി കവികൾ തെരുവുകൾ തോറും സമരഗീതികൾ പാടിനടന്ന എഴുപതുകളിലെ സൈലന്റ് വാലി പരിസ്ഥിതി പ്രക്ഷോഭങ്ങൾ... നമ്മുടെ നാടിന്റെ രാഷ്ട്രീയബോധ്യങ്ങളിലേക്കു ഹരിതചിന്തകൾ വേരിരക്കിയ സമര ദിനങ്ങൾ... പാതയോരപ്പാട്ടുകൾ, തെരുവുനാടകങ്ങൾ...

ലോകമെങ്ങും അങ്ങനെയാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും മനുഷ്യരോട് സംവദിക്കാൻ എളുപ്പമാണ്. കലയും ഭാഷയും അതിശക്തമാണ്! അവ ചെന്നുതറയ്ക്കുന്നത് ബോധത്തിലേക്കല്ല, നേരെ വികാരങ്ങളിലേക്കാണ്. പതിനെട്ടാം നൂറ്റാണ്ടുമുതൽ പരിസ്ഥിതി ചിന്തകൾ ലോകരാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്ത്രയെത്ര നാഷണൽ പാർക്കുകൾ!!

നാം ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന സ്പീഷീസും പുല്ലും പുൽച്ചാടിയും തേളും പാമ്പും പഴുതാരയും പുഴയും മരവും കിളിപ്പാട്ടുകളുമെല്ലാം ചേർന്ന വലിയൊരു വ്യവസ്ഥയാണ് പരിസ്ഥിതി. അതിനാൽ ജൈവവൈവിധ്യ സംരക്ഷണം ആവശ്യമാണോ ഇല്ലയോ എന്ന ചിന്തയ്ക്കു പ്രസക്തിപോലുമില്ല

ക്ഷമിക്കൂ, ഈ ലേഖനം ലോകത്തിന്റെ പരിസ്ഥിതി സമരചരിത്രം പറയാനുള്ളതല്ല. മറിച്ച് ശാസ്ത്രത്തിന്റെ ചില ആധുനിക രീതികളിലൂടെ ജൈവവൈവിധ്യ പരിപാലനത്തിന് മനുഷ്യവംശം നടത്തുന്ന പ്രോജ്വലമായ ശ്രമങ്ങളെ പരിചയപ്പെടുത്താനാണ്. നമ്മുടെയൊക്കെ പൊതുബോധങ്ങളിൽ ആരോ ആർക്കെതിരെയോ സമരം ചെയ്ത്, ആരോ ആരെയൊക്കെയോ ശത്രുപക്ഷത്ത് നിറുത്തി, പൊരുതി വിജയിക്കേണ്ട സമരശ്രമങ്ങളാണു ജൈവവൈവിധ്യ സംരക്ഷണമെന്നൊരു ചിന്തയാണ് നിലനിൽക്കുന്നത്. നമ്മുടെ ചിന്താരീതിയുടെ ശീലമാണത്. നമുക്കൊരു വില്ലനെ വേണം!

ആ കാലമൊക്കെ കഴിഞ്ഞു, പരിസ്ഥിതിയോ മനുഷ്യനോ എന്നുള്ള ചിന്തയേ അപരിഷ്‌കൃതമായിരിക്കുന്നു. നാം ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന സ്പീഷീസും പുല്ലും പുൽച്ചാടിയും തേളും പാമ്പും പഴുതാരയും പുഴയും മരവും കിളിപ്പാട്ടുകളുമെല്ലാം ചേർന്ന വലിയൊരു വ്യവസ്ഥയാണ് പരിസ്ഥിതി. അതിനാൽ ജൈവവൈവിധ്യ സംരക്ഷണം ആവശ്യമാണോ ഇല്ലയോ എന്ന ചിന്തയ്ക്കു പ്രസക്തിപോലുമില്ല.

ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യുഎൻ പുറത്തിറക്കിയ പോസ്റ്റർ

ജൈവ സംരക്ഷണത്തിന്റെ ചില ആധുനിക രീതികൾ

പ്രകൃതി ഒരേസമയം അതിസങ്കീർണവും അതിലോലവുമായ വ്യവസ്ഥിതിയാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും ജൈവ വൈവിധ്യം നേരിടുന്ന പ്രശ്‌നങ്ങളും അതിസങ്കീർണമാണ്, വളരെ പഠിച്ച് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളുണ്ടതിൽ. കണ്ടലും കാടും കാവും വച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമല്ല പരിസ്ഥിതിയിലുള്ളത്. ഇനി പറയാനൊരുങ്ങുന്നത് പരിസ്ഥിതി രാഷ്ട്രീയമല്ല, മറിച്ച് ആധുനിക ശാസ്ത്രം അതിസങ്കീർണമായ ചില പാരിസ്ഥിതിക പ്രശ്നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്തു, അല്ലെങ്കിൽ ചെയ്യുന്നു എന്നുള്ളതിനെക്കുറിച്ചാണ്.

സീറ്റ് ബെൽറ്റ് മുറുക്കിക്കോളൂ... ഇനി നമുക്ക് നമുക്ക് ആവേശകരമായ ചില ജൈവവൈവിധ്യ സംരക്ഷണ ചരിത്രത്തിലേക്ക് സഞ്ചരിക്കാം.

ജനിതക രക്ഷാപ്രവർത്തനം (Genetic Rescue!)

അമേരിക്കയിൽ 'ഫ്ലോറിഡ പാന്തർ' എന്നൊരിനം ജീവിയുണ്ട് കാട്ടുപൂച്ചയേക്കാൾ വലിപ്പത്തിൽ പുലിയോളം പോന്ന ഒരിനം ജീവി. ഒരുകാലത്ത് തെക്ക് കിഴക്കൻ അമേരിക്കയിൽ വ്യാപകമായി കണപ്പെട്ടിരുന്ന ഫ്ലോറിഡ പാന്തർ പാരിസ്ഥിതിക ശോഷണവും വേട്ടയാടലും മൂലം അംഗസംഖ്യ കുറഞ്ഞ് കിഴക്കേ അമേരിക്കയിലെ വളരെ ചെറിയ ഒരു വനമേഖലയിലേക്ക് ഒതുങ്ങിപ്പോയി.

ഫ്ലോറിഡ പാന്തർ

ഈ സ്പീഷീസിന്റെ നിലനിൽപ്പിന് ഏറ്റവും അപകടകരമായത് വളരെ ചുരുങ്ങിയ സ്ഥലത്ത് ഒതുങ്ങി ജീവിക്കുന്ന കുറച്ച് അംഗങ്ങൾക്കിടയിലെ തുടർച്ചയായ പ്രജനനമാണ്. ജീൻ പൂൾ മിക്സിങ്ങ് നടന്നില്ലെങ്കിൽ വളരെ ചെറിയ ഒരു ജീൻ പൂളിലെ ഓരോ അംഗങ്ങൾക്കും സംഭവിക്കുന്ന ജനിതക വൈകല്യങ്ങൾ (മ്യൂട്ടേഷൻ) തുടർ തലമുറകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും. കാലം പോകുംതോറും ജനിതക തകരാറുകൾ നിറഞ്ഞ ഒരു കൂട്ടമായി ഇങ്ങനെയുള്ള ചെറിയ ഗ്രൂപ്പ് ജീവികൾ എളുപ്പം ചത്ത്‌ തീരും.

വളരെ അപകടകരമായ അവസ്ഥയാണ് അത്. രക്തബന്ധമുള്ളവരുമായുള്ള വിവാഹങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്. ആചാരപരമായും ഭൗമ ശാസ്ത്രപരമായുമല്ലാമുള്ള കാരണങ്ങളാൽ ജീൻപൂൾ മിക്സിങ്ങ് നടക്കാതെ വരുന്നത് മനുഷ്യരിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വയനാട്ടിലെ ചില ആദിവാസി ഗോത്രങ്ങളിൽ സിക്കിൾ സെൽ അനീമിയ എന്ന ഗുരുതര ജനിതക രോഗം പടർന്ന് പരക്കുന്നത്തിന്റെ കാരണം ഇതാണ്.

ഫ്ലോറിഡ പാന്തർ ഒരു ചെറിയ വനമേഖലയിലേക്ക് ഒതുങ്ങിയതോടെ. ജനിതക വ്യതിയാനങ്ങൾ നിരന്തരമായി അടുത്ത തലമുറകളിലേക്ക് പങ്കുവെയ്ക്കപ്പെട്ടു. ചരിഞ്ഞ വാലുകൾ, ഹൃദ്രോഗം, വന്ധ്യത എന്നിങ്ങനെ. 1990 ആയപ്പോഴേക്കും ഫ്ലോറിഡാ പാന്തറുകളുടെ ആകെ എണ്ണം 20-30 മാത്രമായി കുറഞ്ഞു. ജനിതക രോഗാതുരമായി ചത്തുതീരാറായ ഒരു സ്പീഷീസ്.

ഫണ്ടിങ് വന്നു, ജൈവ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളും സയൻസ് ഏജൻസികളും ഈ ജീവവർഗത്തിന്റെ സംരക്ഷണത്തിന് എന്ത് ചെയ്യാൻ പറ്റുമെന്ന് പഠിച്ചപ്പോൾ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് ജനിതക രക്ഷാപ്രവർത്തനം (Genetic Rescue!).

1995 ൽ ഫ്ലോറിഡാ പാന്തറുകളുളോട് ഏറ്റവും അടുത്ത ജനിതക ബന്ധമുള്ള ടെക്‌സാസ് കൂഗാർ (Texas cougars) എന്ന ജീവിയുടെ ആരോഗമുള്ള എട്ട് പെണ്ണിണകളെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൊണ്ടുവന്ന് ഫ്ലോറിഡ പാന്തർ പോപ്പുലേഷനിലേക്ക് ചേർത്തു. പതിയെ പതിയെ ഫ്ലോറിഡ പാന്തറുകളുടെ പുതിയ തലമുറകളിൽ ജനിതക വൈകല്യം കുറഞ്ഞു വന്നു. 1990ൽ അവസാനത്തെ 30 എണ്ണം എന്ന നിലയിൽനിന്ന് 2020 ആയപ്പോഴേക്കും 230 എന്ന സംഖ്യയിലേക്ക് ഫ്ലോറിഡ പാന്തറുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. അസ്സലൊരു ജനിതക രക്ഷാപ്രവർത്തനം !!

ടെക്‌സാസ് കൂഗാർ

ക്രിസ്‌പർ, ജൈവവൈവിധ്യ സംരക്ഷണത്തിൽ ജീൻ എഡിറ്റിങ്!

ഇനി അമേരിക്കൻ ചെസ്‌നട്ട് മരത്തിന്റെ (The American chestnut tree) കഥ പറയാം. വടക്കൻ അമേരിക്കയിലെ പ്രബലമായ വൃക്ഷ ഇനമായിരുന്നു അമേരിക്കൻ ചെസ് നട്ട്. അനേകമനേകം പക്ഷികൾക്കും അണ്ണാറക്കണ്ണനും മാനുകൾക്കുമെല്ലാം ഏറ്റവും വലിയ ഭക്ഷ്യസ്രോതസ്സായിരുന്നു ചെസ്‌നട്ട് കായകൾ. മനുഷ്യരുടെയും ഇഷ്ടഭക്ഷണം!!

കൂറ്റൻ ചെസ്‌നട്ട് മരങ്ങളുടെ കാടുകളിൽ പ്രാണികളും ഉരഗങ്ങളുമെല്ലാം ചേർന്ന സങ്കീർണവും ജൈവസമ്പന്നവുമായ ആവാസവ്യവസ്ഥ നില നിന്നിരുന്നു. 1904ൽ, ന്യൂയോർക്കിലെ ഒരു കാഴ്ചബംഗ്ലാവിൽ പന്തലിച്ചുനിന്ന ചെസ് നട്ട് മരത്തിൽ ആദ്യമായി ഒരു കുമിൾ രോഗം ശ്രദ്ധയിൽപ്പെട്ടു. മരം ഉണങ്ങി പോയി. ചെസ്‌നട്ട് ബ്ലൈറ്റ് (Chestnut blight) എന്ന ഒരിനം ഫംഗസായിരുന്നു രോഗകാരണം. പ്രശ്നം അവിടം കൊണ്ടൊന്നും നിന്നില്ല. അമേരിക്കയിൽ ആകമാനമുള്ള ചെസ്‌നട്ട് മരങ്ങളിൽ ഈ കുമിൾ രോഗം പടർന്നുപിടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ പാതിയായപ്പോഴേക്കും അമേരിക്കയിൽ മാത്രം 400 കോടി ചെസ്‌നട്ട് മരങ്ങളെങ്കിലും ഉണങ്ങിത്തീർന്നു.

അമേരിക്കൻ ചെസ്‌നട്ട് മരം

ഞാനീ പറയുന്നത് മൊത്തം കാടുകൾ നിന്നനിൽപ്പിൽ ഉണങ്ങിവീണ ഭീതിതമായ ചരിത്രമാണ്. (ഇത് വായിക്കുന്ന നിങ്ങളിൽ ചിലർക്കെങ്കിലും കുപ്രസിദ്ധമായ ഐറിഷ് പൊട്ടാറ്റോ ഫാമിൻ ഓർമ വന്നിരിക്കാം അല്ലെ? ഇതുപോലൊരു കുമിൾ രോഗം നിമിത്തം ഉരുളകിഴങ്ങുകൃഷി പാടേ നശിച്ചതിനാൽ 10 ലക്ഷം മനുഷ്യരാണ് ഐറിഷ് ഗ്രാമങ്ങളിൽ പട്ടിണികിടന്ന് മരിച്ചത്). ബയോളജിസ്റ്റുകൾ ചെസ്‌നട്ട് കാടുകൾ സംരക്ഷിക്കാൻ പല മാർഗങ്ങളും നോക്കി. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ശാസ്ത്രമഹാ യുദ്ധം!

കുമിളിനെ പ്രതിരോധിക്കാൻ പല രീതികൾ പരീക്ഷിച്ചു. കൂട്ടത്തിൽ നേരത്തെ പറഞ്ഞ ഫ്ലോറിഡാ പാന്തറുകളുടെ രക്ഷയായ ജനറ്റിക്ക് റെസ്ക്യൂ മാർഗങ്ങൾ പോലും! കുമിൾ ബാധിക്കാതെ ഒരിനം ചെസ്നട്ട് മരങ്ങളുമായി ക്രോസ് പോളിനേഷൻ നടത്തി ഹൈബ്രിഡ് മരങ്ങളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല പുതിയ മരങ്ങളെയും അപകടകാരിയായ കുമിൾ ബാധിച്ചു.

ജൈവ സാങ്കേതിക വിദ്യകൾ ഈ നീണ്ടകാലം കൊണ്ട് വളരെയേറെ മെച്ചപ്പെട്ടു. ജീവവർഗങ്ങളുടെ ജനിതക സീക്വന്സിങ് കൃത്യമായി ശാസ്ത്ര സമൂഹം പഠിച്ചെടുത്തു. ഒരു പ്രത്യേക ജീനിന്റെ ഒരു പ്രത്യേക സവിശേഷതയിൽ മാറ്റം വരുത്തിയാൽ ചെസ്‌നട്ട് ബ്ലൈറ്റ് എന്ന മാരകമായ ഫംഗസിനെ പ്രതിരോധിക്കാമെന്ന് ശാസ്ത്രലോകം കണ്ടെത്തി. എന്നിട്ടും കുറേക്കാലം കാത്തിരിക്കേണ്ടി വന്നു ക്രോമസോമുകളിൽ ജീൻ എഡിറ്റിങ്ങ് ചെയ്യുന്ന 'തന്മാത്രാ കത്രികകൾ*' (molecular scissors) കണ്ടെത്താനും പ്രാവർത്തികമാക്കാനും.

ചെസ്‌നട്ട് ബ്ലൈറ്റ് ഫംഗസ് ബാധിച്ച് ഉണങ്ങിപ്പോയ അമേരിക്കൻ ചെസ്‌നട്ട് മരം

ക്രിസ്പർ (Clustered Regularly Interspaced Short Palindromic Repeats) എന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇത്തരത്തിൽ ജനിതക തിരുത്തലുകൾ വരുത്തുന്നത്. ജീൻ എഡിറ്റിങ് നടത്തിയ ഫംഗസ് പ്രതിരോധ ശേഷിയുള്ള തൈകളെ ടിഷ്യൂ കൾച്ചർ മുഖേന വളർത്തിയെടുത്ത് ചെസ്‌നട്ട് കാടുകളുടെ ഭാഗമാക്കുന്നതാണ് പദ്ധതി. ക്രമേണ രോഗപ്രതിരോധശേഷിയുള്ള ചെസ്‌നട്ട് കാടുകൾ അമേരിക്കയിൽ പ്രൗഢിയോടെ തിരിച്ചുവരുമെന്ന് കരുതാം.

ഹുബാരാ ബാസ്റ്റാർഡ് പക്ഷികളും എവിയൻ റീപ്രൊഡക്ടീവ് ബയോടെക്‌നോളജിയും

വടക്കേ ആഫ്രിക്ക മുതൽ കിഴക്ക് പാകിസ്താൻ വരെയുള്ള ഭൗമമേഖലയിൽ കാലാവസ്ഥമാറ്റങ്ങൾക്കനുസരിച്ച് ദേശാടനം നടത്തി ജീവിക്കുന്ന പക്ഷികളാണ് ഹുബാരാ ബാസ്റ്റാർഡ്. നന്നായി പറക്കുമെങ്കിലും അവ കൂടുതൽ സമയവും നിലത്ത് തന്നെയാണ് ചെലവഴിക്കുക. മാംസത്തിനുവേണ്ടിയും മറ്റും വേട്ടയാടി ഈ പക്ഷികളുടെ എണ്ണം നന്നേ കുറഞ്ഞ് വംശനാശത്തിന്റെ വാക്കോളമെത്തിയതായിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തുന്ന സംരക്ഷണ പരിപാടികളിലൂടെ ഈ പക്ഷിയുടെ വംശം അപകടനില തരണം ചെയ്യുകയാണ്.

സംരക്ഷണ പരിപാടികളിലെ ഏറ്റവും കൂടുതൽ ഫണ്ടിങ്ങ് നടക്കുന്നത് യുഎഇ എമിറേറ്റായ അബുദാബിയിൽനിന്നാണ്. ദേശാടന സ്വഭാവമുള്ളതുകൊണ്ടുതന്നെ അൾജീരിയ മുതൽ അഫ്‌ഗാനിസ്ഥാൻ വരെയുള്ള മേഖയിൽ പലപല ഗവേഷണ സ്ഥാപനങ്ങളും ഹൈടെക്ക് ബ്രീഡിങ്ങ് ഹാച്ചറികളുമാണ് ഈ പക്ഷിക്കുവേണ്ടി പ്രവർത്തിക്കുന്നത്.

ആരോഗ്യമുള്ള ആൺപക്ഷികളുടെ സ്പേം ശേഖരിച്ച് സൂക്ഷിച്ച് കൃത്യമായ ബ്രീഡിങ്ങ് സീസണുകളിൽ മനുഷ്യരിലെ വന്ധ്യതാ ചികിത്സയിൽ ഉപയോഗിക്കുന്ന ഐവിഎഫ് (In Vitro Fertilization) പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ബീജസങ്കലനം നടത്തി പെൺപക്ഷിയിൽ നിക്ഷേപിക്കുന്നു. പക്ഷിയുടെ ആവാസമേഖയിലെ പല പല രാജ്യങ്ങളിലുള്ള ഹാച്ചറികളിൽ ഇൻകുബേറ്റ് ചെയ്ത് വിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ കൃത്യമായി വളർത്തതി ശരിയായ ഋതുക്കളിൽ ദേശാടകരായ മറ്റു പക്ഷികൾക്കൊപ്പം പറത്തിവിടുന്നു. ജിയോടാഗുകൾ ഘടിപ്പിച്ച പക്ഷികളുടെ സഞ്ചാരവും ഗതിയും അപ്പോഴപ്പോൾ നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. മൈഗ്രേഷൻ ട്രാൻസിറ്റ് പോയിന്റുകളിൽ ചില പക്ഷികളെ പിടിച്ച് പരിശോധിച്ച് ആരോഗ്യം ഉറപ്പുവരുത്തുന്നു.

ഹുബാരാ ബാസ്റ്റാർഡ് പക്ഷി

ഒട്ടേറെ ചെലവേറിയ പ്രക്രിയകയാണിത്. മാത്രമല്ല ഇത്രമേൽ ഗംഭീരമായ ഗവേഷണസൗകര്യങ്ങള്‍ വിവിധ രാജ്യങ്ങളിൽ സ്ഥാപിക്കുന്നതിനു ഭൗമരാഷ്ട്രീയത്തിന്റെ കുറെയേറെ നൂലാമാലകൾ അഴിച്ചെടുക്കേണ്ടതുണ്ട്. ദി ഇന്റർനാഷണൽ ഫണ്ട് ഫോർ ഹൗബറ കൺവർസേഷൻ (ഐഎഫ്എച്ച്സി) എന്ന അബുദാബി സർക്കാരിന്റെ ഫണ്ടിങ്ങിലൂടെ മാത്രം നാലു ലക്ഷം പക്ഷികളെ ഈ രീതിയിലൊക്കെ വിരിയിച്ച് പ്രകൃതിയിലേക്കു പറത്തിവിട്ടിട്ടുണ്ട് എന്നറിയുമ്പോഴാണ് ജൈവസംരക്ഷണത്തിനു രാഷ്ട്രങ്ങളും ശാസ്ത്രസമൂഹവും എത്രമേൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.

ഒരു ജീവിയെ ചുമ്മാ അതിന്റെ ആവാസവ്യവസ്ഥയിലേക്കു വളർത്തിവിടുകയല്ല, മറിച്ച് അതിന്റെ ജൈവപരിസരങ്ങളിൽ വന്ന എന്തെന്ത് മാറ്റങ്ങളാണ് ജീവിയെ അപകടകരമായ വംശനാശസാധ്യതയിലേക്ക് തള്ളിവിട്ടിരിക്കുക? അതുപോലെ തന്നെ ഒരു പ്രത്യേക ജീവിവർഗം അതിന്റെ ആവാസ വ്യവസ്ഥയിൽനിന്ന് ഇല്ലാതാകുന്നതോടെ ആ ജൈവമേഖലയ്ക്ക് എന്തൊക്കെയാണ് സംഭവിക്കുക? ഇങ്ങനെയല്ലാമുള്ള പഠനങ്ങളിൽനിന്ന് ഉരുത്തിരിയുന്ന സമഗ്രമായ അറിവുകളിലൂടെയാണ് എന്ത് രീതി, എവിടെ, എങ്ങനെ എന്നൊക്കെയുള്ള തീരുമാനങ്ങൾ എടുക്കുന്നത്.

ആഫ്രിക്കൻ ആനകളുടെ ബിഗ് ഡേറ്റ അനാലിസിസ്

ആഫ്രിക്കൻ പുൽമേടുകളിൽ ഒരുകാലത്ത് സർവസ്വാതന്ത്രത്തോടെ വിഹരിച്ചിരുന്ന ഗജവീരന്മാർ ഇപ്പോൾ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജൈവമേഖലകളിലെ വിഭവശോഷണം, ആനക്കൊമ്പിനുവേണ്ടിയുള്ള വേട്ടയാടൽ, അസുഖങ്ങൾ, മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകൾ എന്നിവ നിമിത്തം ആഫ്രിക്കൻ ആനകളുടെ എണ്ണം വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

എലിഫന്റ് ലിസണിങ് പ്രൊജക്റ്റ് (ഇഎൽപി)

ആഫ്രിക്കൻ ആനകളുടെ സംരക്ഷണത്തിനായി ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ആധുനിക ഡേറ്റ സയൻസിന്റെ സഹായത്തോടെ നടക്കുന്ന സംരക്ഷണ പരിപാടിയുടെ പേരാണ് എലിഫന്റ് ലിസണിങ് പ്രോജക്റ്റ് (ഇഎൽപി)!

ആഫ്രിക്കയിലെമ്പാടും വ്യന്യസിച്ച അനേകം സൗണ്ട് റിസപ്റ്ററുകളിലൂടെ അനേകം ലക്ഷക്കണക്കിന് ആനശബ്ദങ്ങൾ ലൈവായി ശേഖരിച്ച് കൃത്രിമബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് ആനകളുടെ ആശയവിനിമയ രീതി, അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ അപ്പപ്പോൾ മനസ്സിലാക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് ആഫ്രിക്കയിലെമ്പാടുമുള്ള വൈൽഡ് ലൈഫ് ക്യാമറകളിലെ ലൈവ് ദൃശ്യങ്ങളിൽനിന്ന് ഓരോ ആനയുടെയും 'മുഖച്ഛായ' മനസ്സിലാക്കി കമ്പ്യൂട്ടറുകൾ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഓരോന്നിനെയും അതിന്റെ രോഗാവസ്ഥകൾ അടക്കം ട്രാക്ക് ചെയ്യുന്നു .

ആഫ്രിക്കൻ ആനകൾ

വേട്ടക്കാരോ മറ്റോ ഏതെങ്കിലും മേഖലയിലുണ്ടെങ്കിൽ ആനകളിൽ ചിലതിനെയല്ലാം കാണാതാകും. ഭൗമസൂചികകളോടെയുള്ള അപകടസന്ദേശങ്ങൾ ആഫ്രിക്കയിലാകമാനമുള്ള റേഞ്ചർമാർക്കു ലഭിക്കും. ഇതുകൂടാതെ റേഡിയോ കോളർ ലൈവ് ഡേറ്റ ഉപയോഗിച്ച് ആനക്കൂട്ടങ്ങൾ മനുഷ്യരുടെ ആവാസമേഖലകളിലേക്കുവരുന്നത് നേരത്തെ അറിയിക്കുന്നതിലൂടെ മനുഷ്യ- വന്യജീവി സംഘട്ടനം ഒരു പരിധിവരെ തടയാനാകുന്നു. ഇതിൽ ചിലതെല്ലാം നമ്മുടെ നാട്ടിലും പരീക്ഷിച്ചുനോക്കേണ്ടതാണ്.

ഓർക്കുക പൗരന്മാർ ചേർന്നുള്ളതാണ് രാഷ്ട്രങ്ങൾ. പൗരന്റെ ശാസ്ത്രബോധത്തോളം ആധുനികമായ പ്രകൃതിസംരക്ഷണം വേറെയൊന്നുമില്ല

സിറ്റിസൺ സയൻസ്

സിറ്റിസൺ സയൻസ് എന്നത് അത്യാധുനികമായ ആശയമൊന്നുമല്ല. പക്ഷേ നിലവിൽ ശാസ്ത്രത്തിലെ ആധുനിക സങ്കേതങ്ങൾ സമന്വയിപ്പിച്ചതോടെ മറ്റേത് രീതിയോളമോ അതിനെക്കാളേറെയോ സുശക്തമായ പ്രകൃതിസംരക്ഷണ സാധ്യതയായി പൗരശാസ്ത്രം വളർന്നിരിക്കുന്നു. സ്മാർട്ട് ഫോണുകളുടെ വരവോടെയാണ് ഇത് സംഭവിച്ചത്.

ഓരോ ജീവവർഗങ്ങളുടെയും പ്രാദേശികവും കാലികവുമായ സാന്നിധ്യം, അവയുടെ എണ്ണത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ, അവയുടെ ജൈവ മേഖലയിലുണ്ടാവുന്ന മാറ്റം, പലായനം, ദേശാടനം, ചത്തൊടുങ്ങൽ, പെരുകൽ എന്നിവയെല്ലാം റെക്കോർഡ് ചെയ്യുന്നതിനു പഴയ മാതൃകയിൽ ഗവേഷകരുടെ ഫീൽഡ് സർവേകൾ ഒന്നും പോരാതെ വരും.

iNaturalist, eBird, PlantSnap, Merlin Bird ID എന്നിവപോലെയുള്ള സ്മാർട്ട് ഫോൺ ആപ്പുകൾ ഒരേ സമയം സ്പീഷീസുകളെ നിർമിതബുദ്ധികൊണ്ട് തിരിച്ചറിഞ്ഞുനൽകാനും ഒപ്പം അവയുടെ നിരീക്ഷണതീയതി, സമയം ജിയോ ലൊക്കേഷൻ, ചിത്രങ്ങൾ, ശബ്‌ദം എന്നിവയോടൊപ്പം ലോകത്ത് ആർക്കും ലഭ്യമായ രീതിയിൽ മെഗാ ഡേറ്റബേസിലേക്ക് ഉൾച്ചേർക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്.

ജൈവവൈവിധ്യ ഡേറ്റ വിപുലീകരിക്കപ്പെടുന്നതോടൊപ്പം സാധാരണ പൗരന് പാരിസ്ഥിതിക വൈവിധ്യത്തെയും തനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെയും കുറിച്ച് അടിസ്ഥാനപരമായി മനസ്സിലാക്കാനും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടാനും സഹായിക്കുന്നു. ഓർക്കുക പൗരന്മാർ ചേർന്നുള്ളതാണ് രാഷ്ട്രങ്ങൾ. പൗരന്റെ ശാസ്ത്രബോധത്തോളം ആധുനികമായ പ്രകൃതിസംരക്ഷണം വേറെയൊന്നുമില്ല. പരിസ്ഥിതി ദിനാശംസകൾ...

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം