ബ്രണ്ണന്‍ കോളേജ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാലയങ്ങളില്‍ ഒന്നാണ്. എത്രയോ മുസ്ലീം പെണ്‍കുട്ടികള്‍ അവിടെ പര്‍ദ്ദ ധരിച്ചും അതില്ലാതെയും പഠിക്കുന്നു. എന്നാല്‍ മുഖം മറച്ചുപിടിച്ചുകൊണ്ട്, തന്റെ ഐഡന്ററ്റിയെ മറച്ചുപിടിച്ചുകൊണ്ട്, പൊതു സമൂഹത്തില്‍ പ്രത്യേകിച്ച് കൊളേജ് പോലുള്ള സ്ഥലങ്ങളില്‍ ഇടപെടുന്നതെങ്ങനെ? ഇത്തരത്തിലുളള സങ്കുചിത ആവിഷ്‌ക്കാരങ്ങള്‍, പൊതുവില്‍ അന്യവല്‍ക്കരണത്തിന് വിധേയമാകുന്ന മുസ്ലീം സമൂഹത്തിന് എന്താണ് നല്‍കുക?
ഇങ്ങനെയൊക്കെ ചോദിക്കുമ്പോള്‍ വ്യക്തി അവകാശത്തിന്റെ ന്യായവാദങ്ങളാണ് ചിലര്‍ ഉയര്‍ത്തുക. അപ്പോള്‍ മറ്റൊരു ചോദ്യം ഉണ്ട്.
വ്യക്തി സ്വാതന്ത്ര്യവും മതപൗരോഹിത്യ ബോധവും വരുമ്പോള്‍ ഇവര്‍ എന്ത് തിരഞ്ഞെടുക്കും?
സംശയമെന്ത്... മത പൗരോഹിത്യത്തിന്റെ ഇടുങ്ങിയ നിലപാടുകള്‍ തന്നെ.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ പോകുന്നത് കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞപ്പോള്‍ അതിനെതിരെ രംഗത്തുവന്നതില്‍ മത വിശ്വാസികൾ അല്ലാത്തവരും ഉണ്ട്.
ഹിന്ദുത്വത്തെ അംഗീകരിക്കാത്തവരും യാന്ത്രിക യുക്തിവാദികളും ഒഴികെ എല്ലാവരും അതിനെ എതിര്‍ക്കുന്നു. അതിന് കാരണം അത് വ്യക്തിയുടെ ചോയ്സിന്റെ പ്രശ്‌നമാണെന്നത് കൊണ്ടാണ്. ഹിജാബ് നിരോധനത്തിലൂടെ മുസ്ലീം വിരുദ്ധതയുടെ മറ്റൊരു പോര്‍ മുഖം തുറക്കുന്നുവെന്നത് കൊണ്ടാണ്.
ഇനി മറ്റൊരു കാര്യം
ഹിജാബിനെ വ്യക്തി അവകാശമായി ഇന്ത്യയില്‍ കണ്ടവരില്‍ ചിലര്‍ ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ സമരത്തെ കണ്ടതായി നടക്കില്ല. ഇറാനില്‍ വേണ്ടെന്ന് പറയുന്നതിനെ ഇവിടെ വേണമെന്ന് പറയുന്നത് എന്തിനാണെന്നാണ് ഹിന്ദുത്വ ശക്തികള്‍ ചോദിക്കുന്നത്.അപ്പുറത്ത് ചിലര്‍ ചോദിക്കുന്നത് ഇതേ അര്‍ത്ഥം വരുന്ന മറ്റൊരു ചോദ്യമാണ്.
ഇവിടെ ഹിജാബ് വേണമെന്ന് പറയുന്നവര്‍ ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിനൊപ്പമാണ്. അവിടുത്ത സ്ത്രീകള്‍ക്കൊപ്പമാണ്. കാരണം രണ്ടിടത്തും വ്യക്തി അവകാശങ്ങളാണ് പ്രധാനം. മതതീവ്രവാദവും യാഥാസ്ഥിതികത്വവുമാണ് രണ്ടിടത്തും ഇതിനെതിരെ നില്‍ക്കുന്നത് എന്നത് കൊണ്ടാണത്.
ഇറാനില്‍ വേണ്ടെന്ന് പറയുന്നതും ഇന്ത്യയില്‍ വേണമെന്ന് പറയുന്നതും വ്യക്തിയുടെ അവകാശത്തെ വിലമതിക്കുന്നവരാണ്. അതില്‍ ഹിന്ദുത്വക്കാരും, മതത്തിന് സ്ത്രീ വിരുദ്ധ വ്യഖ്യാനം നല്‍കുന്ന യാഥാസ്ഥികരും ഉണ്ടാവില്ല.
ബ്രണ്ണനിലെ പോസ്റ്ററില്‍ കാണുന്നത് വ്യക്തി അവകാശത്തിന്റെ പ്രശ്‌നമല്ലെന്ന് തന്നെയാണ് കരുതുന്നത്.ബഹുസ്വര സമൂഹത്തിന്റെ ഭാഗമാകാന്‍ വിസമ്മതിക്കുന്ന, സമൂഹത്തിന് മുന്നില്‍ നിന്ന് തന്നെ മറച്ചുപിടക്കുന്ന, ഒരു ചിത്രമാണ് അത്. ഹിജാബും നിക്കാബും ഒന്നല്ല. ജീവിക്കുന്ന സമൂഹത്തില്‍ സുതാര്യമായും മുഖം കാണിച്ചു സംവദിക്കാതെ എന്ത് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനമാണ് സാധ്യമാകുക?
ബ്രണ്ണന്‍ കോളെജിലെ ഫ്രറ്റേണിറ്റി നേതാവിന്റെ ചിത്രം അസ്വസ്ഥതയുണ്ടാക്കുന്നത് ഇതുകൊണ്ടൊക്കെയാണ്. അതുപക്ഷെ, പുറത്തേക്ക് നോക്കാതെ തങ്ങളിലേക്ക് മാത്രമായി നോക്കികൊണ്ടിരിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലായി കൊള്ളണമെന്നില്ല.