abortion 
EXPLAINER

ഗർഭച്ഛിദ്രം: ഇന്ത്യയിലെ നിയമങ്ങൾ പറയുന്നത്

ഭേദഗതി ചെയ്ത മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നസി ആക്ട് 2021 സെപ്റ്റംബര്‍ 24 മുതല്‍ പ്രാബല്യത്തില്‍ വന്നു

തൗബ മാഹീൻ

സ്ത്രീകളുടെ അവകാശങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ പിന്നോട്ട് പോകുന്ന കാഴ്ചയാണ് നാം കണ്ടത്. വൻകിട ശക്തിയെന്നും വികസിത രാജ്യമെന്നും അവകാശപ്പെടുമ്പോഴും സ്ത്രീകളുടെ അബോർഷൻ നിയമത്തിൽ അമേരിക്കയുടെ കടന്നുകയറ്റം ലോകം ചർച്ചചെയ്യുകയാണ്. എന്നാൽ ഈ നിയമത്തിൽ ഇന്ത്യയുടെ അവസ്ഥയെന്താണ്? എങ്ങനെയാണ് നിയമം നടപ്പാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം

abortion

നിയമത്തിന്റെ തുടക്കം

രാജ്യത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ ഗർഭച്ഛിദ്രം വ്യാപകമായതോടെ, അതിനെ നിയമവിധേയമാക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാൻ, 1960ൽ കേന്ദ്ര സർക്കാർ ശാന്തിലാൽ ഷാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന്റെ നിയമ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക വശങ്ങള്‍ വിശദമായി പരിശോധിച്ച കമ്മിറ്റി സമഗ്ര നിയമ നിർമാണത്തിന് ശുപാർശ ചെയ്തു. സുരക്ഷിതമല്ലാത്തതും അശാസ്ത്രീയവുമായ ഗർഭച്ഛിദ്രം മൂലം മാതൃമരണ നിരക്ക് കൂടുന്നതിനാൽ, വൈദ്യശാസ്ത്രപരമായ നീക്കം ചെയ്യല്‍ മാത്രം അനുവദിക്കുന്ന 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നസി ആക്ട് (എംടിപി ആക്ട്) പാസാക്കുന്നതിലേക്ക് നയിച്ചത് കമ്മിറ്റിയുടെ ശുപാര്‍ശകളായിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 312, 313 വകുപ്പുകളെ ഒഴിവാക്കുന്നതായിരുന്നു ആക്ട്.

abortion in india

എന്താണ് ഐപിസി 312, 313 വകുപ്പുകൾ?

ഐപിസി 312-ാം വകുപ്പ് പ്രകാരം ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു. മാത്രമല്ല, ഏതെങ്കിലുമൊരു വ്യക്തി ഒരു സ്ത്രീയുടെ ഗര്‍ഭം അലസിപ്പിക്കാൻ കാരണമാകുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയുമോ, അല്ലെങ്കിൽ രണ്ടുംകൂടിയോ അനുഭവിക്കേണ്ട കുറ്റകൃത്യമായിരുന്നു.

ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്തുന്നയാൾക്ക്, അതിപ്പോൾ ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽപോലും ജീവപര്യന്തം തടവോ അല്ലെങ്കിൽ 10 വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് 313ാം വകുപ്പിൽ പറഞ്ഞിരുന്നു.

abortion act

എംടിപി നിയമം നാൾവഴികളിലൂടെ...

ശാന്തിലാൽ ഷാ കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നസി ആക്ടിൽ, പിന്നീട് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. 2021 സെപ്റ്റംബര്‍ 24 മുതല്‍ ഭേദഗതി ചെയ്‌ത്‌ പ്രാബല്യത്തില്‍ വന്ന നിയമം കൂടുതൽ സുതാര്യമാണെങ്കിലും അത് പ്രാവർത്തികമാക്കുന്ന രീതികളിൽ ന്യൂനതകൾ പ്രകടമാണ്. ഈ നിയമ പ്രകാരം വൈദ്യശാസ്ത്രപരമായി ഡോക്ടറിന്റെ നിർദേശമുണ്ടെങ്കിൽ ഗർഭം അവസാനിപ്പിക്കാൻ സാധിക്കും.

tablets

2003-ൽ നിയമം ഭേദഗതി ചെയ്തപ്പോൾ ഗർഭച്ഛിദ്രത്തിനായി കണ്ടെത്തിയ മിസോപ്രോസ്റ്റോൾ എന്ന മരുന്ന് ഉപയോഗിച്ച് ഏഴ് ആഴ്ചകൾക്കുള്ളിൽ ഗർഭം നീക്കം ചെയ്യാമെന്ന പുതിയ നിയമം കൂടി ഉൾപ്പെടുത്തിയെങ്കിലും 2020ലാണ് ഉദാരമായ ഭേദഗതികൾ അവതരിപ്പിച്ചത്. 2021 സെപ്റ്റംബറിൽ നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തു.

abortion

നിയമ ഭേദഗതി പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരുടെ വിദഗ്ദാഭിപ്രായം പരിഗണിച്ച് കൊണ്ട് ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. അതേസമയം 1971ലെ നിയമം അനുസരിച്ച് ഭ്രൂണം 20 ആഴ്ച വളര്‍ച്ചയെത്തുന്നതിന് മുമ്പ് മാത്രമാണ് ഗര്‍ഭച്ഛിദ്രം നടത്താനാവുക. എന്നാല്‍ 2021ല്‍ കൊണ്ടുവന്ന നിയമ ഭേദഗതി പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ 24 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം നടത്താനാവും.

ഭ്രൂണം നീക്കം ചെയ്യാനുള്ള സമയ പരിധി

ഗര്‍ഭം 12 ആഴ്ച പൂര്‍ത്തിയാക്കിയെങ്കില്‍ വൈദ്യശാസ്ത്രപരമായ അലസിപ്പിക്കല്‍ ആവശ്യമാണെന്ന് ഒരു ഡോക്ടര്‍ അഭിപ്രായപ്പെടണമെന്നും, ഗര്‍ഭത്തിന്റെ വളര്‍ച്ച 12 ആഴ്ചയ്ക്കും 20 ആഴ്ചയ്ക്കും ഇടയിലാണെങ്കില്‍ രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായം അനിവാര്യമെന്നുമാണ് പഴയ നിയമം പറയുന്നത്. അതേസമയം, 2021ലെ ഭേദഗതി പ്രകാരം 20 ആഴ്ച വരെയുള്ള ഗര്‍ഭം അവസാനിപ്പിക്കാന്‍ ഒരു ഡോക്ടർ നിർദേശിച്ചാൽ മതിയാകും. 20- 24 വരെ ആഴ്ചകൾക്കിടയിലുള്ള ഗര്‍ഭിണികളുടെ കാര്യത്തിൽ മാത്രമാണ് രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായം ആവശ്യമായി വരിക. എന്നാല്‍ ഗർഭധാരണത്തിനിടെ കാര്യമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാല്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിന്റെ നിർദേശമുണ്ടെങ്കിൽ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭം അവസാനിപ്പിക്കാം.

doctor

ഗര്‍ഭച്ഛിദ്രം; എങ്ങനെയാണ് തീരുമാനമെടുക്കുക

എംടിപി നിയമം രാജ്യത്ത് ഭേദഗതി ചെയ്തപ്പോൾ മുന്നോട്ട് വച്ച പ്രധാന ചട്ടം ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കിൽ ഗര്‍ഭച്ഛിദ്രം ആവാമെന്നതാണ്. ഏതൊക്കെ ഘട്ടങ്ങളിൽ ഡോക്ടര്‍മാർക്ക് തീരുമാനം എടുക്കാമെന്നും അവർ ശ്രദ്ധിക്കേണ്ടതുമായ മാനദണ്ഡങ്ങളും നിയമം കൃത്യമായി അനുശാസിക്കുന്നുണ്ട്. മൂന്ന് മാനദണ്ഡങ്ങളാണ് പ്രധാനമായുള്ളത്.

1 മുന്നോട്ടുള്ള ഗർഭധാരണത്തില്‍ സ്ത്രീയുടെ ജീവന് ആപത്തുണ്ടാകുമെന്ന കണ്ടെത്തൽ

2 സ്ത്രീയുടെ ശാരീരിക-മാനസികാരോഗ്യത്തിൽ ഗർഭം ധരിക്കൽ ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്ന കണ്ടെത്തൽ (ബലാത്സംഗം, ഗർഭനിരോധന മാർഗങ്ങളുടെ പരാജയം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീ ഗർഭിണിയാകുന്നത് അവളുടെ മാനസികാരോഗ്യത്തെ താറുമാറാക്കുന്ന സാധ്യതയായി കണക്കാക്കും)

3 കുട്ടി ജനിച്ച ശേഷം ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന കണ്ടെത്തൽ

24 ആഴ്ച വരെ പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ രണ്ട് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം അനിവാര്യമാണ്.

ഈ പറഞ്ഞ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സ്ഥിരീകരിച്ചാൽ മാത്രമേ ഗർഭം അവസാനിപ്പിക്കാൻ ഡോക്ടർ നിർദേശിക്കുകയുള്ളൂ. എന്നാൽ 24 ആഴ്ച വരെ പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ രണ്ട് മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം അനിവാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ഡോക്ടര്‍മാര്‍ താഴെ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ഗർഭിണിയിൽ കണ്ടെത്തിയാൽ മാത്രമേ ഗർഭം നീക്കം ചെയ്യുകയുള്ളൂ.

1. ലൈംഗികാതിക്രമത്തെ അതിജീവിച്ചവൾ

2. പ്രായപൂർത്തിയാകാത്ത പെൺകുട്ടി

3. ഗർഭ കാലയളവിൽ മാരിറ്റല്‍ സ്റ്റാറ്റസില്‍ ഉണ്ടാകുന്ന മാറ്റം ( ഭർത്താവ് മരണപ്പെടുകയോ, പങ്കാളികൾ തമ്മിൽ വേർപിരിയുകയോ ചെയ്താൽ)

4. ഗർഭാവസ്ഥയിൽ സ്ത്രീക്ക് ശാരീരികമോ മാനസികമോ ആയ പ്രശ്നമുണ്ടെങ്കിൽ

5. ഗർഭാവസ്ഥയിൽ ഭ്രൂണത്തിന് വൈകല്യമുണ്ടെന്നറിഞ്ഞാൽ, അക്കാര്യം ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിൽ കുട്ടിയുടെ ജനനശേഷം സാരമായ മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കില്‍

6. മാനുഷിക പരിഗണന ലഭിക്കേണ്ട സാഹചര്യങ്ങളിലോ ദുരന്തത്തിലോ സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാഹചര്യങ്ങളിലോ ഉള്‍പ്പെട്ട സ്ത്രീ ആണെങ്കിൽ

മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ, ഗർഭിണിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തിരഘട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും ഒരു മെഡിക്കൽ പ്രാക്ടീഷണർക്ക് ഗർഭച്ഛിദ്രം നടത്താമെന്നും നിയമം അനുശാസിക്കുന്നു.

2021ലെ നിയമപ്രകാരം അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രം നടത്താവുന്നതാണ്. നിയമത്തിൽ സ്ത്രീയുടെ പങ്കാളിയുടെ സമ്മതം വേണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. പക്ഷേ ഗർഭിണി പ്രായപൂർത്തിയായിട്ടില്ലെങ്കിൽ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്.

ഇന്ത്യയിൽ നടക്കുന്ന സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഗർഭച്ഛിദ്രങ്ങളുടെ വാർഷിക എണ്ണം 8,00,000 ആണ്

പേര് വെളിപ്പെടുത്തിയാൽ പിടിവീഴും

എംടിപി നിയമത്തിന്റെ 5 എ വകുപ്പനുസരിച്ച് ഗർഭച്ഛിദ്രത്തിന് വിധേയമാകുന്ന സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് നിർബന്ധമാണ്. ഗർഭധാരണം അവസാനിപ്പിച്ച സ്ത്രീയുടെ പേരും മറ്റ് വിശദാംശങ്ങളും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഗർഭിണിയുമായി നിയമപ്രകാരം ബന്ധമുള്ള വ്യക്തിക്ക് മാത്രമേ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതിയുള്ളു.

abortion

എംടിപി നിയമത്തിനെതിരെ ഉയരുന്ന സ്വരങ്ങൾ

എംടിപി നിയമം ഗർഭം നീക്കം ചെയ്യാൻ പൂർണ സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുന്നില്ല. നിയമം അനുശാസിക്കുന്ന കാര്യകാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഗർഭച്ഛിദ്രം നടക്കുകയുള്ളൂ. ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെങ്കിലും ചില ഡോക്ടര്‍മാരും ആശുപത്രികളും ഇന്നും ആ അവകാശത്തെ നിഷേധിക്കാറുണ്ട്. ഗർഭിണിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നു നോക്കിയും അമിത ഫീസ് ഈടാക്കിയും നിയമത്തിന് കരിനിഴലാകുന്നവരും രാജ്യത്തുണ്ട്.

pregnancy

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ മാത്രം ഇന്ത്യയില്‍ 1.56 കോടി അബോര്‍ഷനുകളാണ് നടന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് ഏഴു ലക്ഷമായിരുന്നു. ഇതില്‍ 81 ശതമാനം പേരും ആശുപത്രികളെ സമീപിക്കാതെ സ്വന്തമായി ഗുളികകളെ ആശ്രയിച്ചവരാണ്.

abortion

12.7 മില്യണ്‍ അബോര്‍ഷനുകള്‍ (81%) മെഡിക്കേഷന്‍ വഴിയും, 2.2 മില്യണ്‍ അബോര്‍ഷനുകള്‍ (14%) സര്‍ജറി മൂലവുമായിരുന്നെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 0.8 ദശലക്ഷം (5%) അബോര്‍ഷനുകള്‍ സുരക്ഷിതമല്ലാത്ത മറ്റു മാര്‍ഗങ്ങളിലൂടെയാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമം ഇഷ്ടാനുസരണം ഗർഭച്ഛിദ്രം അനുവദിക്കാത്തതിനാൽ, നിയമവിരുദ്ധമായ ഗർഭച്ഛിദ്രത്തിന് സ്ത്രീകൾ തയ്യാറാവുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഗർഭച്ഛിദ്രങ്ങളുടെ വാർഷിക എണ്ണം 8,00,000 ആണ്. അവയിൽ പലതും മാതൃമരണത്തിനും കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ