EXPLAINER

അമൻ സത്യ കച്ചാരോ; റാഗിങ് നിരോധന നിയമത്തിന് കാരണമായ കൊലപാതകം

അഫ്സാന ഫസൽ എസ്

റാഗിങ്ങിന് പൊതുവെയുള്ള വ്യാഖ്യാനം തമാശയെന്നാണ്. ഇത്തരം തമാശ രൂപങ്ങളിൽ അവതരിപ്പിക്കുന്ന റാഗിങ്ങിന് വിധേയരായിട്ടുണ്ടോ? അനുഭവിക്കുന്നവരെ സംബന്ധിച്ചടത്തോളം അതിലൊരു തമാശയോ പരിചയപ്പെടലിന്റെ സുഖമോ പുതുമയോ ഒന്നുമില്ല.

ക്യാമ്പസുകളിൽ നടത്തിവരുന്ന അതിക്രൂര വിചാരണകളിൽ ചുരുക്കം ചില കേസുകൾ മാത്രമാണ് പുറത്തുവരാറുള്ളത്. അവയിൽ പലതും ഒത്തുതീർപ്പാക്കപെടുകയാണ് പതിവ്, ചിലത് നിസ്സഹായത കൊണ്ട്, മറ്റു ചിലത് പേടി കൊണ്ട്. അതിൽ ഒടുവിലത്തെ ഉദാഹാരണമാണ് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം.

കേസിൽ പിടിയിലായ പ്രതികളുടെയൊക്കെ ചിന്തകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഇപ്പോഴും അവ്യക്തം. അപ്പോഴും അതിശയിപ്പിക്കുന്ന ഘടകം ആ കോളേജിൽ ഒരു ആന്റി റാഗിങ് സെൽ ഉണ്ടായിരുന്നിട്ടുകൂടിയാണ് ഇത്തരത്തിലൊരു സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതെന്നതാണ്, അതും കേരളത്തിലെ ഒരു കോളേജിൽ.

ഇവിടെ ഉയരുന്ന ചോദ്യം രാജ്യത്തെ ക്യാമ്പസുകളിലെ ആന്റി റാഗിങ് സെല്ലുകളുടെ പ്രവർത്തനത്തെപ്പറ്റിയാണ്. കോളേജിലെ ആന്റി റാഗിങ് സെല്ലിൽ ഉൾപ്പെട്ടവർപോലും റാഗിങ്ങിന് നേതൃത്വം കൊടുത്തുവെന്നതാണ് വിരോധാഭാസം. സിദ്ധാർഥന്റെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സമാനമായി പണ്ടൊരിക്കൽ ക്യാമ്പസ് ‘തമാശകളിൽ’ മകൻ നഷ്ടപ്പെട്ട ഒരച്ഛൻ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായിട്ടാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാൻ യുജിസി നിർബന്ധിതരാകുന്നത്.

2009 ലാണ് സംഭവം. ഹിമാചൽ പ്രദേശിലെ ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു പത്തൊൻപതുകാരൻ അമൻ സത്യ കച്ചാരോ. പഠനത്തിൽ മിടുമിടുക്കന്‍, കുടുംബത്തിന്റെ ഏക പ്രതീക്ഷ. പക്ഷേ സീനിയേഴ്‌സിന്റെ ക്രൂരമർദനത്തിനിരയായി തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് അമനെ മരണത്തിലേക്ക് നയിക്കുന്നത്.

അമൻ സത്യ കച്ചാരോ

ഒരുപക്ഷേ പ്രഗത്ഭനായ ഡോക്ടറാകേണ്ടിയിരുന്ന യുവാവിനെ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമാണ് അമന്റെ മരണത്തോടെ ഇല്ലാതായത്. ശക്തമായ പ്രതിഷേധങ്ങളാണ് ഈ സംഭവം മൂലം അന്ന് രാജ്യത്തുണ്ടായത്. നിയമനടപടികളുമായി ഒരംശം പോലും തളരാതെ ശക്തമായി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു അമന്റെ പിതാവ്, രാജേന്ദ്ര കച്ചാരോ. പ്രതിഷേധങ്ങൾ ഫലം കണ്ടു. സർക്കാരിന് വലിയ സമ്മർദ്ദമുണ്ടായി. യുജിസി റാഗിങ് വിരുദ്ധ നിയമം നടപ്പിലാക്കി. കേസിൽ പ്രതികളായ നാല് വിദ്യാർഥികൾക്ക് നാല് വർഷം ജയിൽ ശിക്ഷയും പിഴയും കോടതി വിധിച്ചു. മകന്റെ ഓർമയ്ക്കായി രാജ്യത്തുടനീളം റാഗിങ്ങിഗിന് ഇരയാകുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ‘അമൻ മൂവ്മെന്റ്’ എന്ന റാഗിങ് വിരുദ്ധ സന്നദ്ധ സംഘടനയ്ക്കും രാജേന്ദ്ര കച്ചാരോ രൂപം നൽകി.

രാജേന്ദ്ര കച്ചാരോ (അമൻ മൂവ്മെന്റ്)

ആന്റി റാഗിങ് സെല്ലും പ്രവർത്തനങ്ങളും

പ്രിൻസിപ്പലും അധ്യാപക പ്രതിനിധികളും പോലീസ് ഇൻസ്പെക്ടറും അടങ്ങുന്നതാണ് ഒരു സ്ഥാപനത്തിലെ റാഗിങ് വിരുദ്ധ സമിതി. 2009ലെ യുജിസി നിർദേശപ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശക്തമായ റാഗിങ് വിരുദ്ധ സമിതിയുണ്ടായിരിക്കണം. യുജിസി ജോയിന്റ് സെക്രട്ടറിയാണ് നാഷണൽ ആന്റി റാഗിങ് പ്രോഗ്രാമിന് മേൽനോട്ടം വഹിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകളും പ്രത്യേകം ജീവനക്കാരുമുണ്ട്.

പ്രിൻസിപ്പലും അധ്യാപകപ്രതിനിധികളും പോലീസ് ഇൻസ്പെക്ടറും ഉൾപ്പെട്ട സ്ഥാപനങ്ങളിലെ റാഗിങ് വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് വിദ്യാർഥികളുടെ പരാതികൾ പരിഗണിക്കണമെന്നാണ് യുജിസിയുടെ പ്രധാന നിർദേശം.

റാഗിങ് പരാതി വിദ്യാർഥിയോ മാതാപിതാക്കളോ പോലീസിൽ നൽകിയാലും കോളേജ് അധികൃതർ രേഖാമൂലം നൽകണമെന്ന് കേന്ദ്രനിർദേശവും നിലനിൽക്കുന്നുണ്ട്. എല്ലാത്തിനുമുപരി കോളേജിൽ 'ഒരു തരത്തിലുമുള്ള' റാഗിങ് നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതും ആന്റി റാഗിങ് സെല്ലുകളുടെ ഉത്തരവാദിത്വമാണ്.

കോളേജിലേക്ക് പുതിയ ബാച്ചുകൾ തുടങ്ങുന്ന സമയം തന്നെ ഇവ സംബന്ധിച്ചുള്ള അവശ്യ മാർഗനിർദേശങ്ങൾ വിദ്യാർഥികൾക്ക് നൽകേണ്ടതും അനിവാര്യമാണ്.

ആന്റി റാഗിങ് സെല്ലിന് മുൻപാകെ ഒരു പരാതി വന്നാൽ റാഗിങ് നടത്തിയ ആ വിദ്യാർഥിയെ ഉടൻ തന്നെ ക്ലാസ്സിലേക്കും കോളേജിലേക്കും പ്രവേശിക്കുന്നത് തടയണം. സസ്പെൻഷൻ നടപടികൾ ആരംഭിക്കണം. സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും തടഞ്ഞുവെക്കാം. പരീക്ഷാഫലങ്ങൾ തടഞ്ഞുവെക്കുന്ന നടപടികളും സ്വീകരിക്കണം. റാഗിങ് കേസുകൾ മറച്ചുവെക്കുന്നതായി കണ്ടെത്തിയാൽ സ്ഥാപന മേധാവികളെയടക്കം പ്രൊസിക്യൂട്ട് ചെയ്യണം.

മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനം, വാക്കുകൾകൊണ്ടുള്ള കളിയാക്കൽ, കവർച്ച, ബലപ്രയോഗം തുടങ്ങിയവയെല്ലാം റാഗിങ്ങിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങളാണ്.

റാഗിങ് നടത്തിയാലുള്ള ശിക്ഷ നടപടികൾ

പ്രതികളായി കണ്ടെത്തുന്നവരെ അടിയന്തരമായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്താക്കും, മൂന്ന് വര്‍ഷം വരെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കില്ല. ഏറ്റവും കുറഞ്ഞത് രണ്ടു വർഷംവരെ തടവും പിഴയുമാണ് ശിക്ഷ. പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപന മേധാവിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും. അതേസമയം പരാതി അവഗണിക്കുകയാണെങ്കിൽ പ്രതിക്ക് നൽകുന്ന അതേ ശിക്ഷ തന്നെ മേധാവികൾക്കും ലഭിക്കും.

നിയമസംവിധാനം ദുർബലമായി തുടരുന്നതിനാലാണ് രാജ്യത്ത് സിദ്ധാർത്ഥനെ പോലെയുള്ള വിദ്യാർഥികൾ മരണത്തിന് കീഴടങ്ങുന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ റാഗിങ് വിരുദ്ധ നിയമം രാജ്യത്തുടനീളം കർശനമായി നടപ്പാക്കുകയാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും