EXPLAINER

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഫെഡറലിസത്തിൽനിന്ന് കേന്ദ്രീകൃത സംവിധാനത്തിലേക്കുള്ള മാറ്റത്തിൻ്റെ തുടക്കമോ?

വെബ് ഡെസ്ക്

വിവിധ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷത്തിന്റേയും എതിർപ്പുകള്‍ മറികടന്ന് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാൻ കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശീതകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇതോടെ മോദി സർക്കാറിൻ്റെ പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. തീരുമാനം നടപ്പിലാകുകയാണെങ്കിൽ രാജ്യത്തെ ഫെഡറലിസത്തെ ദുർബലപ്പെടുത്തുമെന്നുള്ളതാണ് പ്രധാന ആശങ്ക. ജി എസ് ടി അടക്കം സമീപ കാലത്ത് നടപ്പിലാക്കിയ പല കേന്ദ്രീകൃത നയങ്ങളുടെ തുടർച്ചയായും ഇതിനെ കാണാം. ഇത് ഫെഡറൽ സംവിധാനത്തിൽനിന്ന് ഒരു കേന്ദ്രീകൃത, യൂണിറ്ററി വ്യവസ്ഥയിലേക്ക് പരിവർത്തിപ്പിക്കുന്നതിൻ്റെ മറ്റൊരു ചുവടാണെന്നാണ് പ്രധാന വിമർശനം.

2014 ല്‍ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ നാള്‍ മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ചെലവുചുരുക്കി പൊതുപണം ലാഭിക്കുകയെന്നതാണ് കേന്ദ്രം ഉയർത്തിക്കാണിക്കുന്ന പ്രധാന നേട്ടം.

എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പാർട്ടികള്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ എതിർപ്പ് വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ആശയം പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ദേശീയ-സംസ്ഥാന തലങ്ങളില്‍ ചർച്ച ചെയ്യുന്ന വിഷയങ്ങള്‍ വ്യത്യസ്തമായിരിക്കെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാകുമ്പോള്‍ ദേശീയ വിഷയങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുമെന്നും വോട്ടർമാർ സ്വാധീനിക്കപ്പെടുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

അനുകൂലികളും പ്രതികൂലിക്കുന്നവരും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയ 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് മാതൃകയില്‍ തിരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും പറഞ്ഞിരുന്നു.

എന്താണ് യഥാർത്ഥത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ചിലവ് ചുരുക്കുന്നതിന് അപ്പുറം ഇതിലെ രാഷ്ട്രീയം എന്താണ്. ഇത് ഫെഡറൽ സംവിധാനത്തെയും രാജ്യത്തെ രാഷ്ട്രീയ വൈവിദ്ധ്യത്തെയും എങ്ങനെയാണ് ബാധിക്കുക?

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്?

രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. അതായത് ലോക്സഭ, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക.

വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഈ നയം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് സജീവമാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ഇതേക്കുറിച്ച് പഠിക്കാൻ നിയമിക്കുകയും എന്തൊക്കെ നിയമ ഭേദഗതികളാണ് ഇതിന് വേണ്ടിവരിക എന്ന് നിർദ്ദേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സമിതി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോർട്ടിനാണ് ഇപ്പോൾ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയം രണ്ടു ഘട്ടമായി പ്രാവര്‍ത്തികമാക്കാനാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താം. തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമകമ്മിഷന്‍ സമര്‍പ്പിച്ച 170-ാം റിപ്പോര്‍ട്ട് മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. 1999ലായിരുന്നു ഈ റിപ്പോര്‍ട്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ 2015 ന് ശേഷം മൂന്ന് സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2015ല്‍ നിയമ-നീതിന്യായ പര്‍ലമെന്ററി സറ്റാന്‍ഡിങ് കമ്മിറ്റിയും 2017 ല്‍ നിതി ആയോഗും 2018ല്‍ നിയമകമ്മിഷനും. ഇവയെല്ലാം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം പരിഗണിക്കണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നു.

നിലവില്‍ കേന്ദ്രത്തിലും ഓരോ സംസ്ഥാനങ്ങളിലും അതത് സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതനുസരിച്ച് ഒരു വര്‍ഷം ശരാശരി അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും അഞ്ച് വര്‍ഷത്തില്‍ നടക്കണം. ഇതെല്ലാം ഒരുമിച്ച് നടത്താനാണ് സർക്കാരിന്റെ ആലോചന. ഓരോ തിരഞ്ഞെടുപ്പ് നടത്തിപ്പിനുമുള്ള ചെലവ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണച്ചെലവ് എന്നിങ്ങനെ നോക്കിയാല്‍ പണച്ചെലവ് ഏറെയാണ്.

മുന്‍പ് 1951-52, 1957, 1962, 1967 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഒഴിയുന്നതും പുതിയ സംസ്ഥാന രൂപീകരണവുമടക്കമുള്ള കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് പിന്നീട് പല സംസ്ഥാനങ്ങളിലും പല സമയത്തായി.

ഒറ്റ തിരഞ്ഞെടുപ്പിന്റെ നേട്ടങ്ങള്‍

ചെലവ് ചുരുക്കല്‍ തന്നെയാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി ചെലവ് കുറച്ച് പൊതു പണം ലാഭിക്കാം. രണ്ടാമതായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. ഇത് വികസനോന്മുകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമെന്നാണ് അവകാശവാദം.

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഭരണപരമായ ചുമതലകളെ ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഭരണപരമായ സജ്ജീകരണങ്ങള്‍, സുരക്ഷാ സേനകളുടെ അമിത ജോലി എന്നിവ ലഘൂകരിക്കാമെന്നും സര്‍ക്കാര്‍ നയങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാനും ഒറ്റ തിരഞ്ഞെടുപ്പ് സഹായിക്കും. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി വോട്ടിങ് ശതമാനം കൂട്ടാം എന്ന നേട്ടവും ചൂണ്ടിക്കാട്ടുന്നു. ഒറ്റത്തവണ വോട്ടുചെയ്താല്‍ മതിയെന്നത് വോട്ടര്‍മാര്‍ക്ക് സൗകര്യമാകുമെന്നാണ് അഭിപ്രായം.

ഫെഡറിലസത്തെയും ജനാധിപത്യത്തെയും എങ്ങനെ ബാധിക്കും?

ഒറ്റ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രേരിതമെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാനവാദം. പഞ്ചായത്ത്, സംസ്ഥാന ദേശീയം തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളാണ് സാധാരണ തിരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുക. ഒറ്റതിരഞ്ഞെടുപ്പ് വരുമ്പോള്‍ ദേശീയ വിഷയം വോട്ടര്‍മാരെ കൂടുതല്‍ സ്വാധിനിച്ചേക്കാം എന്നും സംസ്ഥാന- പ്രദേശിക ഭരണം നിശ്ചയിക്കുന്ന വിധിയെഴുത്തുകളെ അത് സ്വീധീനിക്കാമെന്നും ആശങ്കയുണ്ട്.

പ്രാദേശിക പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കഴിയുമോ എന്ന ഭയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നോട്ടുവയ്ക്കുന്നു. അതായത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചയാകുന്നതിന് പകരം രാഷ്ട്രീയം കേന്ദ്രത്തിലെ പൊതുവിഷയങ്ങളിലേക്ക് ചുരുങ്ങും. ഇത് ഫെഡറലിസത്തിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണ്.

ജിഎസ്ടി, ഒരു രാജ്യം ഒരു റേഷൻ കാർഡ് , ഒരു രാജ്യം ലൈസൻസ് തുടങ്ങിയ പരിഷ്ക്കാരങ്ങളുടെ തുടർച്ചായി മാത്രമെ പുതിയ നീക്കത്തെയും കാണാൻ കഴിയൂ

പ്രായോഗിക ബുദ്ധിമുട്ട്

എളുപ്പമെന്ന് തോന്നുമെങ്കിലും പ്രായോഗിക തലത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട് ഒറ്റ തിരഞ്ഞെടുപ്പിന്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വരുത്തേണ്ട ഭരണഘടനാ ഭേദഗതിയും നിയമ ഭേദഗതിയും നിരവധിയാണ്. ഭരണഘടനയിലെ അഞ്ച് അനുച്ഛേദങ്ങളും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യണം. സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എന്തു ചെയ്യും, ഉപതിരഞ്ഞെടുപ്പുകള്‍ വന്നാൽ എങ്ങനെ നടത്തും തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണം. ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിലവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാത്ത സര്‍ക്കാരുകളുടെ ഭാവിഎന്താണ് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

2022 ഡിസംബറില്‍ 22ാം നിയമ കമ്മിഷന്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ് സെറ്റ് ചോദ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടും വിദഗ്ധരോടും അക്കാദമീഷ്യന്‍മാരോടും ഉദ്യോഗസ്ഥരോടുമായിരുന്നു ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ഇനിയും വന്നിട്ടില്ല. നയം നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുക ഏറെ പ്രധാനമാണ്.

ജിഎസ്‌ടി, ഒരു രാജ്യം ഒരു റേഷൻ കാർഡ് , ഒരു രാജ്യം ഒരു ലൈസൻസ് തുടങ്ങിയ പരിഷ്കാരങ്ങളുടെ തുടർച്ചായി മാത്രമെ പുതിയ നീക്കത്തെയും കാണാൻ കഴിയൂ. അത് ഫെഡറിലസത്തെ ദുർബലപ്പെടുത്തുന്നതാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും