EXPLAINER

എങ്ങനെ ദേശീയ പാർട്ടിയാകാം?

രാജ്യത്ത് നിലവിൽ ആറ് പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി, ദേശീയ പാർട്ടിയായാൽ നിരവധി ആനുകൂല്യങ്ങളും ലഭിക്കും

വെബ് ഡെസ്ക്

ഒരു പാർട്ടിയെ ദേശീയ പാർട്ടി ആയി അംഗീകരിക്കണമെങ്കിൽ അതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരവ് രാജ്യത്ത് നിലനിൽക്കുന്നുമുണ്ട്. ഈ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കാലാകാലങ്ങളിൽ തീരുമാനം എടുക്കേണ്ടത്.

എന്താണ് ദേശീയ പാർട്ടി ?

ഒരു പ്രത്യേക സംസ്ഥാനത്തോ, പ്രദേശത്തോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രാദേശിക പാർട്ടിക്ക് വിപരീതമായി ദേശീയമായി സാന്നിധ്യമുള്ള ഒരു പാർട്ടിയാകും 'ദേശീയ പാർട്ടി' എന്നറിയപ്പെടുക. ഇങ്ങനെ ദേശീയ പാർട്ടിയാകാനുള്ള സ്വാധീനം നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ട് വിഹിതവും സീറ്റ് എണ്ണവും കണക്കാക്കിയാണ്. അതായത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇവയ്ക്ക് പ്രാതിനിധ്യം വേണമെന്നില്ല. മറിച്ച് ഒരു സംസ്ഥാനത്ത് സമ്പൂർണ ആധിപത്യം ഉണ്ടെന്നും അവിടുത്തെ മുഴുവൻ സീറ്റിലും ജയിച്ചാലും ആ പാർട്ടിക്ക് ദേശീയ പദവി ലഭിക്കണമെന്നും ഇല്ല. തമിഴ്‌നാട്ടിലെ ഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി, തുടങ്ങിയ പാർട്ടികൾ സംസ്ഥാനത്ത് വലിയ ആധിപത്യം തുടരുന്നവരാണെങ്കിലും ഇപ്പോഴും പ്രാദേശിക പാർട്ടികളായി തന്നെയാണ് തുടരുന്നത്.

ഒരു ദേശീയ പാർട്ടിയെ എങ്ങനെയാണ് നിർവചിക്കുക ?

ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ചിലപ്പോൾ ഒരു പാർട്ടിക്ക് അതിന്റെ ദേശീയ പാർട്ടി പദവി നേടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. വ്യവസ്ഥകൾ ഇവയാണ്

1. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ അംഗീകൃത പാർട്ടിയാകണം.

2. തൊട്ടടുത്ത ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ ആറ് ശതമാനമെങ്കിലും വോട്ട് വിഹിതമുണ്ടാകണം. ലോക്സഭയിൽ കുറഞ്ഞത് നാല് എം പിമാരെങ്കിലും ഉണ്ടാകണം.

3. ലോക്സഭയിലെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും സീറ്റിൽ, മൂന്നിൽ കുറയാത്ത സംസ്ഥാനങ്ങളിൽ നിന്നായി, വിജയിക്കണം.

സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ

1. അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് അറ് ശതമാനം വോട്ട് വിഹിതവും രണ്ട് എംഎൽഎമാരും ഉണ്ടാകണം.

അല്ലെങ്കിൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്ത് നിന്ന് ആറ് ശതമാനം വോട്ട് വിഹിതവും ആ സംസ്ഥാനത്ത് നിന്ന് കുറഞ്ഞത് ഒരു എംപിയും ഉണ്ടായിരിക്കണം.

2. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം സീറ്റുകളുടെ കുറഞ്ഞത് മൂന്ന് ശതമാനം അല്ലെങ്കിൽ മൂന്ന് സീറ്റുകൾ. (ഏതാണോ കൂടുതൽ അത്.)

3. ഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എം പി.

4. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്സഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാനത്ത് നിന്നുള്ള മൊത്തം സാധുതയുള്ള വോട്ടിന്റെ കുറഞ്ഞത് എട്ട് ശതമാനമെങ്കിലും നേടിയിരിക്കണം.

മറ്റ് മാനദണ്ഡങ്ങൾ

വോട്ട് വിഹിതവും സീറ്റും സംബന്ധിച്ച മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് പുറമെ, ദേശീയ- സംസ്ഥാന പദവി ലഭിക്കാന്‍ മറ്റുചില കാര്യങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും.

  • സാമ്പത്തിക നില- പാര്‍ട്ടിക്ക് സ്ഥിരം ഓഫീസും രജിസ്റ്റര്‍ ചെയ്ത ഭരണഘടനയും വേണം. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.

  • രാഷ്ട്രീയ പ്രവര്‍ത്തനം- ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കണം

  • സംഘടനാ സംവിധാനം- കൃത്യമായ സംഘടനാ സംവിധാനം ഉണ്ടായിരിക്കണം. നേതൃത്വത്തിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കണം

ദേശീയ പാര്‍ട്ടിയായാലുള്ള ഗുണം

ദേശീയ പാർട്ടി പദവി ലഭിച്ചാൽ പലഗുണങ്ങളുണ്ട് പാർട്ടികൾക്ക് പ്രധാനപ്പെട്ടത് ചുവടെ

  • ദേശീയ പാര്‍ട്ടിയായാല്‍ സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കും. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പിലും ഈ ചിഹ്നം ഉപയോഗിക്കാം. മറ്റാര്‍ക്കും ഈ ചിഹ്നം ഉപയോഗിക്കാനാകില്ല.

  • തിരഞ്ഞെടുപ്പ് സമയത്ത് റേഡിയോയിലും ടെലിവിഷനിലും കൂടുതല്‍ സമയം അനുവദിക്കപ്പെടും.

  • ദേശീയ പാര്‍ട്ടിക്ക് രാജ്യത്ത് എവിടെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതുവഴി കൂടുതല്‍ ഇടങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാം.

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 40 സ്റ്റാര്‍ പ്രചാരകരെ ഉപയോഗിക്കാം. അംഗീകാരമില്ലാത്ത പാര്‍ട്ടിക്ക് 20 പേരെ വരെയേ ഉള്‍പ്പെടുത്താനാകൂ. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മൊത്തം ചെലവില്‍ സ്റ്റാര്‍ പ്രചാരകരുടെ ചെലവ് ഉള്‍പ്പെടില്ലാ എന്നതാണ് പ്രത്യേകത.

  • ദേശീയ ആസ്ഥാനം പണിയാന്‍ സര്‍ക്കാര്‍ സ്ഥലമനുവദിക്കും.

  • നാമനിര്‍ദേശ പത്രികയില്‍ ഒരു പ്രൊപ്പോസര്‍ മതിയാകും

ഇപ്പോൾ സംഭവിച്ചത്?

2014 , 2019 പൊതു തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം പരിഗണിച്ചാണ് പദവികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുനർനിശ്ചയിച്ചത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), എഎപി എന്നിങ്ങനെ ആറ് പാർട്ടികൾക്കാണ് ദേശീയ പാർട്ടി പദവി. എഎപി പുതുതായി പട്ടികയിലെത്തിയപ്പോൾ, നേരത്തെയുണ്ടായിരുന്ന സിപിഐ, തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയെ ദേശീയ പാർട്ടി പദവിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്