EXPLAINER

ഗുണ്ടാത്തലവനായ എംഎല്‍എ, കൊലപാതകമടക്കം 60 ക്രിമിനല്‍ കേസ്, എട്ടെണ്ണത്തിൽ ശിക്ഷ; ആരാണ് യു പി ജയിലിൽ മരിച്ച മുഖ്താർ അൻസാരി?

ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പഠനകാലത്താണ് അൻസാരി രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്

വെബ് ഡെസ്ക്

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നീ കുറ്റങ്ങൾ ഉള്‍പ്പെടെ 63 ക്രിമിനല്‍ കേസുകൾ...എട്ട് കേസുകളിൽ ശിക്ഷ... ഗുണ്ടാത്തലവൻ മാത്രമല്ല കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ ജയിലിൽ മരിച്ച മുഖ്താര്‍ അന്‍സാരി. അദ്ദേഹമൊരു രാഷ്ട്രീയക്കാരൻ കൂടിയാണ്. ഒന്നും രണ്ടുമല്ല അഞ്ച് തവണയാണ് അന്‍സാരി യു പി നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അറുപത്തിയൊന്നുകാരനായ മുഖ്താര്‍ അന്‍സാരിയുടെ മരണം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ യു പി നിയമസഭാ അംഗമായ മുഖ്താർ അന്‍സാരി എങ്ങനെയാണ് ഗുണ്ടാത്തലവനായത്. അദ്ദേഹത്തിന്റെ മരണം സ്വഭാവികമാണോ? സംഭവത്തിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും ബി എസ് പിയും ഉൾപ്പെടെയുള്ള യു പിയിലെ പ്രതിപക്ഷ പാർട്ടികൾ.

ആസൂത്രിത കൊലപാതകമെന്ന് കുടുംബം

യു പിയിലെ ബാന്ദയിലെ ജയിലില്‍ തടവിൽ കഴിയവെയാണ് മുഖ്താര്‍ അന്‍സാരിയുടെ മരണം. ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ജയിൽ അധികൃതരും ബാന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങളും പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചിരിക്കുകയാണ് അൻസാരിയുടെ കുടുംബം.

കഴിഞ്ഞദിവസം റംസാൻ നോമ്പ് അവസാനിപ്പിച്ചശേഷം ആരോഗ്യനില വഷളായതിനെത്തുടർന്ന് അൻസാരിയെ ബാന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ ജയിലിലെത്തി നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമുണ്ടെന്ന് സംശയിച്ചതിനെത്തുടർന്നായിരുന്നു ഇത്.

മുഖ്താറിനെ വ്യാഴാഴ്ച രാത്രി 8.25ഓടെ ഛർദ്ദിയാണെന്ന് കാണിച്ച് അബോധാവസ്ഥയിൽ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ ജയിൽ അധികൃതർ എത്തിച്ചതായും പിന്നാലെ ഹൃദയസ്തംഭനം മൂലം മരിച്ചതായുമാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.

എന്നാൽ അൻസാരിക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേത്തുടർന്ന് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യു പി സർക്കാർ. ബാന്ദ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റി (ബാന്ദയിലെ എംപി-എംഎൽഎ കോടതി)നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

മുഖ്താര്‍ അന്‍സാരിയുടേത് സ്വഭാവിക മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് മകൻ ഉമർ അൻസാരിയും സഹോദരൻ അഫ്‌സൽ അൻസാരിയും ആരോപിക്കുന്നത്. ജയിലിൽവച്ച് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയെന്ന് അഫ്‌സൽ അൻസാരി ആരോപിച്ചു.

തന്റെ കക്ഷിക്ക് ജയിലിൽ വച്ച് 'സ്ലോ പോയ്‌സൺ' നൽകിയെന്നും ആരോഗ്യനില വഷളായെന്നും മാർച്ച് 21 ന് ബാരാബങ്കി കോടതിയിൽ നടന്ന ഒരു കേസിന്റെ വാദം കേൾക്കലിനിടെ മുഖ്താര്‍ അൻസാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.

ആരാണ് മുഖ്താര്‍ അന്‍സാരി?

ഉത്തർപ്രദേശിലെ ഘാസിപൂരിൽ 1963 ജൂൺ 30നായിരുന്നു മുഖ്താർ അൻസാരിയുടെ ജനനം. പിതൃപിതാമഹൻ ഡോ. മുഖ്താർ അഹമ്മദ് അൻസാരി സ്വാതന്ത്ര്യസമര സേനാനിയും 1927-28 കാലഘട്ടത്തിൽ കോൺഗ്രസ് പ്രസിഡൻ്റുമായിരുന്നു. ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ സ്ഥാപക അംഗങ്ങളിലൊരാളും മുൻ വൈസ് ചാൻസലറുമായിരുന്നു അദ്ദേഹം. 'നൗഷേരയുടെ സിംഹം' എന്നറിയപ്പെടുന്ന ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ അൻസാരി മാതൃപിതാമഹനാണ്. മഹാവീര ചക്ര പുരസ്‌കാര ജേതാവായിരുന്നു ഇദ്ദേഹം. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കും കുടുംബവുമായി ബന്ധമുണ്ട്.

മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി മൗ സീറ്റിൽനിന്നുള്ള എംഎൽഎയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ പി രാജ്ഭറിൻ്റെ നേതൃത്വത്തിലുള്ള സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി സ്ഥാനാർഥിയായാണ് അഫ്സൽ ജയിച്ചത്. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മന്ത്രിയാണ് രാജ്ഭർ.

സഹോദരൻ അഫ്സൽ അൻസാരി ഘാസിപൂരിൽനിന്നുള്ള ബി എസ് പി എംപിയാണ്. മറ്റൊരു സഹോദരൻ സിബ്ഗത്തുള്ള അൻസാരി മുഹമ്മദാബാദിൽനിന്ന് രണ്ട് തവണ മുൻ എംഎൽഎയായി വിജയിച്ചയാളാണ്. സിബ്ഗത്തുള്ളയുടെ മകൻ സുഹൈബ് അൻസാരി എസ് പിനേതാവും മുഹമ്മദാബാദിലെഎം എൽ എയുമാണ്. 

മുഖ്താര്‍ അന്‍സാരി

ബനാറസ് ഹിന്ദു സര്‍വകലാശാല(ബിഎച്ച്‌യു)യിലെ പഠനകാലത്താണ് മുഖ്താര്‍ അന്‍സാരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1995ല്‍ വിദ്യാര്‍ത്ഥി യൂണിയനിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ അന്‍സാരി തൊട്ടടുത്ത വര്‍ഷം എംഎല്‍എയായി നിയമസഭയിലെത്തി. രണ്ട് തവണ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി ) ടിക്കറ്റിലാണ് മത്സരിച്ചത്. ഈ സമയമൊക്കെയും ഗുണ്ടാത്തലവനെന്ന നിലയിലും മുഖ്താര്‍ അന്‍സാരി കുപ്രസിദ്ധനായിരുന്നു.

ആദ്യവട്ടം എംഎല്‍എയായതോടെ അന്‍സാരി പൂര്‍വഞ്ചല്‍ മേഖലയിലെ മുഖ്യ എതിരാളിയായ ബിജെപിയുടെ ബ്രിജേഷ് സിങ്ങിന് വെല്ലുവിളിയായി ഉയര്‍ന്നു. തന്റെ എതിരാളിയെ വീഴ്ത്താന്‍ സിങ്ങ് 2002ല്‍ വാഹനവ്യൂഹത്തില്‍ പതിയിരുന്ന് ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ അന്‍സാരിയുടെ മൂന്ന് അനുയായികള്‍ കൊല്ലപ്പെട്ടു. തിരിച്ചടിയിൽ സിങ്ങിന് സാരമായ പരുക്കേറ്റിരുന്നു. പിന്നാലെ സിങ് മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും അത് തെറ്റാണെന്ന് വൈകാതെ സ്ഥിരീകരിക്കപ്പെട്ടു.

ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ പിന്നെയും തുടര്‍ന്നു. 2002ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്താര്‍ അന്‍സാരിയുടെ സഹോദരൻ അഫ്സൽ അന്‍സാരിക്കെതിരെ മത്സരിച്ച ബിജെപി നേതാവ് കൃഷ്ണാനന്ദ് റായിക്കുവേണ്ടി ബ്രിജേഷ് സിങ് സജീവമായി രംഗത്തിറങ്ങി. മുഹമ്മദാബാദ് മണ്ഡലത്തില്‍നിന്ന് അഞ്ച് തവണ എംഎല്‍എയുമായ അഫ്സൽ അന്‍സാരി ആ തിരഞ്ഞെടുപ്പിൽ തോറ്റു.

2005ല്‍ കൃഷ്ണാനന്ദ് റായിയെ ആറ് അനുയായികള്‍ക്കൊപ്പം പൊതുസ്ഥലത്ത് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. എ കെ 47 തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 400 വെടിയുണ്ടകളാണ് സംഭവസ്ഥലത്തുനിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഈ സമയം കലാപക്കേസില്‍ മുഖ്താർ അന്‍സാരി ജയിലിലായിരുന്നു. പക്ഷേ കൊലപാതകത്തില്‍ അന്‍സാരി സഹോദരങ്ങള്‍ക്ക് പങ്കുണ്ടായിരുന്നു ആരോപണം. കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2023 ഏപ്രിലില്‍ മുഖ്താർ അൻസാരിയെ 10 വര്‍ഷത്തെ തടവിന് എംപി-എംഎല്‍എ കോടതി ശിക്ഷിച്ചു.

2007ലാണ് മുഖ്താര്‍ അന്‍സാരിയും സഹോദരന്‍ അഫ്‌സലും ബി എസ് പിയില്‍ ചേരുന്നത്. 2009ല്‍ ജയിലില്‍ കഴിയവേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഖ്താർ അന്‍സാരി ബിജെപിയുടെ മുരളി മനോഹര്‍ ജോഷിയോട് പരാജയപ്പെട്ടു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരിൽ മുഖ്താറിനെയും അഫ്‌സലിനെയും ബി എസ് പി 2010ല്‍ പുറത്താക്കി.

എന്നാൽ അന്‍സാരി സഹോദരങ്ങള്‍ രാഷ്ട്രീയം വിട്ടുപോകാന്‍ തയ്യാറായില്ല. ഇരുവരും ചേര്‍ന്ന് ഖ്വാമി ഏക്‌താ ദള്‍ (ക്യു ഇ ഡി) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 2014ല്‍ വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച മുഖ്താർ പരാജയപ്പെട്ടു. 2016ല്‍ തിരികെ ബി എസ് പിയിലെത്തിയ മുഖ്താർ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൗ നിയോജക മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1997 മുതൽ 2022 വരെ അഞ്ച് തവണ ഇതേ മണ്ഡലത്തെയാണ് മുഖ്താർ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

കേസുകളും ശിക്ഷയും

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങിയവ ഉള്‍പ്പെടെ 63 ക്രിമിനല്‍ കേസുകളാണ് മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ളത്. പല കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും എട്ട് ക്രിമിനല്‍ കേസുകളിലെങ്കിൽ ശിക്ഷിക്കപ്പെട്ട് 2022 മുതല്‍ മുഖ്താർ ജയിലിൽ കഴിയുകയാണ്. 1991ല്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരന്‍ അവദേഷ് റായിയെ കൊലപ്പെടുത്തിയ കേസില്‍ അന്‍സാരിയെ കഴിഞ്ഞ ജൂണില്‍ ശിക്ഷിച്ചു. വ്യാജ ആയുധ ലൈസന്‍സ് കേസില്‍ ഈ മാസം 13ന് മുഖ്താറിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

2022 സെപ്റ്റംബര്‍ മുതല്‍ ബാന്ദ ജയിലിലായിരുന്നു ഇദ്ദേഹം. രണ്ട് വര്‍ഷം പഞ്ചാബ് ജയിലിലും കഴിഞ്ഞിരുന്നു. യു പി പോലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടകളുടെ പട്ടികയില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ടായിരുന്നു. മുഖ്താറിന്റെ മകനും എംഎല്‍എയുമായ അബ്ബാസ് അന്‍സാരിയും ക്രിമിനല്‍കേസുകളില്‍ ശിക്ഷപ്പെട്ടയാളാണ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം