EXPLAINER

തുടക്കം സേവന സംഘടനയായി, ഒടുവിൽ പലസ്തീൻ വിമോചനത്തിനുള്ള സായുധസംഘം; എന്താണ് ഹമാസ് ?

വെബ് ഡെസ്ക്

ലോകം വീണ്ടുമൊരു യുദ്ധസാഹചര്യത്തിന്റെ കാഴ്ചക്കാരാവുകയാണ്. പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധസംഘമായ ഹമാസ് ഇസ്രയേലിൽ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ സ്ഥിതി പ്രവചനാതീതം. ഇസ്രയേലിനെതിരെ ഓപ്പറേഷൻ അൽ-അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് കര, കടൽ, വ്യോമ മാർഗങ്ങളിൽ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇതോടെ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണത്തിന് തുടക്കമിട്ടു. ഇരുഭാഗത്തും കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഇസ്രയേൽ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട് ഹമാസിനും. സേവന പ്രവർത്തനങ്ങൾക്കുള്ള സംഘടനയിൽനിന്ന് സായുധപോരാട്ടം തുടങ്ങിയ ഹമാസ് എന്താണെന്നും അതിന്റെ ചരിത്രം എന്താണെന്നും നോക്കാം.

മുസ്‌ലിം ബ്രദർഹുഡിൽനിന്ന് ഹമാസിലേക്ക്

1970 കളിൽ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് സംഘടനയുടെ ശാഖ പലസ്തീനിൽ പ്രവർത്തനം ആരംഭിച്ചു. രാഷ്ട്രീയപ്രവർത്തനങ്ങൾക്കൊപ്പം പലസ്തീനിലെ സേവനപ്രവർത്തനങ്ങൾക്കും ഈ സംഘടന പ്രാധാന്യം കൊടുത്തിരുന്നു. പലസ്തീനിയൻ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിനായിരുന്നു സംഘടനയ്ക്ക് നേതൃത്വം കൊടുത്തിരുന്നത്.

1967 ൽ അറ് ദിവസത്തെ യുദ്ധത്തോടെ പലസ്തീനുമേൽ കൂടുതൽ ആധിപത്യം നേടാൻ ഇസ്രയേലിന് കഴിഞ്ഞു. അക്കാലത്ത് പലസ്തീനിൽ ശക്തമായിരുന്ന യാസർ അറഫാത്തിന്റെ പാർട്ടിയെ അഹമ്മദ് യാസിന്റെ സംഘടന എതിർത്തിരുന്നു. അതുകൊണ്ടുതന്നെ തുടക്കകാലത്ത് ഇസ്രയേലിന്റെ പിന്തുണ യാസിന് ലഭിച്ചിരുന്നു.

തുടക്കകാലത്ത് സേവനപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന സംഘടന ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പലസ്തീൻ കേന്ദ്രങ്ങളിൽ സ്വാധീനമുറപ്പിച്ചു. എന്നാൽ എൺപതുകളുടെ പകുതിയോടെ ഇസ്രയേൽ ഗാസയിലും വെസ്റ്റ്ബാങ്കും അധിനിവേശം നടത്തുകയും ഇസ്രായേലികളെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യാസീന്റെ സംഘടന സായുധ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്.

1987-ൽ ഔദ്യോഗികമായി അഹമ്മദ് യാസിൻ 'ഹമാസ്' എന്ന സംഘടനയ്ക്ക് രൂപം നൽകി. ഇസ്രായേലിൽനിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാസിൻ ഹമാസിന് രൂപം നൽകുന്നത്. ഇസ്ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനം എന്നർത്ഥം വരുന്ന 'ഹറകത്ത് അൽ മുഖാവമ അൽ ഇസ്ലാമിയ' (ഇസ്ലാമിക പ്രതിരോധ മുന്നേറ്റം) എന്ന അറബി വാക്കിന്റെ ചുരുക്കെഴുത്താണ് യഥാർത്ഥത്തിൽ ഹമാസ്.

ഇസ്രയേൽ അധിനിവേശത്തിൽനിന്ന് പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുകയെന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെയുണ്ടായി. 1993 ൽ ഏപ്രിലിൽ ഹമാസ് ഇസ്രായേലിനെതിരെ ഹമാസ് ആദ്യമായി ചാവേർ ബോംബാക്രമണം നടത്തി.

അതേ വർഷം തന്നെ യിത്സാക്ക് റാബിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ ഉദ്യോഗസ്ഥരും യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ പലസ്തീൻ നേതാക്കളും ഓസ്ലോ സമാധാന കരാറിൽ ഒപ്പുവച്ചു. ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് യാസർ അറഫാത്ത് കത്ത് നൽകുകയും ഇതിനുപകരമായി ഇസ്രായേൽ ഫലസ്തീൻ പ്രദേശങ്ങളുടെ നിയന്ത്രണം ക്രമേണ ഫലസ്തീനുകൾക്ക് കൈമാറുമെന്നതായിരുന്നു ഓസ്ലോ കരാറിന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തിനെതിരെ ഹമാസ് രംഗത്ത് എത്തി. തുടർന്ന് 1997 ൽ അമേരിക്ക ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ, കാനഡ,യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ജോർദാൻ, പരാഗ്വേ, യു കെ തുടങ്ങിയ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചു.

2004ൽ ഹമാസ് നേതാവ് അബ്ദുൽ അസീസ് അൽ രൻതീസി ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് താൽപ്പര്യം പ്രകടിപ്പിച്ചു. പകരം ഇസ്രയേൽ വിവിധ കാലഘട്ടങ്ങളായി പലസ്തീനിൽനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം.

വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നീ പ്രദേശങ്ങൾ മാത്രമുൾപ്പെടുത്തി പലസ്തീൻ രാജ്യം രൂപീകരിച്ചാൽ പോലും അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഹമാസിന്റെ സ്ഥാപക നേതാവ് അഹമ്മദ് യാസിൻ പറഞ്ഞു. പക്ഷേ അതേവർഷം ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ യാസിൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും കൊല്ലപ്പെട്ടു. ഇതിനുശേഷം ഖാലിദ് മിശ്അൽ ഹമാസ് മേധാവിയായി.

2006 ൽ പലസ്തീൻ പൊതുതിരഞ്ഞെടുപ്പിൽ ഹമാസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

ഹമാസിന്റെ ഘടന

സാമൂഹിക സേവനങ്ങൾ, മതപരിശീലനം, സായുധസേന എന്നിങ്ങനെ ത്രിതല ഘടനയാണ് ഹമാസിനുഉള്ളത്. ശൂറാ കൗൺസിലിന് കീഴിലാണ് ഇത് പ്രവർത്തിക്കുക. പ്രധാനമായും നാല് വിഭാഗങ്ങളാണ് ഹമാസിനുള്ളത്. സാമൂഹിക സേവനങ്ങൾ ചെയ്യാനുള്ള ദഅഹ്, സായുധപ്രവർത്തനങ്ങൾക്കുള്ള സൈനിക വിഭാഗമായ അൽ-മുജാഹിദീൻ അൽ ഫിലാസ്റ്റിനൂൻ, സുരക്ഷാ വിഭാഗമായ ജെഹാസ് അമൻ, മാധ്യമവിഭാഗമായ ആലം എന്നിവയാണവ

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും