EXPLAINER

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

കാലങ്ങളോളം സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ നേതാവ് നസ്‌റുള്ളയുടെ കൊലപാതകത്തിലൂടെ ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെ?

മുഹമ്മദ് റിസ്‌വാൻ

അധിനിവേശം നടത്തിയ ഏതെങ്കിലുമൊരു രാജ്യത്തുനിന്ന് ഇസ്രയേലിന് പിന്മാറേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ലെബനനിൽനിന്ന് മാത്രമാണ്. രണ്ടായിരത്തിലും 2006ലും ഇസ്രയേലിന് ലെബനനോട് അടിയറവ് പറയേണ്ടി വന്നു. അന്ന് നടത്തിയ പ്രതിരോധങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഇറാൻ പിന്തുണയുള്ള ശിയാ സായുധ സംഘടന ഹിസ്‌ബുള്ളയായിരുന്നു, തലവൻ ഹസൻ നസ്‌റുള്ളയും. അങ്ങനെ കാലങ്ങളോളം സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ നേതാവിനെയാണ് വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ വധിച്ചിരിക്കുന്നത്.

ഹസന്‍ നസ്റുള്ള

ഒരു സർക്കാരിന്റെ ഭാഗമല്ലാത്ത ലോകത്തെ ഏറ്റവും വലിയ സായുധ സംഘടനയാണ് ഇന്ന് ഹിസ്‌ബുള്ള. നാലുദശാബ്ദങ്ങളുടെ മാത്രം പഴക്കമുള്ള ഹിസ്‌ബുള്ളയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത് ഹസൻ നസ്‌റുള്ളയായിരുന്നു. സയ്യിദ് അബു മുസാവിയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നാലെ 1992-ലാണ് നസ്‌റുള്ള ഹിസ്‌ബുള്ളയുടെ തലപ്പത്തേക്ക് എത്തുന്നത്. അന്നുമുതൽ ഹിസ്‌ബുള്ളയെ ശക്തിപ്പെടുത്തുന്നതിൽ ഇറാന്റെ സജീവ പിന്തുണയോടെയായിരുന്നു നസ്‌റുള്ളയുടെ പ്രവർത്തനം.

1990-കളുടെ ആരംഭം മുതൽ നസ്‌റുള്ളയുടെ മേൽനോട്ടത്തിലാണ് ലെബനനിലെ അധിനിവേശ ഇസ്രയേൽ സേനയെ പുറത്താക്കുന്നത്. ഒരു നിഴൽ പ്രസ്ഥാനമെന്ന നിലയിൽനിന്ന് ലെബനൻ്റെ അതിർത്തികൾക്കപ്പുറത്ത് സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിളിലേക്കും ഹിസ്‌ബുള്ളയുടെ സാന്നിധ്യം വ്യാപിപ്പിച്ചതും നസ്‌റുള്ളയായിരുന്നു. അതായത് നസ്‌റുള്ളയുടെ കാലത്താണ് പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെയും അമേരിക്കയുടെയും കടന്നുകയറ്റത്തെ നേരിടാൻ ഏറ്റവും ശക്തമായ സംഘടനയാക്കി ഹിസ്‌ബുള്ളയെ രൂപപ്പെടുത്തിയതെന്ന് ചുരുക്കം.

ഹിസ്ബുള്ള

തെക്കൻ ലെബനനിൽ ഇസ്രയേലി അധിനിവേശം ശക്തമായിരുന്ന കാലത്താണ് നസ്‌റുള്ള ഹിസ്‌ബുള്ളയുടെ നേതൃപദവിയിലേക്ക് എത്തുന്നത്. അടുത്ത എട്ട് വർഷം, നിരവധി ചാവേർ ആക്രമണങ്ങളുടെയും ബോംബിങ്ങുകളുടെയും പരമ്പരയായിരുന്നു ഇസ്രയേലി അധിനിവേശ സേനയ്‌ക്കെതിരെ ഹിസ്‌ബുള്ള നടത്തിയത്. നസ്റുള്ളയുടെ കീഴിൽ ഹിസ്‌ബുള്ള സ്വീകരിച്ച ഗറില്ലാ പോരാട്ടങ്ങൾ ഇസ്രയേലിനെ ശരിക്കും വെള്ളംകുടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഹിസ്‌ബുള്ളയോട് പിടിച്ചുനിൽക്കാൻ കഴിയാതെയാണ് രണ്ടായിരത്തിൽ ഇസ്രയേൽ തെക്കൻ ലെബനനിൽനിന്ന് പിൻവാങ്ങുന്നത്. ഹസൻ നസ്‌റുള്ള എന്ന നേതാവിന് അറബ് ലോകത്ത് നായകപരിവേഷം നേടിക്കൊടുത്ത സംഭവമായിരുന്നു അത്.

2006 ലെബനന്‍ യുദ്ധം

ഇസ്രയേലി അതിർത്തികളിലേക്ക് കടന്നുകയറി, മൂന്ന് സൈനികരെ വധിക്കുകയും രണ്ടുപേരെ ബന്ദികളാക്കുകയും ചെയ്ത ഹിസ്‌ബുള്ളയുടെ ആക്രമണമായിരുന്നു 2006ലെ ലെബനൻ യുദ്ധത്തിന് കാരണമായത്. 34 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ലെബനനിലൊട്ടാകെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഹിസ്‌ബുള്ളയെ കീഴ്പ്പെടുത്താൻ സാധിക്കാതെ ഇസ്രയേലിന് പിന്മാറേണ്ടി വന്നു. ഇതും ലെബനനിലെ ജനങ്ങള്‍‌ക്കിടയില്‍ നസ്‌റുള്ളയുടെ നേതൃമികവിന് മാറ്റുകൂട്ടി.

സയിദ് ഹസൻ നസ്‌റുള്ള

ക്രിസ്ത്യൻ അർമേനിയക്കാർ, ഡ്രൂസ്, പലസ്തീനികൾ എന്നീ വിഭാഗങ്ങൾ എല്ലാം കഴിഞ്ഞിരുന്ന ബെയ്‌റൂട്ടിലെ ഒരു ദരിദ്ര കുടുംബത്തിൽ 1960ലാണ് നസ്‌റുള്ളയുടെ ജനനം. മതകാര്യങ്ങളിൽ തത്പരനായിരുന്ന അദ്ദേഹം, ഇറാഖിൽ മൂന്നുവർഷത്തെ മതശാസ്ത്ര പഠനം നടത്തുമ്പോഴായിരുന്നു ഹിസ്‌ബുള്ളയുടെ സ്ഥാപകനേതാവായ അബ്ബാസ് അൽ മുസാവിയെ കണ്ടുമുട്ടുന്നത്.

ഹസന്‍ നസ്റുള്ള (പഴയ ചിത്രം)

അതിനുമുൻപ് തന്നെ, ശിയാ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി സയിദ് മുസ്‍റ്‍ സദർ സ്ഥാപിച്ച 'അമാൽ' മുന്നേറ്റത്തിലും നസ്റുള്ള പങ്കാളിയായിരുന്നു. പിന്നീട് 1982ലാണ് സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് ഹിസ്ബുള്ള രൂപീകരിക്കുന്നത്. ഇസ്രയേലിന്റെ ലെബനൻ അധിനിവേശത്തിന് പിന്നാലെയായിരുന്നു സംഘടനയുടെ രൂപീകരണം. 1992ൽ സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിലേക്കുമെത്തി.

ഹസൻ നസ്‌റുള്ളയുടെ നേതൃത്വത്തിലാണ് ലെബനൻ പാർലമെന്ററി രാഷ്ട്രീയത്തിൽ ഉൾപ്പെടെ ഹിസ്‌ബുള്ള സജീവമാകുന്നത്. ഒരിക്കൽ പോലും സർക്കാരിന്റെ ഭാഗമായിട്ടില്ലെങ്കിലും ലെബനനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരനായിരുന്നു നസ്‌റുള്ള. ലെബനീസ് സർക്കാരിന് സമാനമായൊരു സമാന്തര ഭരണക്രമം വരെ നസ്‌റുള്ള ഉണ്ടാക്കിയെടുത്തിരുന്നു. ക്ലാസിക്കൽ അറബിയിൽ ശക്തമായ പ്രാവീണ്യമുള്ള നസ്‌റുള്ള മികച്ചൊരു പ്രഭാഷകന്‍ കൂടിയായിരുന്നു. ഇസ്ലാമിക നിയമങ്ങളെ അടിച്ചേൽപ്പിക്കുന്നതിൽ തത്പരനല്ലതിരുന്ന മിതവാദിയായിട്ടായിരുന്നു നസ്റുള്ള കണക്കാക്കപ്പെട്ടിരുന്നത്.

നസ്റുള്ള 2019 ഫെബ്രുവരി 11-ന് ബെയ്‌റൂട്ടിൽ ഇറാൻ്റെ അന്നത്തെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫുമായി കൂടിക്കാഴ്ച നടത്തുന്നു.

അധികരിക്കുന്ന ശത്രുക്കളുടെ എണ്ണവും തന്റെ മുൻഗാമിക്ക് ഉണ്ടായ അനുഭവവും കണക്കിലെടുത്ത്, കഴിഞ്ഞ കുറെ വർഷങ്ങളായി ഒളിവിലായിരുന്നു നസ്‌റുള്ളയുടെ ജീവിതം. 2014 ന് ശേഷം പൊതുപരിപാടികളിൽ നസ്റുള്ള പങ്കെടുത്തിട്ടില്ല. പകരം, ടെലിവിഷൻ സ്‌ക്രീനുകളിലൂടെയായിരുന്നു തന്റെ അനുയായികളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇസ്രയേലിനുള്ള മുന്നറിയിപ്പുമായി സെപ്റ്റംബർ പത്തൊൻപതിനാണ് നസ്‌റുള്ള അവസാനമായി പ്രത്യക്ഷപ്പെടുന്നത്.

നസ്റുള്ളയുടെ കൊലപാതകം

നസ്‌റുള്ളയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന്റെ വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഭൂഗർഭ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ നേതാവ് സയ്യിദ് ഹസൻ നസ്‌റുള്ളയെ ഇസ്രയേൽ കൊലപ്പെടുത്തി എന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം. യുഎൻ ജനറൽ കൗൺസിലിൽ പങ്കെടുക്കാനായി ന്യൂയോർക്കിലുള്ള ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവിലായിരുന്നു നടപടി.

ബെഞ്ചമിൻ നെതന്യാഹു യുഎന്നില്‍ സംസാരിക്കുന്നു

ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മിൽ ഒട്ടേറെത്തവണ ഏറ്റുമുട്ടിയിരുന്നെങ്കിലും മുതിർന്ന നേതാക്കളെ ലക്ഷ്യം വയ്ക്കാറില്ലായിരുന്നു. അമേരിക്കൻ പ്രതിനിധിയായ ആമോസ് ഹോഷ്‌സ്റ്റീൻ മുഖേന ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ അത്തരമൊരു ധാരണയും ഇരുവിഭാഗവും ഉണ്ടാക്കിയിരുന്നു. എന്നാൽ, ഹിസ്‌ബുള്ള നേതാക്കളായ ഫുവാദ് ശുക്ർ, അടുത്തിടെ കൊല്ലപ്പെട്ട മുഹമ്മദ് കുബൈസി, ഇബ്രാഹിം അഖീൽ എന്നിവരുടെ കൊലപാതകത്തോടുകൂടി ഇസ്രയേൽ- ഹിസ്‌ബുള്ള പോരാട്ടങ്ങളിൽ തുടർന്നുപോന്നിരുന്ന പ്രതിരോധത്തിൻ്റെ അലിഖിത നിയമങ്ങൾ സയണിസ്റ്റ് ഭരണകൂടം മറികടന്നു. അതിൽ ഹിസ്‌ബുള്ളയ്ക്ക് ഏറ്റവും പ്രഹരമേൽപ്പിച്ച കൊലപാതകമാണ് നസ്‌റുള്ളയുടേത്.

ഫുവാദ് ശുക്ർ

ഇറാൻ്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട നസ്‌റുള്ള. ഇസ്രയേലിന്റെ നേരിട്ടുള്ള ആക്രമണങ്ങൾ ഇറാനെതിരെ ഉണ്ടാകാതിരിക്കാൻ പ്രധാന കാരണം ഹിസ്‌ബുള്ള ആണെന്നാണ് വിലയിരുത്തല്‍. ഇറാനുവേണ്ടി സിറിയയിൽ ഉൾപ്പെടെ ഇടപെട്ടത് ഹിസ്‌ബുള്ളയായിരുന്നു. ബഷർ അൽ അസദ് സർക്കാരിനെ നിലനിർത്തുന്നതിലെല്ലാം ഹിസ്‌ബുള്ള വലിയ പങ്കാണ് വഹിച്ചത്.

ഇസ്രയേലിനുനേരെ തിരിച്ചുവച്ചിരിക്കുന്ന ഹിസ്‌ബുള്ളയുടെ ആയുധശേഖരങ്ങളാണ് ഇറാനെ ആക്രമിക്കുന്നതിൽനിന്ന് സയണിസ്റ്റ് ഭരണകൂടങ്ങളെ തടഞ്ഞിരുന്ന ഒരു ഘടകം. അതുകൊണ്ടുതന്നെ നസ്‌റുള്ളയുടെ കൊലപാതകത്തിലൂടെ ഇസ്രയേൽ വെല്ലുവിളിച്ചിരിക്കുന്നത് ഇറാനെയാണ്. പശ്ചിമേഷ്യയിലെ പ്രധാന ശക്തിയായ ഇറാനെ കൂടി നിലവിലെ സംഘർഷങ്ങളിലേക്ക് വലിച്ചിടാനുള്ള തന്ത്രപരമായ ഇസ്രയേലി നീക്കമായി കൂടി വേണം നസ്‌റുള്ളയുടെ കൊലപാതകം വിലയിരുത്താൻ.

ആരാകും നസ്‌റുള്ളയുടെ പിൻഗാമി?

ഹിസ്‌ബുള്ളയുടെ സുവർണകാലഘട്ടമായിരുന്നു നസ്‌റുള്ളയുടെ ഭരണകാലം. അതിനാൽ നസ്‌റുള്ളയുടെ കൊലപാതകം ഹിസ്‌ബുള്ളയ്ക്ക് എല്ലാത്തരത്തിലും തിരിച്ചടിയാണ്. ഹിസ്‌ബുള്ളയെന്ന ഇസ്രയേലിനെ പ്രതിരോധിക്കാനായി ഉടലെടുത്ത പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ സംഘടനയെ നസ്‌റുള്ളയുടെ കൊലപാതകത്തിലൂടെ തകർക്കാൻ സാധിക്കില്ലെങ്കിലും സംഘടനയിലെ അംഗങ്ങളുടെ മനോവീര്യം കുറയ്ക്കാൻ ഇസ്രയേലിന് വെള്ളിയാഴ്ചത്തെ ആക്രമണത്തിലൂടെ സാധിച്ചേക്കും. ഒപ്പം നസ്‌റുള്ളയുടെ മരണം, ഹിസ്‌ബുള്ളയുടെ നേതൃപദവയിൽ വലിയ വിടവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്ന ഈ വേളയിൽ.

ഹാഷിം സഫീദ്ദീൻ

ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ തലവൻ ഹാഷിം സഫീദ്ദീൻ ആയിരിക്കും നസ്‌റുള്ളയുടെ പകരക്കാരൻ എന്നാണ് നിലവിലെ വിലയിരുത്തൽ. വെള്ളിയാഴ്ച ഹിസ്ബുള്ളയുടെ ഭൂഗർഭ ബങ്കറിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽനിന്ന് സഫിദ്ദീൻ രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഇറാനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സഫിദ്ദീന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ടെഹ്‌റാനിലായിരുന്നു. നസ്‌റുള്ളയുടെ ബന്ധുകൂടിയായ സഫിദ്ദീൻ 1990-കളിലാണ് ഹിസ്‌ബുള്ളയിലെത്തുന്നത്. രണ്ടുവർഷം കൊണ്ട് സംഘടനയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനായും നിയമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ വിദ്യാഭ്യാസ സമ്പ്രദായം, വിദേശ നിക്ഷേപം ഉൾപ്പെടുന്ന സാമ്പത്തിക ഉൾപ്പെടെയുള്ള സിവിലിയൻ പ്രവർത്തനങ്ങളുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും സഫിദ്ദീനാണ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം