EXPLAINER

മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി

എപ്പോഴാണ് സാധാരണ ജനങ്ങള്‍ സ്വര്‍ണം പണയപ്പെടുത്തുന്നത്? അവരുടെ സമ്പാദ്യം ദൈനംദിന ആവശ്യങ്ങള്‍ക്കും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പര്യാപ്തമാകാതെ വരുമ്പോള്‍.

വെബ് ഡെസ്ക്

ഇന്ത്യ സഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കളുടെ കെട്ടുതാലി പോലും നഷ്ടമാകുമെന്നും അത് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്ന ഈ പ്രസ്താവനക്കെതിരെ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ല.

എന്നാല്‍ രാജ്യത്തിലെ ജനങ്ങള്‍ കെട്ടുതാലി അടക്കമുള്ള സ്വര്‍ണ സമ്പാദ്യം പണയപ്പെടുത്തേണ്ട അവസ്ഥയിലാണോ ? അതെ. സ്വര്‍ണ പണയം വ്യാപകമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്. അതായത് സാധാരണക്കാര്‍ കെട്ടുതാലിയോ അല്ലെങ്കില്‍ അവരുടെ സ്വര്‍ണ സമ്പാദ്യമോ പണയപ്പെടുത്തി, ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

എപ്പോഴാണ് സാധാരണ ജനങ്ങള്‍ സ്വര്‍ണം പണയപ്പെടുത്തുന്നത്? അവരുടെ സമ്പാദ്യം ദൈനംദിന ആവശ്യങ്ങള്‍ക്കും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പര്യാപ്തമാകാതെ വരുമ്പോള്‍. ഇതുതന്നെയാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. സാധാരണക്കാരുടെ കൈയില്‍ പണം ഇല്ല. സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായാതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.

2020 സെപ്റ്റംബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഇത്തരത്തില്‍ നിത്യവൃത്തിക്ക് വേണ്ടി സ്വര്‍ണ പണയത്തില്‍ വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന ഉണ്ടായാതായാണ് റിസര്‍വ് ബാങ്ക് കണക്ക്. അതായത് 40,080 കോടിയില്‍നിന്ന് 63,770 കോടിയായി ഇത് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചു. ഇതോടൊപ്പം തൊഴിലാളികളുടെ വേതനത്തില്‍ 2017-18 മുതല്‍ ഇടിവുണ്ടായിട്ടുണ്ട്.

ഇങ്ങനെ നിത്യവൃത്തിക്ക് വേണ്ടി സ്വര്‍ണ വായ്പ എടുക്കുന്നത് ഗുരുതരമായ അവസ്ഥയാണെന്ന ആശങ്ക റിസര്‍വ് ബാങ്ക് തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും റിസര്‍വ് ബാങ്ക് ഈയടുത്ത് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ സ്വര്‍ണ വായ്പകള്‍ വര്‍ധിപ്പിച്ചത് ഉപഭോഗത്തെയും അതുവഴി വളര്‍ച്ചയെ തന്നെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉണ്ട്.

നോട്ടുനിരോധനവും കോവിഡും ആണ് ഇതിന് പിന്നിലെ പ്രധാന കാരണം. കോവിഡ് കാലത്ത് തൊഴിലാളികള്‍ക്കും അടിസ്ഥാന വിഭാഗത്തിനും വിനിമയത്തിനുള്ള പണം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയും ഇതിന് കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സമയത്താണ് ഇന്ത്യയില്‍ അതീവ സമ്പന്നരുടെ സ്വത്തില്‍ വലിയ വര്‍ധനയുണ്ടായതും രാജ്യത്ത് അസമത്വം ക്രമാതീതമായി വര്‍ധിച്ചതും.

ഇന്ത്യയില്‍ അസമത്വം കാര്യമായി വര്‍ധിക്കാന്‍ തുടങ്ങിയത് 1990 കളില്‍ ഉദാരവല്‍ക്കരണം നടപ്പിലാക്കി തുടങ്ങിയത് മുതലാണ്.

എന്നാല്‍ ഇത് കൂടുതല്‍ തീവ്രമായത് 2014 മുതലാണ്. 2011 ല്‍ 52 ശതകോടിശ്വരന്മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ അത് 2022ൽ 162 ആയി മാറി. മൊത്തം ദേശീയ സമ്പത്തില്‍ ഇവരുടെ വിഹിതം 1990 ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നുവെങ്കില്‍ 2022 ല്‍ അത് 25 ശതമാനമായി മാറി. വികസ്വര രാഷ്ട്രങ്ങളില്‍ ഇത്രയും അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ സ്ഥിതിയെ കുറിച്ച് സര്‍വെ നടത്തുമെന്ന് കോണ്‍ഗ്രസ് പറഞ്ഞാണ് വ്യാജ ആരോപണവുമായി രംഗത്തുവരാന്‍ മോദിയെ പ്രേരിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെട്ടുതാലി പോലും പണയപെടുത്തേണ്ട അവസ്ഥ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുണ്ടാക്കിയത് സര്‍ക്കാരിന്റെ തന്നെ വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്റെ പല സൂചകകളില്‍ ഒന്നാണ് സ്വര്‍ണ വായ്പയില്‍ ഉണ്ടായ വര്‍ധന.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം