EXPLAINER

ഇന്ത്യയെ ആശങ്കയിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്ത്?

ഇറാന്‍, ഇസ്രയേല്‍- രണ്ടും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, നയതന്ത്രപരമായി വേണ്ടപ്പെട്ട രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുക എന്നത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാകും നയിക്കുക

മുഹമ്മദ് റിസ്‌വാൻ

യുദ്ധമെന്ന സര്‍വനാശിയായ വിപത്തിന്റെ വക്കിലാണ് പശ്ചിമേഷ്യ. മേഖലയിലെ രണ്ട് വന്‍ശക്തികളായ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പശ്ചിമേഷ്യ മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഭയത്തിലാണ്. ഒക്ടോബര്‍ ഏഴിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യ സമാന ആക്രമണത്തിന് പിന്നാലെ ലെബനനിലേക്കുള്ള കടന്നുകയറ്റവും പരോക്ഷമായി ഇറാനെ ലക്ഷ്യം വച്ചുള്ള സൈനിക നീക്കങ്ങളും ലോകത്തെയാകമാനം കൊണ്ടെത്തിച്ചിരിക്കുന്നത് വലിയൊരു പ്രതിസന്ധിയുടെ നടുക്കടലിലാണ്.

ഇറാനിലെ ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ള, ഇറാനി സൈനിക കമാന്റര്‍ അബ്ബാസ് നില്‍ഫൊറോസന്‍ എന്നിവരുടെ വധവും ഉള്‍പ്പെടെയുള്ളവയായിരുന്നു ഇറാനെ ഒക്ടോബര്‍ ഒന്ന് ആക്രമണത്തിലേക്ക് നയിച്ചതിലെ ഒടുവിലത്തെ കാരണങ്ങള്‍. ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഒരു തുറന്ന ഏറ്റുമുട്ടലിലേക്ക് പശ്ചിമേഷ്യ നീങ്ങാനിരിക്കെ എങ്ങനയാകുമത് ഇന്ത്യയെ ബാധിക്കുക എന്നത് പ്രസക്തമാണ്.

ഇറാന്‍, ഇസ്രയേല്‍- രണ്ടും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, നയതന്ത്രപരമായും ഭൗമരാഷ്ട്രീയപരമായും വേണ്ടപ്പെട്ട രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് കടക്കുക എന്നത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാകും നയിക്കുക.

ഇന്ത്യയും ഇസ്രയേലും

പലസ്തീൻ സായുധവിഭാഗമായ ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തിനുശേഷം നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിലും അദ്ദേഹം അത് ആവര്‍ത്തിച്ചു. 'തീവ്രവാദം' എന്നായിരുന്നു മോദി ഹമാസിന്റെ ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ഗാസയില്‍ 41,000-ത്തിലധികം മനുഷ്യരുടെ കൊലപാതകം ഇസ്രയേല്‍ നടത്തിയപ്പോഴൊന്നും അത്രയും തീവ്രതയുള്ള പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇത് പലസ്തീനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമീപനത്തിലുണ്ടായ മാറ്റത്തിന്റെ മറ്റൊരു ഘട്ടം കുറിക്കുന്ന നിലപാടായി കണക്കാക്കാം. പലസ്തീന്റെ അടുത്ത സുഹൃത്തും ഇസ്രയേലിന്റെ നിലപാടുകളെ എതിര്‍ക്കുന്ന രാജ്യവുമെന്ന നിലയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ സ്വീകരിച്ച സമീപനങ്ങള്‍ 1990 കളോടെ മാറുകയായിരുന്നു.

ഈ മാറ്റത്തിന്റെ ഒരു പ്രധാന സൂചകമായി കാണാവുന്നതായിരുന്നു ജൂണ്‍ ആറിന് ഇസ്രയേല്‍ നടത്തിയ ആക്രമണം. അന്നത്തെ ആക്രമണത്തെ സംബന്ധിച്ച് ഖുദ്സ് ന്യൂസ് നെറ്റ് വര്‍ക്ക് പുറത്തുവിട്ട വീഡിയോയില്‍ ഇസ്രയേല്‍ ഉപയോഗിച്ചത് ഇന്ത്യയില്‍ നിര്‍മിച്ച മിസൈലുകളായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗാസ അധിനിവേശത്തിനിടെയും ഇന്ത്യ ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി തുടര്‍ന്നിരുന്നുവെന്ന സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ ഇന്ത്യയുടെ മാറിയ സമീപനത്തിന്റെ ഉദാഹരണങ്ങളാണ്.

1992ലാണ് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിക്കുന്നത്. 200 ദശലക്ഷം ഡോളറിന്റെ വ്യാപാര ബന്ധമായിരുന്നു അക്കാലത്തെങ്കില്‍ 2022-23ലേക്ക് എത്തുമ്പോഴത് 10.77 ബില്യണ്‍ ഡോളര്‍ ആയിട്ടാണ് വര്‍ധിച്ചത്. (ഇതില്‍ ആയുധ വ്യാപാരം ഉള്‍പ്പെട്ടിട്ടില്ല). അത്രവലിയ ഉഭയകക്ഷി ബന്ധമാണ് ഇസ്രയേലുമായി ഇന്ത്യക്കുള്ളത്. പ്രധാനമായും പ്രതിരോധം, സുരക്ഷ, നവീകരണം, കൃഷി, ജലം എന്നിവയില്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്.

ഹൈഫ തുറമുഖം

ഭൗമരാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുള്ള ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പദ്ധതിയിലെ പ്രധാന ഭാഗമാണ് ഇസ്രയേല്‍. ഇസ്രയേല്‍ തുറമുഖമായ ഹൈഫയാണ് നിര്‍ദിഷ്ട ഇടനാഴിയുടെ അവിഭാജ്യ ഘടകം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ട് വലിയ വിപണികളായ യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വ്യാപാരം സുഗമമാക്കുന്ന ഐഎംഇസി എന്നത് സ്വപ്നപദ്ധതിയാണ്.

ആയുധക്കച്ചവടം

ഇന്ത്യയിലേക്ക് ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ന് ഇസ്രയേല്‍. ഇന്ത്യയുടെ ചില സുരക്ഷാ സാങ്കേതിക വെല്ലുവിളികളെ നേരിടാന്‍ സഹായിച്ച പ്രതിരോധ ഉപകരണങ്ങളുടെയും ഹൈടെക് ആശയവിനിമയ സംവിധാനങ്ങളുടെയും പ്രധാന വിതരണക്കാരുകൂടിയാണ് ഇസ്രയേല്‍. ഇസ്രയേലി സ്ഥാപനമായ എന്‍എസ്ഒ നിര്‍മിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ അതിനൊരുദാഹരണമാണ്. ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തിലും ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഇസ്രയേല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, 290 കോടി ഡോളറിന്റെ സൈനിക ഹാര്‍ഡ് വെയറാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് ഇറക്കുമതി ചെയ്തത്.

ഹൈദരാബാദിലെ അദാനി-എല്‍ബിറ്റ്

ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തില്‍ ഹൈദരാബാദിലെ അദാനി-എല്‍ബിറ്റ് യുഎവി സൗകര്യം പോലുള്ള സംയുക്ത സംരംഭങ്ങളും ഉള്‍പ്പെടുന്നു. ഈ പങ്കാളിത്തം പാകിസ്താനും ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

1999-ലെ കാര്‍ഗില്‍ യുദ്ധസമയത്താണ് അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുന്നത്. ചൈനയുമായുള്ള റഷ്യയുടെ അടുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആയുധങ്ങള്‍ക്കായി ഇന്ത്യ ഇസ്രയേലിനെയും അമേരിക്കയെയും ആശ്രയിക്കുന്നതും വര്‍ധിച്ചിരുന്നു. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2009-13 ല്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 76 ശതമാനവും റഷ്യയില്‍ നിന്നായിരുന്നാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 36 ശതമാനമായി അത് കുറഞ്ഞിട്ടുണ്ട്.

ലഖ്‌നൗവിൽ നടന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവിനിടെ ഇസ്രായേലിൽ ജോലിക്കായി നിയമിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ തൊഴിലാളികള്‍

ഇസ്രയേലിലെ ഇന്ത്യക്കാര്‍

നിലവിലെ കണക്കുകള്‍ പ്രകാരം, പരിചരണ ജോലികള്‍, വജ്ര വ്യാപാരികള്‍, ഐടി പ്രൊഫഷണലുകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഏകദേശം 18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. കൂടാതെ 2023 നവംബറില്‍ ഇന്ത്യ- ഇസ്രയേലി സര്‍ക്കാരുകള്‍ തൊഴില്‍ റിക്രൂട്‌മെന്റ് കരാറില്‍ ഒപ്പുവെച്ചിരുന്നു. ഏകദേശം ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രകാരമുള്ള ആദ്യഘട്ട ഇന്ത്യന്‍ സംഘം അടുത്തിടെ ഇസ്രയേലിലേക്ക് പോകുകയും ചെയ്തിരുന്നു.

ഇന്ത്യ - ഇറാന്‍

2024 മെയ് 13-ന് ഇന്ത്യയും ഇറാനും തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. തെക്കുകിഴക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ചബഹാര്‍ തുറമുഖം, ഇന്ത്യന്‍ മഹാസമുദ്രവുമായി നേരിട്ടുള്ള കടല്‍ വ്യാപാരം വാഗ്ദാനം ചെയ്യുന്ന തുറമുഖമാണ്. മധ്യേഷ്യന്‍ വിപണികളിലേക്കുള്ള തന്ത്രപരമായ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ ഏറ്റവുമധികം സഹായിക്കുന്ന മേഖല. കൂടാതെ, അറബിക്കടലിലെ ചബഹാറിന്റെ സ്ഥാനം ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. അതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളുടെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിനിടയിലും ഇന്ത്യ ഇറാനുമായി സുപ്രധാന കരാറില്‍ ഒപ്പുവച്ചത്.

ഇബ്രാഹീം റഈസിക്കൊപ്പം മോദി

പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും ഊര്‍ജ സുരക്ഷയില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നാണ് ഇറാന്‍. ഇന്ത്യയുടെ ഉയരുന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് ഇറാന്‍ എന്ന ഊര്‍ജ്ജോത്പാദന രാജ്യം അതിപ്രധാനമാണ്. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് കോറിഡോറിലെ (INSTC) നിര്‍ണായക കണ്ണിയായി മാറാനുള്ള സാധ്യതയും ചബഹാറിനുണ്ട്.

ഇന്ത്യയുടെ മറ്റ് വെല്ലുവിളികള്‍

മേല്‍പ്പറഞ്ഞ ഇസ്രയേലുമായും ഇറാനുമായുമുള്ള സുപ്രധാന ബന്ധങ്ങള്‍ മുഖേന ഇതുവരെയും ഒരുപക്ഷം പിടിക്കാന്‍ ഇന്ത്യ എന്നത്തേയും പോലെ തയാറായിട്ടില്ല. നിക്ഷപക്ഷമായി നില്‍ക്കുക എന്നതുതന്നെയാണ് കേന്ദ്രം സ്വീകരിച്ചുപോന്ന നിലപാട്. മറുപുറത്ത് സമാധാനത്തിനായുള്ള ആഹ്വാനങ്ങളും ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. കാരണം, പശ്ചിമേഷ്യയ്ക്ക് സംഭവിക്കുന്ന ഉലച്ചില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. ഇറാന്‍ ഒരു പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യത്തിന്റെ സ്ഥിതി വഷളാകുന്നത്, ആഗോള ക്രൂഡ് ഓയില്‍ വിലയെ സാരമായി ബാധിക്കും. എണ്ണവിലയിലെ കുതിപ്പ് വിലക്കയറ്റത്തിന് കാരണമാകും എന്നതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നേക്കും.

ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഇറാന്‍ സഹായകത്തില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘമായ യെമനിലെ ഹൂതികളും ആക്രമണവുമായി രംഗത്തുവരാന്‍ സാധ്യതയേറെയാണ്. ലോകത്തെ പ്രധാനപ്പെട്ട വ്യാപാര കടല്‍മാര്‍ഗമായ ചെങ്കടല്‍ കേന്ദ്രീകരിച്ചാണ് ഇക്കൂട്ടരുടെ പതിവ് ആക്രമണം എന്നതിനാല്‍ ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇറാനും ഇസ്രയേലും തമ്മിലുള്ള സമ്പൂര്‍ണ യുദ്ധം ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് പ്രധാന പാതകളെ തടസ്സപ്പെടുത്തും - ചെങ്കടലും ഹോര്‍മുസ് കടലിടുക്കും. ഇന്ത്യ റഷ്യയില്‍നിന്ന് ചെങ്കടല്‍ റൂട്ട് വഴിയാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. മേഖലയില്‍ സംഘര്‍ഷം ഉണ്ടായാല്‍, ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും.

ക്രിസില്‍ റേറ്റിങ്ങുകള്‍ പ്രകാരം, യൂറോപ്പ്, യുഎസ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള വ്യാപാരത്തിനായി സൂയസ് കനാല്‍ വഴിയുള്ള ചെങ്കടല്‍ പാതയെ ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. ഏകദേശം 400 ദശലക്ഷം ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യ ഇതിലൂടെ നടത്തിയത്.

നിലവില്‍ ഇസ്രയേലിനും ഇറാനുമിടയില്‍ ഉടലെടുത്തിയിരിക്കുന്ന സംഘര്‍ഷം അഥവാ പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന ഏകദേശം 1.34 കോടി പൗരന്മാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കും. ജീവനുള്ള ഭീഷണിക്ക് പുറമെ അവരുടെ ജോലി, വരുമാനം എന്നിവയ്ക്കെല്ലാം ഭീഷണി സൃഷ്ടിച്ചേക്കും. അത് ഇന്ത്യയേയും സാമ്പത്തികമായി ബാധിക്കും

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി