EXPLAINER

പനി ചൂടില്‍ രാജ്യം, എച്ച്3എന്‍2 വ്യാപിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിലവില്‍ രാജ്യവ്യാപകമായി പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ രോഗം പടര്‍ന്ന് പിടിക്കുകയാണ്

വെബ് ഡെസ്ക്

രാജ്യം പനിച്ച് വിറയ്ക്കുകയാണ്.ഇതിനു കാരണം ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഓരോ വര്‍ഷവും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ലോകവ്യാപകമായി 30 മുതല്‍ 50 ലക്ഷം വരെയാണ്. 2.9 ലക്ഷം മുതല്‍ 6.5 ലക്ഷമാളുകള്‍ വരെ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യവ്യാപകമായി പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ രോഗം പടര്‍ന്ന് പിടിക്കുകയാണ്.

എന്താണ് ഇന്‍ഫ്‌ളുവന്‍സ എ വൈറസ്

ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം വൈറസാണ് ഇന്‍ഫ്‌ളുവന്‍സ. ഹോങ്കോങ് ഫ്‌ളു എന്നും ഈ രോഗം അറിയപ്പെടുന്നു. ഇതൊരു പുതിയ വകഭേദമല്ല. 1968ല്‍ ഹോങ്കോങ്ങില്‍ വന്‍തോതില്‍ ഈ വൈറസ് വ്യാപിച്ചിരുന്നു. എ, ബി, സി, ഡി വിഭാഗങ്ങളിലായി 4 തരം സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളുണ്ട്. ഇന്‍ഫ്‌ളുവന്‍സ എ, ബി വൈറസുകള്‍ സീസണല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ സീസണല്‍ പകര്‍ച്ചവ്യാധികള്‍ പ്രധാനമായും ശൈത്യകാലത്താണ് സംഭവിക്കുന്നത്. അതേസമയം നമ്മുടെ രാജ്യത്ത് പ്രാദേശിക വ്യതിയാനങ്ങളനുസരിച്ച് വര്‍ഷം മുഴുവനും ഇന്‍ഫ്‌ളുവന്‍സ ഉണ്ടാകാം.

എന്താണ് എച്ച്3 എന്‍2 ഇന്‍ഫ്‌ളുവന്‍സ

ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമാണ് എച്ച്3എന്‍2. വൈറസിൻ്റെ മറ്റു ഉപവിഭാഗങ്ങളെ അപേക്ഷിച്ച് ഇത് ബാധിച്ചാല്‍ ആശുപത്രിവാസം കൂടുതലാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൊടുംതണുപ്പില്‍ നിന്ന് ചൂടിലേക്ക് മാറുന്ന കാലാവസ്ഥ ആളുകള്‍ക്കിടയില്‍ ഇന്‍ഫ്‌ളുവന്‍സ ബാധ വ്യാപിക്കാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷണങ്ങള്‍ എന്തൊക്കെ

ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം,തൊണ്ട വരളുക എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. ചിലര്‍ക്ക് ഒരാഴ്ചയോ അതിലധികം ദിവസമോ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.ചിലപ്പോള്‍ രോഗി സുഖം പ്രാപിച്ച ശേഷവും രോഗലക്ഷണങ്ങള്‍ വളരെക്കാലം നിലനില്‍ക്കുമെന്നും ഡോക്ടർമാര്‍ അഭിപ്രായപ്പെടുന്നു.

എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പിട്ട് കഴുകേണ്ടതാണ്. രോഗമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് പൊത്തിപ്പിടിക്കുകയും വേണം. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് പോകാതെ പൂര്‍ണ്ണമായും വിശ്രമിക്കണം. കൂടാതെ രോഗപ്രതിരോധത്തിന് ആവശ്യമായ വാക്‌സിനുകള്‍ എടുക്കാനും മറക്കരുത്.

പനിയെ പ്രതിരോധിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആൻ്റിബയോട്ടിക് മരുന്നുകള്‍ കഴിക്കരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇത് ശരീരത്തെ വിപരീതമായി ബാധിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍